Meditation

വിശ്വാസത്തിന്റെ നിശ്വാസമാകുന്ന പ്രാർത്ഥന (ലൂക്കാ 18:1-8)

സ്നേഹത്തെ പോലെ പ്രാർത്ഥനയും ഉളവാകുന്നത് തൃഷ്ണയിൽ നിന്നാണ്...

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ

നിരന്തരം പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യേശു ഒരു ഉപമ പറയുന്നു. കേൾക്കുമ്പോൾ എളുപ്പമെന്നു തോന്നുമെങ്കിലും എത്തിപ്പെടാൻ അസാധ്യമായ ഒരു ലക്ഷ്യത്തെ കുറിച്ചാണോ അവൻ പറയുന്നതെന്ന് പലപ്രാവശ്യവും ഈയുള്ളവൻ ചിന്തിക്കാതിരുന്നിട്ടില്ല. അതുമാത്രമല്ല, പ്രാർത്ഥനയെക്കുറിച്ച് അവൻ ഒരു കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട്. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ വിജാതിയരെ പോലെ ഒത്തിരി വാക്കുകൾ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്ന് (മത്താ 6:7). അങ്ങനെ പറഞ്ഞതിലൂടെ അവൻ ഉദ്ദേശിച്ചത് ഹൃദയം അകലെ നിർത്തിക്കൊണ്ടുള്ള ആയിരം സങ്കീർത്തനങ്ങളേക്കാൾ മൂല്യം ദൈവത്തോട് ചേർന്ന് നിൽക്കുന്ന ഒരു നിമിഷത്തിനാണെന്നായിരുന്നു. പ്രാർത്ഥിക്കുക എന്നത് പ്രണയിക്കുന്നത് പോലെയാണ്. പ്രണയിക്കുന്നതിന് സമയമില്ലെന്ന് ആരും പറയില്ല. പ്രണയിക്കാൻ എപ്പോഴും സമയമുണ്ട്. നീ ആത്മാർത്ഥമായി ഒരു വ്യക്തിയെ സ്നേഹിക്കുന്നുണ്ടെങ്കിൽ ആ വ്യക്തിയെ എന്നും എപ്പോഴും സ്നേഹിക്കും. അതുപോലെ തന്നെയാണ് പ്രാർത്ഥനയുടെ കാര്യവും. സത്യം പറഞ്ഞാൽ പ്രാർത്ഥനയേയും സ്നേഹത്തെയും സമയം എന്ന സങ്കല്പത്തിൽ ഒതുക്കാൻ പറ്റുമോ എന്ന കാര്യം സംശയമാണ്. എന്തെന്നാൽ സ്നേഹത്തെ പോലെ പ്രാർത്ഥനയും ഉളവാകുന്നത് തൃഷ്ണയിൽ നിന്നാണ്. നാവ് നിശബ്ദമായാലും പ്രാർത്ഥന നിശബ്ദമാകണമെന്നില്ല. നിനക്ക് ദൈവീകതയോട് ആഗ്രഹവും ആകർഷണവും ഉണ്ടോ എങ്കിൽ നീ നിരന്തരം പ്രാർത്ഥിക്കുന്നുണ്ട്.

പ്രാർത്ഥനയെ കുറിച്ചു പഠിപ്പിക്കുന്നതിനായി സുവിശേഷ ഭാഗം നമ്മെ കൂട്ടികൊണ്ടു പോകുന്നത് ഒരു വിധവയുടെ അടുത്തേക്കാണ്.ശക്തമായ ഒരു കഥാപാത്രമാണവൾ. വിധിയുടെ മുൻപിൽ അവൾ അശക്തയാണ്. പക്ഷെ തോൽക്കാൻ മനസ്സിലാത്തവളാണ്. അനീതിയുടെ ഇരയാണെങ്കിലുമവൾ തല കുനിക്കാൻ തയ്യറാവാത്തവൾ. ആരും സഹായിക്കാനില്ലാത്ത ഒരു കഥാപാത്രം. ഇങ്ങനെയുള്ള വ്യക്തിത്വങ്ങളോട് യേശുവിന് എന്നും പ്രത്യേക മമതയുണ്ട്. എന്തെന്നാൽ ദൈവം മാത്രമാണ് അവരുടെ സംരക്ഷണവും കോട്ടയും.

സുവിശേഷത്തിലെ നിരന്തരം ശല്യക്കാരിയായ വിധവ നൽകുന്ന ഒരു പാഠമുണ്ട്. ‘ഇതൊക്കെ ഇങ്ങനെയാണ്’, ‘ഇതിലൊരു മാറ്റവും പ്രതീക്ഷിക്കണ്ട’ എന്നിങ്ങനെയുള്ള ചില വരട്ടുവാദ ചിന്തകളോടുള്ള ശക്തമായ നിഷേധത്തിന്റെ പാഠം. കേൾക്കാതിരിക്കുന്നതിനു വേണ്ടി മാത്രം കൊട്ടിയടച്ചിട്ടുള്ള കാതുകളുടെ അരികിൽ ചെന്ന് അലമുറയിട്ടു സാമൂഹികനീതി സ്ഥാപിക്കുന്നതിൽ ഒരു തെറ്റും ഇല്ല എന്ന ഒരു പാഠവും പറയാതെതന്നെ സുവിശേഷം പഠിപ്പിക്കുന്നുണ്ട്. ഓർക്കുക, എല്ലാ ചരിത്രവും നിശബ്ദതയിൽ നിന്നും ആരംഭിക്കുന്നില്ല. ചിലത് തുടങ്ങുക അലമുറകളിൽ നിന്നും ആയിരിക്കും.

പലരും ചോദിക്കാറുണ്ട് എന്തിനാണ് പ്രാർത്ഥിക്കുന്നതെന്ന്. ഈ ചോദ്യം എന്തിനാണ് ശ്വസിക്കുന്നത് എന്ന ചോദ്യം പോലെയാണ്. ഉത്തരം ഒന്നേയുള്ളൂ. ജീവൻ നിലനിർത്താൻ. പ്രാർത്ഥന എന്നത് വിശ്വാസത്തിൻറെ നിശ്വാസമാണ്. നിത്യതയുടെ ഓക്സിജനെ ജീവിതത്തിലേക്ക് തുറന്നു നൽകുന്ന വാതിലാണ് പ്രാർത്ഥന. പ്രണയിക്കുന്നവരുടെ ഇടയിലെ ശ്വാസം സ്നേഹമാണെന്ന് പറയുന്നത് പോലെ ദൈവത്തിനും മനുഷ്യനും ഇടയിലെ ശ്വാസം പ്രാർത്ഥനയാണ്.

നമ്മളെല്ലാവരും തന്നെ ചിലപ്പോൾ പ്രാർത്ഥിച്ച് മടുപ്പ് അനുഭവപ്പെട്ടിട്ടുള്ളവർ ആയിരിക്കാം. നോഹയുടെ കാലത്തെ പ്രളയദിനത്തിൽ പറന്നുയർന്ന പ്രാവിനെപ്പോലെ നമ്മുടെ ഹൃദയങ്ങളിൽ നിന്നും എത്രയോ പ്രാവശ്യം പ്രാർത്ഥനകൾ പറന്നുയർന്നിട്ടുണ്ട്. പക്ഷേ ഒരു ഒലിവ് ഇലയുമായി ആ പ്രാവ് തിരിച്ചു വന്നതായ അനുഭവം നമുക്ക് ഇല്ലാതെയും പോയിട്ടുണ്ട് എന്നത് ഒരു സത്യം തന്നെയാണ്. ദൈവം നമ്മുടെ പ്രാർത്ഥനകൾ കേൾക്കുന്നുണ്ടോ? ഈ ചോദ്യം നമ്മൾ പല പ്രാവശ്യവും നമ്മളോട് തന്നെയും മറ്റുള്ളവരോടും ചോദിച്ചിട്ടുള്ളതാണ്. ദൈവം ശ്രവിക്കുന്നുണ്ട് എല്ലാ പ്രാർത്ഥനകളും. പക്ഷേ അവകൾക്ക് മറുപടി നൽകുന്നത് അവൻ നൽകിയ വാഗ്ദാനങ്ങളിലധിഷ്ടിതമായിരിക്കും എന്നുമാത്രം. അവൻറെ സാന്നിധ്യമാണ് അവൻറെ വാഗ്ദാനം. അത് സങ്കടങ്ങൾ മലവെള്ളപ്പാച്ചിൽ പോലെ ജീവിതത്തിലേക്ക് കടന്നു വന്നാലും മാറാത്ത സത്യമാണ്. ഈയൊരു വാഗ്ദാനമാണ് സുവിശേഷങ്ങൾ നമുക്ക് നൽകുന്ന പ്രത്യാശ.

ദൈവത്തിന്റെ ഇഷ്ടവും പദ്ധതിയും മാറ്റുന്നതിന് വേണ്ടിയല്ല നമ്മൾ പ്രാർത്ഥിക്കേണ്ടത്, നമ്മുടെ ഹൃദയ പരിവർത്തനത്തിന് വേണ്ടിയാണ്. എന്തെങ്കിലും കിട്ടുന്നതിനുവേണ്ടി എന്ന ചിന്ത അടങ്ങിയിട്ടുള്ള പ്രാർത്ഥനകളേക്കാൾ ഉചിതം സ്വത്വത്തിന് ദൈവികാത്മകതയിലേക്കുള്ള രൂപാന്തരീകരണതിൻറെ ചവിട്ടുപടികളായിട്ടു കരുതുന്ന പ്രാർത്ഥനകളാണ്. പ്രാർത്ഥന സമം ധ്യാനമാണ്. കർത്താവിനെ ധ്യാനിക്കുത്തോറും അവൻറെ സാദൃശ്യത്തിലേക്ക് നമ്മളും രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് പൗലോസ് അപ്പോസ്തലൻ പറയുന്നുണ്ട് (2 കോറി 3:18). ധ്യാനം നമ്മിൽ രൂപാന്തരമുണ്ടാക്കും. എന്താണ് ഹൃദയ നേത്രത്തിൽ ദർശിക്കുന്നത് അതുമായി ധ്യാനിക്കുന്നവൻ താദാത്മ്യപ്പെടും. ആരോടാണോ പ്രാർത്ഥിക്കുന്നത് ആ ശക്തിയായി മാറുന്ന അവസ്ഥ. ആരെയാണ് സ്നേഹിക്കുന്നത് അവനായി മാറുന്ന അത്ഭുതം. പ്രാർത്ഥിക്കുന്നവന് ദൈവം നൽകുന്നത് തന്നെ തന്നെയാണ്. അങ്ങനെ സ്വയം നൽകുന്നതിലൂടെ ദൈവം അവന് എല്ലാം നൽകുന്നുണ്ട്. ദൈവത്തെ സ്വന്തമാക്കുക. അതാണ് പ്രാർത്ഥനയുടെ അത്ഭുതം. അത് പ്രാർത്ഥിക്കുന്നവന്റെ ശ്വാസവും ദൈവത്തിൻറെ ശ്വാസവും ഒന്നായി മാറുന്ന അനുഭവമാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker