Articles

ഡീക്കന്‍ ജെറിന്റെ വേർപാടിൽ നീറുന്ന ഓർമ്മകളോടെ പേപ്പൽ സെമിനാരിയിൽ നിന്ന്…

കബീര്‍ പറയുന്നു: നിങ്ങളുടെ പ്രണയം പ്രകടിതമാകട്ടെ, ആ പ്രകടിപ്പിക്കല്‍ ആയിരിക്കും നിങ്ങളുടെ പ്രാര്‍ത്ഥന...

ഡീക്കന്‍ ജിനു റോസ് പി.എസ്.

എന്റെ സഹോദരന്‍ പൗരോഹിത്യത്തെ പ്രണയിച്ചു തുടങ്ങിയിരുന്നു. പൗരോഹിത്യത്തെ പുണരുവാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കേ ഓര്‍മ്മകള്‍ സമ്മാനിച്ച് നിത്യപുരോഹിതന്റെ സന്നിധിയിലേക്ക് യാത്രയായി.

സഹോദരാ, നിനക്കും എനിക്കും പ്രായം ഇരുപത്തിയേഴ്. നീയും ഞാനും സഭയിലെ ഡീക്കന്മാര്‍. ഞാനും നിന്നെപ്പോലെ പൗരോഹിത്യത്തെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. എന്നാല്‍ നീ ഇന്ന് എന്നോടൊപ്പമില്ല. നിന്റെ വിടവാങ്ങല്‍ അറിഞ്ഞ മാത്രയില്‍ മൗനം മനസ്സിനെയും ശരീരത്തെയും വല്ലാതെ ആവരണം ചെയ്തു. മൗനം പ്രാര്‍ത്ഥനയായി സത്യമാകരുതേ… ഫലം കണ്ടില്ല… എന്നെ വല്ലാതെ വേദനിപ്പിച്ചു.

ഡീക്കന്‍ ജെറിന്‍ ജോയ്സന്‍ ഓര്‍മ്മയായി മാറിയിരിക്കുന്നു. ഹൃദയങ്ങള്‍ കീഴടക്കുന്ന, ചേര്‍ത്തുവയ്ക്കുന്ന, പുഞ്ചിരി, സ്പര്‍ശം, കരുതല്‍, വാക്കുകള്‍, ശ്രുതിമധുരമായ ശബ്ദവീചികള്‍, വിരല്‍തുമ്പില്‍ ചാലിച്ച വരകള്‍, എഴുത്തുകള്‍ നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളായി നിനവില്‍ വിരാചിക്കാന്‍ തുടങ്ങിയിരിക്കുന്നു.

നമ്മുടെ സൗഹൃദത്തിന് രണ്ടു വയസ്സും ഏതാനം ചില മാസങ്ങളും മാത്രം. എന്നാല്‍, നിന്നെക്കുറിച്ച് ഹൃദയം വാചാലമാകുന്നു – ഒരു യുഗത്തിന്റെ കഥ പറയാന്‍… കാരണം, നീ അത്രമാത്രം പേപ്പല്‍ സെമിനാരി കുടുംബത്തിലും എന്നിലും ഇഴകിച്ചേര്‍ന്നിരിക്കുന്നു. പേപ്പല്‍ സെമിനാരിയുടെ യശസ്സായിരുന്നു, താളമായിരുന്നു, സ്വപ്നമായിരുന്നു, പുഞ്ചിരിയായിരുന്നു, കത്തിജ്വലിക്കുന്ന തീനാളമായിരുന്നു, മകനായിരുന്നു… നീ പേപ്പല്‍ സെമിനാരിക്ക് സ്വന്തമായിരുന്നു. നിനക്കും പേപ്പല്‍ സെമിനാരി സ്വന്തമായിരുന്നു.

ഇന്ന് ഞാന്‍ പേപ്പല്‍ സെമിനാരിയിലെ ഒരു മുറിക്കുള്ളില്‍ നിന്നെക്കുറിച്ചെഴുതുമ്പോള്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ അന്യമായിരിക്കുന്നു എന്ന ബോധനത്തിലേക്ക് വഴുതിവീഴുന്നതുപോലെ. കബീര്‍ പറയുന്നു: നിങ്ങളുടെ പ്രണയം പ്രകടിതമാകട്ടെ, ആ പ്രകടിപ്പിക്കല്‍ ആയിരിക്കും നിങ്ങളുടെ പ്രാര്‍ത്ഥന. ജെറിന് പ്രണയമായിരുന്നു ജീവിതത്തോടും, പൗരോഹിത്യത്തോടും, പേപ്പല്‍ സെമിനാരി കുടുംബത്തോടും, ഈ പ്രപഞ്ചത്തോടും, തന്റെ സ്വന്തം കുടുംബത്തോടും, ഞങ്ങളോടും. ഇതു തന്നെയായിരുന്നു ഡീക്കന്‍ ജെറിന്റെ പ്രാര്‍ത്ഥനയും.

ഒരു സായാഹ്നത്തിലെ സൗഹൃദസംഭാഷണം നിനവില്‍ തളംകെട്ടുന്നു. ജെറിന്‍ എന്നെക്കുറിച്ചറിയാന്‍ ആഗ്രഹിച്ച ദിവസം. മണിക്കൂറുകള്‍ നീണ്ട സംഭാഷണം. അവന്റെ മുഖത്തിലും ഹൃദയത്തിലും ഉണ്ടായിരുന്ന പുഞ്ചിരി, സ്നേഹം ഇപ്പോഴും മായാതെ മറയാതെ മിന്നിത്തിളങ്ങുന്നു. എന്റെ ഒരു കുറവിനെ ഹൃദത്തില്‍ പേറിയവന്‍. എന്റെ കുറവ് ഇതായിരുന്നു – അമ്മയില്ല. എന്റെ കുറവ് അവന്റെയും കുറവായി മാറിയിരുന്നു. അവന്റെ കണ്ണുകളും നിറഞ്ഞു. എന്റെ കുറവുകളോട് ചേര്‍ന്നു കരയുന്ന ആദ്യത്തെ സുഹൃത്തും സഹോദരനുമായിരുന്നു എന്റെ ഡീക്കന്‍ ജെറിന്‍. എല്ലാറ്റിനും ഒടുവില്‍ ആ സന്ധ്യയ്ക്ക് വിടപറയുമ്പോള്‍ സമ്മാനമായി ഒരു ജപമാല തന്നു. ഡീക്കന്‍ ജെറിന്‍ എന്നോടു പറയാതെ പറഞ്ഞുവച്ചു: എന്തിനാ പരിഭവം! ഈ ലോകത്ത് നിനക്ക് ഒരമ്മയില്ല, എന്നാല്‍ നിനക്ക് ഒരു അമ്മയുണ്ട്, പരിശുദ്ധ മറിയം. ആ അമ്മ എപ്പോഴും നിന്നോടൊപ്പം ഉണ്ട്. ആ സമ്മാനത്തിന് ഞാന്‍ ഒരിടം കൊടുത്തു. എന്റെ അമ്മയുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന പെട്ടിക്കുള്ളില്‍.

പേപ്പല്‍ കുടുംബത്തോട് വിട പറയുന്ന ദിനങ്ങളില്‍ മാറോടു ചേര്‍ത്തു നിര്‍ത്തി ഫോട്ടോ എടുത്തുകൊണ്ട് പറഞ്ഞതും ഞാന്‍ ഓര്‍ത്തുപോകുന്നു: ഇനി നമ്മള്‍ ഒരിക്കലും കണ്ടുമുട്ടില്ലെങ്കിലോ! ഫോട്ടോയിലൂടെ നമുക്ക് കാണാം. അതെ, ഈ ദിവസങ്ങളില്‍ ചിത്രങ്ങളിലൂടെയാണ് നിന്നെ ഞാന്‍ കാണുക, അനുഭവിക്കുക. നീ ഇന്നും ജീവിക്കുന്നു.. എന്റെ മനസ്സില്‍. ഒരു സഹോദരനായും പുഞ്ചിരിയായും സ്നേഹമായും ചിത്രങ്ങളായും…

റില്‍ക്കയുടെ വരികള്‍ നിനവിലേക്ക് കടന്നുവരികയാണ്:
“രണ്ടു സ്വരങ്ങള്‍ക്കിടയിലെ വിരാമമാണു ഞാന്‍
ശരിയായ പൊരുത്തത്തില്‍ ലയിക്കുന്നവ, അത്യപൂര്‍വ്വമായവ.
അജ്ഞാതനായ നിന്റെ ദൈവം മീട്ടിയ രണ്ടു സ്വരങ്ങളാണിവ – ജനനവും മരണവും”.

ശരിയായ പൊരുത്തത്തില്‍ ജനനത്തെയും മരണത്തെയും ലയിപ്പിച്ചവന്‍ ക്രിസ്തുവാണ്. സഹോദരാ ജെറിന്‍, നീ അവന്റെ ശിഷ്യനാണ്. അവനെ കൈകളിലേന്തി മാറോടു ചേര്‍ത്ത് അവന്റെ അള്‍ത്താരയില്‍ നിന്റെ ജീവിതത്തിന് വിരാമം കുറിച്ചു. എത്രയോ ധന്യം നിന്റെ ജീവിതം!

സഹോദരാ ജെറിന്‍, ഒരന്വേഷണം പറയാന്‍ മറക്കരുത്: പറുദീസയില്‍ ഏതെങ്കിലും കോണില്‍ എന്നെ നിനച്ചിരിക്കുന്ന എന്റെ അമ്മയെ കണ്ടുമുട്ടുമ്പോള്‍, അമ്മയുടെ മകന്‍ പേപ്പല്‍ സെമിനാരിയില്‍ സുഖമായിരിക്കുന്നുവെന്ന്…
എന്റെ സമയം ഇനിയും ആയിട്ടില്ല… കാത്തിരിക്കുന്നു…

സ്വന്തം സഹോദരന്‍
ദൈവമേ, നിത്യാനന്ദത്തിലേക്ക് എന്റെ സഹോദരനെ നയിക്കേണമേ…

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker