Kerala

മനുഷ്യാവകാശ കമ്മീഷൻ ആലപ്പുഴയിൽ പ്രത്യേക സിറ്റിംഗ് നടത്തി

എറണാകുളം, ആലപ്പുഴ ജില്ലാ കളക്ടർമാരുടെ അഭാവത്തിൽ രണ്ട് ജില്ലകളിലെയും, ഫിഷറീസ്, പി.ഡബ്ല്യു.ഡി., ഹാർബർ, ഇറിഗേഷൻ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു

ജോസ് മാർട്ടിൻ

ആലപ്പുഴ: വ്യാഴാഴ്ച (ഇന്നലെ) മനുഷ്യാവകാശ കമ്മീഷൻ ആലപ്പുഴയിൽ പ്രത്യേക സിറ്റിംഗ് നടത്തി. കഴിഞ്ഞമാസം ചേർത്തലയിൽവച്ചു നടന്ന മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിംഗിൽ, ആലപ്പുഴ രൂപതാ സോഷ്യൽ ആക്ഷൻ ടീം ആലപ്പുഴ-എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ആലപ്പുഴ രൂപതയിലെ കടലോര പ്രദേശങ്ങളിലെ വളരെ ഭീകരവും, ദയനീയവുമായ അവസ്ഥ കമ്മീഷൻ മുൻപാകെ രേഖാമൂലം അറിയിച്ചതിന്റെ അടിസ്ഥാനത്തിലും, കടലിലെ നിൽപ്പ് സമരം കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടതിനാലുമായിരുന്നു മനുഷ്യാവകാശ കമ്മീഷൻ ഇന്നലെ ആലപ്പുഴ ഗസ്റ്റ്ഹൗസിൽ സിറ്റിംഗിനായി തീരുമാനിച്ചത്. എറണാകുളം, ആലപ്പുഴ ജില്ലാ കളക്ടർമാരുടെ അഭാവത്തിൽ രണ്ട് ജില്ലകളിലെയും, ഫിഷറീസ്, പി.ഡബ്ല്യു.ഡി., ഹാർബർ, ഇറിഗേഷൻ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

തീരവുമായി ബന്ധപ്പെട്ടതും അല്ലാതെയുമുള്ള മനുഷ്യാവകാശദംശനത്തിന് കാരണമായിട്ടുള വിവിധ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുകയുണ്ടായി. എങ്കിലും, ഏറ്റവും പ്രധാനമായി ചർച്ചചെയ്യപ്പെട്ടത് ചെല്ലാനം, മറുവാക്കാട്, ഒറ്റമശ്ശേരി, കാട്ടൂർ, അമ്പലപ്പുഴ എന്നീ പ്രദേശങ്ങളിൽ ഉണ്ടാകുന്ന കടൽ കയറ്റവും ദുരിതങ്ങളുമായിരുന്നു. ഇതിനൊരു ശാശ്വത പരിഹാരത്തിനായി തീരം വർഷങ്ങളായി സാമൂഹിക-മത-രാഷ്ട്രീയ കക്ഷികൾ കൂട്ടായ പ്രക്ഷോഭങ്ങളും സമരപരിപാടികളും നടത്തുകയും ചെയ്തതൊക്കെ കമ്മീഷൻ മുമ്പാകെ അവതരിപ്പിക്കപ്പെട്ടു. ഈ വിഷയത്തിൽ കമ്മീഷൻ തന്നെ നേരിട്ട് ഇടപെട്ടതായും, പ്രദേശങ്ങൾ സന്ദർശിച്ചതായും അറിയിച്ചു.

കമ്മീഷൻ ഉത്തരവ് നൽകിയിട്ടും പണിപൂർത്തിയാക്കാത്ത അഴീക്കൽ പാലം, പണിപൂർത്തിയാകാത്ത വാട പൊഴിപാലം, തുടർജോലികൾ നടക്കാതെ കിടക്കുന്ന അർത്തുങ്കൽ ഫിഷിങ് ഹാർബർ, കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം സമയബന്ധിതമായി നൽകാത്തതും കമ്മീഷനെ അറിയിച്ചു. ഈ വിഷയങ്ങൾ കമ്മീഷൻ വളരെ ഗൗരവമായി തന്നെ കാണുന്നുവെന്നും, വേണ്ടരീതിയിലുള്ള സത്വര നടപടികൾ സ്വീകരിക്കാമെന്നും കമ്മീഷൻ ഉറപ്പു നൽകിയതായി സിറ്റിംഗിൽ പങ്കെടുത്ത ആലപ്പുഴ രൂപതാ ബി.സി.സി. ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ പറഞ്ഞു.

ഏത് തരത്തിലാണ് കടൽ കയറ്റത്തെ തുടർന്നുണ്ടാകുന്ന ദുരിതങ്ങൾക്ക് അറുതിവരുത്താൻ സാധിക്കുന്നതെന്ന് കമ്മീഷൻ ചോദിക്കുകയുമുണ്ടായി. അതിന് മറുപടിയായി, വർഷകാലത്ത്, രണ്ടോ മൂന്നോ മാസം അത്യാവശ്യം നീക്കുപോക്ക് പോലെ കുറച്ചു കല്ലുകളും മണൽ ചാക്കുകളുമിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതല്ലാതെ പൊളിഞ്ഞു കിടക്കുന്നതും, ഇനിയും പണിയേണ്ടിയിരിക്കുന്നതുമായ തീരം മുഴുവനും കടൽഭിത്തികെട്ടി സംരക്ഷിച്ച് കടൽ ആക്രമണത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടു.

സമയബന്ധിതമായി നടപ്പാക്കേണ്ട കടൽഭിത്തി നിർമ്മിക്കുക, വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകുക, തുടങ്ങിയ പദ്ധതികളുടെ അഡ്മിനിസ്ട്രേറ്റീവ് സാങ്ഷൻ, ടെക്നിക്കൽ സാങ്ഷൻ തുടങ്ങിയ സാങ്കേതികത്വങ്ങൾ പറഞ്ഞു പദ്ധതികൾ വൈകിപ്പിക്കുന്നതല്ലാതെ സർക്കാർ അനുവദിച്ച ഒരു പദ്ധതിയും പ്രാവർത്തികമാക്കുന്നില്ലെന്ന് കമ്മീഷനെ ബോധ്യപ്പെടുത്തി.

കിഫ്ബി യിൽ നിന്നും മറ്റും ഏതാണ്ട് നൂറ്റിഅൻപതു കോടി രൂപയുടെ ഫണ്ട് അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് പി.ഡബ്ല്യു.ഡി., ഇറിഗേഷൻ ഡിപ്പാർട്ട്മെന്റുകൾ പറഞ്ഞു. അപ്പോൾ ഒരു മാസത്തിനുള്ളിൽ പണി തുടങ്ങാൻ സാധിക്കുമെന്ന് സിറ്റിംഗിൽ പങ്കടുത്ത ഉന്നത ഉദ്യോഗസ്ഥർ കമ്മീഷനെ അറിയിക്കുകയുണ്ടായി.

കമ്മീഷൻ മുമ്പാകെ ആലപ്പുഴ സോഷ്യൽ സർവീസ് സൊസൈറ്റി രൂപതാ ഡയറക്ടർ ഫാ.സേവിയർ കുടിയാംശേരി, ബി.സി.സി. മിനിസ്ട്രി കമ്മീഷൻ ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ, കെ.എൽ.സി.എ. പ്രസിഡൻറ് ശ്രീ.ജോൺ ബ്രിട്ടോ, സാബു.വി.തോമസ് തുടങ്ങിയവരെകൂടാതെ സമുദായ, രാഷ്ട്രീയ, സാമൂഹിക നേതാക്കളും സിറ്റിങ്ങിൽ പങ്കെടുത്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker