Meditation

Advent IV Sunday “ദൈവദൂതനും നീതിമാനും” (മത്താ 1:18-24)

ജോസഫ് സ്വപ്നത്തിൽ ദർശിച്ചത് ചിത്രങ്ങളല്ലായിരുന്നു, വചനങ്ങളായിരുന്നു...

ആഗമനകാലം നാലാം ഞായർ

ആഗമനകാലത്തിന്റെ കാഹളങ്ങളുടെ നടുവിൽ, വെളിച്ചത്തിനു സാക്ഷ്യം വഹിക്കുന്നവരുടെ ഇടയിൽ ആരാധനക്രമം ധ്യാന വിഷയമായി നമുക്ക് നൽകുന്നത് ജോസഫ് എന്ന വ്യക്തിത്വത്തെയാണ്. സ്വപ്നങ്ങളെ അവഗണിക്കാനാകാത്തവനും ഉള്ളിൽ നിർമ്മല സ്നേഹം സൂക്ഷിക്കുന്നവനും അതിലുപരി നീതിമാനുമായ ഒരുവൻ. വാചാലത ഒഴിവാക്കി പ്രവർത്തിയിൽ അഭിരമിക്കുന്നവൻ.

മത്തായിയുടെ സുവിശേഷം തുടങ്ങുന്നത് യേശുവിന്റെ വംശാവലിയോടു കൂടിയാണ്. പിതൃ-പുത്രബന്ധത്തിന്റെ ചരിത്ര രേഖയാണ് വംശാവലി. അബ്രഹാമിൽ നിന്നും അത് ജോസഫിൽ എത്തുന്നു. പക്ഷേ പിന്നീട് രചന മുന്നോട്ടു നീങ്ങുന്നത് ജോസഫ് ഒരു ദുരന്ത കഥാപാത്രമാണ് എന്ന പ്രതീതി നൽകുന്ന രീതിയിലാണ്. പിതൃ-പുത്രബന്ധത്തിന്റെ മാനുഷിക ചരിത്രം തകരുന്നു. സുവിശേഷം കുറിക്കുന്നു; “മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്‌ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ്‌ അവള്‍ പരിശുദ്‌ധാത്‌മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു” (v.18). ജോസഫിനെ സംബന്ധിച്ച് മനസ്സിലാക്കാൻ സാധിക്കാത്ത ഒരു സംഭവമാണ് നടന്നിരിക്കുന്നത്. സ്രഷ്ടാവിനാൽ ചതിക്കപ്പെടുന്ന ഒരവസ്ഥ പോലെ! ആരെ കുറ്റപ്പെടുത്തും? ആരോട് പോയി ഈ സങ്കടം പറയും? തന്നെ കേൾക്കേണ്ടവൻ തന്നെ തനിക്കെതിരായി പ്രവർത്തിച്ചിരിക്കുന്നത് പോലെയുള്ള ഒരു തോന്നൽ. ഉള്ളിൽ പലവിധ വികാരങ്ങൾ നുരഞ്ഞ് പൊന്തുന്നു. എന്നിട്ടും അവൻ നിശബ്ദനായി നിന്നു. ആ നിശബ്ദത അവനു നൽകിയത് മനുഷ്യത്വം എന്ന ഉണർവായിരുന്നു. അങ്ങനെ അവൻ ഒരു തീരുമാനത്തിലെത്തുന്നു; എന്തു വന്നാലും ശരി മറിയം പരസ്യമായി അപമാനിതയാകരുത്. നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാൽ ഒരു അവിഹിത ഗർഭത്തിന്റെ ചിത്രമാണ് അവനു മുൻപിൽ ഉള്ളത്. ഇസ്രായേലിൽ നിന്നും നീക്കി കളയേണ്ട ഒരു തിന്മയാണത് (ന്യായ 22:22). എന്നിട്ടും അവൻ സ്നേഹത്തിന്റെ കണ്ണിലൂടെ അവളെ നോക്കുന്നു. ഇല്ല. അവൾക്കൊന്നും സംഭവിക്കാൻ പാടില്ല. അങ്ങനെയാണ് അവൻ രഹസ്യമായി അവിടെ നിന്നും മാറി നിൽക്കുവാൻ തീരുമാനിക്കുന്നത്. വിവാഹനിശ്ചയം കഴിഞ്ഞവൾ ഗർഭിണിയായിരിക്കുന്നു. പക്ഷേ പ്രതിശ്രുത വരനെ കാണ്മാനില്ല. അവൻ അവളെ രഹസ്യമായി ഉപേക്ഷിച്ചിരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ നിയമത്തിന്റെ മുൻപിൽ അവൾ ചതിക്കപ്പെട്ടവളാണ്. കല്ലെറിഞ്ഞു കൊല്ലുക എന്ന ശിക്ഷ ഇനി അവൾക്കു ബാധകമല്ല.

ജോസഫിന് മറിയത്തിനോടുണ്ടായത് നിർമ്മലമായ പ്രണയം തന്നെയായിരിക്കണം. അതുകൊണ്ടാണ് അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചതിനു ശേഷം അവന്റെ സമാധാനം നഷ്ടപ്പെടുന്നത്. ചിന്തകൾ അവനെ വേട്ടയാടാൻ തുടങ്ങി. എവിടെയും അവളുടെ മുഖം മാത്രം കാണുന്നു. നോക്കുക, സദാചാരം അതിന്റെ കരങ്ങൾ കൂട്ടിമുറുക്കിയാൽ തകർന്നു തരിപ്പണമാകാവുന്നതേയുള്ളൂ ഉള്ളിലുള്ള ഏതു പ്രണയവും. അപ്പോഴും ഓർക്കുക, സ്നേഹം മായ്ക്കപ്പെടും എന്ന അവസ്ഥ വരുമ്പോൾ സ്വർഗ്ഗം ഇടപെടും. ആ ഇടപെടൽ സുവിശേഷം സുന്ദരമായി ചിത്രീകരിക്കുന്നുണ്ട്; “അവന്‍ ഇതേക്കുറിച്ച്‌ ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ട്‌” (v.20). നിയമത്തിനു മുകളിൽ സ്നേഹത്തിന് പ്രാധാന്യം കൊടുക്കാൻ സ്വർഗ്ഗം അവനെ പഠിപ്പിച്ചു. മനുഷ്യത്വം മാറ്റിനിർത്തി ഒരു നിയമവും പ്രാവർത്തികമാക്കേണ്ട കാര്യമില്ല. ഈയൊരു യുക്തി തന്നെയാണ് യേശുവിന്റെ ഓരോ പ്രവർത്തികളിലും അടങ്ങിയിട്ടുള്ളത്. സ്വർഗ്ഗം നല്കിയിരിക്കുന്ന ഏക നിയമം സ്നേഹം മാത്രമാണ്. അതിനു വിപരീതമായ ഒന്നും നിയമം ആണെന്ന് പറയാൻ പറ്റില്ല.

ദൈവികമായ സ്നേഹത്തിനു മുമ്പിൽ മറിയം സമ്മതം മൂളുന്ന ചിത്രം ലൂക്കാ സുവിശേഷകൻ ചിത്രീകരിക്കുമ്പോൾ, മത്തായി ചിത്രീകരിക്കുന്നത് ജോസഫിന്റെ സമ്മതമാണ്. ഈ രണ്ടു ചിത്രീകരണത്തിലും മനുഷ്യത്വത്തിനും മാനവികതയ്ക്കുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ജോസഫിന്റെയും മറിയത്തിന്റെയും ജീവിതസാഹചര്യം ദാരിദ്ര്യം നിറഞ്ഞതാണ്. പക്ഷേ സ്നേഹത്തിന്റെ കാര്യത്തിൽ രണ്ടുപേരും ധനികരാണ്. അതുകൊണ്ടാണ് അവർ രണ്ടുപേരും തുറവിയുള്ള വ്യക്തിത്വങ്ങളായി സുവിശേഷത്തിൽ നിറഞ്ഞു നിൽക്കുന്നത്. തുറന്ന മനസ്സുള്ളവർക്ക് മാത്രമേ അപരന്റെ രഹസ്യാത്മകതയെ ബഹുമാനിക്കാനും അതിന് ദൈവികമായ ഒരു മാനം നൽകാനും സാധികൂ. തുറവിയുള്ളവരിലെ മാലാഖമാർ സന്ദേശങ്ങളുമായി വരൂ. കാരണം തുറന്ന ഹൃദയമാണ് ദൈവത്തിന്റെ വാതിൽ.

ജോസഫിന്റെ സ്വപ്നങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. അവൻ സ്വപ്നത്തിൽ ദർശിച്ചത് ചിത്രങ്ങളല്ലായിരുന്നു. വചനങ്ങളായിരുന്നു. അക്ഷരങ്ങളെ സ്വപ്നം കാണുമ്പോഴേ സ്നേഹം എന്ന യാഥാർത്ഥ്യത്തിന്റെ ദൈവികതയും മാനുഷികതയും നമുക്ക് മനസ്സിലാകൂ. വചനമില്ലാതെ വരുമ്പോഴാണ് സ്നേഹത്തിന് ഇടം നൽകാത്ത നിയമങ്ങളുടെ ചട്ടക്കൂടിനകത്ത് നമ്മളെല്ലാവരും ഒതുങ്ങി പോകുന്നത്. വാക്കുകൾ സ്വപ്നങ്ങളായി നമ്മിൽ പെയ്തിറങ്ങാത്ത കാലം വരെ നമ്മളും ആരോ രചിച്ച നിയമത്തിന്റെ പേരിൽ സഹജനെ കല്ലെറിയുന്നതിൽ ആഹ്ലാദം കൊള്ളും. മറിയത്തിന്റെ ഭവനത്തിൽ വന്നതു പോലെ, ജോസഫിന്റെ സ്വപ്നത്തിൽ നിറഞ്ഞു നിന്നതു പോലെ ദൈവത്തിന്റെ അക്ഷരങ്ങളുമായി ഒരു ദൂതൻ നമ്മുടെ ജീവിതത്തിലേക്കും ഇറങ്ങി വരണം. എങ്കിലേ പരസ്പരം സംരക്ഷണമായി മാറുന്ന ഒരു ജനതയായി നമ്മളും മാറൂ. അപ്പോഴും ഒരു സത്യം വിട്ടു കളയാൻ ഈയുള്ളവൻ ആഗ്രഹിക്കുന്നില്ല. ചിറകുകളില്ലാത്ത ചില മാലാഖമാർ നമ്മുടെയിടയിലുണ്ടെന്ന സത്യം. അവർ നമ്മുടെ ഭവനത്തിലുണ്ട്, സൗഹൃദത്തിലുണ്ട്, ജോലി സ്ഥലത്തുണ്ട്, വിദ്യാലയങ്ങളിലുണ്ട്, ആരാധനാലയങ്ങളിലുണ്ട്, എല്ലായിടത്തുമുണ്ട്. ആരും അറിയാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നു ദൈവീകമായ ഒരു ഉത്തേജനം പകർന്നു നൽകിയതിനു ശേഷം തിരശ്ശീലയുടെ പിന്നിലേക്ക് പോയി മറയുന്നവർ. ഒരു സെൽഫിയോ ടിക് ടോക് വീഡിയോയോ എടുക്കാതെ, നന്മമരം എന്ന ലേബലില്ലാതെ സ്നേഹത്തിന്റെ പരിമളം പരത്തുന്നവർ. അവരാണ് ഇന്നിന്റെ ദൈവദൂതരും നീതിമാന്മാരും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker