Meditation

“എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും” (യോഹ 14:23-29)

യേശുവിന്റെ കൽപനയും വചനവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണ്

പതിനാലാം അധ്യായത്തിൽ മൂന്നു പ്രാവശ്യം യേശു തന്നെ സ്നേഹിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട് (vv.15,21,23). ഈ മൂന്നു പ്രാവശ്യവും ഒരു നിബന്ധനയുടെ പുറത്താണ് അവൻ സ്നേഹിക്കുന്നതിനെക്കുറിച്ച് പറയുന്നത്. പരസ്പരം സ്നേഹിക്കുവാൻ കൽപ്പന നൽകിയവൻ തന്നെ സ്നേഹിക്കുവാൻ ആരെയും നിർബന്ധിക്കുന്നില്ല. ഇനി അഥവാ അവനെ സ്നേഹിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു നിബന്ധനയുണ്ട്. അവൻറെ കൽപന പാലിക്കണം (vv.15,21). അവൻറെ വചനം പാലിക്കണം (v.23).

അവന്റെ കൽപനയും വചനവും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ? ആത്യന്തികമായി ഒരു വ്യത്യാസവുമില്ല. വചനവും കല്പനയും ഒന്നു തന്നെയാണ്. സ്നേഹമാണ് വചനവും കൽപനയും. അതായത്, പരസ്പരം സ്നേഹിക്കുന്നവർക്കു മാത്രമേ അവനെ സ്നേഹിക്കാൻ സാധിക്കൂ. യേശുവിന്റെ കൽപനയും വചനവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണ്. ‘സ്നേഹിക്കുക’ എന്ന കല്പന പ്രവർത്തി തലത്തെ കാണിക്കുമ്പോൾ, ‘സ്നേഹിക്കുക’ എന്ന വചനം ഒരുവന്റെ ആന്തരിക നന്മയുടെ പൂവണിയൽ സാധ്യമാക്കും. യേശുവിൻറെ വചനം നിനക്ക് ആന്തരിക ഊർജ്ജമായി തീർന്നാൽ നിൻറെ പ്രവർത്തികൾ മുഴുവനും സ്നേഹമയമായിരിക്കും. നിന്റെ വാക്കുകളിലോ ചിന്തകളിലോ മനോഭാവങ്ങളിലോ പ്രവർത്തികളിലോ വെറുപ്പിന്റെ ഒരു കണിക പോലും ഉണ്ടാകില്ല. അതുകൊണ്ടാണ് പൗലോസപ്പോസ്തലൻ തെസലോനിക്കകാരോട് പറഞ്ഞത്, “വചനം നിങ്ങളിൽ പ്രവർത്തിക്കുന്നു” (1 തെസ 2:13).

അപ്പോഴും നീ ഒരു കാര്യം മനസ്സിലാക്കണം. സ്നേഹത്തെ കുറിച്ചുള്ള യേശുവിന്റെ വെളിപ്പെടുത്തലുകൾ ധാർമികതയുടെയോ സദാചാരത്തിന്റെയോ പാഠങ്ങളല്ല. അത് ആത്മീയതയുടെ ചിരാതുകൾ ആണ്. ദൈവവുമായുള്ള മനുഷ്യ ബന്ധത്തിന്റെ ചരിത്രത്തിലേക്ക് പ്രകാശം പരത്തുന്ന ചിരാതുകൾ. അതുകൊണ്ടാണ് പര്യായപദ ശ്രേണികളിൽ സ്നേഹവും വിശ്വാസവും അടുത്തടുത്ത് നിൽക്കുന്ന സങ്കല്പങ്ങൾ ആകുന്നത്. സ്നേഹമില്ലാത്ത മതാധിഷ്ഠിത പ്രവർത്തികളിലൂടെ ദൈവത്തെ സ്നേഹിക്കാം എന്ന് കരുതണ്ട. ചിലരൊക്കെ നിന്നെ പഠിപ്പിച്ചിട്ടുണ്ടായിരിക്കണം. നിയമങ്ങൾ പാലിച്ചാൽ അവനെ സ്നേഹിക്കാമെന്ന്. അത് എപ്പോഴും ശരിയാകണമെന്നില്ല. നിന്റെ ശ്രദ്ധയോടെയുള്ള നിയമ പാലനത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും പിന്നിലുള്ള ചേതോവികാരം ചിലപ്പോൾ ഭയമായിരിക്കാം. അല്ലെങ്കിൽ ചില ആനുകൂല്യങ്ങൾക്കോ നേട്ടങ്ങൾക്കോ വേണ്ടിയുള്ള അന്വേഷണമാകാം. അതുമല്ലെങ്കിൽ മനസ്സാക്ഷിക്കുത്തിന്റെ അനന്തരഫലമാകാം.

യേശുവിനെ സ്നേഹിക്കുക എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? എങ്ങനെയാണ് അവനെ സ്നേഹിക്കുവാൻ സാധിക്കുക? അവനെ സ്നേഹിക്കുക എന്നത് ഒരു വികാരപ്രകടനമാണോ? അല്ലെങ്കിൽ ഒത്തിരി നന്മ പ്രവർത്തികൾ ചെയ്യലാണോ? അതുമല്ലെങ്കിൽ ഒത്തിരി പ്രാർത്ഥനകളും ബലികളും അർപ്പിക്കലാണോ? അല്ല എന്ന് ഒറ്റവാക്കിൽ മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. ഇവകളെ ഒന്നും പൂർണമായി നിരാകരിക്കുന്നുമില്ല. പക്ഷേ എല്ലാത്തിനും ഉപരിയായി വേണ്ട ഒരു കാര്യമുണ്ട്. അവൻറെ കരങ്ങളിലേക്കുള്ള പൂർണ്ണമായ അടിയറവ് ആണത്. യേശുവിനാൽ സ്നേഹിക്കപ്പെടുന്നതിനുവേണ്ടിയുള്ള ഒരു വിട്ടുനൽകൽ ആദ്യം ഉണ്ടാകണം. എന്നിട്ട് കൺമുന്നിലുള്ള സഹജരിലേക്ക് ആ സ്നേഹം പകർന്നു നൽകണം. “അപ്പോൾ” – സുവിശേഷം പറയുന്നു – “ഞാനും എൻറെ പിതാവും അവൻറെ അടുത്ത് വന്ന് അവനിൽ വാസമുറപ്പിക്കും” (v.23). നോക്കുക, യേശുവിന്റെ സ്നേഹത്തെ ആന്തരിക ഊർജ്ജമായും പ്രവർത്തികളുടെ ശക്തിയായും കൊണ്ടു നടക്കുന്നവൻ ദൈവത്തിൻറെ സ്വർഗ്ഗമായി മാറും. ദൈവം പൂർണമായും വസിക്കുന്ന ഇടം ആയി അവൻ മാറും. യേശുവിൻറെ വചനം ഉള്ള ഹൃദയമാണ് ദൈവത്തിന്റെ വാസസ്ഥലം.

യേശുവിൻറെ വചനം പാലിച്ചാൽ അഥവാ പരസ്പരം സ്നേഹിക്കുന്ന വ്യക്തിയായി നീ മാറിയാൽ ജീവദായകനായ ദൈവം വസിക്കുന്ന വിശാലമായ സ്വർഗ്ഗമായി നീ മാറുന്ന അനുഭവത്തിലേക്ക് യേശു നിന്നെ കൂട്ടിക്കൊണ്ടുപോകും. ഇതാണ് യേശു നൽകുന്ന ഏറ്റവും സുന്ദരമായ നന്മ. ഈ നന്മയുടെ പ്രത്യേകത എന്തെന്നാൽ അത് ജീവിതത്തിൻറെ പെരുമഴക്കാലം ആയിരിക്കും. അതു വരൾച്ചയുടെ ഇടങ്ങളിൽ ജീവൻറെ വിത്തുകൾ അങ്കുരിക്കുന്ന അനുഭവമായിരിക്കും.

എന്നിട്ട് അവൻ പറയുന്നു. “പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം അനുസ്മരിപ്പിക്കുകയും ചെയ്യും” (v.26). യേശുവിൻറെ വചനം പാലിച്ചു, സ്നേഹത്തിൻറെ തലത്തിൽ ദൈവം വസിക്കുന്ന സ്വർഗ്ഗമായി മാറുന്നവനെ നയിക്കുക പരിശുദ്ധാത്മാവ് ആയിരിക്കും. ആത്മാവ് സഹായകനാണ്. നിന്നെ പഠിപ്പിക്കാനും അനുസ്മരിപ്പിക്കാനും സഹായിക്കുന്നവൻ. അതായത് യേശുവിൻറെ സ്നേഹത്തിന്റെ പുതിയ ലിപികൾ അവൻ നിൻറെ ഹൃദയത്തിൽ പതിപ്പിക്കും. വിശുദ്ധ ഗ്രന്ഥത്തിൽ “അക്കാലത്ത്” എന്ന് പറഞ്ഞിരുന്ന ദൈവീക സ്നേഹത്തിൻറെ നന്മകൾ ഇക്കാലത്ത് പഠിക്കുവാനും കാണുവാനും അനുഭവിക്കുവാനും അവൻ നിന്നെ ഒരുക്കും. അത് സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ നിന്നെ പ്രാപ്തനാക്കുകയും ചെയ്യും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker