Meditation

ഇടുങ്ങിയ വാതിലും വിരുന്നു ശാലയും (ലൂക്കാ 13:22-30)

ചിലർ വിചാരിക്കാറുണ്ട് സ്വയമങ്ങു ചെറുതായാൽ സ്വർഗ്ഗരാജ്യത്ത് പ്രവേശിക്കാം...

ആണ്ടുവട്ടത്തിലെ ഇരുപത്തി ഒന്നാം ഞായർ

ശക്തമായ രണ്ട് ചിത്രങ്ങൾ. ആദ്യത്തേത് ഒരു ഇടുങ്ങിയ വാതിലും അതിലൂടെ അകത്തു പ്രവേശിക്കാൻ തിരക്കുകൂട്ടുന്ന ഒരു പറ്റം ആൾക്കാരും. രണ്ടാമത്തെ ചിത്രം ഒരു വിരുന്നു ശാലയുടെതാണ്. അവിടെ നിറഞ്ഞു നിൽക്കുന്നത് ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും നിന്നുള്ള ആൾക്കാരാണ്.

വാതിൽ ഇടുങ്ങിയതാണ് പക്ഷേ അത് തുറന്നിരിക്കുന്നത് വലിയൊരു വിരുന്നു ശാലയിലേക്കാണ്. ‘ഇടുങ്ങിയ’ എന്ന വിശേഷണം കേൾക്കുമ്പോൾ നമ്മൾ ആദ്യം വിചാരിക്കുക സഹനത്തേയും വേദനകളെ കുറിച്ചൊക്കെ ആയിരിക്കും. പക്ഷേ സുവിശേഷത്തിൽ ആ പദത്തിന് അങ്ങനെയൊരു അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. ‘ഇടുങ്ങിയ വാതിൽ’ എന്നാൽ ശിശുവിൻറെ അളവാണ്. അല്ലെങ്കിൽ എളിയവർ കടന്നു പോകുന്ന വാതിലാണത്. ഓർക്കുന്നുണ്ടോ യേശുവിൻറെ വാക്കുകൾ; “നിങ്ങൾ ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല” (മത്താ18:3). വാതിൽ ചെറുതും ഇടുങ്ങിയതുമാണ്. അതിലൂടെ പ്രവേശനം ശിശുക്കൾക്ക് മാത്രമാണ്. എന്തൊക്കെയോ സ്വരൂപിച്ചു, സ്വയം വീർപ്പിച്ച് ധനവാന്മാരായി വരുന്നവർക്ക് ഈ വാതിലിലൂടെ പ്രവേശനം ഇത്തിരി ബുദ്ധിമുട്ടായിരിക്കും. ഒട്ടകം സൂചിക്കുഴയിലൂടെ പ്രവേശിക്കുന്നതിനു തുല്യമായിരിക്കുമത്.

ചിലർ വിചാരിക്കാറുണ്ട്. സ്വയമങ്ങു ചെറുതായാൽ സ്വർഗ്ഗരാജ്യത്ത് പ്രവേശിക്കാം. അല്ലെങ്കിൽ എന്റെ പ്രയത്നഫലമായി എനിക്ക് സ്വർഗ്ഗം ലഭിക്കുമെന്ന്. ഓർക്കുക, ഇങ്ങനെയുള്ള ചിന്തകളെ സുവിശേഷം അത്രയ്ക്ക് പ്രോത്സാഹിപ്പിക്കുന്നില്ല. നമുക്കല്ല, എല്ലാം സാധ്യമാകുന്നത് ദൈവത്തിനു മാത്രമാണ്. ഒട്ടകത്തെ പോലും സൂചിക്കുഴയിലൂടെ കടത്തിവിടാൻ അവന് സാധിക്കും. എന്തെന്നാൽ മനുഷ്യൻ അസാധ്യം എന്ന് കരുതുന്നതിനോടാണ് ദൈവത്തിന് അഭിനിവേശമുള്ളത്. ആരും സ്വന്തം കഴിവുകൊണ്ട് രക്ഷ നേടണമെന്നില്ല. പക്ഷെ ദൈവത്തിന് നമ്മെ എല്ലാവരെയും രക്ഷിക്കുവാൻ സാധിക്കും. അത് നമ്മുടെ കഴിവ് നോക്കിയല്ല. അത് ദൈവത്തിൻറെ നന്മ മാത്രമാണ്. അതുകൊണ്ടാണ് സുവിശേഷം ‘രക്ഷിക്കുക’ എന്ന പദത്തെ എപ്പോഴും കർമ്മണിപ്രയോഗം ആയി ഉപയോഗിക്കുന്നത്.

തുറന്നു കിടക്കുന്ന ആ വാതിൽ അടഞ്ഞു കഴിയുമ്പോഴാണ് ചില ‘നല്ലവർ’ വിഷമഘട്ടത്തിലൂടെ കടന്നു പോകാൻ പോകുന്നത്. അവർ പുറത്തു നിന്നും വിളിച്ചു പറയും. “നിന്റെ സാന്നിധ്യത്തില്‍ ഞങ്ങള്‍ ഭക്‌ഷിക്കുകയും പാനംചെയ്യുകയും ഞങ്ങളുടെ തെരുവുകളില്‍ നീ പഠിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌” (v.26). ഭക്ഷണവും പാനീയവും കുർബാനയെ സൂചിപ്പിക്കുന്നുണ്ട്. ‘നിന്റെ പഠനം’, മതബോധനവും സുവിശേഷമാണ്. ഈ ‘നല്ലവർ’ എല്ലാം ചെയ്തിരുന്നത് അവൻറെ സാന്നിധ്യത്തിൽ തന്നെയായിരുന്നു. എന്നിട്ടും ഉള്ളിൽ നിന്നും അവൻ പറയുന്നു: “നിങ്ങള്‍ എവിടെനിന്നാണെന്നു ഞാന്‍ അറിയുന്നില്ല” (v.27). യേശുവിനോടൊപ്പം ഭക്ഷണം കഴിച്ചാൽ മാത്രം പോരാ. അനുദിനം ദിവ്യബലിയിൽ പങ്കെടുത്താൽ മാത്രം പോരാ. വിശക്കുന്നവർക്ക് അപ്പമായും മാറണം. സുവിശേഷവും മതബോധനവുമെല്ലാം പഠിച്ച് ഒരു വിശ്വാസി ആയാൽ മാത്രം പോരാ. വിശ്വാസയോഗ്യമാകണം. ദൈവത്തിൽ വിശ്വസിക്കുന്നതിലല്ല കാര്യമിരിക്കുന്നത്, ദൈവത്തിന് നിന്നെ വിശ്വസിക്കുന്ന തരത്തിലേക്ക് നീ മാറണം. ഇതിലാണ് നമ്മുടെ ജീവിതത്തിൻറെ തോത് അളന്നു നോക്കപ്പെടുന്നത്. ദൈവത്തിലുള്ള വിശ്വാസം നിലനിർത്തേണ്ടത് അനുഷ്ഠാനങ്ങളിലും പഠനങ്ങളിലുമല്ല. അത് ജീവിതത്തിൻറെ പ്രവർത്തിതലങ്ങളിലായിരിക്കണം. അങ്ങനെയാകുമ്പോൾ ദൈവം നിന്റെയും സഹയാത്രികനായി മാറും.

ഒത്തിരി സർപ്രൈസുകൾ നിരത്തി കൊണ്ടാണ് സുവിശേഷഭാഗം അവസാനിക്കുന്നത്. ഇടുങ്ങിയ വാതിൽ എന്ന ചിത്രം അവിടെ നിന്നും മാഞ്ഞുപോയിരിക്കുന്നു. ഇപ്പോഴുള്ളത് ചുരുക്കം ചിലർക്ക് മാത്രം പ്രവേശിക്കാൻ സാധിക്കുന്ന ഒരു വാതിലാണ്. എല്ലാവർക്കും അതിലൂടെ പ്രവേശിക്കാൻ സാധിക്കും. പക്ഷേ അതിലൂടെ അകത്തെ വിരുന്നിലേക്ക് വരുന്നവരോ ചുരുക്കം ചിലർ മാത്രം. ലോകത്തിൻറെ എല്ലാ കോണുകളിൽനിന്നും ആ വിരുന്ന് ശാലയിലെ ആനന്ദത്തിൽ പങ്കുകാരാകുക എന്നത് ദൈവത്തിന്റെ ഒരു സ്വപ്നമാണ്. ജീവിതത്തിൻറെ പൂർണ്ണതയിലേക്കുള്ള വാതിൽ ആണത്. ഈയൊരു പൂർണതയിലേക്ക് എനിക്കും നിനക്കും എത്തുവാൻ സാധിക്കും. അതിന് നമ്മൾ യേശു എന്ന വാതിലിലൂടെ പ്രവേശിക്കുക മാത്രമാണ് വേണ്ടത്. യേശു എന്ന ഈ വാതിൽ ആദ്യ നോട്ടത്തിൽ ഒരു ഇടുങ്ങിയ വാതിലായി നിനക്കനുഭവപ്പെട്ടാലും ഒന്നരികിലേക്ക് ചേർന്ന് നിന്നാൽ എന്തിനെയും ഏതിനെയും സ്വീകരിക്കുന്ന കരുണയുടെ കവാടമാണെന്ന് നിനക്ക് തിരിച്ചറിയുവാൻ സാധിക്കും.

Show More

One Comment

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker