Kazhchayum Ulkkazchayum

മുഖം മനസ്സിന്റെ കണ്ണാടി

മനുഷ്യൻ ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും സമന്വയമാണ്...

മനുഷ്യമനസ്സ് ഒരു മഹാ പ്രപഞ്ചമാണ്; നിഗൂഢതകളുടെ കലവറയാണ്. ആഴങ്ങളും, കയങ്ങളും, ചുഴികളും, ഉൾപ്പിരിവുകളും, ആത്മസംഘർഷങ്ങളും, സങ്കീർണതകളും തിരകളുയർത്തുന്ന ഒരു മഹാസാഗരമാണ് മനസ്സ്. ആധുനിക മനുഷ്യൻ “മുഖം” നഷ്ടപ്പെട്ട ദുരവസ്ഥയിലേക്ക് നീങ്ങുകയാണ്. അവൻ-അവൾ എടുത്തണിയുന്നത് യഥാർത്ഥത്തിൽ “മുഖംമൂടികളാണ്”. ജീവിതയാത്രയിൽ ഈ മുഖംമൂടികൾ പൊതുസമൂഹത്തിൽ അഴിഞ്ഞു വീഴാറുണ്ട്. അപ്പോഴൊക്കെയും “കണ്ണാടിയെ” തല്ലിപ്പൊട്ടിക്കാനാണ് വ്യഗ്രത… എത്രയെത്ര സുന്ദര മുഖങ്ങളാണ് കണ്ണാടിയിൽ വികൃത മുഖങ്ങളായി പ്രതിഫലിക്കുന്നതെന്ന് കാലം നമുക്ക് കാട്ടിത്തരുന്നുണ്ട്. മാന്യതയുടെ മുഖം…! ധാർമികതയുടെ മുഖം…! സംസ്കാരത്തിന്റെ മുഖം, സമാധാനത്തിന്റെ മുഖം, വിപ്ലവത്തിന്റെ മുഖം, ആൾദൈവങ്ങളുടെ മുഖം, അവതാരങ്ങളുടെ മുഖം… ആ പട്ടിക നീണ്ടു പോവുകയാണ്.

തല്ലിയുടച്ച കണ്ണാടിച്ചില്ലുകൾ കബന്ധം കണക്കെ ചീഞ്ഞുനാറുകയാണ്…! അഴിഞ്ഞുവീണ മുഖംമൂടികൾ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു. അപചയത്തിന്റെ ഉറവിടം തേടുമ്പോൾ ചെന്നെത്തുന്നത് “വാക്കും പ്രവൃത്തിയും” തമ്മിലുള്ള അന്തരത്തിലാണ്. ആധുനിക ജീവിതം വച്ച് നീട്ടുന്ന ആസക്തി നിറഞ്ഞ “അതിരുവിട്ട” അഭിനിവേശങ്ങളാണെന്ന് വായിച്ചെടുക്കാൻ കഴിയും. തിന്മയിലേക്കുള്ള മനുഷ്യ മനസിന്റെ ചായ്‌വ് വർദ്ധിച്ചുവരുന്നു. നാം പിടിക്കപ്പെടാതിരിക്കുന്നിടത്തോളം കാലം മാന്യന്മാരുടെ മുഖാവരണം ഭൂക്ഷണമായി കൊണ്ടുനടക്കും. നാം പിടിക്കപ്പെടുന്ന നിമിഷം തകർന്നുവീണ ചില്ലുകൊട്ടാരം പോലെ പേരും പെരുമയും ചിതറും. അപ്പോൾ “നട്ടുച്ചയ്ക്ക്” പാതിരാത്രിയായ അനുഭവമാകും ഫലം. ധാർമ്മിക മൂല്യങ്ങളെയും, ആദർശങ്ങളെയും മുറുകെ പിടിച്ച് മുന്നേറുന്നവരെ എട്ടുകാലി “വലക്കെണി”ഒരുക്കി ഇരയെ പിടിക്കുന്നതുപോലെ കുതന്ത്രത്താൽ ചതിയിൽ വീഴ്ത്താൻ ശ്രമിക്കുന്നവരും ചുറ്റുമുണ്ടെന്ന യാഥാർഥ്യം അവഗണിക്കാൻ പാടില്ല.

മനുഷ്യൻ ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും സമന്വയമാണ്; ഇഴപിരിക്കാനാവാത്ത മേളനമാണ്. ഈ സത്യം അംഗീകരിക്കാതിരുന്നാൽ മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകും. മനുഷ്യൻ വിശേഷ ബുദ്ധിയും, വിചാരവും, വികാരവുമുള്ള ഒരു സാമൂഹ്യജീവിയാണ്. അതുകൊണ്ട് സ്വന്തം ഇഷ്‌ടാനിഷ്‌ടങ്ങൾക്ക് മാത്രം വില കൽപ്പിച്ച് ജീവിക്കാനാവില്ല. വിശ്വാസത്തിന്റെയും, സനാതനമൂല്യങ്ങളുടെയും, സമൂഹത്തിന്റെയും, രാഷ്ട്രത്തിന്റെയും നിയമങ്ങൾക്കും, അനുശാസനങ്ങൾക്കും, നിയത്രണങ്ങൾക്കും വിധേയമായിട്ടു മാത്രമേ “സുബോധമുള്ള” ഒരു മനുഷ്യന് ജീവിക്കാൻ കഴിയൂ. ആത്മനിയന്ത്രണം പാലിക്കാൻ, പ്രാവർത്തികമാക്കാൻ സാമൂഹ്യ ജീവി എന്ന നിലയിൽ ചരിത്രപരമായ ധർമ്മവും, കടമയുമുണ്ട്.

ക്രമത്തിന്റെ ശാന്തത പ്രധാനം ചെയ്യുന്നതാണ് സമാധാനവും, വികസനവും. അതിക്രമമായാൽ അരാജകത്വവും, അസമാധാനവും, വികസന തകർച്ചയും ആയിരിക്കും ഫലം. “ആന്തരിക മനുഷ്യൻ” ഉണർന്നു പ്രവർത്തിക്കണം. ഉദാത്തമായ “ഉൾവെളിച്ചം” (ആത്മീയ ചൈതന്യം) ജീവിതത്തെ മുഴുവൻ പ്രകാശമാനാമാക്കും. ഉള്ള് പൊള്ളയായ മനുഷ്യൻ കേവലം ജഡികമായ ജീവിതം നയിക്കാൻ ആഗ്രഹിക്കും. ക്രമേണ “ആർജനാസക്തിയുടെ” അടിമയായിത്തീരും; ദ്വിമുഖ വ്യക്തിത്വത്തിന്റെ ഉടമയായിത്തീരും. അത്തരം വ്യക്തികൾ മുഖത്തിന്റെ വൈരൂപ്യം മാറ്റാൻ കണ്ണാടികൾ എറിഞ്ഞുടച്ചുകൊണ്ടേയിരിക്കും. നമുക്ക് നിതാന്ത ജാഗ്രത പുലർത്താം!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker