Articles

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ലക്ഷ്യങ്ങൾ

സിനഡിനു ശേഷം സഭയിൽ ഉണ്ടായ വലിയ മാറ്റങ്ങൾ ഈ സിനഡിന്റെ പ്രസക്തി വിളിച്ചോതുന്നു...

ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ “രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ: ഒളിച്ചു വയ്ക്കപ്പെട്ട നിധി” എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഈ ലേഖനം രൂപപ്പെടുത്തിയിരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ലക്ഷ്യങ്ങൾ ഏവർക്കും വളരെ ലളിതമായി മനസിലാക്കത്തക്ക രീതിയിൽ “രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ: ഒളിച്ചു വയ്ക്കപ്പെട്ട നിധി” എന്ന പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്.

രണ്ടാം വത്തിക്കാൻ കൗൺസിലിനെക്കുറിച്ച് വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ രണ്ടാം വത്തിക്കാൻ കൗൺസിലിൽ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞത് ഇങ്ങനെയാണ്:

“സഭയുടെ ശക്തി എല്ലാം ഒരുമിച്ച് കൂട്ടുക, രക്ഷയുടെ സന്ദേശം കൂടുതൽ മഹാമനസ്കതയോടെ ആളുകൾ സ്വീകരിക്കാൻ ഇടയാക്കുക, അതോടുകൂടി മനുഷ്യ മഹാകുടുംബത്തിന്റെ ഐക്യത്തിനായി വഴി തുറക്കുകയും അതിനായി കളമൊരുക്കുകയും ചെയ്യുക. ഇതാണ് രണ്ടാംവത്തിക്കാൻ സിനഡിന്റെ ലക്ഷ്യം.”

പരിശുദ്ധ പിതാവ് പറഞ്ഞതുപോലെ ഒത്തിരിയേറെ സദ്ഫലങ്ങൾ പുറപ്പെടുകയും, ഒരുപക്ഷേ മറ്റെല്ലാ സിനഡിൽ നിന്നും വേറിട്ടു നിൽക്കുകയും ചെയ്യുന്ന ഒരു സിനഡ് ആണ് രണ്ടാം വത്തിക്കാൻ സിനഡ് എന്നതിൽ സംശയമില്ല. സിനഡിനു ശേഷം സഭയിൽ ഉണ്ടായ വലിയ മാറ്റങ്ങൾ ഈ സിനഡിന്റെ പ്രസക്തി വിളിച്ചോതുന്നുമുണ്ട്.

തിരുസഭയിലെ വിവിധമേഖലകളിൽ ഒട്ടനവധി നവീകരണമാണ് ഈ സിനഡ് വഴി ഉണ്ടായിട്ടുള്ളത്. ആരാധനാക്രമവും വിശുദ്ധ ഗ്രന്ഥവും പ്രാദേശിക ഭാഷകളിലേക്ക് എത്തുന്നത് രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷമാണ്. അത് വിശ്വാസികളിൽ പ്രത്യേകിച്ച് അൽമായ വിശ്വാസികളിൽ വലിയ നന്മകളാണ് കൈവരുത്തി കൊണ്ടിരിക്കുന്നത്.

പൗരോഹിത്യ, അൽമായ വേർതിരിവ് കുറയ്ക്കുവാൻ ഈ കൗൺസിൽ ഏറെ കാരണമായി തീർന്നിട്ടുണ്ട്. ഏതാണ്ട് അമ്പതോളം നവീകരണ മുന്നേറ്റങ്ങൾ സിനഡിനെ തുടർന്ന് ഉണ്ടായിട്ടുള്ളതായി കണക്കാക്കപ്പെടുന്നു. അത് സഭയ്ക്ക് ആദ്ധ്യാത്മിക കാര്യങ്ങളിൽ മാത്രമല്ല, ഭൗതിക മേഖലകളിലും വലിയ നന്മകൾ കൈവരുത്തിയിട്ടുണ്ട്.

ഈ സിനഡിന്റെ വലിയൊരു പ്രത്യേകത ഇത് “സഭയുടെ മാനസാന്തരത്തിനായി വിളിച്ച് കൂട്ടപ്പെട്ട ഒരു സിനഡായിരുന്നു” എന്നതാണ്. മറ്റ് സിനഡുകളൊക്കെ അബദ്ധ പഠനങ്ങൾ സഭയിൽ രൂപപ്പെട്ടപ്പോൾ അല്ലെങ്കിൽ സഭയ്ക്ക് പുറത്തുനിന്ന് അപകടങ്ങൾ ഉണ്ടാകുമ്പോൾ അവയെ ശപിച്ചു തള്ളാനും, അവയെക്കുറിച്ചുള്ള സത്യവിശ്വാസം പഠിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു. എന്നാൽ രണ്ടാം വത്തിക്കാൻ സിനഡ് ലക്ഷ്യമിട്ടത് അടിമുടിയുള്ള ഒരു മാറ്റമാണ്. വളരെ പ്രത്യേകമായി “സഭയുടെ പ്രോട്ടോ ടൈപ്പ്” ആയ ആദിമസഭയുടെ ചൈതന്യത്തിലേക്ക് മടങ്ങുവാൻ വേണ്ടിയായിരുന്നു. “ആദിമസഭയുടെ ചൈതന്യത്തിൽ പുതുയുഗത്തിൽ സഭ എപ്രകാരമായിരിക്കണം” എന്ന് ചിന്തിക്കാൻ വേണ്ടിയാണ് ഈ സിനഡ് വിളിച്ച് കൂട്ടപ്പെട്ടത്. ഇതിൽ സിനഡ് ഏറെ വിജയിച്ചു എന്നതാണ് പിൽക്കാലചരിത്രം തെളിയിക്കുന്നത്.

എന്നാൽ, എല്ലാ കാര്യങ്ങളിലും എന്നതുപോലെ ഈ കാര്യത്തിലും ഒരു മറുവശവുമുണ്ട്. ‘നന്മയായുള്ളതിനെ സ്വാർത്ഥതയോടെ സമീപിച്ചാൽ അത് തെറ്റായ ഫലം പുറപ്പെടുവിക്കും’ എന്ന തത്വം രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ കാര്യത്തിലും ആവർത്തിക്കപ്പെടുന്നുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിൽ എല്ലാകാര്യങ്ങളിലും കാട്ടിയ “കാരുണ്യത്തിന്റെ തുറവിയെ” അനേകർ ‘ദുർവിനിയോഗം ചെയ്യുന്നുണ്ട്’. അത് അശ്രദ്ധകൊണ്ടോ, അജ്ഞതകൊണ്ടോ, ചിലപ്പോൾ ബോധപൂർവ്വമോ ഒക്കെയാകാം. എന്തായാലും സഭയ്ക്ക് മുറിവേൽക്കുന്ന ഒത്തിരിയേറെ നിലപാടുകൾ രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനത്തിന് മറവിൽ സംഭവിക്കുന്നുണ്ടെന്നതും യാഥാർഥ്യമാണ്.

ഒത്തിരി പേരെ അസ്വസ്ഥതയിൽ ആക്കിയ ഒരു കാര്യം, തിരുസഭ മുൻപ് പഠിപ്പിച്ചിരുന്ന പലതും കൗൺസിൽ തിരുത്തിപ്പറഞ്ഞുവെന്ന് “തോന്നിപ്പിക്കുന്നതാണ്”. യേശു ഏകരക്ഷകൻ, പരിശുദ്ധ കത്തോലിക്കാസഭ ഏകസത്യസഭ എന്നീ വിശ്വാസ സത്യങ്ങളെക്കുറിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങളിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കരുതുന്നവരുണ്ട്.
അതിനാൽതന്നെ, ഇത് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

ഇവയെക്കുറിച്ചുള്ള വിശദീകരണത്തിൽ ചില വ്യത്യസ്തതകൾ കൗൺസിൽ പ്രബോധനങ്ങളിൽ ഉണ്ട് എന്നത് സത്യമാണ്. ഇത് ശരിയായി മനസിലാക്കാത്തത് മൂലം “യേശുവിനെ കൂടാതെ, തിരുസഭയെ കൂടാതെ രക്ഷപ്രാപിക്കാൻ കഴിയുമെന്ന് കൗൺസിൽ പഠിപ്പിക്കുന്നുണ്ട് എന്നുകരുതുന്നവർ ഏറെയുണ്ടിന്ന്”. അത് അവരെ അസ്വസ്ഥരാക്കുന്നു. മറ്റുചിലർ തിരുസഭ ഇപ്രകാരമാണ് പഠിപ്പിക്കുന്നതെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഇങ്ങനെ പലതും വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതുവഴി വിശ്വാസികളുടെ ഇടയിൽ അപകടം സൃഷ്ടിക്കുന്നുമുണ്ട്.

അതുപോലെ, നൂറ്റാണ്ടുകളായി വൈദികർക്കും സമർപ്പിതർക്കും സംവരണം ചെയ്യപ്പെട്ടിരുന്ന വിശുദ്ധി അൽമായർക്ക് സാധ്യമാണെന്ന പഠനവും, പുരോഹിതർ മാത്രമാണ് അഭിഷിക്തർ അല്മായർ അഭിഷിക്തരല്ല എന്ന പരമ്പരാഗതമായ ചിന്താഗതിയിൽ നിന്ന് ഉയർന്ന് ഇരുകൂട്ടരും അഭിഷിക്തരാണെന്നുള്ള പഠനവും ഒത്തിരിയേറെ തെറ്റിധാരണകള്ക്കും, വിവാദങ്ങൾക്കും കാരണമായി തീർന്നിട്ടുണ്ട്.

“സ്വന്തം കുറ്റം കൂടാതെ ക്രിസ്തുവിന്റെ സുവിശേഷത്തിലും അവിടുത്തെ സഭയെയും അറിയാതിരിക്കുകയും; അതേസമയം, ആത്മാർത്ഥ ഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുകയും; മന:സാക്ഷിയുടെ സ്വരത്തിലൂടെ പ്രകടമാകുന്ന ദൈവതിരുമനസ് പ്രസാദവരത്തിന്റെ പ്രചോദനങ്ങൾക്ക് അനുസൃതമായി നിറവേറ്റാൻ പരിശ്രമിക്കുകയും ചെയ്യുന്നവർക്ക് രക്ഷപ്രാപിക്കാം” (രണ്ടാം വത്തിക്കാൻ കൗൺസിൽ തിരുസഭ നമ്പർ 16) എന്ന യാഥാർഥ്യം മറക്കാതിരിക്കാം.

തുടരും…

ലോകം മാറുന്നു – സഭയും സത്യങ്ങളും നിലനിൽക്കുന്നു

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker