Articles

നോമ്പു ദിനങ്ങൾ പരിശുദ്ധ ദിനങ്ങൾ

അനുതാപമാണ് ഉപവാസത്തിന്റെ പ്രധാനമായ ചൈതന്യം...

അജി ജോസഫ് കാവുങ്കൽ

ആഗോള സഭയുടെ തലവനും പരിശുദ്ധ പിതാവുമായ ഫ്രാൻസിസ് പാപ്പയോടൊപ്പം നെറ്റിയിൽ ചാരം കൊണ്ട് കുരിശു വരച്ച്, മറ്റു കത്തോലിക്കാ സമൂഹങ്ങൾക്കൊപ്പം നമ്മളും വലിയ നോമ്പിലേക്ക് പ്രവേശിച്ചു. വിശ്വാസികളൊന്നടങ്കം ഉപവാസം, ആശയടക്കം, മംസാഹാരവർജനം, ആഡംബരങ്ങൾ ഒഴിവാക്കൽ എന്നിവയിലൂടെ നോമ്പ് ആചരിക്കാൻ ഹൃദയങ്ങൾ ഒരുക്കി.

മദ്യം, പുകവലി തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ ഉപേക്ഷിക്കുന്നവർ മുതൽ, സൈബർ ലോകത്തെ പ്രവർത്തനം ഉപേക്ഷിക്കുന്നവർ വരെ നീണ്ടുപോകുന്നു നോമ്പിന്റെ വർജ്ജന രീതികൾ. കൂടാതെ, നോമ്പ് കാലത്ത് ഏതെങ്കിലുമൊരു സമയത്തെ ഭക്ഷണം പൂർണ്ണമായും ഉപേക്ഷിക്കുക, വെള്ളിയാഴ്ച ഒരുനേരം ഭക്ഷണം കഴിക്കുക, സൂര്യാസ്തമയം വരെ ഭക്ഷണപാനീയങ്ങൾ വർജിക്കുക തുടങ്ങി നോമ്പിന് വിവിധ രൂപങ്ങളാണുള്ളത്. കുട്ടികളും പ്രായമായരും അസുഖമുള്ളവരും ഒഴിച്ച് എല്ലാവരും നോമ്പ് അനുവർത്തിക്കേണ്ടതാണെന്ന് സഭ നിഷ്കർഷിക്കുന്നുണ്ട്.

ക്രിസ്തീയ സഭകളിൽ വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങൾ അനുവർത്തിക്കുന്നതുപോലെ നോമ്പ് ആചരിക്കുന്ന കാര്യത്തിലും വ്യത്യസ്ത രീതികളും വ്യത്യസ്ത സമയക്രമങ്ങളുമാണുള്ളതെന്നും നമുക്കറിവുള്ളതാണ്.

പാപബോധവും പശ്ചാത്താപവും വർധിപ്പിക്കണമേയെന്നും, പുതിയൊരു ജീവൻ നൽകി രക്ഷിക്കണേയെന്നുമുള്ള പ്രാർത്ഥനയും നോമ്പുകാലത്തിന്റെ പ്രത്യേകതയാണ്. പാപം രോഗമാണെന്നും ഈ രോഗത്തിൽ നിന്നുള്ള വിടുതലാണ് പാപിക്ക് ആവശ്യമെന്നും സഭ പഠിപ്പിക്കുന്നു.

അനുതാപമാണ് ഉപവാസത്തിന്റെ പ്രധാനമായ ചൈതന്യം. ഭക്ഷണ പാനീയങ്ങൾ വെടിയുന്നത് മാത്രമല്ല, കോപവും, അസൂയയും, ദ്രവ്യാഗ്രഹവും, വെടിഞ്ഞു കൊണ്ടാകണം ഉപവസിക്കാൻ. അതായത്, ദു:ഖിതരിലേയ്ക്ക് സ്‌നേഹത്തിന്റെ കരം നീട്ടി, അപരനെ സഹായിച്ച്, സഹജരെ സേവിച്ച്, അലസത വെടിഞ്ഞ്, അഗതികളെ കനിവോടെ സ്‌നേഹിച്ചും വേണം നോമ്പ് നോക്കാൻ എന്നർത്ഥം.

മനസിൽനിന്നും അനാവശ്യ ചിന്തകൾ അകറ്റി, നിർമ്മലവും സുന്ദരവുമായ ചിന്തകൾ നിറയ്‌ക്കേണ്ടതും അത്യന്താപേക്ഷിതമാണ്. പ്രാർത്ഥനയുടെ ചൈതന്യത്തിൽ എന്തെങ്കിലുമൊക്കെ കുറവുകൾ വന്നിട്ടുണ്ടെങ്കിൽ അതും നികത്തി വേണം നോമ്പ് അനുഷ്ഠിക്കുവാൻ.

ഉത്തമമായ ഉപവാസം ഔഷധം പോലെയാണെന്നും, പാപത്തിന്റെ ഫലമായി അന്തരാത്മാവിൽ ഉണ്ടായിട്ടുള്ള മുറിവുകൾ നോമ്പും ഉപവാസവും വഴി സൗഖ്യപ്പെടുമെന്നും, നോമ്പിനെയും ഉപവാസത്തെയും ശക്തമായ സംരക്ഷണ കവചമാക്കിയ കർത്താവിന് സാത്താനെതിരായ പോരാട്ടത്തിൽ ഇവ ശക്തമായ ആയുധമായിരുന്നുവെന്നതും നമുക്ക് കൂടുതൽ ശക്തിപകരും. അങ്ങനെ, കർത്താവ് നമുക്ക് നൽകിയ ഉപവാസമാകുന്ന ആയുധം ശരിയായ വണ്ണം ഉപയോഗിക്കേണ്ട സമയക്രമമാണ് ഈ നോമ്പുകാലം.

ഉപവാസം സത്യവും നീതിയും നിറഞ്ഞതായിരിക്കണമെന്നും, നോമ്പിനെ എളിമയോടെ സമീപിക്കണമെന്നും, യഥാർത്ഥ ഉപവാസം വലിയൊരു നിധിയാണെന്നുമുള്ള ധാരാളം ഉൾക്കാഴ്ചകൾ വിശുദ്ധ ഗ്രന്ഥം നമുക്ക് നൽകുന്നുണ്ട്. കാൽവരിയിലേക്ക് സഞ്ചരിക്കാനുള്ള ഊർജം ഈ വലിയ നോമ്പിൽ നിന്ന് നമുക്ക് ശേഖരിക്കാം. സ്വന്തം കുരിശുമെടുത്തുകൊണ്ട് ഇടറിയ കാലടികളോടെ, രക്തം ഒഴുകുന്ന ശരീരത്തിൽ വീഴുന്ന ചാട്ടവാറടിയേറ്റ്, സഹനത്തിന്റെ കാൽവരിയിലേക്ക് നടന്നു കയറിയ രക്ഷകന്റെ പാതകളെ പിന്തുടരാൻ ഈ ഊർജ്ജത്തിന് കഴിയും.

യഥാർത്ഥത്തിൽ, അവിടുത്തെ സഹനം മാത്രമല്ല കാൽവരിയിൽ നമുക്ക് കാണാൻ കഴിയുന്നത്. മറിച്ച്, യേശുവിന്റെ ക്ഷമയും, കരുതലും, പ്രത്യാശയും, പാപപരിഹാരവുമൊക്കെ നമുക്ക് കാൽവരിയിൽ കാണാൻ കഴിയും. കാൽവരിയിലേക്കുള്ള യാത്രയെന്നു പറയുന്നത് വേദന നിറഞ്ഞതാണ്. എങ്കിലും അവൻ പറയുന്നത് ‘നിങ്ങൾ എനിക്കു വേണ്ടിയല്ല, നിങ്ങളുടെ മക്കൾക്ക് വേണ്ടി’ കരയാനാണ്. അപ്പോഴും അവൻ തന്നെ ദ്രോഹിച്ചവർക്കുവേണ്ടി പിതാവിനോട് ക്ഷമ ചോദിക്കുന്ന കാഴ്ചയും കാൽവരിയിൽ കാണാം.

”ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കുമെന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു”വെന്നു പറഞ്ഞ് നല്ല കള്ളന് പ്രത്യാശ നൽകുന്നു. അമ്മയെ ശിഷ്യനെ ഏൽപ്പിക്കുന്ന കരുതലും കാൽവരിയിൽ നമുക്ക് കാണാൻ കഴിയുന്നു. ഈ ജീവിതാനുഭവങ്ങളൊക്കെ നമുക്കും ജീവിതത്തിൽ കൊണ്ടുവരാൻ കഴിയണം ഈ നോമ്പുകാലത്ത്. കഴിഞ്ഞില്ല, കാൽവരിയിലെ അവന്റെ മരണത്തിലല്ല ഉയിർപ്പിലാണ് ക്രിസ്ത്യാനിയുടെ പ്രത്യാശ. ആ പ്രത്യാശയിലേക്കാണ് ഈ നോമ്പ് നമ്മെ നയിക്കുന്നത്.

ദൈവപുത്രനെപ്പോലെയാകാൻ നമുക്ക് സാധിക്കുന്നില്ലെങ്കിലും, അവനിലെ ഒരംശമെങ്കിലും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഈ വലിയ നോമ്പിൽ നമുക്ക് കഴിയേണ്ടതല്ലേ?
ഞാനും ഒരു ക്രിസ്ത്യാനിയാണെന്ന് വെറുതെ പറയുക മാത്രമല്ല, അവന്റെ സന്ദേശം ജീവിതത്തിൽ പകർത്താൻ കൂടി കഴിയണം.

കർത്താവിനോടു കൂടി വസിക്കേണ്ട സമയമാണ് നോമ്പുകാലം… മാനസാന്തരത്തിന്റെയും അനുതാപത്തിന്റെയും ദിനങ്ങൾ… വിശ്വാസത്തിൽ ബലപ്പെടുവാനും, രക്ഷയുടെ പ്രത്യാശയിലേക്കു വളരുവാനും ഈ വലിയ നോമ്പ് നാമോരുത്തരെയും സഹായിക്കട്ടെ…

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker