Articles

ഇവിടെ എല്ലാവരും സമന്മാർ…

ജോസഫിന്റെ അസ്ഥികൾ ഈജിപ്പ്റ്റിൽ നിന്ന് ഇസ്രായേലിൽ കൊണ്ട് വന്ന് പൂർവീകരുടെ അസ്ഥിയോട് ചേർത്തത് പോലെ...

ജോസ് മാർട്ടിൻ

കേരള കത്തോലിക്കാ സഭ ഏറെ വിമർശിക്കപ്പെടുന്നത് വിശ്വാസിയുടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട കല്ലറ വിവാദങ്ങളിലാണ്. തുടക്കം ഇങ്ങനെ; സ്വന്തമായി കല്ലറ വേണമെന്ന നിർബന്ധവുമായി വികാരി അച്ചനെ സമീപിക്കുന്നു. പള്ളികമ്മിറ്റിയിൽ തീരുമാനിച്ച തുക അച്ചൻ പറയുന്നു (സ്വന്തമായി കല്ലറ എന്ന ആശയം സ്ഥലപരിമിതി മൂലം പ്രോത്സാഹിപ്പിക്കാതിരിക്കാൻ പലപ്പോഴും ആ പ്രദേശത്തെ ഭൂമി വിലയേക്കാൾ വളരെ കൂടുതൽ ആയിരിക്കും പറയുന്ന തുക). പിന്നീട്, ഇത് സഭക്ക്‌ എതിരെയുള്ള കുപ്രചരണത്തിന്റെ പ്രധാന ആയുധമായി തീരുന്നു. ഒരു കുഴിക്ക് രണ്ടു ലക്ഷം വാങ്ങി, പത്തു ലക്ഷം വാങ്ങി എന്തിനേറെ മരിച്ചടക്ക് സംബന്ധിച്ച് കേരള സർക്കാരിന്റെ ഓർഡിനൻസ് വന്നപ്പോൾ കത്തോലിക്കാ സഭയുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയത്തിൽ ‘ക്രിസ്ത്യൻ സഭകളിൽ’ എന്ന പരാമർശം ഒഴിവാക്കണം എന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടപ്പോൾ, ‘സഭയുടെ കച്ചവട താൽപ്പര്യമാണ് ഇതിന്റെ പിന്നിൽ’ എന്ന കുപ്രചരണം അഴിച്ചുവിട്ട് സഭയെ പലരും കല്ലെറിഞ്ഞു.

ഇതിനെല്ലാമൊരു ഉത്തമ മാതൃകയാണ് ആലപ്പുഴ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ആലപ്പുഴ രൂപതയുടെ സിംഹാസന ദേവാലയമായ മൗണ്ട് കാർമ്മൽ കത്തീഡ്രലിലെ സിമിത്തേരി. ‘ഇവിടെ എല്ലാവരും തുല്ല്യർ’, ആർക്കും പ്രത്യേക പരിഗണനയോടെയുള്ള കല്ലറകൾ ഇല്ല, പണക്കാരനെന്നോ, പണ്ഡിതനെന്നോ, പാമരനെന്നോ ഉള്ള ഒരു വ്യത്യാസവും ഇവിടെ ഇല്ല. തട്ടുകളില്ലാത്ത, ഏറ്റകുറച്ചിലുകളില്ലാത്ത ‘നിത്യതയുടെ ലോകത്ത്‌ എല്ലാവരും സമന്മാർ’ എന്ന വീക്ഷണമാണ് കത്തീഡ്രൽ വികാരി ആയിരുന്ന ക്രിസ്റ്റഫർ അർത്ഥശേരിയിൽ അച്ചന്റെ ഈ സിമിത്തേരി നിർമ്മാണ ആശയത്തിന് പിന്നിൽ.

ക്രിസ്തു അനുയായി എന്ന് പറയുമ്പോഴും വിട്ടുവീഴ്ചാ മനോഭാവവും, നിസ്വാർഥമായ വിട്ടുകൊടുക്കലും, പസ്പരം അംഗീകരിക്കലും, നമ്മെ വിട്ടുമാറാത്ത ഈ ലോകത്തിൽ ഇതെങ്ങനെ സാധിച്ചു എന്നത് എന്നും അത്ഭുതമാണ്. അച്ചന്റെ വാക്കുകൾ ഇങ്ങനെ; ഏതാണ്ട് നാൽപ്പത്തി മൂന്നോളം കുടുബ കല്ലറകൾ ഉണ്ടായിരുന്ന സിമിത്തേരിയിൽ, ഇവരുടെ കുടുംബാ അംഗങ്ങളെയെല്ലാം വിളിച്ചു വരുത്തി, കല്ലറകൾ പൊളിച്ച്, ഭൗതീക ശരീരഭാഗങ്ങൾ എടുത്ത് വീണ്ടും ശവസംസ്ക്കാരം നടത്തുന്നതിലേക്ക് സന്നദ്ധരാക്കുക എന്നതായിരുന്നു ഏറ്റവും ശ്രമകരമായ കാര്യം. എല്ലാവരുടെയും സമ്മതത്തോടെ, അവരുടെ സാന്നിധ്യത്തിൽ ‘ജോസഫിന്റെ അസ്ഥികൾ ഈജിപ്പ്റ്റിൽ നിന്ന് ഇസ്രായേലിൽ കൊണ്ട് വന്ന് പൂർവീകരുടെ അസ്ഥിയോട് ചേർത്തത് പോലെ’, പ്രാർത്ഥനയോടെ പുതിയ കല്ലറകളിലേക്ക് മാറ്റിസ്ഥാപിച്ചു. ഒരു രണ്ടാം ശവസംസ്ക്കാരം നടത്തി. ആരും എതിർത്തില്ല. അതാണ് ഇന്ന് കാണുന്ന, എല്ലാ പള്ളികൾക്കും മാതൃക ആക്കാവുന്ന, എല്ലാവരും തുല്ല്യരായി നിത്യതയിൽ നിദ്രകൊള്ളുന്ന ഇന്നത്തെ ഈ സിമിത്തേരി.

പേരിനും പ്രശസ്ഥിക്കും വേണ്ടി കല്ലറ വിവാദങ്ങൾക്ക് തിരികൊളുത്തുന്നവർ ഒന്നോർക്കുക; ദേവാലയം കഴിഞ്ഞാൽ, ക്രൈസ്തവ വിശ്വാസികൾ ഏറ്റവും പരിപാവനമായി കരുതുന്നത് പൂർവീകരുടെ അസ്ഥികൾ അലിഞ്ഞു ചേർന്ന, കണ്ണുനീരാൽ കുതിർന്ന സിമിത്തേരിയിലെ മണ്ണാണ്. എല്ലാവരെയും സമൻമാരായി കാണുന്ന, ക്രിസ്റ്റഫർ അച്ചൻ തുടങ്ങിവച്ച സിമിത്തേരിയുടെ നവീകരണം പിന്നീട് ഇടവക വികാരിയായി സ്ഥാനമേറ്റ സ്റ്റാൻലി പുളിമൂട്ടുപറമ്പിലച്ചൻ പൂർത്തിയാക്കി.

ഇന്ന് പൂക്കളും, ചെടികളും, ഇരിപ്പിടങ്ങളും, വെളിച്ചവും ഒരുക്കി തങ്ങളുടെ പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങൾ സന്ദർശിക്കാനും, പ്രാർത്ഥിക്കാനുമായി രാത്രി 9 മണിവരെ വിശ്വാസികൾക്കായി ഈ സിമിത്തേരി തുറന്നിടുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker