Articles

സിസ്റ്റർ ലൂസി കളപ്പുരയിലിനെ പുറത്താക്കിയോ? എന്താണ് യാഥാർഥ്യം?

നീണ്ട ഒരുക്കത്തിനും തയ്യാറെടുപ്പുകൾക്കും ശേഷം സന്ന്യാസത്തിൽ പ്രവേശിച്ചിട്ട്, ഇതെല്ലാം തെറ്റാണ്, ഇതൊക്കെ പരിഷ്കരിക്കണം എന്നുപറയുന്നതിൽ എന്ത് യുക്തി?

സിജോ കണ്ണമ്പുഴ

ചെരിപ്പ് ചെറുതായാൽ കാലുവെട്ടി അളവ് ശരിയാക്കുമോ? ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ? ഈ രണ്ടുചോദ്യങ്ങൾക്കും നെഗറ്റീവ് ഉത്തരം ഉറപ്പ്. ഭർത്താവും ഭാര്യയും ഒരുമിച്ചുള്ളപ്പോൾ മാത്രം പാലിക്കേണ്ട ഒന്നാണോ ദാമ്പത്യവിശ്വസ്തത? ഈ ചോദ്യത്തിന് ഉത്തരം പോസറ്റീവ് ആകാൻ തരമില്ല. സന്ന്യാസ വ്രതങ്ങളും അങ്ങനെതന്നെ. ആരും ആരെയും സന്ന്യാസവ്രതങ്ങളെടുക്കാൻ നിർബന്ധിക്കുന്നില്ല. പക്ഷേ, നീണ്ട ഒരുക്കത്തിനും തയ്യാറെടുപ്പുകൾക്കും ശേഷം സന്ന്യാസത്തിൽ പ്രവേശിച്ചിട്ട്, ഇതെല്ലാം തെറ്റാണ്, ഇതൊക്കെ പരിഷ്കരിക്കണം എന്നുപറയുന്നതിൽ എന്ത് യുക്തി? ഒന്നുകിൽ പറ്റില്ല എന്ന് പറഞ്ഞു ഇറങ്ങിപോകുക. അല്ലെങ്കിൽ നിയമങ്ങൾ അനുസരിച്ച് മുൻപോട്ട് പോവുക.

ആദ്യമേ, “സന്ന്യാസം ഒരു ആത്മീയമായ അഭ്യാസമാണ്”. ‘ഒരിക്കലും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തവനെ, ഏതൊക്കെയോ ആന്തരികമായ ചോദനകളാൽ പിൻചെല്ലാൻ തയ്യാറാവുക’ എന്ന വലിയൊരു വെല്ലുവിളിയാണ് ഓരോ സന്ന്യാസിയും ഏറ്റെടുക്കുന്നത്. അതിൽ വിജയിക്കുമോ എന്ന് ദൈവത്തിനുമാത്രമേ പറയാനാകൂ.

സന്ന്യാസം “ക്രിസ്തുവിനെ റാഡിക്കലായി അനുകരിക്കാനുള്ള ഒരു ശ്രമമാണ്”. അതിൽ വ്രതങ്ങൾക്ക് വലിയ പങ്കുണ്ട്. അത് പരിഷ്കരിക്കാനും ലളിതവത്കരിക്കാനും ശ്രമിക്കുന്നത്, വളയമില്ലാതെ ചാടുന്നപോലെ അർത്ഥമില്ലാത്തതാണ് എന്നാണ് എന്റെ പക്ഷം.

ഇന്ത്യൻ ഭരണഘടന എല്ലാവർക്കും സ്വതന്ത്രമായി ജീവിക്കാൻ അനുവാദം തരുന്നു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം. അതല്ലാതെ 6000 പേരുള്ള സമൂഹത്തിൽ മുഴുവൻ പ്രശ്നങ്ങളാണെന്നു പറഞ്ഞാൽ അത് ശരിയാകില്ല.

ഫ്രാങ്കോ, റോബിൻ, അഭയ വിഷയങ്ങളിലെ ഇടപെടലല്ല ലൂസി സിസ്റ്ററിനെ പുറത്താക്കാൻ കാരണം. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ സിസ്റ്ററുടെ ഈ കേസുകളിലെ പ്രതികരണം സ്വന്തം മൈലേജ് കൂട്ടി, താൻ ഈ കേസുകളിൽ പ്രതികരിച്ചതിന്റെ പേരിൽ പുറത്തായി എന്ന് വരുത്തിത്തീർക്കലാണ്. അതിൽ പുള്ളിക്കാരി വിജയിച്ചു.

സഭാധികാരികൾ കരുണ കാണിക്കണം, ചേർത്തുപിടിക്കണം എന്ന് പറയുന്നവരോട് ബഹുമാനത്തോടെ വിയോജിക്കുന്നു. മടങ്ങിവന്ന, തെറ്റ് ഏറ്റുപറഞ്ഞ ധൂർത്തപുത്രനെയാണ് പിതാവ് സ്വീകരിച്ചത്. ഒരിക്കലും തിരുത്തലുകൾ സ്വീകരിക്കാൻ തയ്യാറാകാത്ത ഒരാളോട് എങ്ങനെയാണ് കരുണ കാട്ടുക? ഒരാളോട് കാട്ടുന്ന “കരുണ” ബാക്കി 5999 പേരോട് കാണിക്കുന്ന “നീതിയില്ലായ്മ” ആകരുത്.

MBBS പഠിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് പരീക്ഷയില്ലാതെ ആ കോഴ്സ് നടത്താം, എന്ന് പറഞ്ഞാൽ എന്താകും അവസ്ഥ? അതുപോലെയാണ് സന്ന്യാസത്തിൽ വ്രതങ്ങളുടെ സ്ഥാനം. ഏതാനും പേരുടെ വീഴ്ചയ്ക്ക്, ഈ വ്രതങ്ങളോട് ആത്മാർഥത പുലർത്തി ജീവിക്കുന്ന ലക്ഷക്കണക്കിന് സന്ന്യാസികളുടെ ജീവിതസാക്ഷ്യം കാണാതെ പോകരുത്‌. വ്രതങ്ങളെ പരിഷ്കരിക്കുകയല്ല, അതിനനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നവരെയും, അങ്ങനെ ബോധ്യമുള്ളവരെയും മാത്രം അതിലേക്ക് സ്വീകരിക്കുക എന്നതാണ് കരണീയം.

സന്യാസജീവിതം കഴിഞ്ഞ 2000 വർഷത്തിൽ ഒത്തിരി പരീക്ഷണത്തിനും പരിഷ്കാരങ്ങൾക്കും വിധേയമായിട്ടുണ്ട്. ഒറ്റമുറിയിൽ ഏകാന്ത ജീവിതം നയിക്കുന്നവർ മുതൽ, വലിയ പട്ടണങ്ങളിൽ മാത്രം ആശ്രമം സ്ഥാപിക്കുന്ന സന്ന്യാസ സഭകളുണ്ട്. പ്രത്യേകമായ സന്ന്യാസവസ്ത്രം, സാരി, ചുരിദാർ, ജീൻസ്, മുതൽ ഏതു വസ്ത്രം ധരിക്കാനും അനുവാദമുള്ളവരുണ്ട്. ഇടവക, ആതുരാലയങ്ങൾ, അച്ചടി മാധ്യമങ്ങൾ, ഡി അഡിക്ഷൻ, വിദ്യാഭ്യാസം തുടങ്ങി ആണവ ശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന സന്യാസികളും, പട്ടാളത്തിൽ സേവനം ചെയ്യുന്നവരും ഉണ്ട്. വിദ്യാഭ്യാസം ആവശ്യമില്ലാത്തവരും, ഉയർന്ന വിദ്യാഭ്യാസമുള്ളവർക്ക് മാത്രം പ്രവേശനം ലഭിക്കുകയും ചെയ്യുന്ന സന്യാസസഭകളുണ്ട്‌. നിങ്ങൾക്ക് യോജിച്ചവ തിരഞ്ഞെടുക്കുക. അല്ലാതെ നിങ്ങൾ ഒരു സഭയിൽ കയറി അവിടെ വിപ്ലവം നടത്തരുത്.

നിത്യവ്രതവാഗ്ദാനം സാധാരണ 25-26 വയസ്സിന് ശേഷമാണ് നടക്കുക. അതുവരെ സമയമുണ്ട്. അതിനുശേഷവും സമയമുണ്ട്. വേണ്ടത്, “എന്റെ വഴിയിതല്ല എന്ന് തിരിച്ചറിഞ്ഞാൽ അത് ഉപേക്ഷിക്കാനുള്ള ആർജ്ജവമാണ്”. സമൂഹത്തിനുവേണ്ടത് അങ്ങനെയുള്ളവരെ സ്വീകരിക്കാനുള്ള തുറവിയാണ്. എത്രയോ അധികം ആളുകൾ നീണ്ട പഠനങ്ങൾക്കും ഒരുക്കത്തിനും ശേഷം ഡോക്ടർ പദവി ഉപേക്ഷിക്കുന്നു. എത്രയോ സന്ന്യാസികൾ അവരുടെ സന്ന്യാസം ഉപേക്ഷിച്ചിരുന്നു. വല്ല പുകിലും ഉണ്ടായോ?

ഒരു കാര്യംകൂടി. ഒരാൾ തങ്ങളുടെ സമൂഹത്തിന് ഇണങ്ങുകയില്ലെന്നു മനസ്സിലായാൽ അധികാരികൾ അത് പറഞ്ഞുമനസ്സിലാക്കുകയും എത്രയും വേഗം അയാളെ മറ്റൊരു ജീവിതാന്തസിൽ പ്രവേശിക്കാനുള്ള സൗകര്യമൊരുക്കുകയും വേണം. അതല്ലാതെ അവരെ മുൻപോട്ട് പോകാൻ അനുവദിച്ചാൽ ഇതുപോലുള്ള പ്രശ്നങ്ങൾക്ക് ഉത്തരം പറയേണ്ടിവരും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker