Articles

‘കെരിദാ ആമസോണിയ’ (പ്രിയപ്പെട്ട ആമസോൺ): ആമസോണിന്റെ ആത്മാവറിയുന്ന അപ്പോസ്തോലിക പ്രബോധനം

"വൈവിധ്യം" അതിരുകൾ കൽപ്പിക്കുന്ന ഒരു മതിൽക്കെട്ട് ആയിരിക്കരുത്, മറിച്ച് ഒരു പാലം ആയിരിക്കണം...

സി. സോണിയ തെരേസ് ഡി.എസ്സ്.ജെ.

ആമസോൺ മേഖലയിൽ വിവാഹിതരായവരെ പൗരോഹിത്യ ശുശ്രൂഷക്കായി പരിഗണിക്കാനുള്ള സിനഡ് തീരുമാനം ഒഴിവാക്കിയും, സ്ത്രീകൾക്ക് ഡീക്കൻ പദവി നൽകുന്നതിനോട് വിയോജിച്ചും, എന്നാൽ ആമസോൺ റീത്തിനോട് അനുകൂല നിലപാട് എടുത്തുകൊണ്ടും ഫ്രാൻസിസ് പാപ്പയുടെ സിനഡാനന്തര രേഖ ‘കെരിദാ ആമസോണിയ’ (പ്രിയപ്പെട്ട ആമസോൺ).

‘പൗരോഹിത്യ ബ്രഹ്മചര്യം മാറ്റുന്നതിനേക്കാൾ എന്റെ ജീവൻ നൽകാൻ ഞാൻ തയ്യാറാണ്’ എന്ന പോൾ ആറാമൻ പാപ്പയുടെ വാക്കുകൾ ഫ്രാൻസിസ് പാപ്പാ ഉച്ചരിച്ച് കൃത്യം ഒരു വർഷം തികയുമ്പോഴും ആ വാക്കുകൾക്ക് യാതൊരുമാറ്റവും വരുത്താതെ ഫ്രാൻസിസ് പാപ്പാ.

ദിവ്യബലി അർപ്പിക്കാനും മറ്റ് കൂദാശകൾ പരികർമ്മം ചെയ്യാനും ആവശ്യത്തിന് പുരോഹിതർ ഇല്ലാത്ത ഒരു സാഹചര്യമാണ് ഇന്ന് ആമസോൺ മേഖലയിലുള്ളത്… ഉൾപ്രദേശങ്ങളിൽ ഉള്ള ആദിവാസി ഗോത്രങ്ങളിൽ പലപ്പോഴും വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ആണ് ദിവ്യബലി അർപ്പിക്കാൻ സാധിക്കുന്നത്… ഇതിനു പുറമേ കുമ്പസാരം, രോഗിലേപനം എന്നിങ്ങനെയുള്ള മറ്റു കൂദാശകളും പലപ്പോഴും ക്യത്യസമയങ്ങളിൽ വിശ്വാസികൾക്ക് സ്വീകരിക്കാൻ സാധിക്കാതെ വരുന്നു… ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ വിവാഹിതരായ പുരുഷന്മാർക്ക് പൗരോഹിത്യം നൽകുകയാണെങ്കിൽ ഒരു പരിധിവരെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ സാധിക്കുമെന്ന് സിനഡ് പിതക്കൻമാർ അഭിപ്രായപ്പെട്ടെങ്കിലും വിവാഹിതരായവർക്ക് പൗരോഹിത്യം നൽകിയാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്ന് ഫ്രാൻസിസ് പാപ്പാ അഭിപ്രായപ്പെടുകയും, ആമസോൺ ജനതയ്ക്ക് കൂദാശകൾ ഉറപ്പാക്കാൻ വൈദികരേയും വൈദിക വിദ്യാർഥികളെയും മിഷ്ണറിമാരായി ആമസോൺ മേഖലയിലേക്ക് പറഞ്ഞയ്ക്കുവാൻ ലോകം മുഴുവനിലുമുള്ള മെത്രാന്മാരോട്‌ പ്രത്യേകിച്ച് ലാറ്റിനമേരിക്കൻ മെത്രാന്മാരോട്‌ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെടുകയും ചെയ്യുന്നു.

ചില പാരമ്പര്യ വാദികൾ ഉന്നിയിച്ചിരുന്ന മറ്റൊരു വിവാദമായിരുന്നു സ്ത്രീകൾക്ക് പൗരോഹിത്യം നൽകാൻ പോകുന്നു എന്ന കെട്ടുകഥ. ആമസോൺ നിവാസികളുടെ ഇടയിൽ സ്ത്രീകൾക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം എത്തുന്ന വൈദികന്റെ അഭാവത്തിൽ ആമസോൺ മേഖലയിലെ പല ഗോത്രങ്ങളിലും സമൂഹങ്ങളിലും വിശ്വാസികൾ ഒരുമിച്ച് കൂടുകയും വചനം പങ്കുവയ്ക്കുകയും, മറ്റു പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നു. ഇങ്ങനെയുള്ള വിശ്വാസ സമൂഹങ്ങൾ നയിക്കുന്നത് മിക്കവാറും പ്രത്യേക പരിശീലനം ലഭിച്ച സ്ത്രീകളാണ്. ഡിക്കൻമാരുടെ പദവി ലഭിച്ചിട്ടില്ലെങ്കിൽ പോലും പലപ്പോഴും വൈദികരുടെ അഭാവത്തിൽ മരിച്ചവരെ അടക്കുന്നതും, രോഗികളെ സന്ദർശിച്ച് പ്രാർത്ഥിക്കുന്നതും അപ്പസ്തോല പ്രവർത്തകരായ ഈ സ്ത്രീകളാണ്.

പെന്തക്കോസ്തുസഭകൾ തെറ്റിധാരണകൾ പരത്തി ചിന്നഭിന്നമാക്കുന്ന കത്തോലിക്കാസമൂഹങ്ങൾക്ക് അപ്പസ്ത്തോല പ്രവർത്തകരായ സ്ത്രീകളുടെ ആത്മാർത്ഥമായ സേവനം വളരെ വിലപ്പെട്ടതാകയാൽ സിനഡ് പിതാക്കൻമാർ സ്ത്രീകളക്ക് ഡിക്കൻ പദവി നൽകുന്നതിനെ കുറിച്ച് വിശദമായി പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കാൻ തീരുമാനിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ശക്തരും ഉദാരമനസ്കരുമായ കുറെയേറെ സ്ത്രീകളുടെ സാന്നിധ്യം കൊണ്ടും, സുത്യർഹമായ സേവനം കൊണ്ടും മാത്രമാണ് ആമസോൺ മേഖലയിലെ ചില ഗോത്രങ്ങളിൽ ഇന്നും ക്രൈസ്തവ വിശ്വാസം നിലനിൽക്കുന്നത് എന്ന സത്യം പാപ്പ അംഗീകരിക്കുന്നെങ്കിലും സ്ത്രീകളക്ക് ഡീക്കൻ പദവി നൽകുന്നതിനോട് പാപ്പാ യോജിക്കുന്നില്ല. പരി. കന്യാമറിയത്തിന്റെ അർദ്രശക്തിയോടെ വിശ്വാസ സമൂഹത്തെ പടുത്തുയർത്താൻ മെത്രാൻമാരുടെ അനുവാദത്തോടെ പുതിയ പുതിയ സേവനങ്ങൾ ചെയ്യാൻ സ്ത്രീകളെയും അല്മായരെയും ഫ്രാൻസിസ് പാപ്പാ പ്രോത്സാഹിപ്പിക്കുന്നു.

‘പ്രിയപ്പെട്ട ആമസോൺ’ എന്ന അപ്പസ്തോലിക പ്രബോധനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആശയമാണ് ‘ആമസോൺ ജനതയ്ക്ക് വേണ്ടിയുള്ള ഒരു ആരാധനക്രമം’.

ലത്തീൻ റീത്തിനോടൊപ്പം മറ്റ് 23 വ്യക്തിഗത സഭകൾ കൂടിച്ചേർന്നതാണ് കത്തോലിക്കാസഭ. ഒരോ റീത്തിനും, ആ റീത്ത് സ്ഥിതിചെയ്യുന്ന ദേശത്തെ സംസ്കാരവും, പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുവാനുള്ള സ്വാതന്ത്ര്യം തിരുസ്സഭ നൽകുന്നു. സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ എന്നീ റീത്തുകൾ ഇടപഴകി കഴിയുന്ന കേരളത്തിലെ വിശ്വാസികൾക്ക് വ്യക്തമായി അറിയാവുന്ന ഒരു യാഥാർത്ഥ്യമാണ് പാരമ്പര്യത്തിന്റെയും, സംസ്കാരത്തിന്റെയും പേരിൽ മൂന്നു റീത്തുകളും ഒത്തിരിയേറെ വ്യത്യസ്തങ്ങൾ ആണെന്ന്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കത്തോലിക്കാ സഭയുടെ മുഖച്ഛായ എടുത്തു കാണിക്കുന്നതാണ് വ്യത്യസ്തങ്ങളായ ഈ ഇരുപത്തിമൂന്ന് റീത്തുകൾ. ആമസോൺ ജനതയുടെ പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനായും, സ്വന്തം ആത്മീയ സംസ്കാരം നിലനിർത്താൻ വേണ്ടിയും ഒരു ‘പുതിയ റീത്തിന്’ രൂപം നൽകുക എന്ന ഒരു ആശയം സിനഡ് മുന്നോട്ടു വച്ചു. ദൈവവചന പ്രഘോഷണതിനും നവസുവിശേഷ വത്കരണതിനുമായി പുതിയ റീത്ത് ഈ ആമസോൺ ജനതയെ വളരെ ഏറെ സഹായിക്കും എന്ന സിനഡ് പിതാക്കൻമാരുടെ അഭിപ്രായത്തോട് ഫ്രാൻസിസ് പാപ്പയ്ക്കും എതിരഭിപ്രായമില്ല.

വൈദികരുടെ എണ്ണം വർധിപ്പിച്ചതു കൊണ്ട് മാത്രം ആമസോൺ ജനതയുടെ വിശ്വാസ ജീവിതത്തിൽ അധികം മാറ്റങ്ങളൊന്നും വരുത്തുവാൻ സാധിക്കില്ല അതിനാൽ സന്യാസിനികളുടെയും അല്മായരുടെയും മിഷനറി ഗ്രൂപ്പുകളുടെയും സേവനങ്ങൾ അത്യന്താപേക്ഷിതമാണെന്ന് ഫ്രാൻസിസ് പാപ്പാ എടുത്ത് പറയുന്നു. കാരണം, വന്യജീവികൾ തിങ്ങിപ്പാർക്കുന്ന ഘോരവനങ്ങളിൽ ഇന്ത്യോസ് വംശജരുടെ കുടികളിൽ എത്തിപ്പെടാനുള്ള ഏകമാർഗ്ഗം വള്ളത്തിലുള്ള യാത്രയാണ്. പ്രകൃതിയുമായും അതിൽ വസിക്കുന്ന വന്യജീവികളുമായ് രമ്യതയിലായിരിക്കുന്ന ഇന്ത്യോസ് വംശജർക്ക് മാത്രമെ ആ വനാന്തരങ്ങളെ നന്നായ് മനസ്സിലാക്കാനും, എവിടെയെല്ലാം അപകടങ്ങൾ പതിയിരിക്കുന്നു എന്ന് അറിയുവാനും സാധിക്കൂ. വെള്ളത്തിൽ കൂടി സഞ്ചരിക്കുമ്പോൾ കറുത്ത ചീങ്കണ്ണിയെപ്പോലുള്ള ജലജീവികളുടെ ആക്രമണവും, കാൽനടയായി സഞ്ചരിക്കുമ്പോൾ ഒരു മനുഷ്യനെ പോലും മുഴുവനായി വിഴുങ്ങുന്ന പെരുമ്പാമ്പുകളെ പോലുള്ള വന്യമൃഗങ്ങളിൽ നിന്നുള്ള ആക്രമണങ്ങളും തിരിച്ചറിയാൻ ഇന്ത്യോസ് വംശജർക്ക് ഒരു പ്രത്യേക സിദ്ധിയുണ്ട്. ആമസോൺ വനമേഖലയ്ക്ക് പുറത്തുനിന്നുള്ള വ്യക്തികൾക്ക് ഇങ്ങനെയുള്ള പ്രതിസന്ധികളെ അതിജീവിക്കാൻ വളരെ പ്രയാസമാണ്.

“വൈവിധ്യം” അതിരുകൾ കൽപ്പിക്കുന്ന ഒരു മതിൽക്കെട്ട് ആയിരിക്കരുത്, മറിച്ച് ഒരു പാലം ആയിരിക്കണം. പരിസ്ഥിതിയെ പരിപാലിക്കുന്നതും ദരിദ്രരെ പരിപാലിക്കുന്നതും ഒഴിച്ചുകൂടാത്ത ഒന്നാണ്. കർത്താവ് നമ്മെ പരിപാലിക്കുന്നതുപോലെ നമ്മുടെ സഹോദരീ – സഹോദരന്മാരെ പരിപാലിക്കുന്നത് നമുക്ക് ഏറ്റവും ആവശ്യമായ പരിസ്ഥിതിശാസ്ത്രമാണ്. ആമസോണിയൻ ജനതയോട് ആധുനിക മനുഷ്യൻ ചെയ്ത അനീതിക്കെതിരെ നാം അവരോട് മാപ്പ് ചോദിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ പറയുന്നുണ്ട്. അത്യാധുനിക രീതിയിലുള്ള കോളണിവൽക്കരണത്തെ ശക്തമായരീതിയിൽ എതിർക്കണമെന്നും, പൈതൃക സംസ്കാരത്തെ കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും ഫ്രാൻസിസ് പാപ്പാ പുതിയ അപ്പസ്തോലിക പ്രബോധനത്തിൽ എടുത്തു പറയുന്നു.

വിനാശത്തിനും കൊലപാതകത്തിനും അഴിമതിക്കും ആക്കം കൂട്ടുന്ന സാമ്പത്തിക പ്രവർത്തനങ്ങൾക്ക് അനീതിയും കുറ്റകൃത്യവും എന്ന പേരാണ് നൽകേണ്ടത് എന്ന് ഫ്രാൻസിസ് പാപ്പാ അഭിപ്രായപെടുന്നു. ആഗോളവൽക്കരണം കൊളോണിയലിസത്തിന്റെ പുതിയ പകർപ്പായ് മാറരുതെന്ന് വി. ജോൺ പോൾ രണ്ടാമന്റെ അഭിപ്രായം ‘കെരിദാ ആമസോണിയ’ യിൽ ഫ്രാൻസിസ് പാപ്പാ എടുത്തുപറയുകയുണ്ടായി. മനുഷ്യർക്കിടയിലെ പരസ്പരബന്ധം പോലെയാണ് ആമസോണിയൻ ജനതയ്ക്ക് പ്രകൃതിയോടുള്ള ബന്ധം. നഗരങ്ങളിൽ കുടിയേറാൻ അവരെ നിർബന്ധിക്കുമ്പോൾ അവർ ഒരു യഥാർത്ഥ പിഴുതുമാറ്റം തന്നെ അനുഭവപ്പെടുന്നു എന്ന് പാപ്പാ കുറിക്കുന്നു.

ആമസോൺ മേഖലയിലെ ദരിദ്രരെ സംരക്ഷിക്കുവാൻ പ്രാർത്ഥനകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും പൊതുനന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ ഒരോ വിശ്വാസിയെയും ഫ്രാൻസിസ് പാപ്പാ ക്ഷണിക്കുന്നു. ആമസോൺ മേഖലയേയും അവിടുത്തെ ജനങ്ങളെയും പരിശുദ്ധ അമ്മയുടെ കരങ്ങളിൽ അർപ്പിച്ചുകൊണ്ട് “അമ്മേ ആമസോൺ മേഖലയിലെ പാവപ്പെട്ടവരെ നോക്കൂ… അവരുടെ വീട് നിസ്സാര താൽപര്യങ്ങൾക്കുവേണ്ടി നശിപ്പിക്കപ്പെടുന്നു…” എന്ന പ്രാർത്ഥനയോടു കൂടി ഫ്രാൻസിസ് പാപ്പാ “പ്രിയപ്പെട്ട ആമസോൺ” എന്ന അപ്പസ്തോലിക പ്രബോധനം അവസാനിപ്പിക്കുന്നു.

ആമസോണിലെ തദ്ദേശിയ ജനതകളെ സംബന്ധിച്ച ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്തോലിക പ്രബോധനം; “പ്രിയ ആമസോണ്‍”

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker