Articles

വഴിപോക്കനും, വായിനോക്കിയും, “മാതൃഭൂമിയും” സ്വന്തം കാര്യം നോക്കൂ… വീട്ടിലെ കാര്യം നോക്കാന്‍ വീട്ടുകാര്‍ക്കറിയാം

ഞങ്ങളുടെ കുടുംബങ്ങളിലെ പെണ്‍മക്കളെ സംരക്ഷിക്കാന്‍ വേണ്ടത് എന്തുവിലകൊടുത്തും ഞങ്ങള്‍ ചെയ്തിരിക്കും...

ഫാ.നോബിൾ തോമസ് പാറക്കൽ

കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ക്കും സമുദായാംഗങ്ങള്‍ക്കും ഉള്‍വിളിയും ചൊല്‍വിളിയും ഉള്ളതിനാല്‍ത്തന്നെയാണ് നടുവു നിവര്‍ത്തി ഞങ്ങളിങ്ങനെ ജീവിക്കുന്നത്. അതിന് വഴിയേ പോകുന്നവരാരും സംശയപ്പെടുകയും ആശങ്കപ്പെടുകയും വേണ്ടാ. ഇടയലേഖനങ്ങളിലെ വിളികള്‍ പൊതുസമൂഹം അറിയാറില്ലെന്നത് മാതൃഭൂമിയടക്കമുള്ള മാധ്യമങ്ങളുടെ പഴയ എഡിഷന്‍സ് തപ്പിയാല്‍ത്തന്നെ വഴിപോക്കന് മനസ്സിലാക്കാവുന്നതേയുള്ളൂ. തള്ളുമ്പോഴും അല്പം പരിസരബോധമൊക്കെ ആകാം.

ഐഎസിനുവേണ്ടി പൊരുതിമരിച്ചതെന്നൊക്കെ അവഗാധമായി എഴുതുന്നത് കണ്ടാല്‍ത്തന്നെ ലൗജിഹാദ് വെളിപ്പെടുത്തലുകളില്‍ ആസനം പൊള്ളിയവരുടെ തലയിണമന്ത്രം ഇതിന് പിന്നിലുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പിന്നേ, 21 പേരില്‍ 10 പേര്‍ ക്രൈസ്തവരാണെന്ന പ്രസ്താവന… അത് മാത്രമല്ല സുഹൃത്തേ, വിശദമായ കണക്കും രേഖകളും വേണ്ടപ്പെട്ടവരെ ബോധിപ്പിക്കാന്‍ തയ്യാറായിട്ട് തന്നെയാണ് സീറോ മലബാര്‍ സിനഡ് പ്രസ്താവനയിറക്കിയിരിക്കുന്നത്. ആഗോളതലത്തിലെ കണക്കെടുപ്പിന് വേണ്ടി അല്പകാലം കാത്തിരിക്കുകയുമാവാം.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തോന്നിയ പോലെ ജീവിക്കാനാണ് ഭരണഘടനാപരമായ പൗരസ്വാതന്ത്ര്യം എന്ന വാദമൊക്കെ പഴഞ്ചനാണ്. നിയന്ത്രണവും അടക്കവുമില്ലാത്തവന് സ്വന്തം ആസക്തികളെ ന്യായീകരിക്കാന്‍ ഭരണഘടനയും മതഗ്രന്ഥങ്ങളും സാഹിത്യവുമൊക്കെ കൂട്ടുപിടിക്കാവുന്നതാണ്. സീറോ മലബാര്‍ നസ്രാണി സമുദായം കുടുംബത്തില്‍ പിറന്നവരുടെ കൂട്ടായ്മയാണ് (പിറപ്പുകേട് കാണിക്കുന്ന ചിലരുണ്ടെന്ന് സമ്മതിക്കുന്നു – വഴിപോക്കന് വഴി പറഞ്ഞുകൊടുത്തത് അവരാകാനും മതി). അതുകൊണ്ട് ഞങ്ങള് കുടുംബകാര്യം പറയുന്നിടത്ത് വഴിയേ പോകുന്നവരുടെ ഊത്തുപാട്ട് കേള്‍പ്പിക്കണ്ട ആവശ്യമില്ല. ആണിനും പെണ്ണിനും അടക്കിപ്പിടിക്കാനാവാത്തതാണ് പ്രണയമെന്നൊക്കെ നിങ്ങള്‍ക്ക് തോന്നിപ്പോകുന്നതല്ലേ മിസ്റ്റര്‍. മാന്യമായും പക്വമായും പ്രണയിക്കുകയും കുടുംബത്തില്‍ ജീവിക്കുകയും ചെയ്യേണ്ടതെങ്ങനെയാണെന്ന് ഞങ്ങള്‍ തിരുസ്സഭയില്‍ നിന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.

അനവസരങ്ങളില്‍ പോപ്പ് ഫ്രാന്‍സിസിനെ ഉദ്ധരിച്ച് മൂന്നാലു കേസുകളും ചൂണ്ടിക്കാട്ടിയാല്‍ നിങ്ങളാണ് കത്തോലിക്കാസഭയുടെ കപ്പിത്താനെന്ന് ഒരു സ്വയം തോന്നലുണ്ടാകും. മാതൃഭൂമിയുടെ അച്ചുകൂടത്തിലെ മഷി മുഴുവന്‍ ഉപയോഗിച്ചാലും തിരുത്തിയെഴുതാന്‍ കഴിയാത്ത സത്യം തന്നെയാണ് ലൗജിഹാദ് എന്ന ഉറപ്പുള്ളതുകൊണ്ട്… വൈദികരെയും സന്യസ്തരെയും മെത്രാന്മാരേയും നിങ്ങള്‍ ആക്ഷേപിച്ചുകൊള്ളൂ. ഞങ്ങളെല്ലാം കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഞങ്ങളുടെ കുടുംബങ്ങളിലെ പെണ്‍മക്കളെ സംരക്ഷിക്കാന്‍ വേണ്ടത് എന്തുവിലകൊടുത്തും ഞങ്ങള്‍ ചെയ്തിരിക്കും. ലൗജിഹാദ് കാരണം ഇരിക്കപ്പൊറുതിയില്ലെന്ന് തോന്നിയത് വഴിപോക്കന്റെ ആരും കപ്പല്‍ കയറി ആടുമേയ്ക്കാന്‍ പോയിട്ടില്ലാത്തതുകൊണ്ടാണ്.

വഴിയില്‍ക്കേട്ടത് നാട്ടില്‍പ്പാട്ടാക്കുന്ന പരിപാടിയാണ് മാതൃഭൂമിയുടെ സ്ഥിരം പതിവ്… അതിപ്പോ വഴിപോക്കന്‍ എന്ന പേരുമിട്ട് സ്ഥാപിച്ചെടുക്കേണ്ട കാര്യമൊന്നുമില്ല.

മറ്റുള്ളവരുടെ വേദനകള്‍ സ്വന്തമാകാത്തിടത്തോളം കാലം അതൊക്കെ വെറും കഥകള്‍ മാത്രമാണ് വഴിപോക്കാ…

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker