Meditation

കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ഒരു നിമിഷത്തെ ബന്ധമാണ് കുറ്റവാളിക്ക് നിത്യതയുടെ വാതിൽ തുറന്നു കൊടുക്കുന്നത്...

ക്രിസ്തുവിന്റെ രാജത്വത്തിരുനാൾ

പരിഹാസങ്ങളുടെയും വെറുപ്പിന്റെയും നടുവിൽ നൊമ്പരം പേറുന്ന സ്നേഹമായി ക്രൂശിതൻ രാജകീയ ശോഭയോടെ തെളിഞ്ഞുനിൽക്കുന്നു. ഇതാണ് ലൂക്കാ സുവിശേഷകൻ ചിത്രീകരിക്കുന്ന യേശുവിന്റെ രാജകീയത.

“ഇവന്‍ ദൈവത്തിന്റെ ക്രിസ്‌തു ആണെങ്കില്‍, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കില്‍, തന്നെത്തന്നെ രക്‌ഷിക്കട്ടെ” (v.35): അസ്ഥിയിൽ തൊടുന്ന തരത്തിലുള്ള പരിഹാസമാണിത്. ഒരു കൂട്ടം ജനങ്ങൾക്ക് അവന്റെ വേദന വെറും കാഴ്ച മാത്രമാണ്. ചില പ്രമാണികൾക്ക് അത് അവന്റെ ദൈവികതയെ പരിഹസിക്കാനുള്ള ഒരവസരവും. അവനെ പരിഹസിക്കുന്നതിലൂടെ ദൈവത്തെ തന്നെ പരിഹസിക്കാനുള്ള ഒരവസരം. ‘എന്ത് ദൈവമാണിത് തിരഞ്ഞെടുത്തവനെ തന്നെ മരണത്തിനായി ഏൽപ്പിച്ചു കൊടുക്കുന്നുവോ’. വിസ്മയമല്ല വരികളിൽ, പരിഹാസമാണ് ചേതോവികാരം.

“നീ യഹൂദരുടെ രാജാവാണെങ്കില്‍ നിന്നെത്തന്നെ രക്‌ഷിക്കുക” (v.37): പടയാളികൾകളും അവനെ പരിഹസിക്കുന്നു. ശക്തരായവരാണ് പടയാളികൾ. പക്ഷേ അവരുടെ ശക്തി ശാരീരികമായ തലത്തിൽ മാത്രമേയുള്ളൂ. ഉള്ളം വികൃതമായവർക്ക് മാത്രമേ നിരായുധനായ ഒരു നിഷ്കളങ്കനെ പരിഹസിക്കാൻ സാധിക്കൂ. നോക്കൂ, കുരിശിൽ കിടക്കുന്നവൻ ഒരു ഉത്തരവും നൽകുന്നില്ല. പക്ഷേ കുരിശു പിന്നീട് ഒരു കഥപറയും. അത് ഇവകൾക്കെല്ലാം ഒരു ഉത്തരവുമായിരിക്കും. കുരിശ് നമ്മളോട് സംസാരിക്കും നിർബന്ധബുദ്ധിയോടെ സ്നേഹിച്ച് മരണത്തെ ആലിംഗനം ചെയ്ത ഒരുവനെ കുറിച്ച്. എല്ലാവരാലും വിധിക്കപ്പെട്ടിട്ടും തോൽപ്പിക്കുവാൻ സാധിക്കാതെ പോയ ഒരുവനെ കുറിച്ച്. തള്ളി പറയപ്പെട്ടിട്ടും ആരെയും തള്ളിപ്പറയാത്ത ഒരുവനെ കുറിച്ച്. ജീവനേക്കാൾ മൂല്യം സ്നേഹത്തിന് തന്നെയാണെന്ന സത്യം ലോകത്തിനോട് പറഞ്ഞുകൊടുത്ത ഒരുവനെ കുറിച്ച്. അതിലുപരി കുരിശിനെ മാറോട് ചേർത്തു നിർത്തിയവന്റെ സ്നേഹം മരണത്തോടുകൂടി നശിപ്പിക്കപ്പെടാനുള്ളതല്ല എന്ന സത്യവും.

അവനോടൊപ്പം കുരിശിൽ തൂക്കപ്പെട്ടിരുന്ന ഒരു കുറ്റവാളി ഓർമ്മിക്കപ്പെടാനും സ്വീകരിക്കപ്പെടാനും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. “യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ!” (v.42): അവനരികിൽ ക്രൂശിച്ചിരിക്കുന്ന ഈ കുറ്റവാളി നമ്മുടെ ഓരോരുത്തരുടെയും പ്രതിരൂപമാണ്. ഈ കുറ്റവാളിയിൽ നമ്മളുണ്ട്. നമ്മെപ്പോലെ തന്നെ വൈരുദ്ധ്യാത്മകത നിറഞ്ഞ ഒരു വ്യക്തിത്വമാണിത്. വീണുപോയ ഒരുവനാണിത്. ചെയ്തുപോയ തെറ്റിന്റെ പേരിൽ കുരിശിൽ കിടക്കുന്നവൻ. മനുഷ്യരുടെ മുൻപിൽ ഒത്തിരി കുറവുകൾ ഉള്ളവൻ. അതേസമയം തന്നെ ദൈവത്തിന്റെ മുൻപിൽ കരുണയ്ക്കായി യാചിക്കുന്നവൻ. ദൈവത്താൽ സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നവൻ. അതെ, സ്നേഹം അന്യമായർക്ക് എപ്പോഴും സ്നേഹമായുള്ളത് ദൈവം മാത്രമായിരിക്കും. നോക്കുക, ആ കുറ്റവാളിക്ക് മേന്മ ഭാവിക്കാൻ ഒന്നും തന്നെയില്ല. അപ്പോഴും ദൈവം അവന്റെ മേന്മയോ പാപമോ പരിഗണിക്കുന്നില്ല. ദൈവത്തിൻറെ ദൃഷ്ടി പതിയുന്നത് അവന്റെ നൊമ്പരത്തിലാണ്.

“നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ!” യേശു അവനെ ഓർക്കുക മാത്രമല്ല ചെയ്യുന്നത്. അതിനേക്കാൾ വലിയൊരു കാര്യം കൂടി അവനുവേണ്ടി ചെയ്യുന്നുണ്ട്. ആ കുറ്റവാളിയെ അവൻ കൂടെ കൊണ്ടുപോകുന്നു. നഷ്ടപ്പെട്ടുപോയ ആടിനെ കണ്ടു കിട്ടിയപ്പോൾ തോളിലേറ്റി ആലയിലേക്ക് കൊണ്ടുവന്ന ഇടയനെ പോലെ ക്രൂശിതൻ തന്നോടു കൂടെ ക്രൂശിക്കപ്പെട്ടവനുമായി ഭവനത്തിലേക്ക് യാത്രതിരിക്കുകയാണ്. എത്ര സുന്ദരവും ആശ്വാസദായകവുമാണ് മരണത്തിന്റെ മുൻപിൽ നിൽക്കുന്നവനോട് മരണത്തിനതീതനായവൻ പറയുന്ന വാക്കുകൾ: “നീ എന്റെ കൂടെയായിരിക്കും”. ക്രൂശിതൻ വിഭാവനം ചെയ്യുന്ന ദൈവരാജ്യത്തിൽ ആരും ഒഴിവാക്കപ്പെടുന്നില്ല. ഇത്തിരി കരുണയുള്ള മനസ്സു മതി ആലിംഗനത്തോടുകൂടി അവന്റെ രാജ്യത്ത് പ്രവേശിക്കാൻ.

മരണമെന്ന യാഥാർത്ഥ്യത്തിന്റെ തനിമയെ വ്യക്തമായ അവബോധത്തോടെ സമീപിച്ച യേശു ആ യാഥാർത്ഥ്യത്തിന്റെ മുൻപിൽ വിഷണ്ണനായി നിൽക്കുന്ന കുറ്റവാളിയോട് പറയുന്ന വാക്കിൽ അടങ്ങിയിരിക്കുന്നത് വാചികമായ ആശ്വാസം മാത്രമല്ല. രാജകീയമായ പരിഗണന കൂടിയാണ്. രാജാവാണവൻ. പക്ഷേ അവന്റെ രാജ്യം ഐഹികമല്ല. ഐഹികമായ രാജ്യങ്ങളെല്ലാം മരണത്തിന്റെ മുൻപിൽ അവസാനിക്കുന്നവകളാണ്. അവന്റെ രാജ്യത്തിന് മരണമെന്ന മതിൽക്കെട്ടുകളില്ല. അതുകൊണ്ടാണ് മരണം മുന്നിൽ കണ്ടവനോട് യേശു പറയുന്നത് ഇന്ന് നീ എന്റെ കൂടെ പറുദീസയിലായിരിക്കുമെന്ന്. ഇത് രാജകീയമായ ഉറപ്പാണ്.

ഈ ഉറപ്പിനെ നമുക്ക് മൂന്നായി തിരിച്ച് വിശകലനം ചെയ്യാം:

ഇന്ന്: സമയ ബന്ധിതമാണ് ഈ ഉറപ്പ്. ഇപ്പോൾ, എത്രയും പെട്ടെന്ന് എന്നീ അർഥതലങ്ങളുണ്ട്. സ്നേഹം അങ്ങനെയാണ്. ഒന്നും നാളേക്ക് വേണ്ടി മാറ്റിവയ്ക്കില്ല. എല്ലാം അപ്പപ്പോൾ ചെയ്യും. അതുകൊണ്ടാണ് സ്നേഹത്തിന് എപ്പോഴും തിരക്കാണെന്ന് പറയുന്നത്. സ്നേഹത്തിൽ മടിയുമില്ല. മാറ്റിവയ്ക്കലുമില്ല. അതോടൊപ്പം തന്നെ ഓർക്കുക, ഇന്ന് എന്ന ഈ സങ്കല്പത്തിൽ നിത്യതയിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നുണ്ട്. ഇന്നിൽ നിത്യത നിഴലിക്കുന്നുണ്ട്.

എന്നോടുകൂടെ: പാപിയാണെന്ന വ്യക്തമായ ബോധ്യത്തിൽ നിന്നുമാണ് ‘നീ എന്നെ ഓർക്കണമേ’ എന്ന പ്രാർത്ഥന ഉയർന്നത്. ‘നീ എന്റെ കൂടെയായിരിക്കും’ എന്നത് അവന്റെ ഭൂതകാലത്തെ പരിഗണിക്കാത്ത ഉത്തരമാണ്. ഇതിലും വലിയൊരു ഉത്തരം ചരിത്രത്തിലെ ഒരു പ്രാർത്ഥനയ്ക്കും ലഭിച്ചിട്ടില്ല. ഭയം എന്ന വികാരത്തിൽ നിന്നുമായിരിക്കണം ‘നീയെന്നെ ഓർക്കണമേ’ എന്ന പ്രാർത്ഥന ആ കുറ്റവാളിയുടെ നാവിൽ നിന്നും ഉയർന്നത്. അപ്പോൾ ഉത്തരമായത് ‘നീ എന്റെ കൂടെയായിരിക്കും’ എന്ന സ്നേഹമെന്ന വികാരമാണ്. സംഘർഷം നിറഞ്ഞ നമ്മുടെ ചരിത്രം മതിലുകൾ പണിയുകയും അതിരുകൾ നിശ്ചയിക്കുകയും ചെയ്യുമ്പോൾ കുരിശിൽ കൈകൾ വിരിച്ചു കിടക്കുന്നവനിൽ നിന്നും വിരിയുന്നത് പങ്കുവയ്ക്കലിന്റെയും പരസ്നേഹത്തിന്റെയും പുതുനാമ്പുകളാണ്.

പറുദീസയിൽ ആയിരിക്കും: എല്ലാ തൃഷ്ണകളുടെയും ദൃഷ്ടികളെ ജ്വലിപ്പിക്കുന്ന ഏക ഇടമാണിത്. അളവറ്റ ആനന്ദത്തിന്റെ ഇടം. സ്നേഹവും വെളിച്ചവും അതിരുകളായുള്ള ഇടം. യേശു അതിന് പിതാവിന്റെ ഭവനം എന്ന പേരു നൽകി. ദൈവം വസിക്കുന്ന ഇടം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ദൈവവും മനുഷ്യനും ഒരേ മേശയിൽ പങ്കുകാരക്കുന്ന ഇടം. (ഇപ്പോൾ മനസ്സിലേക്ക് പരിശുദ്ധ കുർബാനയുടെ ചിത്രം വരുന്നുണ്ടെങ്കിൽ, ഓർക്കുക അതും ഒരു പറുദീസ അനുഭവം തന്നെയാണ്).

ക്രൂശിതനോടൊപ്പം പറുദീസായിൽ പ്രവേശിച്ചത് കുറ്റവാളി എന്ന വിശേഷണം ലഭിച്ച ഒരുവനാണ്. ഇത് വലിയൊരു പ്രത്യാശയാണ് നമുക്ക് നൽകുന്നത്. അങ്ങനെയാണെങ്കിൽ ദൈവത്തിന്റെ മുൻപിൽ ആരും നഷ്ടപ്പെടുന്നില്ല എന്ന പ്രത്യാശ. ഒരു നിമിഷത്തെ ബന്ധമാണ് ആ കുറ്റവാളിക്ക് നിത്യതയുടെ വാതിൽ തുറന്നു കൊടുക്കുന്നത്. ഒരു നിമിഷത്തെ ബന്ധം. അതും മരണ മുഖത്തിനരികിൽ വച്ച്. അത് അവനു നൽകിയത് പറുദീസയാണ്. വിശുദ്ധി എന്ന സങ്കൽപത്തിന്റെ പാരമ്പര്യ വിചാരങ്ങൾ മുഴുവനും ഇവിടെ തകിടം മറിയുന്നുണ്ട്. തെമ്മാടിക്കുഴികളുടെ ചരിത്രം തന്നെ ഇവിടെ മാറി മറിയുന്നുണ്ട്. ഓർക്കുക, പറുദീസ അത് യേശുവിന്റെ രാജ്യമാണ്. അവിടെ ആരു കയറണമെന്ന് അവൻ തീരുമാനിക്കും. അവിടേക്കുള്ള ഏക പ്രവേശന പാസ് കരുണയുള്ള മനസ്സു മാത്രമാണ്. അതു കാണുന്നവനാണ് ക്രൂശിതൻ. അതുകൊണ്ടാണ് അവൻ രാജാവ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker