World

ചൈനീസ് സര്‍ക്കാരും വത്തിക്കാനും തമ്മിലുള്ള ചര്‍ച്ചകള്‍ ഫലവത്താകുമെന്ന പ്രതീക്ഷയില്‍ പാട്രിയോട്ടിക്ക് അസോസിയേഷന്‍

ബെയ്ജിംഗ്: ആഗോള സഭയില്‍ നിന്നും വിട്ടുനില്‍ക്കണമെന്നോ, ആഗോള സഭയുടെ പാതയില്‍ നിന്നും വേര്‍പിരിഞ്ഞ് നടക്കണമെന്നോ തങ്ങള്‍ക്കാര്‍ക്കും ആഗ്രഹമില്ലെന്ന് ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത സഭയായ പാട്രിയോടിക്ക് അസോസിയേഷന്‍റെ വൈസ് പ്രസിഡന്റും ഹായിമേനിലെ മെത്രാനുമായ ജോസഫ് ഷെന്‍ ബിന്‍. ചൈനയിലെ എല്ലാ സഭകളും തന്നെ മാര്‍പാപ്പായുടെ കീഴിലായിരിക്കണമെന്നാണ് രാജ്യത്തെ വിശ്വാസികളുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറ്റാലിയന്‍ മാധ്യമമായ ‘വത്തിക്കാന്‍ ഇന്‍സൈഡര്‍’നു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

ഒരേ മുന്തിരിചെടിയിലെ ചില്ലകളാണ് നമ്മള്‍. മാര്‍പാപ്പായുടെ അജപാലകപരമായ നിര്‍ദ്ദേശങ്ങള്‍ നമുക്കാവശ്യമുണ്ട്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമുക്ക് പരസ്യമായി മാര്‍പാപ്പാക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കഴിയുകയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി, ഇപ്പോള്‍ എല്ലാ വിശുദ്ധ ബലികളിലും മാര്‍പാപ്പാക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. കൂടാതെ ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളും, ആഴ്ചതോറുമുള്ള പ്രസംഗങ്ങളും നിത്യവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെടുന്നു. ‘സര്‍പ്പങ്ങളെപ്പോലെ വിവേകികളും, പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിന്‍’ എന്ന സുവിശേഷ വാക്യമുദ്ധരിച്ചുകൊണ്ടാണ് ചൈനയിലെ മെത്രാന്‍മാര്‍ തമ്മില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു അദ്ദേഹം പരാമര്‍ശിച്ചത്.

സര്‍ക്കാര്‍ അംഗീകൃത ഔദ്യോഗിക പാട്രിയോടിക്ക് കത്തോലിക്കാ സഭയും, ക്ലാന്‍ഡെസ്റ്റൈന്‍ എന്നറിയപ്പെടുന്ന വത്തിക്കാന്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭസഭയും തമ്മിലുള്ള അനുരജ്ഞനം സാധ്യമാകുമെന്നും, ഇപ്പോള്‍ ചൈനീസ് സര്‍ക്കാരും വത്തിക്കാനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ ഫലവത്താകുമെന്നു തന്നെയാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 2000-ല്‍ കത്തോലിക്കാ സഭയുടെ അംഗീകാരത്തോട് കൂടിയാണ് 47കാരനായ ജോസഫ് ഷെന്‍ ബിന്‍ മെത്രാന്‍ പട്ടം സ്വീകരിച്ചത്. ചൈനീസ് ഗവണ്‍മെന്റ് ഇദ്ദേഹത്തെ അംഗീകരിക്കുന്നുണ്ട്.

നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്‌. മെത്രാന്‍ നിയമനം മാര്‍പാപ്പയുടെ അംഗീകാരത്തിനു കീഴിലല്ലാത്തതിനാല്‍ വത്തിക്കാന്‍ ഇത്‌ അംഗീകരിക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ വത്തിക്കാനും ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിന് അടക്കം വിള്ളല്‍ വീണിരിന്നു. എന്നാല്‍, ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സമൂഹങ്ങള്‍, മാര്‍പാപ്പയുടെ അപ്രമാദിത്വത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. ഇവരെ സര്‍ക്കാര്‍ വിരുദ്ധരായി കണക്കാക്കുന്നതിനാല്‍ ഭൂഗര്‍ഭ അറകളിലാണ് ആരാധന നടക്കുന്നത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker