Meditation

Baptism of our Lord Jesus Christ_Year_A_”സ്വർഗ്ഗം തുറക്കുന്ന നിമിഷം” (മത്താ 3:13-17)

നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന ഉറപ്പ് നിത്യതയോളം പന്തലിച്ച ഉറപ്പാണ്...

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ

സ്നേഹത്തിന്റെ നിറവിൽ സ്വർഗ്ഗം തുറക്കപ്പെടുന്ന അനുഭവമാണ് യേശുവിന്റെ സ്നാനം. ലളിതമായ രീതിയിലാണ് മത്തായി സുവിശേഷകൻ അത് ചിത്രീകരിച്ചിരിക്കുന്നത്. ആ ചിത്രീകരണത്തിലെ ഏറ്റവും സുന്ദരമായ ഭാഗം സ്വർഗ്ഗം തുറക്കപ്പെടുന്ന രംഗമാണ്. ഇരുൾ നിറഞ്ഞ ഒരു മുറിയുടെ മേൽക്കൂരയിൽ പൊടുന്നനെ ഒരു വിള്ളലുണ്ടാകുകയും ആ വിടവിലൂടെ സൂര്യരശ്മികൾ മുറിയിൽ പതിയുന്നതുപോലെ സ്വർഗ്ഗം തുറക്കപ്പെടുന്നു. ഒരു കുഞ്ഞിനെ, ഒരു സുഹൃത്തിനെ, ഒരു പ്രണയിനിയെ വാരിപ്പുണരുന്നതിനായി വിരിയുന്ന കരങ്ങൾ പോലെ സ്വർഗ്ഗം തുറക്കപ്പെടുന്നു. ദൈവ സ്നേഹത്തിന്റെ തിങ്ങലിൽ സ്വർഗ്ഗം തുറക്കപ്പെടുന്നു. അവിടെ നിന്നും ദൈവീക ജീവൻ പുറത്തേക്കൊഴുകുന്നു. ആ തുറന്നിരിക്കുന്ന സ്വർഗവാതിലുകൾ ഇനിയാർക്കും അടക്കുവാൻ സാധിക്കില്ല.

സുവിശേഷകൻ സാക്ഷ്യപ്പെടുത്തുന്നു: “സ്വർഗ്ഗത്തിൽ നിന്നും ഒരു സ്വരം കേട്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” (v.17). യേശുവിനോടൊപ്പം ഓരോ ക്രിസ്ത്യാനികളുടെയും ഹൃദയത്തുടിപ്പുകളോടു ചേർന്നുനിൽക്കുന്ന മൂന്നു ഉറപ്പുകൾ ഈ വരികളിലുണ്ട്.

ആദ്യത്തെ ഉറപ്പ് നമ്മൾ മക്കളാണ് എന്ന ഉറപ്പാണ്. സ്വർഗ്ഗമാണ് ജന്മം നൽകുന്നത്. ജീവന്റെ ഉറവിടവും അവകാശിയും ദൈവം മാത്രം. അതുകൊണ്ടുതന്നെ നമ്മൾ എല്ലാവരും അവിടുത്തെ മക്കളാണ്. സ്വർഗ്ഗത്തിന്റെ ഒരു ക്രോമോസോം നമ്മുടെ എല്ലാവരുടെയും രക്തത്തിൽ ഓടുന്നുണ്ട്. ദൈവീകമായ ഡിഎൻഎ രക്തത്തിൽ കലർന്നിട്ടുള്ള ഏക ജീവി വർഗ്ഗം നമ്മൾ മാത്രമാണ്.

രണ്ടാമത്തെ ഉറപ്പ് ദൈവം നമ്മെ ഓരോരുത്തരെയും സ്നേഹിക്കുന്നു എന്ന സത്യമാണ്. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിന് എത്രയോ മുൻപ് നമ്മെ അറിഞ്ഞ് സത്യമാണ് ദൈവം. ആ അറിവിൽ എല്ലാ നന്മകളും അടങ്ങിയിട്ടുണ്ട്. നിന്റെ സമ്മതത്തിനു വേണ്ടി കാത്തിരിക്കുന്ന ഒരു സ്നേഹമല്ലത്. ഒന്നും പ്രതീക്ഷിക്കാതെ, ഒന്നും ആഗ്രഹിക്കാതെ നിന്നെ പ്രിയപ്പെട്ടവനായി നെഞ്ചോടു ചേർത്തു നിർത്തുന്ന സ്നേഹമാണ്. ചിലപ്പോഴൊക്കെ നമ്മളോട് പലരും പറഞ്ഞിട്ടുണ്ടാകണം; നീ നല്ല കുട്ടിയായി നിന്നാൽ ദൈവം നിന്നെ സ്നേഹിക്കുമെന്ന്. ഓർക്കുക, ഇങ്ങനെയുള്ള ഉപദേശത്തിലെ ദൈവം യേശുവിന്റെ ദൈവമല്ല. നിന്റെ ധാർമികതയെ അളന്നുതൂക്കി സ്നേഹിക്കുന്നവനല്ല അവൻ. ഇങ്ങനെയുളള ഉപദേശങ്ങളിൽ യേശുവിന്റെ ദൈവത്തിന്റെ മുന്നിലല്ല നമ്മൾ നിൽക്കുന്നത്. മറിച്ച് അവർ വിഭാവനം ചെയ്യുന്ന ഭയത്തിന്റെ മുൻപിലാണ് നമ്മളെ നിർത്തുന്നത്. യോഹന്നാന്റെ സുവിശേഷത്തിലെ യേശുവിന്റെ ഗത്സമനിയിലെ പ്രാർത്ഥന ഒന്ന് ശ്രദ്ധിക്കുക. യേശുവിനെ സ്നേഹിച്ചത് പോലെയാണ് ദൈവം നമ്മെ ഓരോരുത്തരെയും സ്നേഹിക്കുന്നുവെന്ന് അവൻ വ്യക്തമാക്കുന്നുണ്ട്. യേശു പ്രാർത്ഥിക്കുന്നു; “പിതാവേ, അങ്ങ് എന്നെ സ്നേഹിച്ചതു പോലെ തന്നെ അവരെയും സ്നേഹിച്ചുവെന്നും ലോകം അറിയട്ടെ” (17:23).

മൂന്നാമത്തെ ഉറപ്പാണ് ‘ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു’ എന്ന ഉറപ്പ്. ഏറ്റവും സുന്ദരമായൊരു ഉറപ്പാണിത്. ദൈവത്തിന്റെ ഇഷ്ടം വസിക്കുന്ന ഇടമായി നമ്മൾ മാറുന്നു. സ്വർഗ്ഗം തന്നെ നമ്മളായി മാറുന്ന സത്യമാണിത്. സ്നാനം സ്വീകരിക്കുന്നവൻ ദൈവത്തിന്റെ പ്രസാദം പരത്തുന്നവരാകുന്നു. സ്വർഗത്തിന്റെ ശേഷിപ്പുകളായി ഭൂമിയിൽ നിറയുന്നു. ദൈവത്തിന്റെ നിഴലായി മണ്ണിനെ തൊടുന്നു. ജനതകൾക്ക് നീയൊരു അനുഗ്രഹമായി മാറുമെന്ന് അബ്രഹാമിനോട് ഉറപ്പു നൽകിയ ദൈവം നീയൊരു പ്രസാദമായി മാറുമെന്ന് സ്നാനം സ്വീകരിച്ചവനോടും പറയുന്നു. ദൈവത്തിന്റെ പ്രസാദമായി മാറുന്നവന് അനന്തതയാണ് അതിര്. പക്ഷപാതം ഇല്ലാതെ സൂര്യൻ പ്രകാശം പകരുന്നത് പോലെ അവൻ മണ്ണിന് പ്രകാശമായി നിലകൊള്ളും. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മുൾവേലികൾ അവൻ പൊക്കി കെട്ടില്ല. എവിടെ ദൈവം എന്ന ചോദ്യത്തിന് അവന്റെ സാന്നിധ്യം ഒരു ഉത്തരമായിരിക്കും.

നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന ഉറപ്പ് നിത്യതയോളം പന്തലിച്ച ഉറപ്പാണ്. അത് നിന്റെ ഇന്നലകളിലെ കുറവുകളെയും ഇന്നിന്റെ അശ്രദ്ധകളെയും നാളെയുടെ ആകുലതകളെയും നിർവീര്യമാക്കുന്നതാണ്. എന്തെന്നാൽ നിന്റെ കഴിവ് നോക്കിയല്ല ദൈവം നിന്നിൽ പ്രസാദിക്കുന്നത്. ഒന്ന് ആത്മശോധന ചെയ്യുക. അത്യന്തികമായി നമ്മളെല്ലാവരും ചതഞ്ഞ ഞാങ്ങണയ്ക്ക് തുല്യമാണ്. മുനിഞ്ഞു കത്തുന്ന തിരി വെട്ടം പോലെയുമാണ്. അപ്പോഴും ശ്രദ്ധിക്കുക, “ചതഞ്ഞ ഞാങ്ങണ അവൻ മുറിക്കുകയില്ല; മങ്ങിയ തിരി കെടുത്തുകയുമില്ല” (ഏശയ്യ 42:3).

സുവിശേഷം യേശുവിന്റെ സ്നാനത്തിന് നൽകുന്ന സുന്ദരമായ ആഖ്യാനാവിഷ്കാരം നമ്മുടെ ഓരോരുത്തരുടെയും സ്നാനത്തിന്റെ പ്രതീകാത്മകമായ ചിത്രമാണ്. സ്വർഗ്ഗം തുറക്കപ്പെടുന്നു, പരിശുദ്ധാത്മാവ് പറന്നിറങ്ങുന്നു, ഭൂമിയിലെ ജലത്തുള്ളികൾക്കൊപ്പം സ്വർഗ്ഗത്തിൽനിന്നും സ്നേഹം പ്രകമ്പനമായി മുഴങ്ങുന്നു. ഇവകൾ എല്ലാം നമ്മുടെ ഓരോരുത്തരുടെയും സ്നാന സമയത്തും സംഭവിക്കുന്നുണ്ട്. സ്നാനത്തിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കപ്പെടുന്നു. അവന് ദൈവത്തിന്റെ പ്രിയപുത്രൻ എന്ന പേരും സ്ഥാനവും ലഭിക്കുന്നു. അവൻ ആത്മാവിന്റെ വാസയിടമാകുന്നു. അതിലുപരി എല്ലാ പ്രഭാതത്തിലും ജോർദാനിൽ മുഴങ്ങിയ ആ മൂന്നു വാചകങ്ങൾ നമ്മുടെ ജീവിതത്തിലും ആവർത്തിക്കപ്പെടുന്നു: എന്റെ പുത്രൻ/പുത്രി, എന്റെ സ്നേഹം, എന്റെ ആനന്ദം. അതെ, ദൈവത്തിന്റെ മക്കളാണ് നമ്മൾ. ദൈവ സ്നേഹത്തിന്റെ തിരുശേഷിപ്പുകളാണ് നമ്മൾ. ദൈവാനന്ദത്തിന്റെ അടയാളങ്ങളാണ് നമ്മൾ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker