Kerala

കൊറോണാ നിയന്ത്രണത്തിലെ കപടതകൾ

ഇരുസർക്കാരുകളുടെയും ആത്മാർത്ഥതയെ പ്രശംസിക്കുന്നതിനോടൊപ്പം കപടതയുടെമുഖവും സാധാരണ ജനങ്ങളെ തെല്ലൊന്നുമല്ല സംശയത്തിലാഴ്ത്തുന്നത്...

സ്വന്തം ലേഖകൻ

കൊറോണ എന്ന മഹാമാരി ലോകം മുഴുവനെയും കീഴടക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. ചൈനയിൽ നിന്നാരംഭിച്ച് ലോകത്തെ മുഴുവൻ ഭീതിയുടെയും, കടുത്തനിയന്ത്രണങ്ങളുടെയും മധ്യത്തിലേയ്ക്ക് തള്ളിവിട്ട കൊറോണയെ നിയന്ത്രണ വിധേയമാക്കുന്നതിന് ശാസ്ത്രീയമായ രീതികളൊന്നും തത്ത്വത്തിൽ ലഭ്യവുമല്ല. ഈ അവസരത്തിൽ ഭാരതത്തിൽ കേന്ദ്രസർക്കാരും, കേരളത്തിൽ സംസ്ഥാന സർക്കാരും കൊണ്ടുവരുന്ന നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും കരുതൽ നടപടികളും ഏറെ പ്രശംസനീയമാണ്. പ്രത്യേകിച്ച് കേരള സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നടപടികൾ വികസിത രാജ്യങ്ങളെപ്പോലും അതിശയിപ്പിക്കുന്നതുമാണ്. അതേസമയം, ഇരുസർക്കാരുകളുടെയും ആത്മാർത്ഥതയെ പ്രശംസിക്കുന്നതിനോടൊപ്പം കപടതയുടെമുഖവും സാധാരണ ജനങ്ങളെ തെല്ലൊന്നുമല്ല സംശയത്തിലാഴ്ത്തുന്നത് എന്ന് പറയാതെ വയ്യ.

കേന്ദ്രസർക്കാർ ഒരു ആരോഗ്യ അടിയന്തരാവസ്ഥയോ അല്ലെങ്കിൽ ഒരു സാധാരണ അടിയന്തരാവസ്ഥയോ പ്രഖ്യാപിക്കുന്നതിനുള്ള ഒരു ‘ട്രയൽ’ മാത്രമാണ് ‘ജനതാകർഫ്യൂ’ എന്ന് ജനങ്ങളുടെ ഇടയിൽ ഒരു ചർച്ച ഉണ്ട്. സാധാരണയായി നമ്മുടെ നാട്ടിൽ ഞായറാഴ്ച എല്ലാവരും ഭവനങ്ങളിൽ തന്നെ കഴിഞ്ഞുകൂടാൻ ആഗ്രഹിക്കുന്നവരാണ്. തുറന്നു പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളും നന്നേ കുറവ്. ഇതിന് അപവാദമായി പ്രവർത്തിക്കുന്നവരോട് സഹകരിക്കാൻ പറയുന്നതിന് പകരം ‘ഞായറാഴ്ച’ മാത്രം അപ്രഖ്യാപിത അടിയന്തരാവസ്ഥ ആഹ്വാനം ചെയ്യുന്നത് ആർക്കെതിരെയുള്ള ഒളിയമ്പാണെന്ന് തിരിച്ചറിയാനുള്ള വിവേകം ആർക്കും കൈമോശംവന്നിട്ടില്ല. ഞായറാഴ്ചകളിൽ കുർബാനകൾ കൂട്ടി കുർബാനയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ ശ്രമിക്കണം എന്ന് നിർദ്ദേശിച്ച അഭിവന്ദ്യ പിതാക്കന്മാർ ‘ഓൺലൈൻ’ കുർബാന വിശ്വാസസമൂഹത്തിന് നിർദ്ദേശിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ നിർദ്ദേശത്തോട് ‘സഹകരിക്കുന്നു’. എന്നാൽ, ഈ ആത്മാർത്ഥതയെയും സഹകരണത്തെയും മുഴുവൻ ചോദ്യം ചെയ്യുന്ന ഒരു നടപടി പ്രധാനമന്ത്രിയുടെ മൂക്കിനുതാഴെ, ഏറ്റവും വിശ്വസ്തനായ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടും അതിനെ കാണാതെ പോകുന്നതോ, മനസ്സിലാക്കാതെ പോകുന്നതോ തികച്ചും നിരുത്തരവാദിത്തപരമാണ്. (ചൈനയും ഇറ്റലിയും കഴിഞ്ഞാൽ കോവിഡിന്റെ പ്രഭവകേന്ദ്രമായി ഇന്ത്യ മാറുന്ന സാഹചര്യമുണ്ടെന്നും, ഏപ്രിൽ പതിനഞ്ചോടെ പത്തിരട്ടിയോളം രോഗബാധിതർ ഉണ്ടാകാനുള്ള ആശങ്ക നിലനിൽക്കുന്നുവെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിലെ advanced research in virology യുടെ മുൻ തലവൻ ഡോ.ടി.ജേക്കബ് പറഞ്ഞത് തള്ളിക്കളയാനാകില്ല). ഇതിനോടകം ‘കൊറോണ’ വൈറസിന്റെ വ്യാപനത്തിൽ മുന്നിലുള്ള ഉത്തർപ്രദേശിൽ മാർച്ച് 25 മുതൽ നടത്താൻ ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന രാമനവമി, പൊതുജന പങ്കാളിത്തം കൊണ്ട് ഈ സാഹചര്യത്തിൽ അത്യന്തം അപകടകരമാണ്. ലക്ഷങ്ങളുടെ കൂട്ടായ്മയെ നിഷേധിക്കാതെയും നിരോധിക്കാതെയും, വിരലിലെണ്ണാവുന്ന ആളുകളുടെ കൂട്ടായ്മയെ നിഷേധിച്ച്, ജനതാകർഫ്യൂ പ്രഖ്യാപിക്കുന്നതും, ‘പാത്രം കൊട്ടൽ’ എന്ന പ്രഹസനം നടത്തുന്നതും, അതിനെ അന്ധമായി പിന്താങ്ങുന്നതും രാജ്യത്തിന്റെ എല്ലാ സന്തുലിതാവസ്ഥയെയും, പ്രത്യേകിച്ച് ആരോഗ്യ സുരക്ഷയെയും അപകടകരമായി ബാധിക്കുമെന്നതിൽ സംശയമില്ല.

ഇനി കേരള സർക്കാരും ഈ പൊള്ളത്തരത്തിൽ ഒട്ടും പിന്നിലല്ല. കേരള സർക്കാർ ചെയ്യുന്ന എല്ലാ പ്രതിരോധ പ്രവർത്തനങ്ങളോടുമുള്ള സർവ്വ ആദരവോടുംകൂടി പറയട്ടെ: കള്ളൻ കയറാതിരിക്കാൻ വീടിന്റെ പിൻവാതിലും വശങ്ങളിലെ വാതിലും അടച്ച് ഭദ്രമാക്കി കാവൽ ഏർപ്പെടുത്തിയിട്ട്, മുൻ വാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്ന വിഡ്ഢിത്തരമാണ് സർക്കാർ ഇപ്പോൾ കാണിക്കുന്നത്. കേരള ജനത എല്ലാ ആൾക്കൂട്ട നിയന്ത്രണങ്ങളേയും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ ലാഭത്തിനുവേണ്ടി കുടുംബങ്ങൾക്കോ സമൂഹത്തിനോ ഗണ്യമായ യാതൊരു പ്രയോജനവുമില്ലാത്ത ബിവറേജുകൾ തുറന്നുവച്ച് എന്ത് ധാർഷ്ട്യമാണ് ഈ സർക്കാർ പുലർത്തുന്നത്. ഏതായാലും മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും അതിനുള്ള ധൈര്യമോ ആത്മാർത്ഥതയോ ഇല്ലെന്ന് ഇതിനോടകം തന്നെ വ്യക്തമായി തെളിയിച്ചിട്ടുണ്ട്. ഖജനാവ് കാലി ആകാതിരിക്കാൻ എന്തിനെയും അവർ ബലി കൊടുക്കും. എന്നാൽ കേരള ജനതയ്ക്ക് വേണ്ടി കണ്ണും കാതും കൂർപ്പിച്ച് കരുതലോടെ കാവലിരിക്കുന്ന ടീച്ചർ അമ്മയോട് ഒരു അഭ്യർത്ഥനയുണ്ട്: ‘വൈറസ്’ എന്ന സിനിമയിലെ മന്ത്രിസഭായോഗങ്ങളിലെ നിസ്സംഗതയും നിശബ്ദതയും സത്യവിരുദ്ധമാണ് എന്ന് പ്രസ്തുത സിനിമയുടെ സംവിധായകനോട് പറഞ്ഞ വാക്ക് ആത്മാർത്ഥമെങ്കിൽ ഈ ബീവറേജുകളും ബാറുകളും താൽക്കാലികമായി അടപ്പിയ്ക്കണം. അല്ലെങ്കിൽ, നമ്മൾ എടുക്കുന്ന എല്ലാ നടപടികളും ജലരേഖകളാകും. വൈറസിനെ നേരിടാൻ കേരളമോഡൽ സൃഷ്ടിക്കുന്ന എന്ന് അവകാശപ്പെട്ട നമ്മൾ, ജനങ്ങളെ കബളിപ്പിച്ച് അവരെ ബലികൊടുക്കുന്ന കപടന്മാരാകും.

‘നിപ്പ’യല്ല ‘കൊറോണ’യെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker