Education

വിദ്യാലക്ഷ്മി – വിദ്യാഭ്യാസ വായ്പാ പദ്ധതി

വിദ്യാഭ്യാസ വായ്പ പദ്ധതിയെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും അറിഞ്ഞിരിക്കേണ്ടതല്ലേ?

ഫാ.ആഷ്‌ലിൻ ജോസ്

വിദ്യാഭ്യാസ വായ്പയെടുക്കാന്‍ ധനകാര്യസ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതിലും വായ്പാ നിബന്ധനകള്‍ മനസ്സിലാക്കുന്നതിലും പിഴവുവന്നാലുണ്ടായേക്കാവുന്ന പ്രത്യാഘാതം ആരും പറഞ്ഞുതരേണ്ടതില്ല. എന്തെങ്കിലും വീഴ്ച ഇക്കാര്യത്തില്‍ വന്നാല്‍ ഭാവിയിലുണ്ടാകുന്ന സാമ്പത്തികബാധ്യത ചുമലില്‍ താങ്ങാവുന്നതിലും അധികമാകും. ഒരിക്കലെങ്കിലും വിദ്യാഭ്യാസവായ്പതേടി ബാങ്കുകള്‍ കയറിയിറങ്ങിയവർക്കറിയാം അതിന്റെ ബുദ്ധിമുട്ട്. എന്നാലിപ്പോള്‍ വായ്പതേടി ബാങ്ക് ബാങ്കുമാനേജറുമാരുടെ മുമ്പില്‍ യാചിക്കേണ്ടതില്ല. ഒരു ക്ലിക്കില്‍ നിങ്ങൾക്ക് കിട്ടും വായ്പയുടെ വിവരങ്ങളും നടപടിക്രമങ്ങളും. അതിന് വിദ്യാലക്ഷ്മി നിങ്ങളെ സഹായിക്കും.

എന്താണ് വിദ്യാലക്ഷ്മി?

“39 ബാങ്കുകളുടെ 70 വിദ്യാഭ്യാസ വായ്പാ പദ്ധതികളുമായി ഒറ്റ പോർട്ടൽ” അതാണ് വിദ്യാലക്ഷ്മി http://www.vidyalakshmi.co.in അനുയോജ്യമായ വായ്പാപദ്ധതി കണ്ടെത്തിയാല്‍ പോർട്ടലിലൂടെ അപേക്ഷിക്കാനുമാകും. ഒരോഘട്ടത്തിലെയും വിവരങ്ങള്‍ നമ്മളെ അറിയിക്കുകയുംചെയ്യും. സേവനം പൂർണ്ണമായും സൗജന്യം. നടപടികള്‍ സുതാര്യം.

എസ്.ബി.ഐ., എസ്.ബി.ടി., കാനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, കോർപ്പറേഷന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി കേരളത്തില്‍ ശാഖകളുള്ള ഒട്ടേറെ ബാങ്കുകളും പട്ടികയിലുണ്ട്. ഭാരതീയ മഹിളാ ബാങ്കില്‍ വനിതകൾക്ക് പലിശനിരക്കില്‍ ചെറിയകുറവും ലഭിക്കും.
പാവപ്പെട്ടവരും സാധാരണക്കാരുമായ കുട്ടികൾക്ക് ഉന്നതപഠനത്തിന് പണം തടസ്സമാകരുതെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാര്‍ വിദ്യാലക്ഷ്മി പദ്ധതി ആവിഷ്‌കരിച്ചത്. ധനമന്ത്രാലയത്തിലെ ധനകാര്യ സേവനവിഭാഗം, കേന്ദ്ര മാനവശേഷി മന്ത്രാലയം, ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ എന്നിവയുടെ മാർഗനിർദ്ദേശ പ്രകാരം എന്‍.എസ്.ഡി.എല്‍. ഇഗവേൺസാ ഇന്ഫ്രാ സ്ട്രക്ചര്‍ ലിമിറ്റാണ് പോർട്ടൽ നടത്തുന്നത്.

ഇതൊരു ഏകജാലക സംവിധാനം

ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (IBA) തയ്യാറാക്കിയ മാതൃകാപദ്ധതിയനുസരിച്ചാണ് മിക്കബാങ്കുകളും പഠനച്ചെലവിന് വായ്പ നൽകുന്നത്. ചില ബാങ്കുകൾക്ക് അവരുടെതായ വായ്പാ പദ്ധതികളുമുണ്ട്.

സർവകലാശാലകളും അംഗീകൃത കോളേജുകളും നടത്തുന്ന വിവിധ ബിരുദ ബിരുദാനന്തര കോഴ്‌സുകൾക്കും, പ്രൊഫഷണല്‍ വൊക്കേഷണല്‍ കോഴ്‌സുകൾക്കുമാണ് വായ്പ ലഭിക്കുക. വിദേശത്താണ് പഠനംനടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും വായ്പ ലഭ്യമാണ്.

വിദ്യാലക്ഷ്മി കൊണ്ടുള്ള നേട്ടങ്ങൾ

1) വിദ്യാഭ്യാസ വായ്പകളെപ്പറ്റിയുള്ള എല്ലാവിവരങ്ങളും ഒരിടത്തുനിന്നറിയാം.

2) വായ്പാ പദ്ധതികളെപ്പറ്റിയുള്ള അന്വേഷണവും അപേക്ഷ സമർപ്പിക്കലും വീട്ടിലിരുന്നുചെയ്യാം.

3) ഒരേസമയം മൂന്നുബാങ്കുകളില്‍ വായ്പയ്ക്ക് അപേക്ഷ നൽകാം. ഇതിനാകട്ടെ, കോമണ്‍ എജ്യൂക്കേഷന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഫോം സ്റ്റൂഡന്റ്‌സ് (CELAF) എന്നപേരിലുള്ള ഒറ്റഅപേക്ഷ മതിയാകും. ബാങ്കുകള്‍ ഈ അപേക്ഷ ഡൗണ്ലോഡ് ചെയ്ത് തുടർ നടപടികൾക്കായി പരിഗണിക്കും.

4) തുടർനടപടികൾ ബാങ്കുകള്‍ പോർട്ടലിൽ അപ് ലോഡ് ചെയ്യും. വായ്പാ നടപടികളുടെ ഓരോഘട്ടവും ഓണ്ലൈനായി അറിയാം. അതായത്, വായ്പ അനുവദിക്കുന്നതില്‍ എന്തെങ്കിലും തടസ്സമോ വിശദീകരണത്തിന്റെ ആവശ്യമോ വന്നാല്‍ അപ്പോൾ തന്നെ അറിയാം.

5) പരാതികളും അന്വേഷണവും ഓണ്ലൈനായി നടത്താം. വായ്പ അനുവദിച്ചാല്‍ അക്കാര്യവും പോര്ട്ടലിലൂടെ അറിയിക്കും.

6) സംശയനിവാരണത്തിനുള്ള സൗകര്യവുമുണ്ട്. കേന്ദ്ര സർക്കാരിന്റെ വിവിധ സ്കോളർഷിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും, അപേക്ഷിക്കാനുമുള്ള ലിങ്കും പോർട്ടലിലുണ്ട്.

7) വായ്പ അനുവദിക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ അക്കാര്യം ചൂണ്ടിക്കാട്ടി ബാങ്കിന് പരാതിയും പോർട്ടലിലൂടെ നൽകാം.

തിരിച്ചടവ് ശ്രദ്ധിക്കുക

തിരിച്ചടവില്‍ ശ്രദ്ധകാണിച്ചില്ലെങ്കില്‍ വിദ്യാഭ്യാസവായ്പ മിക്കപ്പോഴും കെണിയായി മാറും. അതിൽ നിന്ന് കരകയറാന്‍ പിന്നീട് ഏറെ പണിപ്പെടേണ്ടിവരുമെന്ന് ഓർക്കണം. കോഴ്‌സ് പൂർത്തിയാക്കി ഒരുവർഷത്തിനുള്ളിലോ, ജോലിലഭിച്ച് ആറുമാസത്തിനുള്ളിലോ, ഏതോണോ ആദ്യം വരുന്നതെന്നുകണക്കാക്കിയാണ് വിദ്യാഭ്യാസവായ്പകള്‍ തിരിച്ചടച്ചുതുടങ്ങേണ്ടത്.

തിരിച്ചടവിന് 90 ദിവസത്തിനുമുകളില്‍ വീഴ്ച വരുത്തിയാല്‍, അടയ്ക്കാന്‍ ബാക്കിയുള്ള തുക മുഴുവന്‍ കിട്ടാക്കടമായി ബാങ്ക് കണക്കാക്കും. ഇത് ഭാവിയില്‍ മറ്റുവായ്പകള്‍ എടുക്കുന്നതിന് തടസ്സമാകും. മിക്ക ബാങ്കുകളും 12 മുതല്‍ 14 വരെ ശതമാനമാണ് വായ്പകളില്‍ ഈടാക്കുന്ന വാർഷിക പലിശ നിരക്ക്.

പഠനസമയത്ത് ഓരോ വർഷവും നൽകിയാൽ വായ്പത്തുകയ്ക്കുമാത്രമേ പലിശ കണക്കാക്കൂ. തിരിച്ചടയ്ക്കാന്‍ ബാക്കി നിൽക്കുന്ന പലിശയും മുതലും ഉൾപ്പെടെ തുല്യമാസത്തവണകള്‍ കണക്കാക്കിയാണ് തിരിച്ചടവ്.

സിംപിള്‍ സ്റ്റെപ്‌സ്

1) പേര്, ഇമെയില്‍ എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.

2) തുടർന്ന്, ഇമെയില്‍ വഴി ആക്ടിവേഷന്‍ ലിങ്ക് ലഭിക്കും. ഇതുപയോഗിച്ച് ആക്ടിവേറ്റ് ചെയ്യുക. പിന്നീട് ലോഗിന്‍ ചെയ്യണം.

3) ആവശ്യമായ വായ്പയുടെ വിശദാംശങ്ങള്‍ നൽകുക. അതനുസരിച്ച് അനുയോജ്യമായ പദ്ധതി തിരഞ്ഞെടുക്കുക. നാലുലക്ഷം രൂപയിൽ താഴെ, നാലിനും ഏഴരലക്ഷത്തിനുമിടയില്‍, ഏഴരലക്ഷം രൂപയ്ക്കുമുകളില്‍ എന്നിങ്ങനെ മൂന്നുതരം വായ്പാ പദ്ധതികള്‍ ലഭ്യമാണ്.

4) 39 ബാങ്കുകളുടെ 70 വായ്പാ പദ്ധതികള്‍ ലഭ്യം.
മൂന്നുബാങ്കുകളിലേക്ക് അപേക്ഷിക്കാം. ഒരുബാങ്കിനുതന്നെ പലതരം വായ്പാ സ്‌കീമുകളുണ്ട്. എന്നാല്‍, ഒരുബാങ്കിന്റെ ഒരുസ്‌കീമിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ.
തിരഞ്ഞെടുക്കുന്ന ബാങ്കിന് ശാഖകള്‍ എവിടെയൊക്കെയുണ്ടെന്നും പോർട്ടലിൽ നിന്നറിയാം.

5) സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ അപ്ലോഡ് ചെയ്യണം. കോമണ്‍ എജ്യൂക്കേഷന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ചു നൽകണം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker