Kazhchayum Ulkkazchayum

മാലാഖമാരുടെ സെൻസസ്

പ്രവർത്തി കൂടാതെയുള്ള വിശ്വാസം മൃതമാണ്...

കാനേഷുമാരി കണക്കെടുക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. വ്യക്തികളുടെ മാത്രമല്ല, സ്ഥാപന ജംഗമ വസ്തുക്കളുടെ നിജസ്ഥിതി മനസ്സിലാക്കാനും, ന്യായമായ നീതി നടപ്പിലാക്കാനും, വികസനം ത്വരിതപ്പെടുത്താനും ഉപകരിക്കുന്നതാണ്. ഇവിടെ “ജനസംഖ്യാ ഗണനം” (census) എടുക്കാൻ വരുന്നത് രണ്ട് മാലാഖമാരാണ്. ദൈവത്തിന്റെ തിരുഹിതം സത്യസന്ധമായും, ഉത്തരവാദിത്വത്തോടും, നീതിപൂർവകമായും നിർവഹിക്കുന്നവരാണല്ലോ മാലാഖമാർ!!!

ഇവിടെ മാലാഖമാർക്ക് ദൈവം രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം ശേഖരിക്കാനുള്ള ദൗത്യമാണ് നൽകിയിരിക്കുന്നത്.
ചോദ്യം 1) ദൈവത്തെ സ്നേഹിക്കുന്നവരുടെ ലിസ്റ്റ് എടുക്കുക.
ചോദ്യം 2) ദൈവം സ്നേഹിക്കുന്നവരുടെ ലിസ്റ്റ് എടുക്കുക. മാലാഖമാർ ഓരോരുത്തരെയും സമീപിച്ച് പ്രസ്തുത വിവരശേഖരണം നടത്തുകയാണ്. അങ്ങനെയാണ് 16 വയസ്സുള്ള, നാൽക്കവലയിൽ ചെരുപ്പുകുത്തിയായി ജോലിചെയ്യുന്ന “അബു”വിനെ അടുക്കൽ വന്നത്.

രാവിലെ ആറുമണി മുതൽ രാത്രി 12 മണി വരെയാണ് പ്രവർത്തന സമയം. അബുവിന്റെ വീട്ടിൽ എത്തിയപ്പോൾ സമയം രാത്രി 11.55. മാലാഖമാർ ഉറക്കത്തിലായിരുന്ന അബുവിനെ വിളിച്ചുണർത്തി. അത്ഭുതം…! വിസ്മയം…! ആശ്ചര്യം…! സമയം ഇഴഞ്ഞുനീങ്ങുകയാണ്. മാലാഖമാർ ആഗമനോദ്ദേശം വെളിപ്പെടുത്തി. “ഞങ്ങൾ ദൈവത്തെ സ്നേഹിക്കുന്നവരുടെ ലിസ്റ്റ് എടുക്കാൻ വന്നതാണ്”. അബു ഉടനെ ചോദിച്ചു; “മാലാഖേ, മാലാഖേ കയ്യിലിരിക്കുന്ന തടിച്ച പുസ്തകത്തിൽ എന്റെ പേര് ഉണ്ടോ?” മാലാഖ നോക്കിയിട്ട് പറഞ്ഞു; “ഇല്ല…അബുവിന്റെ പേരില്ല”. അബു ദുഃഖിതനായി, ആത്മശോധന ചെയ്തു. ഞാൻ സത്യസന്ധമായ ജീവിതമാണ് നയിച്ചത്. ആരുടെ പക്കൽ നിന്നും അന്യായമായി ഒന്നും സമ്പാദിച്ചിട്ടില്ല… അബുവിന്റെ കണ്ഠമിടറി. “ഇനി ഞാൻ എന്തു ചെയ്യണം” അബു മാലാഖയോട് ആരാഞ്ഞു. മാലാഖമാർ മറുപടി പറഞ്ഞു; “20 വർഷം കഴിഞ്ഞ് ഞങ്ങൾ ഇനിയും വരും…” മാലാഖമാർ നിമിഷനേരംകൊണ്ട് അപ്രത്യക്ഷരായി.

നീണ്ട 20 വർഷങ്ങൾ മിന്നിമറഞ്ഞു. വീണ്ടും രാത്രി 11.55. രണ്ടു മാലാഖമാർ പ്രത്യക്ഷപ്പെട്ടു. അബുവിനെ വിളിച്ചുണർത്തി. അബു ശ്രദ്ധിച്ചു. മുൻപ് വന്ന മാലാഖമാർ അല്ല ഇവർ. അവരുടെ കയ്യിലിരുന്ന തടിച്ച ബുക്കിനും നിറവ്യത്യാസം. അബു ആകാംക്ഷയോടെ ചോദിച്ചു; “മാലാഖേ, മാലാഖേ ദൈവത്തെ സ്നേഹിക്കുന്നവരുടെ ലിസ്റ്റിൽ അബുവിനെ പേരുണ്ടോ?” മാലാഖമാർ പുഞ്ചിരിച്ചിട്ട് മറുപടി പറഞ്ഞു; “ഞങ്ങൾ ദൈവം സ്നേഹിക്കുന്നവരുടെ ലിസ്റ്റ് എടുക്കാൻ വന്നതാണ്”. അബു തിടുക്കത്തിൽ ചോദിച്ചു; “എന്റെ പേര്…?” മാലാഖ ബുക്ക് തുറന്നിട്ട് മന്ദസ്മിതത്തോടെ പറഞ്ഞു; Mr. അബു, വയസ് 36, ജോലി ചെരുപ്പുകുത്തി. സത്യസന്ധൻ, ദൈവഭയമുള്ളവൻ, മനുഷ്യപ്പറ്റുള്ളവൻ, മറ്റുള്ളവരോട് കരുണ കാട്ടുന്നവൻ… മാലാഖ മന്ദസ്മിതംതൂകി. Mr. അബു ദൈവം സ്നേഹിക്കുന്നവരുടെ ലിസ്റ്റിൽ താങ്കളുടെ പേര് ആദ്യത്തേതാണ്… അവർ ക്ഷണനേരംകൊണ്ട് അപ്രത്യക്ഷരായി.

പ്രിയപ്പെട്ടവരെ, ഇതൊരു കഥയാണ്. സുവിശേഷ ഗന്ധമുള്ള കഥ (വിശുദ്ധ മത്തായി 25:31-46). ദൈവത്തെ സ്നേഹിക്കുന്നവരുടെ ലിസ്റ്റിൽ കയറിപ്പറ്റാൻ കഴിഞ്ഞില്ലെങ്കിലും, ദൈവം സ്നേഹിക്കുന്നവരുടെ ലിസ്റ്റിൽ ഇടം ലഭിക്കാൻ, ദൈവം ദാനമായി തന്ന ജീവിതകാലം നീതിയോടും, സത്യസന്ധതയോടും, സാഹോദര്യത്തോടും കൂടെ നമുക്ക് ജീവിക്കാൻ നിരന്തരം യത്നിക്കാം. പ്രവർത്തി കൂടാതെയുള്ള വിശ്വാസം മൃതമാണ്. കർമ്മനിരതമായ ഒരു ജീവിതം നയിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. ദൈവം കൃപചൊരിയട്ടെ!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker