Kerala

ആശ്വാസമേകാന്‍ മുന്നൂറ് പഞ്ചായത്തുകളില്‍ സന്നദ്ധ സേനയുമായി കേരള കത്തോലിക്കാസഭ

കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ (ഡി.ആര്‍.ആര്‍.) ടീം രൂപം കൊണ്ടിരിക്കുന്നത്

ക്ലിന്റൺ ഡാമിയൻ

കൊച്ചി: മഴക്കെടുതിയെ തുടര്‍ന്നുണ്ടായ പ്രളയ സമാനമായ ദുരന്തങ്ങളില്‍ ആശ്വാസമേകാന്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ കേരള സഭ സംസ്ഥാനത്തെ മുന്നൂറു പഞ്ചായത്തുകളില്‍ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നു. ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ (ഡി.ആര്‍.ആര്‍.) ടീം എന്നറിയപ്പെടുന്ന സന്നദ്ധസേനയില്‍ പ്രത്യേകം പരിശീലനം നേടിയവരാകും സേവനത്തിനായി ഗ്രാമീണ മേഖലകളിലേക്കെത്തുക.

കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ 32 രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുടെ കീഴിലാകും ഡിആര്‍ആര്‍ ടീമുകള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നത്. ഒരു പഞ്ചായത്തില്‍ 1020 പേരടങ്ങുന്ന സന്നദ്ധപ്രവര്‍ത്തകരാണു ഡിആര്‍ആര്‍ ടീമിലുണ്ടാവുകയെന്നു കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ.ജോര്‍ജ് വെട്ടിക്കാട്ടില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ പ്രളയ പുനരധിവാസത്തിന്റെ ആദ്യഘട്ടത്തില്‍ 301 കോടി രൂപയുടെ സന്നദ്ധപ്രവര്‍ത്തനങ്ങളാണു കാരിത്താസിന്റെയും വിവിധ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുടെയും സഹകരണത്തോടെ കേരളസഭ നടത്തിയത്. സഭയുടെ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച 4,094 ദുരിതാശ്വാസ ക്യാന്പുകളിലായി 10.84 ലക്ഷം പേര്‍ താമസിച്ചു. 16.79 കോടി രൂപയുടെ സേവനങ്ങള്‍ ക്യാന്പുകളിലെ ദുരിതാശ്വാസത്തിനായി നല്‍കി.

1076 ബോട്ടുകളും മറ്റു വാഹനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനു സഭാസംവിധാനങ്ങളുടെ ഏകോപനമുണ്ടായി. 594 മെഡിക്കല്‍ ക്യാന്പുകളിലായി 94.30 ലക്ഷം രൂപയുടെ മരുന്നുകളും അനുബന്ധ സേവനങ്ങളും സഭ ദുരിതമേഖലകളില്‍ നല്‍കി. 82.83 കോടി രൂപയാണു ചെലവഴിച്ചത്.

ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, അവശ്യസാധനങ്ങള്‍ എന്നിവയുള്‍പ്പെടുത്തിയ കിറ്റുകള്‍ക്കായി 82.83 കോടി രൂപ ചെലവഴിച്ചു. 3.60 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നു. കനത്തമഴയും പ്രകൃതിക്ഷോഭവും ദുരിതം വിതച്ച മേഖലകളില്‍ അടിയന്തര മെഡിക്കല്‍ സഹായമെത്തിക്കാന്‍ ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കിയതായി കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. സൈമണ്‍ പള്ളുപ്പേട്ട അറിയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker