World

“ഇവിടെയായിരിക്കാനാണ് എനിക്കിഷ്‌ടം” സന്യാസത്തെ സ്നേഹിക്കുന്ന ഇന്ത്യൻ വംശജയുടെ വാക്കുകൾ

നിർബന്ധമല്ലെങ്കിൽ പോലും സന്യാസത്തിന്റെ അടയാളമായ ശിരോവസ്ത്രമണിഞ്ഞ് മാത്രമേ സിസ്റ്ററിനെ കാണാറുള്ളൂ...

സ്വന്തം ലേഖകൻ

സാൽസ്ബുർഗ്: “ഇവിടെയായിരിക്കാനാണ് എനിക്കിഷ്‌ടം” സന്യാസത്തെ സ്നേഹിച്ച, ഒടുവിൽ സന്യാസജീവിതം സ്വീകരിച്ച, കോൺവെന്റ് ജീവിതത്തിൽ പൂർണ്ണ സന്തോഷം കണ്ടെത്തിയ ഒരു ഇന്ത്യൻ വംശജയുടെ വാക്കുകളാണിത്. ഈ വാക്കുകൾ ഇന്ന് ഓസ്ട്രിയയിൽ യുവതികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിരിക്കുന്നു. “സിസ്റ്റർ മരിയ അന്നി” എന്ന അന്നി ഷോറിയാണ് കഥാനായിക.

ഡൽഹിയിൽനിന്ന് ഓസ്ട്രിയയിലെ സാൽസ് ബുർഗിലേക്ക് കുടിയേറിയ ഒരു ഹിന്ദു കുടുംബത്തിലാണ് അന്നി ഷോറി ജനിച്ചതും വളർന്നതും. സാൽസ് ബുർഗിലെ സ്കൂളിൽ മറ്റു കുട്ടികളോടൊപ്പം കത്തോലിക്ക വിശ്വാസപരിശീലനം നേടിയെങ്കിലും, അക്കാലത്ത് ജ്ഞാനസ്നാനം സ്വീകരിക്കാൻ താല്പര്യപ്പെട്ടില്ല. പഠനം തുടരുന്നതിനിടയിൽ, പ്രത്യേകിച്ചും യുവത്വത്തിൽ എത്തിയപ്പോൾ ജീവിതത്തിൽ നഷ്ടപ്പെട്ടതെന്തോ കണ്ടെത്താനുള്ള ആഗ്രഹം മനസ്സിൽ നിറഞ്ഞു.

തൊഴിൽ സ്ഥലത്തെ സഹപ്രവർത്തകയിലൂടെ യഹോവ സാക്ഷികളുടെ സഭയിൽ എത്തിപ്പെട്ടുവെങ്കിലും, യുവതിയായ അന്നി ഷോറിയുടെ ആത്മീയ അന്വേഷണങ്ങളെ തൃപ്തിപ്പെടുത്തുവാൻ അവർക്കായില്ല. അവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം യേശു ആരാണ് എന്ന് അന്നി ഷോറിയ്ക്ക് മനസ്സിലായി. എന്നാൽ, കത്തോലിക്കാ വിശ്വാസത്തെ ആഴത്തിൽ അറിയുവാനുള്ള ആഗ്രഹം അന്നിയെ കത്തീഡ്രൽ പള്ളിയിലെ നിത്യസന്ദർശകയാക്കി മാറ്റി. സാൽസ്ബുർക്ക് പട്ടണത്തിലെ വികാരി ഫാ.ഹെർമൻ ഇമ്പിങ്ങറിന്, അവളുടെ ആഗ്രഹം അറിയിച്ച് എഴുതി. അച്ചൻ ആന്നയെ പള്ളിയിലെ “സന്ധ്യാവന്ദന സ്തോത്ര പ്രാർത്ഥന”യ്ക്കായി ക്ഷണിച്ചു. ക്രമേണ യേശുവിനെ കൂടുതൽ അറിഞ്ഞു. കത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാനുള്ള ആഗ്രഹം തീവ്രമായി, അങ്ങനെ ജ്ഞാനസ്നാനം സ്വീകരിച്ച് കത്തോലിക്കാസഭയിൽ അംഗമാകാൻ തീരുമാനിച്ചു.

ആയിടയ്ക്കാണ്, ഹാലൈൻ ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സിന്റെ കോൺവെന്റിൽ ഒരു അക്കൗണ്ടന്റിന്റെ ആവശ്യമുണ്ടെന്ന പരസ്യം ശ്രദ്ധയിൽപ്പെട്ടത്. ജർമ്മനും ഇംഗ്ലീഷും ഐച്ഛിക വിഷയമായി പഠിച്ച അന്നി ഷോറി, അതുകൂടാതെ അക്കൗണ്ടിങ്ങിലും, ഓഫീസ് സെക്രട്ടറി ജോലിയിലും പ്രാവീണ്യം നേടിയിരുന്നു. ആദ്യം താല്പര്യം തോന്നിയില്ലെങ്കിലും ഒടുവിൽ ഹാലൈൻ ഫ്രാൻസിസ്കൻ സിസ്റ്റേഴ്സിന്റെ കോൺവെന്റ് ഓഫീസിൽ തന്റെ ജോലി ആരംഭിച്ചു. അത് ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു.

സിസ്റ്റേഴ്‌സിന്റെ തിരുവചന വിചിന്തന കൂട്ടായ്മയിൽ പതിയെ അന്നി ഷോറിയും പങ്കെടുക്കാൻ തുടങ്ങി. കോൺവെന്റിലെ ആത്മീയ അന്തരീക്ഷവും, സന്യാസിനികളുടെ ജീവിതശൈലിയും അന്നി ഷോറിയെ ആ ജീവിത ശൈലിയിലേക്ക് വല്ലാതെ ആകർഷിച്ചു. ഒടുവിൽ, “എനിക്കും ഇതുപോലെ ജീവിക്കണം” എന്ന തീരുമാനം അവളെ സഭയുടെ മദർ ജനറൽ സിസ്റ്റർ എമ്മാനുവേല റഷിന്റെയടുത്തെത്തിച്ചു. അങ്ങനെ തന്റെ ഇരുപത്തിയെട്ടാമത്തെ വയസ്സിൽ അന്നി ഷോറി ‘ഹാലൈൻ ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ്’ സഭയിൽ പ്രവേശിച്ചു പോസ്റ്റുലൻസിയും, നൊവിഷ്യേറ്റും വിജയകരമായി പൂർത്തിയാക്കി.

2018-ൽ ആദ്യ വാഗ്ദാനം നടത്തി. “ഞാൻ എനിക്ക് അനുയോജ്യമായ ജീവിതരീതി തെരഞ്ഞെടുത്തു” എന്നാണ് തന്റെ തീരുമാനത്തെ മനസ്സിലാക്കാൻ ബുദ്ധിമുട്ടിയ മാതാപിതാക്കളോട് സിസ്റ്റർ മരിയ അന്നി പറഞ്ഞത്. എന്തായാലും ഇന്ന് കുടുംബം അവളുടെ തീരുമാനത്തിൽ സന്തുഷ്ടരാണ്.

എന്തുകൊണ്ട് ഒരു കത്തോലിക്കാ സന്യാസിനിയായി? എന്ന ചോദ്യത്തിന് 33 കാരിയായ സന്യാസിയുടെ ഉത്തരമിതാണ്: “ദൈവവുമായുള്ള എന്റെ ബന്ധം വളർന്നതോടൊപ്പം, സന്യാസിനി ആകാനുള്ള തീരുമാനവും വളർന്നു. ദൈവമാണ് എന്നെ നയിച്ചത്”.

പല സംഭാഷണങ്ങളിലും; അവൾക്ക് എന്തെങ്കിലും നഷ്ടമായിട്ടുണ്ടോ? എന്ന ചോദ്യം ഉയർന്നപ്പോഴൊക്കെ സിസ്റ്റർ മരിയ ആനിയുടെ മറുപടി ഇങ്ങനെ: “ഈ ചോദ്യം എല്ലാവരും സ്വയം ചോദിക്കേണ്ടതാണ്. ചില കാര്യങ്ങളെ നഷ്ടപ്പെടുത്തിക്കൊണ്ട് മാത്രമേ, ഒരു കാര്യത്തിനു വേണ്ടി നമുക്ക് തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ”.

ഓസ്ട്രിയയിലെ ഹാലൈനിലെ ഓബാൽമിലെ കോൺവെന്റിൽ സിസ്റ്റർ മരിയ അന്നി സന്തോഷവതിയാണ്. മുമ്പത്തെപ്പോലെ തന്റെ കോൺവെന്റിലെ ഓഫീസ് കാര്യങ്ങളിൽ അവർ മുഴുകിയിരിക്കുന്നു. നിർബന്ധമല്ലെങ്കിൽ പോലും സന്യാസത്തിന്റെ അടയാളമായ ശിരോവസ്ത്രമണിഞ്ഞ് മാത്രമേ സിസ്റ്ററിനെ കാണാറുള്ളൂ. “ഇവിടെ ആയിരിക്കാനാണ് എനിക്കിഷ്ടം” ഏതാനും വർഷങ്ങൾക്കുള്ളിൽ നിത്യവ്രത വാഗ്ദാനത്തിനായി തയ്യാറെടുക്കുന്ന സിസ്റ്റർ മരിയ അന്നിയുടെ വാക്കുകളാണിവ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker