Kazhchayum Ulkkazchayum

സ്ഥിരനിക്ഷേപം – Fixed Deposit

വാക്കും പ്രവർത്തിയും പരസ്പരപൂരകമായിത്തീരുന്ന ദൈവമേഖലയിലേക്ക് അനുദിനം മുന്നേറാം...

നാം നമ്മുടെ ജീവിതത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ മുൻഗണന നൽകേണ്ട ചില വസ്തുതകളുണ്ട്. ഉദ്ദേശലക്ഷ്യങ്ങൾ, സമയബന്ധിതമായി പ്രാവർത്തികമാക്കാൻ കഴിയുമോ, അമ്പതോ നൂറോ വർഷങ്ങൾ കഴിയുമ്പോൾ നാം തയ്യാറാക്കുന്ന പദ്ധതികൾക്ക് ദോഷമുണ്ടാകുമോ, മേൽപറഞ്ഞ കാര്യങ്ങൾക്ക് പണം ഉണ്ടോ, മറ്റു വരുമാന മാർഗ്ഗങ്ങൾ എന്തെല്ലാം, പ്രതീക്ഷിക്കുന്ന ചിലവുകൾ എന്തെല്ലാം, അപ്രതീക്ഷിതമായി വരുന്ന ചിലവുകൾക്ക് എത്ര തുക നീക്കി വയ്ക്കണം, സമാഹരിക്കുന്ന സമ്പത്ത് ഏത് ബാങ്കിൽ നിക്ഷേപിക്കണം, ഏതു വ്യവസ്ഥയിൽ ആയിരിക്കണം, സ്ഥിരനിക്ഷേപമായി ഇട്ടാൽ എത്ര പലിശ കൂടുതൽ കിട്ടും! എന്നീ കാര്യങ്ങൾ സുബോധമുള്ള, യുക്തിഭദ്രമായി ചിന്തിക്കുന്ന ഒരാൾ ചിന്തിച്ചുറപ്പിക്കും എന്നത് സ്വാഭാവികം. ഒരുവേള നമ്മുടെ കണക്കുകൂട്ടലുകളും, തീരുമാനങ്ങളും കൃത്യതയോടെ പൂർത്തിയാക്കുവാൻ അതാത് മേഖലകളിൽ പ്രാവീണ്യം ലഭിച്ചിട്ടുള്ള വ്യക്തികളെയും, സ്ഥാപനങ്ങളെയും നാം സമീപിക്കാറുണ്ട്. സാങ്കേതിക പരിജ്ഞാനമുള്ളവരെയും, നിയമ വിദഗ്ധരെയും നാം യഥാസമയം ബന്ധപ്പെടാറുണ്ട്. (പാലാരിവട്ടം പാലവും മരടിലെ ഫ്ലാറ്റും കുറ്റകരമായ അനാസ്ഥയും, ദ്രോഹവും, ശിക്ഷാർഹവുമാണ്. കാലം മാപ്പു കൊടുക്കാത്ത കെടുകാര്യസ്ഥത…!).

പറഞ്ഞുവന്നത് സ്ഥിരനിക്ഷേപത്തെ കുറിച്ചാണ്. കച്ചവടവും കൃഷിയും അനുബന്ധ മേഖലകളും തകർച്ചയെ നേരിടുന്ന പശ്ചാത്തലത്തിൽ പലരും തങ്ങളുടെ സമ്പാദ്യം “ബാങ്കിൽ” സ്ഥിരനിക്ഷേപമായിട്ട് അതിൽനിന്ന് കിട്ടുന്ന “പലിശ” കൊണ്ട് ജീവിക്കുന്ന സാഹചര്യമാണ്. “വിതയ്ക്കുന്നത് കൊയ്യുന്നു”. നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിങ്ങളുടെ മനസ്സ്. യേശു പറഞ്ഞത് “തുരുമ്പെടുക്കാത്ത, കള്ളന്മാർ കുത്തിക്കവരാത്ത സ്വർഗ്ഗത്തിൽ സമ്പാദ്യം നിക്ഷേപിക്കാനാണ്” (വി.മത്തായി 6 :19-21). സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശനം സാധ്യമാക്കണമെങ്കിൽ ചില മാനദണ്ഡങ്ങൾ പാലിക്കണമെന്നും, ചില മൂല്യങ്ങൾ കാത്തു സൂക്ഷിക്കണമെന്നും സങ്കീർത്തകൻ (15:1-5) വ്യക്തമായി പറഞ്ഞു വയ്ക്കുന്നുണ്ട്. അതിന്റെ രത്നച്ചുരുക്കം ഭൂമിയിലായിരിക്കുമ്പോൾ സനാതന മൂല്യങ്ങളെയും, മാനുഷിക മൂല്യങ്ങളെയും കാത്തുസൂക്ഷിച്ചുകൊണ്ട് ജീവിക്കുന്നവർക്കാണ് സ്വർഗ്ഗരാജ്യപ്രവേശനം എന്നാണ്. സ്നേഹവും, ഉപവിയും, കരുണയും, കരുതലും, നീതിയും സ്ഥിരനിക്ഷേപമായി കാത്തുസൂക്ഷിക്കണമെന്ന് സാരം.

ആത്മശോധന ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. നാം സഭയുടെ പേരിൽ പടുത്തുയർത്തുന്ന സ്ഥാപനങ്ങൾ, പ്രസ്ഥാനങ്ങൾ, ഉപവി പ്രവർത്തനങ്ങൾ, പണവിനിയോഗം etc. സ്വർഗ്ഗത്തിലെ രജിസ്റ്ററിൽ, അക്കൗണ്ടിൽ ചേർക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ സമ്പാദ്യങ്ങൾ തുരുമ്പെടുത്തു നശിക്കുമെന്ന് തീർച്ചയാണ്. വിശുദ്ധ മത്തായി 25:31 മുതലുള്ള വാക്യങ്ങളിൽ വിധിയെക്കുറിച്ച് (വി. മത്തായി 25:31-46) ശക്തമായ ഭാഷയിൽ യേശു നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. പ്രത്യക്ഷത്തിൽ നിസ്സാരമെന്ന് കരുതുന്ന നന്മ പ്രവർത്തികൾ സഹോദരങ്ങൾക്കായി ചെയ്യുന്നവർക്ക് തൻറെ പിതാവിൻറെ ഭവനത്തിൽ ഇരിപ്പിടമൊരുക്കുമെന്നാണ് യേശു പറയുന്നത്. അതായത്, അതായത് മരണാനന്തര ജീവിതത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതാണ് ഭൂമിയിൽ നാം ചെയ്യുന്ന “സുകൃതങ്ങൾ”. ആവശ്യത്തിലിരിക്കുന്നവന് അപ്പമാകാൻ, വസ്ത്രമാകാൻ, മരുന്നാകാൻ, കരുതലാകാൻ പ്രതിബദ്ധതയുള്ള ഒരു ജീവിതം യേശു നമ്മിൽ നിന്ന് ആവശ്യപ്പെടുന്നു. അതിനാൽ, വരപ്രസാദമുള്ള ഒരു ജീവിതം ഭൂമിയിൽ നമുക്ക് കരുതിവയ്ക്കാം. സ്വർഗ്ഗത്തിൽനിന്ന് അനുഗ്രഹത്തിന്റെ അക്ഷയ സമ്പത്ത് സ്വീകരിക്കാം. നിക്ഷേപം സുരക്ഷിതമായിരിക്കാൻ വാക്കിൽ വിശ്വസ്തനായ ദൈവത്തിൻറെ മാർഗ്ഗം പിന്തുടരാം. വാക്കും പ്രവർത്തിയും പരസ്പരപൂരകമായിത്തീരുന്ന ദൈവമേഖലയിലേക്ക് അനുദിനം മുന്നേറാൻ സ്ഥിരനിക്ഷേപം ദൈവമഹത്വത്തിനായി, മനുഷ്യനന്മയ്ക്കായി വിനിയോഗിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker