Meditation

സ്വർഗ്ഗത്തിന്റെ ഗൃഹാതുരതകൾ (ലൂക്കാ 24:46-53)

എന്തിനെയും താഴേക്ക് വലിച്ചിറക്കുന്ന ഭൂഗുരുത്വാകർഷണം മാത്രമല്ല നിന്റെ ഉള്ളിൽ ഉള്ളത്. മുകളിലേക്ക് ആകർഷിക്കുന്ന, പറന്നുയരാനുള്ള ഒരു ഗ്രാവിറ്റിയുമുണ്ട്...

ഒരു സ്ത്രീയുടെ ഉദരത്തിലൂടെ ശരീരം സ്വീകരിച്ച ദൈവമാണ് യേശു. അത് മനുഷ്യനായി മാറുന്നതിന് വേണ്ടിയുള്ള ദൈവത്തിന്റെ ശാലീനമായ ആഗ്രഹത്തിന്റെ വെളിപ്പെടുത്തലായിരുന്നു. മനുഷ്യനായി അവതരിച്ച ആ ദൈവം ഇതാ, ഇപ്പോൾ, സ്വർഗ്ഗത്തിലേക്കുള്ള പടികൾ ചവിട്ടുന്നു. ദൈവമായി മാറുന്നതിനുവേണ്ടിയുള്ള മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹവുമായി. അതു കൊണ്ടാണ് യേശുവിൻറെ സ്വർഗ്ഗാരോഹണത്തെ മനുഷ്യന്റെ എല്ലാ ആഗ്രഹങ്ങളുടെയും പൂർത്തീകരണമെന്ന് പറയുന്നത്.

ലൂക്കാ സുവിശേഷകൻ പറയുന്നു, “അവൻ അവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടുപോയി; കൈകൾ ഉയർത്തി അവരെ അനുഗ്രഹിച്ചു” (v.50). നോക്കുക, യേശു ശിഷ്യരെ അനുഗ്രഹിച്ചു കൊണ്ടിരിക്കുമ്പോഴാണ് സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ടത്. അനുഗ്രഹിക്കുന്ന യേശു. ഇതാണ് യേശുവിന്റെ അവസാനത്തെ ചിത്രം. ആകാശത്തിനും ഭൂമിക്കും മധ്യേ കുരിശിൽ തൂക്കപ്പെട്ടവൻ തന്നെയാണ് ഇപ്പോൾ ആകാശത്തിനും ഭൂമിക്കും മധ്യേ കൈകളുയർത്തി അനുഗ്രഹിക്കുന്നത്. അവനറിയാവുന്നത് അനുഗ്രഹിക്കുവാൻ മാത്രമാണ്. ആ അനുഗ്രഹം പൂർണമായി നൽകി അവൻ അവരിൽ നിന്നും മറയുന്നു (ശാപം ദൈവത്തിന്റെ നിഘണ്ടുവിലില്ല).

യേശു അനുഗ്രഹമാണ്. നിന്റെ കുറവുകളോ ദൗർബല്യങ്ങളോ സംശയങ്ങളോ ഒന്നും പരിഗണിക്കാതെ അനുഗ്രഹിക്കുന്നവനാണ് അവൻ. അനുഗ്രഹിക്കുക എന്ന വാക്കിന് ‘നല്ലത് പറയുക’ എന്നും അർത്ഥമുണ്ട്. അതായത് ഈശോയ്ക്ക് ഇനി നിന്നെ കുറിച്ച് പറയാനുള്ളത് നല്ലതു മാത്രമാണ്. ആ ഉയർത്തിപ്പിടിച്ചിരിക്കുന്ന കരങ്ങളിൽ നിന്നും നിന്നിലേക്ക് ശക്തി പ്രവഹിക്കും. നിൻറെ കയ്പനുഭവങ്ങളിലും ഇല്ലായ്മകളിലും സങ്കടങ്ങളുടെ പെരുമഴ കാലങ്ങളിലും ആ ശക്തി നിന്നെ തല ഉയർത്തി നിൽക്കാൻ പ്രാപ്തനാകും. ആ കരം നൽകുന്ന ഊർജ്ജം നിന്നിൽ നിന്നും ആർക്കും എടുത്തു മാറ്റുവാനോ തകർത്തുകളയാനോ സാധിക്കാത്ത ആന്തരിക ഉന്മേഷമായി മാറും.

സ്വർഗ്ഗാരോഹണത്തിനു തൊട്ടുമുൻപ് യേശു ശിഷ്യന്മാർക്ക് ഒരു കർത്തവ്യം ഏൽപ്പിക്കുന്നുണ്ട്. “പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തില്‍ ജറുസലെമില്‍ ആരംഭിച്ച്‌ എല്ലാ ജനതകളോടും പ്രഘോഷിക്കുക” (v.47). അനുതാപം എന്നാൽ മാറ്റമാണ്. മനസ്സിന്റെ മാറ്റം. ഹൃദയത്തിൻറെ മാറ്റം. അത് ചലനാത്മകമാണ്. ഹൃദയത്തിൻറെ ചതുപ്പ് നിലത്തിൽ നിന്നും പുറത്തേക്കുള്ള ഒരു കുതിച്ചുചാട്ടമാണത്. ഒഴുക്കിനെതിരെ നീന്താനുള്ള ആത്മധൈര്യമാണത്. സൂത്രശാലികളും അക്രമികളും സമ്പന്നരും മാത്രം വിജയിക്കുന്ന അല്ലെങ്കിൽ വിജയിപ്പിക്കുന്ന ലോകത്തിൻറെ യുക്തിക്ക് വിപരീതമായി നിൽക്കാനുള്ള ഉപോദ്ബലമാണ് അനുതാപം. ഇത് സ്വർഗ്ഗ രാജ്യത്തിന്റെ ലോജിക്കാണ്. ഈ യുക്തി സ്വീകരിക്കുന്നവനു മാത്രമേ സ്വർഗ്ഗത്തിലേക്കുള്ള പടികൾ ചവിട്ടുവാൻ സാധിക്കു. ഓർക്കുക, അനുതാപമാണ് സ്വർഗ്ഗത്തിനും ഭൂമിക്കും മധ്യേയുള്ള ഏക തുലാസ്.

അവൻ പാപമോചനത്തെ കുറിച്ചും പറയുന്നുണ്ട്. എന്താണ് പാപമോചനം? അത് ദൈവത്തിന്റെ മാത്രം ദാനമാണ്. വീണ്ടും തുടങ്ങുവാനും ഒരിക്കലും തളരാതിരിക്കാനും അധമമായ അവസ്ഥകളിലേക്ക് സ്വയം വിട്ടു കൊടുക്കാതിരിക്കുന്നതിനും അതിലുപരി അനന്തമായ സാധ്യതകളിലേക്കുള്ള വാതിലുകൾ നിന്റെ മുൻപിൽ തുറന്നിടുന്ന നന്മയാണ് പാപമോചനം. അത് ഹൃദയത്തിന് ഉന്മേഷം നൽകുന്ന ദൈവീക കരുണയാണ്.

ദൈവത്തെക്കുറിച്ച് നമുക്കറിയാവുന്നത് ആകെ വിരലിലെണ്ണാവുന്ന കാര്യങ്ങൾ മാത്രമാണ്. അതിൽ ഏറ്റവും സുന്ദരമായത് ദൈവം കരുണയുള്ളവനാണ് എന്ന സത്യമാണ്. ശിഷ്യരോടുള്ള യേശുവിൻറെ അവസാനത്തെ സന്ദേശത്തിലും ദൈവത്തിൻറെ കരുണാർദ്രമായ മുഖം അവൻ പ്രദർശിപ്പിക്കുന്നുണ്ട്. പാപമോചനത്തെക്കുറിച്ച് പ്രഘോഷിക്കുക എന്ന് പറഞ്ഞാൽ ദൈവ കരുണയെ പ്രഘോഷിക്കുക എന്നതാണ്. ദൈവം കരുണയുടെ അനന്തമായ വസന്തമാണ്. എപ്പോഴും നീ ഓർക്കണം. നിന്റെ ജീവിതത്തിന്റെ നിരന്തരമായ ഉഷസ് ദൈവകരുണയാകുന്ന ആ ദാനം മാത്രമാണ്.

ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം സൂചിപ്പിച്ചു കൊണ്ടാണ് സുവിശേഷഭാഗം അവസാനിക്കുന്നത്. “അവര്‍ അവനെ ആരാധിച്ചു; അത്യന്തം ആനന്‌ദത്തോടെ ജറുസലെമിലേക്കു മടങ്ങി” (v.52). ശിഷ്യർ സ്നേഹിച്ചിരുന്നവൻ. അതിലുപരി അവരെ ഹൃദയത്തോടു ചേർത്തുനിർത്തിയവൻ. ഇതാ, സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ടിരിക്കുന്നു. അവരുടെ കണ്മുൻപിൽ നിന്നും മറഞ്ഞിരിക്കുന്നു. എന്നിട്ടും അവർക്ക് സങ്കടമില്ല. മറിച്ച് ആനന്ദമാണ്. അപ്പോൾ അതിന്റെ അർത്ഥം യേശു സംവഹിക്കപ്പെട്ടത് മേഘ കൂടാരങ്ങളിലേക്കല്ല. ശിഷ്യരുടെ ജീവിതത്തിന്റെ ആഴമായ തലത്തിലേക്കാണ്. ശിഷ്യർ അവനെ സ്നേഹിച്ചതിന്റെ പൂർണ്ണതയാണ് ആ ആനന്ദം. ആ ആനന്ദത്തിൽ ഒത്തിരി പാഠങ്ങളുണ്ട്:
(1) ശരീരത്തിന്റെ തലത്തിൽ മാത്രം അവസാനിക്കുന്നതല്ല മനുഷ്യജീവിതം.
(2) അത് കൺമുന്നിലുള്ളതിൽ മാത്രം ഒതുങ്ങുന്നതല്ല.
(3) ഇന്നലത്തെ വേദനകളെക്കാള്‍ ശക്തമാണ് നാളെ നിന്നെ കാത്തിരിക്കുന്ന നന്മകൾ.
(4) ഇവിടമല്ല നിന്റെ യഥാർത്ഥമായ ഇടം. സ്വർഗ്ഗമാണ്.

എന്തിനെയും താഴേക്ക് വലിച്ചിറക്കുന്ന ഭൂഗുരുത്വാകർഷണം മാത്രമല്ല നിന്റെ ഉള്ളിൽ ഉള്ളത്. മുകളിലേക്ക് ആകർഷിക്കുന്ന, പറന്നുയരാനുള്ള ഒരു ഗ്രാവിറ്റിയുമുണ്ട്. ലംബമായി കത്തുന്ന തീ പോലെ, ആകാശം നോക്കി വളരുന്ന വൃക്ഷങ്ങൾ പോലെ, സൂര്യനെ നോക്കി നിൽക്കുന്ന പൂക്കൾപോലെ, മേഘങ്ങളെ ചുംബിച്ചു നിൽക്കുന്ന മലകൾ പോലെ… ഇതെല്ലാം സ്വർഗ്ഗത്തിന്റെ ഗൃഹാതുരതകളാണ്. നീയും കണ്ണുകൾ ഉയർത്തുന്നത് ആ ലക്ഷ്യത്തിലേക്ക് മാത്രമാണ്. യേശു അതിനായി ഒരു വഴി വെട്ടിത്തെളിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker