Articles

എല്ലാ ഇടവക വൈദീകര്‍ക്കും ഇടവക വൈദീകരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാള്‍ ആശംസകള്‍

ജോസ് മാർട്ടിൻ

വിശുദ്ധ ജോൺ മരിയ വിയാനി (8 മേയ് 1786 – 4 ആഗസ്റ്റ് 1859), ഇടവക വൈദികരുടെ മദ്ധ്യസ്ഥനായി സഭ അദ്ദേഹത്തെ വണങ്ങുന്നു. കഴിവ് കുറഞ്ഞതിന്റെ പേരില്‍ പലകുറി പൗരോഹിത്യപദവിയില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടുകയും അവസാനം സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം തിരുപ്പട്ടം ലഭ്യമാവുകയും ചെയ്ത ഫ്രഞ്ച് വൈദികനാണ് ഫാ.ജോണ്‍ മരിയ വിയാനി.
വി.ജോണ്‍ മരിയ വിയാനിയുടെ ജീവിതം, എല്ലാ വൈദികര്‍ക്കും ഒരു മാതൃക ആകേണ്ടതാണ് എന്നതിൽ സംശയമില്ല.

വൈദീകൻ ആരാണ് എന്നതിനെക്കുറിച്ച് വിശുദ്ധന്റെ വാക്കുകള്‍ ഇപ്രകാരമാണ്. “ഒരു വൈദികന്‍ ആരാണെന്ന് മനസിലാവണമെങ്കില്‍ സ്വര്‍ഗ്ഗത്തിലെത്തണം. ഒരു വൈദികന്‍ യഥാര്‍ത്ഥത്തില്‍ ഈ ലോകത്തില്‍ ചെയ്യുന്നതെന്താണെന്ന് തിരിച്ചറിഞ്ഞാല്‍ തീര്‍ച്ചയായും അദ്ദേഹം സ്നേഹം കൊണ്ട് ഇവിടെ മരിച്ചു വീഴും”. അത്രയേറെ വിലപിടിപ്പുള്ളവരാണ് പ്രിയ വൈദീകർ നിങ്ങൾ ഓരോരുത്തരും ഞങ്ങൾക്കും.

ആഗസ്റ്റ് 4-ന് വിശുദ്ധ ജോൺ മരിയ വിയാനിയുടെ ഓർമ്മത്തിരുന്നാൾ സഭ കൊണ്ടാടുമ്പോള്‍, “കുമ്പസാരത്തിന്റെ വിശുദ്ധന്‍” എന്നുകൂടി അറിയപ്പെടുന്നു വിശുദ്ധനിലൂടെ കുമ്പസാരത്തിന്റെ ശക്തി എത്രവലുതാണെന്നുകൂടി ലോകത്തിനു ഓർമ്മപ്പെടുത്തുകയാണ്. ഒരുപക്ഷെ, വിശുദ്ധ ജോൺ മരിയ വിയാനി തന്നെയായിരിക്കും കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഏറ്റവും കുടുതല്‍ പേർക്ക് കുമ്പസാരം എന്ന കൂദാശ നല്‍കിയിട്ടുള്ള വൈദികനും.

കുമ്പസാരത്തിലൂടെ പുതിയൊരു ജീവിതത്തിലേക്ക് മരിയ വിയാനി ജനങ്ങളെ നയിച്ചു.
20 വര്‍ഷത്തിനിടയ്ക്ക് 20 ലക്ഷം ആളുകളെ മരിയ വിയാനി കുമ്പസാരിപ്പിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. മെത്രാന്‍മാര്‍ വരെ കുമ്പസാരിക്കുവാന്‍ മരിയ വിയാനിയുടെ അടുത്ത് എത്തുമായിരുന്നു. ഓരോ ദിവസവും 18 മണിക്കൂര്‍ വരെ മരിയ വിയാനി കുമ്പസാരക്കൂട്ടില്‍ ചെലവഴിക്കുമായിരുന്നു. ഈ തീക്ഷ്ണതയ്ക്കുമുന്നിൽ ശിരസുനാമിക്കാതെ വയ്യ, പ്രിയ വൈദീകരെ വിശുദ്ധന്റെ തീക്ഷ്ണത നിങ്ങളുടെ ജീവിതത്തിലും നിരന്തരം ജ്വലിപ്പിക്കുവാൻ ഞങ്ങൾ അജഗണങ്ങൾ മുട്ടിപ്പായി പ്രാർത്ഥിക്കാം.

വിശുദ്ധന്റെ കാലഘട്ടം അത്ര സുഖകരമായിരുന്നില്ല. ഫ്രഞ്ചു വിപ്ലവത്തിന്റെ ഫലമായുണ്ടായ ധാർമ്മിക-അലംഭാവം, കത്തോലിക്കാസഭയെ വിനാശകരമായ, മതപരമായ അജ്ഞതയിലേക്കു നയിച്ചകാലഘട്ടമായിരുന്നു. ഒരു വിധത്തിൽ പറഞ്ഞാൽ, ഇന്ന് ഭാരത കത്തോലിക്കാ സഭ കടന്നു പോയികൊണ്ടിരിക്കുന്നതും ധാർമ്മിക-അലംഭാവത്തിന്റെ അവസ്ഥയില്‍ തന്നെയല്ലേ?

ഒരുവശത്ത്, സഭയുടെ വിശുദ്ധ കൂദാശകളിലേക്ക് വരെ യുക്തിവാദികളുടെയും, നിരീശ്വരവാദികളുടെയും, സാത്താൻ സേവകരുടെയും കടന്നുകയറ്റം. മറുവശത്ത്‌, സഭയുടെ ഉള്ളില്‍ നിന്നു തന്നെ സഭാപാരമ്പര്യത്തെ തച്ചുടയ്ക്കുമാറ് ‘ഇൻകൾച്ചറേഷന്റെ’ പേരും പറഞ്ഞത് മറ്റുമതങ്ങളുടെ അടയാളങ്ങളും, പരിശ്ചേദങ്ങളും ഉൾക്കൊള്ളുവാനുള്ള അനാവശ്യമായ വ്യഗ്രത. ഇവിടെ നിങ്ങൾ വൈദീകർ വളരെ നിഷ്‌ഠയും, വിശ്വാസ തീഷ്ണതയും, വിവേകവും ഉള്ളവരായിരിക്കണമെന്ന് ദൈവജനം ആഗ്രഹിക്കുന്നു.

ഇന്ന്, യഥാർത്ഥത്തിൽ ഇടവക വൈദികരാണ് ഏറ്റവും കുടുതല്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നത് എന്നതിൽ ഒട്ടും സംശയമില്ല. ഇടവകയിലെ സാമ്പത്തിക ഇടപാടുകള്‍ മുതല്‍ എല്ലാത്തിലും പഴികേഴ്ക്കേണ്ടിവരുന്നതും നിങ്ങൾക്കാണല്ലോ. എന്തുചെയ്താലും അതിനുനേരെ വിമർശനത്തിന്റെ വാളോങ്ങുന്നവരും ധാരാളം. ഓർക്കുക, വിശുദ്ധ ജോൺ മരിയ വിയാനിയുടെ വാക്കുകൾ പോലെ, “സ്വയം ദൈവത്തിനു സമർപ്പിക്കാൻ പൂർണ്ണസമർപ്പണത്തിന്റെ ഏകവഴിയേയുള്ളൂ. നമുക്കായി നാം പിടിച്ചു വയ്ക്കുന്നത്, നമുക്ക് കുഴപ്പങ്ങളും ദുഃഖങ്ങളും മാത്രമേ നൽകൂ” എന്ന യാഥാർഥ്യം നമുക്കോർക്കാം.

എല്ലാ ഇടവക വൈദീകര്‍ക്കും, തിരുനാള്‍ ആശംസകള്‍ നേരുന്നു… പ്രാർത്ഥിക്കുന്നു…

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker