Kerala

കടലാക്രമണ ഭീഷണിയിൽ ദുരിതത്തിലായ പ്രദേശങ്ങളിലെ വൈദികരും അല്മായരും മന്ത്രിമാരായ തോമസ് ഐസക്, തിലോത്തമൻ എന്നിവരെ പരാതി ബോധിപ്പിച്ചു

ആലപ്പുഴ രൂപത വികാരി ജനറൽ മോൺ.പയസ്സ് ആറാട്ടുകുളത്തിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം

ഫാ.ജോൺസൺ പുത്തൻവീട്ടിൽ

ആലപ്പുഴ: ആലപ്പുഴയിൽ ഇപ്പോഴും കടലാക്രമണ ഭീഷണിയിൽ തുടരുന്നതും ദുരിതത്തിലായതുമായ പ്രദേശങ്ങളിലെ വൈദികരും അല്മായരും ചേർന്ന് മന്ത്രിമാരായ തോമസ് ഐസക്, തിലോത്തമൻ എന്നിവരെ നേരിൽ കണ്ട് പരാതികൾ ബോധിപ്പിച്ചു. ആലപ്പുഴ രൂപത വികാരി ജനറൽ മോൺ.പയസ്സ് ആറാട്ടുകുളത്തിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

കടലാക്രമണ ഭീഷണിയിൽ ദുരിതത്തിലായ ഒറ്റമശ്ശേരി, ചെല്ലാനം, മറുവക്കാട് പ്രദേശങ്ങളിലെ വൈദികരും അല്മായരുമാണ് ചേർത്തലയുടെ മന്ത്രി ശ്രീ.തിലോത്തമനെയും, ആലപ്പുഴയുടെ മന്ത്രി ശ്രീ.തോമസ് ഐസക്കിനെയും നേരിൽ കണ്ട് തീരദേശമനുഭവിക്കുന്ന ഗുരുതരമായ അവസ്ഥകളെ ബോധ്യപ്പെടുത്തിയത്. ഒരു നിമിഷംപോലും പാഴാക്കാതെ, നിലം പൊത്താറായ വീടുകളും, നഷ്‍ടമാക്കുന്ന സ്വത്തും, തൊഴിലും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

കക്ഷി-രാഷ്ട്രീയ ഭേദമന്യേ സന്ദർശനത്തിൽ പങ്കെടുത്തവർക്ക് ഒരേ സ്വരവും ഒരേ ആവശ്യവും മാത്രം; ‘തീരത്തെ ജനതയ്ക്ക് ഉടൻ സംരക്ഷണം വേണം’. സാങ്കേതികത്വവും മറ്റ് നൂലാമാലകളും കേൾക്കാൻ ജനം തയ്യാറല്ലെന്നും, ഇനി കാത്തിരിക്കാൻ അവർ സന്നദ്ധരല്ലെന്നും മന്ത്രിമാർക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് അല്മായ പ്രതിനിധികൾ പറഞ്ഞു. തുടർന്ന്, ഗവൺമെന്റിനെക്കൊണ്ടും ഉദ്യോഗസ്ഥരെക്കൊണ്ടും തങ്ങളുടെ പദവിയും കഴിവുമുപയോഗിച്ച് ഉടൻ ആവശ്യമായത് ചെയ്യാമെന്ന് ഉറപ്പും നൽകിയെന്ന് അവർ പറയുന്നു.

രണ്ട് മന്ത്രിമാരുടെയും വാക്കുകളിൽ തങ്ങൾ വിശ്വാസമർപ്പിക്കുന്നുവെന്നും, തിങ്കളാഴ്ചയോടെ തീരത്ത് ആവശ്യമായ കല്ല് എത്തിച്ച് ഉടനടി, യുദ്ധകാലാടിസ്ഥാനത്തിൽ തീരദേശത്തെ ദുരിതത്തിലാക്കുന്ന കടലാക്രമണ ഭീഷണിയിൽ നിന്ന് ആശ്വാസം നേടാനുള്ള നടപടികൾ ആരംഭിക്കണമെന്നും രൂപതാ പ്രതിനിധികൾ ആവശ്യപ്പെട്ടു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker