Kazhchayum Ulkkazchayum

കൈചൂണ്ടികൾ കണ്ണടയ്ക്കുമ്പോൾ…

ചൂണ്ടുപലകകൾ അവഗണിച്ചാൽ കയ്പ്പേറിയ അനുഭവം ഉണ്ടാകുമെന്ന് കഴിഞ്ഞ തലമുറ പറയാതെ വിളിച്ചുപറയുന്നുണ്ട്...

മാർഗ്ഗഭ്രംശം വരാതിരിക്കാൻ, ദിശാബോധം നൽകാൻ, പരാശ്രയം കൂടാതെ നേരായ മാർഗ്ഗത്തിൽ ചരിക്കാൻ കൈചൂണ്ടികൾ അഥവാ ചൂണ്ടുപലകകൾ പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത് നാം കാണാറുണ്ട്. ചൂണ്ടുപലകകൾ നൽകുന്ന ദിശാ സൂചനകൾ അവഗണിച്ചാൽ നാം വഴിതെറ്റുമെന്ന കാര്യത്തിൽ സംശയമില്ല. നമ്മുടെ ജീവിതത്തിലും ദിശാസൂചികൾ അനിവാര്യമാണ്. വിശുദ്ധഗ്രന്ഥത്തിൽ “പത്തുകല്പനകൾ” മോശ മുഖേന ദൈവം നൽകിയ ചൂണ്ടുപലകകളാണ്; നാം കാനുള്ള മാർഗ്ഗരേഖകൾ. അനുദിന ജീവിതം സുഗമമാക്കാൻ വിവേകത്തോടും, ലക്ഷ്യബോധത്തോടും മുന്നേറുവാൻ ആത്മീയ ഗുരുക്കന്മാർ, മാതാപിതാക്കൾ, ജീവിതവിജയം കൈവരിച്ചവർ, മഹാൻമാർ, ചിന്തകന്മാർ, പ്രതിഭാ സമ്പന്നരായ ആചാര്യന്മാർ എന്നിവർ നമുക്ക് അവശ്യം ആവശ്യമാണ്. നമുക്ക് ജാഗ്രതയുള്ളവരാകാം…

അവകാശങ്ങളെക്കുറിച്ചും, കടമകളെക്കുറിച്ചും എന്നതുപോലെ “നിയമ ബോധവും” ഒഴിച്ചുകൂടാൻ പാടില്ലാത്തതാണ്. നിയമത്തെക്കുറിച്ചുള്ള അജ്ഞത ഒരു ഭൂക്ഷണമല്ല, മറിച്ച് ശാപമാണ്. “റോഡ് നിയമം” പാലിക്കണമെന്നത് ഓരോ പൗരനെയും കടമയാണ്. ഉത്തരവാദിത്വത്തോടുകൂടി നിറവേറ്റാൻ
സർക്കാർ ബോധവത്ക്കരണം നൽകിയ ശേഷമാണ് “ലൈസൻസ്” നൽകുന്നത്. കാരണം, സ്വന്തം ജീവനെ പോലെ മറ്റുള്ളവരുടെ ജീവനും വിലപ്പെട്ടതാണ്. നിയമ പരിജ്ഞാനവും, പ്രായോഗികജ്ഞാനവും, അനുഭവജ്ഞാനവും, ഈശ്വരവിശ്വാസവും ഉള്ളവർ പകർന്നുകൊടുക്കുന്ന അറിവിന് ആഴവും, പരപ്പും, തിളക്കവും ഉണ്ടാകും. റോഡു നിയമത്തിൽ കാര്യത്തിൽ വാഹനമോടിക്കുന്നവരെ പോലെ തന്നെ പരിജ്ഞാനം കാൽനടയാത്രക്കാർക്കും ഉണ്ടാകണം. അനുഭവങ്ങളിൽനിന്ന് പുതിയ-പുതിയ പാഠങ്ങൾ ഉൾക്കൊള്ളാൻ വിമുഖത കാട്ടുന്ന, നിസ്സംഗത പുലർത്തുന്ന പുത്തൻ തലമുറ “വിരിയുന്നതിനു മുൻപേ കൊഴിയുന്ന” ദുരവസ്ഥ മാധ്യമങ്ങളിലൂടെ നാം കാണുന്നുണ്ട്. ദുരന്തങ്ങൾ വിലയ്ക്കുവാങ്ങുന്ന അവരുടെ പശ്ചാത്തലം മനസ്സിലാകുമ്പോൾ പ്രാഥമിക വിദ്യാലയമായ കുടുംബത്തിൽ നിന്നും, പാഠശാലകളിൽ നിന്നും, ജീവിതാനുഭവങ്ങളിൽ നിന്നും സ്വായക്തമാക്കിയ കാര്യങ്ങൾ “അഹന്തയും അഹങ്കാരവും” ആൾരൂപം പ്രാപിച്ചതിന്റെ അനന്തരഫലമാണെന്ന് മനസ്സിലാക്കാൻ കഴിയും; അത്തരക്കാർക്കുവേണ്ടി ഒന്നു കരയാൻ, നെടുവീർപ്പിടാൻ പോലും നാം തുനിയരുത്.

മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. ചൂണ്ടുപലകകൾ അവഗണിച്ചാൽ കയ്പ്പേറിയ അനുഭവം ഉണ്ടാകുമെന്ന് കഴിഞ്ഞ തലമുറ പറയാതെ വിളിച്ചുപറയുന്നുണ്ട്. “കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ”. പുറമേയുള്ള ഇരുചെവികളോടൊപ്പം “ഒരു ഉൾചെവി” നമുക്ക് വേണം, ഉൾക്കാഴ്ച, ദാർശനിക കാഴ്ചപ്പാട്!!! നാളെയെക്കുറിച്ചുള്ള “വികലമായ” കാഴ്ചപ്പാടാണ് പലപ്പോഴും അനർത്ഥങ്ങൾ ക്ഷണിച്ചുവരുത്തുന്നത്. പ്രത്യാശയില്ലാത്ത, സ്വപ്നങ്ങളില്ലാത്ത, പ്രതികരണശേഷിയില്ലാത്ത, നിർഗുണന്മാർക്ക് ജീവിതം എറിഞ്ഞുടയ്ക്കാനുള്ള ഒരു പളുങ്കു പാത്രമാണ്! വിളകി ചേർക്കാൻ കഴിയാത്തവിധം ചിന്നിച്ചിതറുന്ന പളുങ്കുപാത്രം !

നമ്മുടെ ജീവിതത്തിൽ ആർദ്രതയും, ദ്രവീകരണ ഭാവവും, കരുതലും, സഹോദരന്റെ കാവൽക്കാരനാകാനുള്ള ജാഗ്രതയും കാത്തുസൂക്ഷിക്കാത്തിടത്തോളം കാലം നാം “ഒരു അധമ സംസ്കാരത്തിലാണ്” ജീവിക്കുന്നത്. സംസ്കൃത ചിത്തരായി വളരാൻ ഭൗതിക ജ്ഞാനവും, ആത്മീയ ജ്ഞാനവും, സനാതന മൂല്യങ്ങളെ മുറുകെ പിടിച്ചുള്ള ജീവിതവും അത്യന്താപേക്ഷിതമാണ്. ജീവന്റെയും മരണത്തിന്റെയും ഇടയ്ക്കുള്ള ഒരുപിടി “ശ്വാസനിശ്വാസങ്ങ”ളാണ് ഈ കൊച്ചു ജീവിതം!! അതിനാൽ ഉണർവുള്ളവരാകാം! രാത്രിയും പകലും, നന്മയും തിന്മയും തിരിച്ചറിയുന്ന സുബോധമുള്ളവരാകാം. “നമുക്ക് നാമേ പണിവത് നാകം… നരകവുമൊരുപോലെ…” കവിവചനം ധ്യാനിക്കാം. അനന്തതയിലേക്ക് കണ്ണുംനട്ട് നടക്കുമ്പോഴും കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകാതിരിക്കാൻ ജാഗ്രതയുള്ളവരാകാം!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker