Kazhchayum Ulkkazchayum

ഒരു കഴുതയുടെ പ്രതികരണം !

"സ്വാർത്ഥത" എവിടെ കൂടുന്നുവോ അവിടെ നാശവും, നഷ്ടവും, അധഃപതനവും ആരംഭിക്കും...

മനുഷ്യരുമായി ഇടപഴകിക്കഴിയുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും സംഖ്യ ഒരു ശതമാനത്തിൽ താഴെ ആയിരിക്കും. 99% ജന്തുലോകത്തെ കുറിച്ച് നാം അജ്ഞരാണ്. അവർക്കും അവരുടേതായ ജീവിതശൈലിയും, ആശയവിനിമയവും, ആവാസവ്യവസ്ഥയും ഉണ്ട്. പ്രകൃതിയുമായി ഇടപഴകുന്ന മൃഗങ്ങൾക്കും, പക്ഷികൾക്കും പ്രപഞ്ചത്തിന്റെ വ്യതിയാനങ്ങളെയും, ചലനങ്ങളെയും മനസ്സിലാക്കി പ്രതികരിക്കാനുള്ള “സംവേദന ക്ഷമത” ഉണ്ടെന്നുള്ള വസ്തുതകൾ “സുനാമി” ദുരന്തമുണ്ടായപ്പോൾ ലോകം അറിഞ്ഞിട്ടുള്ളതാണ്. ഒരുവേള ജന്തുലോകത്തിന് നമ്മെപ്പോലെ സംസാരിക്കാനും, പ്രതികരിക്കാനും കഴിവുണ്ടായിരുന്നു എങ്കിലുള്ള അവസ്ഥ നമുക്ക് ചിന്തിക്കാൻ പോലും കഴിയുന്നതിനപ്പുറമായിരിക്കും എന്നതിൽ തർക്കമില്ല. ചിന്താശക്തിയും, ബുദ്ധിയും, വിവേചന ശക്തിയും, നന്മതിന്മകളെ വിവേചിച്ചറിയാനുള്ള കഴിവും ഉണ്ടെന്ന് അഭിമാനിക്കുന്ന മനുഷ്യൻ യുക്തിരഹിതമായി, ദിശാബോധമില്ലാതെ ഓരോ സമയത്തും ചെയ്തുകൂട്ടുന്ന മണ്ടത്തരങ്ങൾക്കും, ക്രൂരതകൾക്കും, വിവേകശൂന്യമായ പെരുമാറ്റത്തിനും നമ്മെ ഏറ്റവും കൂടുതൽ കുറ്റം വിധിക്കുന്നതും, ശിക്ഷിക്കുന്നതും ജന്തുലോകമായിരുന്നേനെ! പരാജയങ്ങളെ വിജയത്തിലേക്കുള്ള സാധ്യതകളാക്കി മാറ്റി, അനുഭവങ്ങളിൽ നിന്ന് “പാഠം” പഠിക്കുന്നവനാണ് മനുഷ്യനെന്നത് “പാഴ്‌വാക്കായി” മാറിയിരിക്കുകയാണ്. നമ്മുടെ ദുരഭിമാനവും, Egoയും (ഈഗോ) മാറ്റിവെച്ചാൽ സത്യത്തിൽ ജന്തുലോകത്തിൽ നിന്ന് ഒത്തിരി കാര്യങ്ങൾ പഠിക്കാൻ ഉണ്ടെന്ന യാഥാർത്ഥ്യം നാം അംഗീകരിക്കേണ്ടതായി വരും.

വിശുദ്ധ ഗ്രന്ഥത്തിൽ സംഖ്യയുടെ പുസ്തകത്തിൽ (സംഖ്യ 22:21-35) പ്രതികരണശേഷിയുള്ള സംസാരിക്കുന്ന ഒരു കഴുതയെക്കുറിച്ച് വായിച്ചപ്പോൾ സന്ദർഭവശാൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ ഓർത്തുപോയി. മൊവാബ്യരുടെ രാജാവായ ‘ബാലാക്ക്’ ഇസ്രായേൽ ജനതയുടെ വളർച്ചയിലും, സംഖ്യാബലത്തിലും അസൂയപ്പെട്ടു, ഭയപ്പെട്ടു, നശിപ്പിക്കാൻ ആഗ്രഹിച്ചു. എന്നാൽ ദൈവാനുഗ്രഹം ഉള്ള ഇസ്രായേൽക്കാരെ അത്രവേഗം നശിപ്പിക്കാനാവില്ല എന്ന തിരിച്ചറിവ് ഉണ്ടായപ്പോൾ “ദിവ്യപുരുഷ”നും, പ്രവാചകനുമായ “ബാലാമിന്റെ” സഹായം തേടി; “ഇസ്രായേൽ ജനത്തെ ശപിച്ചാൽ
തങ്ങൾക്ക് അവരെ കീഴ്പ്പെടുത്താൻ കഴിയും…!” എന്നാൽ ബാലാം അതിനു സമ്മതിച്ചില്ല. സമ്പത്തും, സ്വർണ്ണവും, വെള്ളിയും, സ്ഥാനമാനങ്ങളും നൽകാമെന്ന പ്രലോഭനത്തിൽ ബാലാമിനെ വശീകരിക്കാൻ തീരുമാനിച്ചു. ബാലാം ദൈവത്തിന്റെ അരുളപ്പാടിന് കാത്തിരുന്നു. ഇസ്രായേൽ ജനത്തെ ശപിക്കുന്നതിൽ നിന്ന് പിന്മാറി. എന്നാൽ, രാജാവിനെ നിർബന്ധപ്രകാരം ബാലാം തന്റെ കഴുതപ്പുറത്തു കയറി ഇസ്രായേല്യരെ ശപിക്കുവാൻ പുറപ്പെട്ടു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ കഴുത മുന്നോട്ടു നീങ്ങാതെ മടിപിടിച്ചു കിടന്നു. എത്രതന്നെ തല്ലിയിട്ടും കഴുത മുന്നോട്ടുപോയില്ല. കാരണം, വഴിമുടക്കി രണ്ടു ദൈവദൂതന്മാർ വാൾ പിടിച്ചു നിൽക്കുന്നത് കഴുത കണ്ടു. വീണ്ടും പ്രഹരിച്ചപ്പോൾ കഴുത പ്രതികരിച്ചു; നീ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്?” ബാലാം കഴുതയുടെ പ്രതികരണം കേട്ട് അത്ഭുതപ്പെട്ടു. ഇസ്രായേൽക്കാരെ ശപിക്കുന്നതിൽ നിന്ന് പിന്മാറി. ഇവിടെ ബാലാം എന്ന പ്രവാചകന്റെ മണ്ടത്തരത്തിന്, മണ്ടനായ കഴുതയെ കൊണ്ട് ഒരു പാഠം പഠിപ്പിക്കുകയായിരുന്നു ദൈവത്തിന്റെ ലക്‌ഷ്യം.

ചിന്താശക്തിയും, വിവേകവും ഉണ്ടെന്ന് അഭിമാനിക്കുന്ന, അഹങ്കരിക്കുന്ന മനുഷ്യനെ നേർവഴിക്ക് നയിക്കാൻ, ചിലപ്പോൾ കഴുതയെപ്പോലെ ബുദ്ധിയില്ലാത്തവരെയും, അവഗണിക്കപ്പെടുന്നവരുമായ മനുഷ്യരിലൂടെയും, മൃഗങ്ങളിലൂടെയും, പ്രകൃതിയിലൂടെയും മനുഷ്യനെ പാഠം പഠിപ്പിക്കുന്നതിന്റെ ഭാഗമായിട്ട് പ്രകൃതിദുരന്തങ്ങളും, പ്രളയക്കെടുതികളും, സാംക്രമികരോഗങ്ങളും ഉണ്ടാകുന്നുവെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. കഴുത തല്ലുകൊണ്ടു പഠിക്കും, മനുഷ്യൻ അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കുമെന്ന കാര്യം നിരർത്ഥകമായി മാറുന്ന പരിതാവസ്ഥയാണ് സംജാതമായിരിക്കുന്നത്. എന്റെ ഭരണശേഷം, മരണശേഷം പ്രളയം വന്ന് മറ്റുള്ളവർ നശിച്ചു പോകട്ടെ എന്ന ചിന്ത അധമമാണ്. മനുഷ്യന് തിന്മയിലേക്കുള്ള ചായ്വ് വർദ്ധിച്ചുവരികയാണ്. “സ്വാർത്ഥത” എവിടെ കൂടുന്നുവോ അവിടെ നാശവും, നഷ്ടവും, അധഃപതനവും ആരംഭിക്കും. ‘ദുഷ്‌ടനെ പന പോലെ വളർത്തും’ എന്നുപറയുമ്പോൾ ‘അവന്റെ വീഴ്ചയും അത്രമേൽ ഗുരുതരമാക്കി തീർക്കാണെന്ന’ യാഥാർത്ഥ്യം വരികൾക്കിടയിലൂടെ വായിച്ചെടുക്കാൻ യത്നിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker