Kazhchayum Ulkkazchayum

കമ്മറ്റി..സബ്കമ്മറ്റി…അടിക്കമ്മറ്റി…

അടുക്കും ചിട്ടയും ഉള്ള ചർച്ചകൾ, വിലയിരുത്തലുകൾ, അനുഭവങ്ങളിൽനിന്ന് പുതിയ പാഠങ്ങൾ പഠിക്കുക...

ഈ ‘തലക്കെട്ട്’ വായിച്ചപ്പോൾ നിങ്ങളുടെ നെറ്റിയിൽ ചുളിവുകൾ വീഴുന്നതും, പുരികക്കൊടികൾ ചോദ്യചിഹ്നം പോലെ വളയുന്നതും ഞാൻ കാണുന്നു. ഒന്നുകിൽ മതസ്ഥാപനങ്ങളിലെ കമ്മറ്റികളെക്കുറിച്ചോ, അല്ലെങ്കിൽ രാഷ്ട്രീയ കമ്മറ്റികളെക്കുറിച്ചോ, അവയ്ക്ക് ഇന്ന് വന്നുഭവിച്ചിരിക്കുന്ന ‘ജീർണ്ണത’യെക്കുറിച്ചോ, ദുരവസ്ഥയെക്കുറിച്ചോ സൂചിപ്പിക്കാനാണ് എന്ന് കരുതിയെങ്കിൽ ക്ഷമിക്കുക. ദൈവത്തെ ‘ഇറക്കി’വിട്ട മനസ്സുകളും, മതസ്ഥാപനങ്ങളും, മതങ്ങളും, മനുഷ്യനെ കാണാൻ കഴിയാത്ത രാഷ്ട്രീയപ്രസ്ഥാനങ്ങളും, പ്രത്യയശാസ്ത്രങ്ങളും ദിനംപ്രതി സമൂഹത്തിൽ “ഭിന്നതയുടെ ഗർത്തങ്ങൾ” തീർക്കുമ്പോൾ അവയെ കുറിച്ച് ചിന്തിക്കാൻ ചെലവഴിക്കുന്ന സമയം പോലും “ഒരു നഷ്ടമാണ്”… ഫലരഹിതമാണ്, നിരർത്ഥകമാണ്. “മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം”…! കവിവചനം ഓർമ്മിപ്പിക്കുന്നത് പോലെ “മനുഷ്യ”രുമായിട്ടുള്ള സംസർഗ ഗുണം കൊണ്ടാകാം “മൃഗങ്ങൾ”ക്കിടയിലും കമ്മറ്റി… സബ്കമ്മിറ്റി…അടിക്കമ്മറ്റി…ആത്മഹത്യാ കമ്മിറ്റി, etc… ആരംഭിച്ചുകഴിഞ്ഞു.

ഒരു “മിനിക്കഥ” പറയാം. ഒരു കർഷകൻ തന്റെ പുരയിടത്തിൽ വരിക്ക മാവ് നട്ടു. നല്ലവണ്ണം കൃഷിചെയ്തു. മാങ്ങ വിളഞ്ഞു പാകമാകാൻ തുടങ്ങിയപ്പോൾ മാങ്ങ പറിക്കാൻ വന്നു. മാവിൽ നിറച്ച് ‘ഉറുമ്പുകൾ’. മാങ്ങ പറിക്കുന്നതിനിടയിൽ ഉറുമ്പുകൾ കൂട്ടത്തോടെ വന്ന് കർഷകനെ ആക്രമിച്ചു. മറ്റു ഗതിയില്ലാത്തതിനാൽ ഉറുമ്പുകളെ കീടനാശിനി പ്രയോഗത്തിലൂടെ കൊന്നുകളഞ്ഞു. ദുരന്തം മണത്തറിഞ്ഞ ഉറുമ്പുകൾ കമ്മിറ്റി വിളിച്ച് കർമ്മ പരിപാടികൾക്ക് ആസൂത്രണം നൽകി. കമ്മറ്റികളും, സബ്കമ്മറ്റികളും, അടികമ്മറ്റികളും, ചാവേർ ഗ്രൂപ്പുകളും, ആത്മഹത്യാ സ്ക്വാഡുകളും രൂപീകരിച്ചു. ഈ കർഷകനെ കൊല്ലണം… നശിപ്പിക്കണം…

പുരയിടത്തിൽ കുടിൽകെട്ടി താമസിക്കുന്ന കർഷകനെ കൊല്ലാൻ ഒരു ചെറിയ ഗ്രൂപ്പിനെ നിയോഗിച്ചു. ഉറുമ്പുകളുടെ ഭാഷ അറിയാമായിരുന്ന കർഷകൻ അതിനുള്ള പ്രതിവിധി കണ്ടെത്തിയിരുന്നു. പാതിരാത്രി സമയം, കർഷകൻ ഉറങ്ങി കിടക്കുന്ന സമയം ഒരു “കൂട്ടം ഉറുമ്പുകൾ” കുടിലിൽ വന്നു. കർഷകൻ ഉറങ്ങിക്കിടക്കുമ്പോൾ മൂക്കിലൂടെ കയറി ശ്വാസകോശത്തിനുള്ളിൽ കയറി അവിടെ സുഷിരം ഉണ്ടാക്കി കൊല്ലാനായിരുന്നു പദ്ധതി. എന്നാൽ, കർഷകൻ കാൽച്ചുവട്ടിനടുത്ത് ഒരു പാത്രത്തിൽ കുറച്ച് ‘തേൻ’ വച്ചിരുന്നു. തേനിന്റെ മണം ഉറുമ്പുകളെ വശീകരിച്ചു. തേൻകുടിച്ച് മത്തരായി വീണ ഉറുമ്പുകളെ കർഷകൻ ഞെരിച്ചു കൊന്നു. ഉറുമ്പുകൾ കമ്മിറ്റി കൂടി മറ്റൊരു സംഘത്തെ അയച്ചു. തേൻ കുടിക്കരുത്, പ്രലോഭനത്തിൽ വീഴരുത്… തക്കതായ താക്കീത് നൽകി പറഞ്ഞയച്ചു. എന്നാൽ, അന്ന് കർഷകൻ കുറച്ച് ‘പഞ്ചസാര’ കാൽക്കലും ചുറ്റും വച്ചിരുന്നു. ഉറുമ്പുകൾ പഞ്ചസാര തിന്ന് മയങ്ങി വീണു. കർഷകൻ അവറ്റകളെ കൊന്നു. അങ്ങനെയാണ് ചാവേർ ഗ്രൂപ്പുകളെയും, ആത്മഹത്യാ സ്ക്വാഡുകളെയും ചുമതലപ്പെടുത്തിയത്. അന്ന് രാത്രി കർഷകൻ കുറച്ച് ‘ശർക്കര’ തന്റെ ചുറ്റും പാത്രങ്ങളിൽ വച്ചിട്ട് സുഖമായി കിടന്നുറങ്ങി. ചാവേർ ഗ്രൂപ്പുകളെയും, ആത്മഹത്യാ സ്ക്വാഡും കർഷകന്റെ “തന്ത്രം” മനസ്സിലാക്കി. പ്രലോഭനത്തിൽ വീഴാതിരിക്കാൻ രുചി, ഗന്ധം, കാഴ്ചശക്തി എന്നിവ “സ്വയം നശിപ്പിച്ചു”. ഇപ്പോൾ അവരുടെ മുന്നിൽ ഒരേ ഒരു ലക്ഷ്യം, ഒരേ കർമ്മപദ്ധതി! അവർ കർഷകന്റെ മൂക്കിലൂടെ കയറി, ശ്വാസകോശത്തെ കടിച്ചുമുറിച്ചു. കർഷകനെ കൊന്നു. തങ്ങളുടെ വംശനാശം വരുത്തുവാൻ വന്ന കർഷകനെ കൊന്നു. വരിക്കമാവിൽ കൂടുകെട്ടി താമസമായി.

വരികൾക്കിടയിലൂടെ ഈ കഥ വായിക്കുമ്പോൾ ചില ചോദ്യങ്ങൾ നമ്മുടെ മുന്നിൽ കടന്നു വരും. എന്തുകൊണ്ട് കർഷകൻ ആദ്യം വിജയിച്ചു? എന്തുകൊണ്ട് ഉറുമ്പുകൾ ആദ്യം പരാജയപ്പെട്ടു? ഒടുവിൽ എങ്ങനെയാണ് ഉറുമ്പുകൾക്ക് “പ്രലോഭനങ്ങളെ” അതിജീവിക്കാൻ കഴിഞ്ഞത്? അടുക്കും ചിട്ടയും ഉള്ള ചർച്ചകൾ, വിലയിരുത്തലുകൾ, അനുഭവങ്ങളിൽനിന്ന് പുതിയ പാഠങ്ങൾ പഠിക്കുക… താല്ക്കാലികസുഖം, സന്തോഷം, ഭക്ഷണ പാനീയങ്ങൾ എന്നിവ വലിയൊരു “ലക്ഷ്യപ്രാപ്തി”ക്കുവേണ്ടി “ബോധപൂർവം” ഉപേക്ഷിക്കുക. ഉന്നതമായ ലക്ഷ്യം നേടാൻ “ഉദാത്തമായവ നഷ്ടപ്പെടുത്താൻ” ഉറുമ്പ് നൽകുന്ന പാഠം നമുക്കും സ്വന്തമാക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker