Kerala

കൂട്ടായ്മയാണ് സഭയുടെ ശക്തി; സീറോ മലബാര്‍ സഭയയുടെ തലശ്ശേരി പ്രവിശ്യാ സംയുക്ത വൈദികസമിതി സമ്മേളനം

തലശ്ശേരി, മാനന്തവാടി, താമരശ്ശേരി, മാണ്ഡ്യ, ഭദ്രാവതി, ബല്‍ത്തങ്ങാടി എന്നീ ആറ് രൂപതകള്‍ ഒരുമിച്ചുള്ള സംയുക്ത വൈദികസമിതി സമ്മേളനം

സ്വന്തം ലേഖകൻ

തലശ്ശേരി: കൂട്ടായ്മയാണ് സഭയുടെ ശക്തിയെന്ന് സീറോ മലബാര്‍ സഭയയുടെ തലശ്ശേരി പ്രവിശ്യാ സംയുക്ത വൈദികസമിതി സമ്മേളനം. കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന പ്രവിശ്യയിലെ തലശ്ശേരി, മാനന്തവാടി, താമരശ്ശേരി, മാണ്ഡ്യ, ഭദ്രാവതി, ബല്‍ത്തങ്ങാടി എന്നീ ആറ് രൂപതകള്‍ ഒരുമിച്ചുള്ള സംയുക്ത വൈദികസമിതി സമ്മേളനം തലശ്ശേരി സന്ദേശഭവനില്‍ വച്ചാണ് നടന്നത്. എല്ലാ രൂപതകളിലെയും മെത്രാന്മാരും വൈദികസമിതി അംഗങ്ങളും പങ്കെടുത്തു. സീറോ മലബാര്‍ സഭയുടെ കൂട്ടായ്മയും ഐക്യവും വ്യത്യസ്ത തലങ്ങളില്‍ വളര്‍ത്തുന്നതിനാവശ്യമായ മാര്‍ഗ്ഗങ്ങളെകുറിച്ചായിരുന്നു പ്രധാന ചര്‍ച്ച.

ബല്‍ത്തങ്ങാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ലോറന്‍സ് മുക്കുഴി അദ്ധ്യക്ഷത വഹിച്ച സംയുക്ത വൈദികസമിതി സമ്മേളനം തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് ജോര്‍ജ്ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന്, തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ ബിഷപ്പ് ജോസഫ് പാംപ്ലാനി വിഷയാവതരണം നടത്തി.

സഭയിലെ ഭിന്നതകളെ സഭയുടെ ശത്രുക്കള്‍ ഉപകരണങ്ങളാക്കുകയാണെന്നും, നിസ്സാരകാര്യങ്ങളില്‍ ശ്രദ്ധ പതിച്ച് ഊര്‍ജ്ജം ചെലവാക്കുന്ന നാം അതിപ്രധാനമായ പലതും കാണുന്നില്ലെന്നും, സഭാകൂട്ടായ്മക്കെതിരേ സംഭവിക്കുന്ന സംഘടിതമായ ആക്രമണങ്ങളെ അവഗണിക്കുകയാണെന്നും യോഗം വിലയിരുത്തി. അന്തഃഛിദ്രങ്ങള്‍ നമ്മെ ദുര്‍ബലപ്പെടുത്തുന്നതിനാല്‍ സഭക്കുള്ളില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ സഭാശരീരത്തെത്തന്നെ മുറിവേല്പിക്കുന്നുണ്ടെന്ന് വിലയിരുത്തലുണ്ടായി.

തുടര്‍ന്ന്, വിവിധ രൂപതകളിലെ അജപാലനപ്രശ്നങ്ങള്‍ പ്രതിനിധികള്‍ അവതരിപ്പിക്കുകയും, ഗ്രൂപ്പ് ചര്‍ച്ചയിലൂടെ ആനുകാലികപ്രസക്തമായ കാര്യങ്ങൾ ചര്‍ച്ച ചെയ്തു. പ്രധാനമായും, കര്‍ഷകര്‍ നേരിടുന്ന വിവിധപ്രശ്നങ്ങൾ: വിലത്തകര്‍ച്ച, വന്യമൃഗശല്യം, കുടിയൊഴിക്കല്‍ ഭീഷണി തുടങ്ങിയവയെ സംഘാതമായി പ്രതിരോധിക്കണമെന്നും സമാനമായ പ്രശ്നങ്ങളെ നേരിടുന്നതിനും, കര്‍ഷകജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും പ്രവിശ്യയിലെ രൂപതകള്‍ ഒരുമിച്ചു പരിശ്രമിക്കണമെന്നും യോഗം തീരുമാനിച്ചു. കാര്‍ഷികമേഖല നേരിടുന്ന ഗുരുതരപ്രതിസന്ധികളിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ അടിയന്തിരമായി പതിപ്പിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനത്തിൽ ആവശ്യമുയർന്നു.

ആരാധനാക്രമം, ഭക്തസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍, അജപാലനനയങ്ങള്‍ എന്നിവയിലുള്ള ഐകരൂപ്യം സഭയെ ശക്തിപ്പെടുത്തുന്നതിന് അനിവാര്യമാണെന്നും, ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ പ്രവിശ്യയിലെ മെത്രാന്മാരെ ചുമതലപ്പെടുത്തുകയും ചെയ്തു.

സീറോ മലബാര്‍ സഭയിലെ കാലികപ്രശ്നങ്ങളിലുള്ള ഉത്കണ്ഠ രേഖപ്പെടുത്തിയ സമ്മേളനത്തിൽ; കൂട്ടായ്മയുടെ ചൈതന്യത്തെ അപഹരിച്ച് സഭയെ ആത്മീയമായും, സമുദായത്തെ ആന്തരികമായും ദുര്‍ബലപ്പെടുത്തുന്ന ശൈലികളെയും പ്രവര്‍ത്തനങ്ങളെയും സഭയൊന്നാകെ ബഹിഷ്കരിക്കണമെന്നും ആവശ്യമുയർന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker