Articles

തീരദേശ അവഗണനയുടെ നാൾവഴികളും സർക്കാർ ഉദ്യോഗസ്ഥരും; പുതിയ കളക്‌ടർക്ക് സ്വാഗതം…

ചുമതലയിലേക്കുവരുന്ന പുതിയ കളക്ടർ, സുനാമിക്ക്ശേഷം പതിനാറാമാത്തെയാളായിട്ടാണ് വരുന്നത്

ഫാ.ജോൺസൺ പുത്തൻവീട്ടിൽ

18.07.1957 ശ്രീ കെ.ബി.വാര്യർ ആദ്യ കളക്ടറെന്ന ചരിത്രത്തിൽ നിന്ന് 51 മത്തെ കളക്ടറെന്ന പദവിയിലേക്ക് ശ്രീമതി അദീല അബ്ദുല്ല നിയമിതയാകുമ്പോൾ ആലപ്പുഴക്കാരന്റെ മുഴുവൻ സ്നേഹത്തോടും ആദരവോടും വരവേൽക്കുന്നു. ആലപ്പുഴ രൂപതാംഗമായ വൈദികനായ എനിക്ക് 2000 മുതലുള്ള കളക്ടറുമാരെ ശ്രദ്ധിക്കുവാൻ ഇടയായിട്ടുണ്ട്. അങ്ങനെ ഒരു ചരിത്രം സൂക്ഷിക്കുമ്പോൾ പുതിയ കളക്ടർ ഇരുപതാമത്തെ സ്ഥാനത്ത് എത്തുന്നു.

ഇതിൽ, 2004-2007 കാലയളവിലെ ശ്രീ.കെ.ആർ.മുരളീധരൻ, ശ്രീ.കെ.ആർ.വിശ്വംഭരൻ ഇവരൊടൊക്കെ ആലപ്പുഴ രൂപത മറ്റ് കളക്ടറുമാരെക്കാളേറെ അടുത്ത് നിൽക്കേണ്ടിവന്നിട്ടുണ്ട്.

സുനാമി ബാധിതരായ് അവഗണിക്കപ്പെട്ട് ആരാലും ശ്രദ്ധിക്കാതെ പോയ ഒരു ജനവിഭാഗത്തിന്റെ ഭാഗവും ഭാഗധേയവുമായ ഞങ്ങളെല്ലാം കളക്ട്രേറ്റിന്റെ മുമ്പിൽ ഒരു ദിവസം മുഴുവൻ, രൂപതയിലെ മുഴുവൻ ജനവിഭാഗവുമായ് ചിലവഴിക്കേണ്ടിവരുകയും അത് ആലപ്പുഴയുടെ സമരചരിത്രത്തിന്റെ വേറിട്ടൊരു അദ്ധ്യായമായതും ഓർക്കുന്നു. അതിനുശേഷം, സുനാമി സമരത്തിൽ ബഹു.കളക്ടറും ഗവൺമെന്റും അംഗീകരിച്ചതും, നൽകിയതുമായ ഉറപ്പുകൾ പാലിക്കാതെ വന്നപ്പോൾ ഉപവാസമിരുന്ന വൈദിക കൂട്ടായ്മയുടെ ഭാഗമായതും ഏറെ വേദനയോടും, എന്നാൽ പാർശ്വവത്ക്കരിക്കപ്പെട്ട തീരവാസിക്കുവേണ്ടി പട്ടിണിയിരിക്കാൻ സാധിച്ചത് അഭിമാനത്തോടും ഓർത്തെടുക്കുന്നു.

ചുമതലയിലേക്കുവരുന്ന പുതിയ കളക്ടർ, സുനാമിക്ക്ശേഷം പതിനാറാമാത്തെയാളായിട്ടാണ് വരുന്നത്. സുനാമിസമയത്ത് യു.ഡി.എഫ്. തുടർന്ന്, എൽ.ഡി.എഫ്. പിന്നെ വീണ്ടും യു.ഡി.എഫ്. ഇപ്പോൾ എൽ.ഡി.എഫ്. അങ്ങിനെ നാലാമത്തെ ഗവൺമെന്റുമാണ് ഇത്. (2004 -2006 ശ്രീ.ഉമ്മൻ‍ചാണ്ടി, 2006–2001 ശ്രീ.വി.എസ്. അച്ച്യുതാനന്ദൻ, 2011-2016 ശ്രീ.ഉമ്മൻചാണ്ടി, 2016 ശ്രീ.പിണറായി വിജയൻ). ഇക്കാലം മുഴുവൻ മാറിവന്ന ഗവൺമെന്റും കളക്ടർമാരും ഉദ്യോഗസ്ഥരും പറഞ്ഞവാക്കുകളെ വിശ്വസിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ അവരുടെ നേതാക്കളും എല്ലാമായ് കാണുന്ന ഞങ്ങൾ അവരോട് ഈ വാക്കുകൾ കൈമാറിയപ്പോൾ കാത്തിരുന്ന ഒരു വിഭാഗത്തിന്റെ വിശ്വാസവും പ്രതീക്ഷയും പ്രത്യാശയും നഷ്ടപ്പെട്ടിരിക്കുന്നു.

2013 മുതൽ ശ്രീ.എൻ.പത്മകുമാർ മുതൽ അഞ്ചാമത്തെ കളക്ടാറിയ സ്ഥാനമൊഴിയുന്ന ശ്രീ.സുഹാസ് വരെയുള്ള കളക്ടർമാരുടെ മുമ്പിൽ തീരദേശറോഡിന്റെ വികസനത്തിനായ് ആറുവർഷം കളക്ടറേറ്റിൽ കയറിയിറങ്ങി നടന്നതും, തീവ്രമായ രീതിയിൽ പ്രതിഷേധം അറിയിച്ചതുമെല്ലാം ഏറെ വേദനയോടെ ഓർക്കുന്നു. എന്തേ ഞങ്ങളോടു മാത്രം ഇത്രയേറെ അവഗണന?

എന്നിട്ടും, കഴിഞ്ഞ പ്രളയകാലത്ത് കളക്ടറുടെ വിളികേട്ട് ആലപ്പുഴ രൂപതയുടെ സോഷ്യൽ സർവീസ് വിഭാഗം മുഴുവനും, യുവജനങ്ങളെല്ലാവരും കളക്ട്രേറ്റിലെ ഏതൊരു വിഭാഗവും പ്രവർത്തിച്ചതിലേറെ കാര്യക്ഷമമായും ശുഷ്ക്കാന്തിയോടുംകൂടെ പ്രവർത്തിച്ചത് അടുത്തുനിന്നു കണ്ടതും കൂടെ നിന്നതുമോർമ്മയുണ്ട്. കളക്ട്രേറ്റിലെ ഉദ്യോഗസ്ഥർ അനാവശ്യമായ സാങ്കേതികത്വം പറഞ്ഞ് വള്ളവുമായ് ചമ്പക്കുളം, കുട്ടനാട്, പ്രദേശങ്ങളിലേക്ക് പോകാൻവന്ന മത്സ്യത്തൊഴിലാളികളെ തടഞ്ഞിനിർത്തിയപ്പോൾ, ‘സാർ മാറ്റിനിർത്തുന്ന ഒരു മണിക്കൂർ എത്ര ജീവൻ രക്ഷിക്കാമെന്നറിയാമോ’, എന്ന ചോദ്യം എന്റെ ചെവിയിലിപ്പോഴും മുഴങ്ങുന്നത് തീരത്തിന്റെ പുണ്യമെന്ന് അറിയുന്നു. ഊണും ഉറക്കവുമില്ലാതെ പതഞ്ഞൊഴികയു മലവെള്ളത്തിൽ ചിലവഴിച്ച അവരോടൊപ്പമുണ്ടായിരുന്ന എനിക്ക് അതിന്റെ മുഴുവൻ തീവ്രതയുമറിയാം.

നാടുമുഴുവൻ ആദരിച്ചു. കുറെ പൊന്നാടകളും പതക്കങ്ങളും മൊമെന്റോകളും തന്നു. കേരളത്തിന്റെ സൈനീകരെന്ന പേരും തന്നു. പക്ഷേ ഈ വിഭാഗം ജനത തീരത്ത് ഉണ്ടാകണമെന്ന ആത്മാർത്ഥത ആർക്കെങ്കിലുമുണ്ടൊ? ഓരോ തവണയും മന്ത്രി, എം.പി., എം.എൽ.എ., കളക്ടർ തുടങ്ങി ജനപ്രതിനിധികളുടെ പിന്നാലെ നടന്നും ഇരുന്നും ഇഴഞ്ഞും ഞങ്ങൾ ഇല്ലാതെയായ്. വല്ലാത്ത നൊമ്പരവും നിരാശ്രയത്വവും നിരാശയും, രോക്ഷമായും രോദനമായും ഉള്ളിൽ രൂപം കൊള്ളുന്നത് പൊതുസ്വഭാവമായ് മാറുന്നത് ബന്ധപ്പെട്ടവർ അറിയാതെപോകരുത്. എല്ലാക്കാലത്തും വൈദികരുടെ സമാധാനവാക്കുകൾ കേൾക്കുന്ന ഒരു വിഭാഗമായ് എഴുതിത്തള്ളുകയും ചെയ്യരുത്. അടുത്ത നാളുകളിൽ രാജ്യത്തെ കുലുക്കിയ കർഷകസമരങ്ങൾ ഇപ്രകാരം രൂപംകൊണ്ടതാണ്. അതിനേക്കാളും പതിന്മടങ്ങ് തീവ്രവും ശക്തവുമാകും തീരവാസി ഒന്നിച്ചാൽ. ഒന്നിച്ചപ്പോഴെല്ലാം കേരളമത് അറിഞ്ഞിട്ടുള്ളതാണ്. തീരവാസി ഒരു സുരക്ഷിതത്വവുമില്ലാതെ ആഴക്കടലിലേക്ക്പോകുന്നവനാണ്. അതുകൊണ്ടാണ് പട്ടാളവും പോലീസും അറച്ചുനിന്ന പ്രളയകാലത്ത് സ്വന്തം ജീവനെനോക്കാതെ വെള്ളത്തിലേക്ക് ചാടിയിറങ്ങിയ തീരമക്കളെ ലോകം ബഹുമാനിച്ചത്.

ആലപ്പുഴയിൽ നിന്ന് വടക്കോട്ട് ഫോർട്ട്കൊച്ചിവരെ ഓരോ കടൽ ക്ഷോഭക്കാലത്തും വൻ തിരമാലകളുയരുമ്പോഴും പേടിച്ചു വിറങ്ങലിക്കുന്ന ഒരു ജനവിഭാഗത്തെ ഇനിയും വാഗ്ദാനങ്ങൾനൽകി കബളിപ്പിക്കരുത്. ആരുപറഞ്ഞാലും കേൾക്കാത്ത മനോഭാവം തീരത്തും രൂപപ്പെട്ടിരിക്കുന്നു. ഇത് ഭരിക്കുന്നവരും നയിക്കുന്നവരും അറിയുകയും, പ്രതികരിക്കുകയും, അടിയന്തിരവും സത്വരവും യുദ്ധകാലടിസ്ഥാനത്തിലും തീരുമാനങ്ങൾ നടപ്പാക്കിയില്ലയെങ്കിൽ വളരെ സങ്കീർണവും, ഒരുവേള പരിഹരിക്കാൻ പ്രയാസമേറിയതുമായ പ്രതിസന്ധികളിലേക്ക് എത്തിച്ചേരുമെന്ന പേടി ഉള്ളിൽ നിറയുന്നു. തീരജനതയുടെ ഉള്ളിൽ ഭരണത്തോടും അനാസ്ഥ കാട്ടുന്ന ഉദ്യോഗസ്ഥരോടും അവിശ്വാസവും അസ്വസ്ഥതയുമാകുന്ന ന്യൂനമർദ്ദവും സുനാമിയും രൂപം കൊള്ളുന്നുണ്ട്. ഇത് രണ്ടും പിടിച്ചു നിർത്താനാവാത്തതും വലിയ നാശനഷ്ടങ്ങളുണ്ടാക്കുന്നതുമാണെന്ന തിരിച്ചറിവിൽ പുതിയ കളക്ടർ കാര്യങ്ങൾ പഠിക്കണമെന്ന പതിവു പല്ലവിയുമായ് അമാന്തിച്ചാൽ, ഒരുവേള നമുക്കാർക്കും തീരവാസി സമയവും അവസരവും നൽകിയെന്നു വരില്ല. ദുരന്തങ്ങളുണ്ടാകുന്നതിനുമുമ്പ് പരിഹരിക്കാൻ എല്ലാവരും ഒരുമനസ്സോടും മനോഭാവത്തോടും മുന്നിട്ടിറങ്ങുക. തീരവാസികളും അവരുടെ ഭാഗമായ ഞങ്ങളും മുന്നണിയിലുണ്ടാകും.

കളക്ടർ ശ്രീമതി അദീല അബ്ദുല്ലയ്ക്ക് പ്രാർത്ഥനാപൂർവ്വം സ്വാഗതം ആശംസിക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker