Articles

എന്താണ് പൊതുപാപമോചനം, എന്താണ് പുതിയ ഡിക്രി

നിലവിലെ സാഹചര്യങ്ങൾ മാറുമ്പോൾ കുമ്പസാരിക്കുമെന്ന് ദൈവത്തിന് വാക്കുനൽകുകയും വേണം...

ജോസ് മാർട്ടിൻ

കൊറോണ (കോവിഡ്-19) മുൻകരുതലുകളും നിർദേശങ്ങളുമായി അതാത് രൂപതാധ്യക്ഷൻമാർ തങ്ങളുടെ കാനോനിക അധികാരത്താൽ വിശുദ്ധവാര തിരുകർമ്മങ്ങളിലും പാരമ്പര്യ ആരാധനാ ക്രമങ്ങളിലും താൽകാലികമായി ചില മാറ്റങ്ങൾ വരുത്തി, വിശ്വാസികൾ ദേവാലയത്തിൽ പാലിക്കപ്പെടേണ്ട സുരക്ഷാ മുൻകരുതൽ നിർദേശങ്ങൾ നൽകിവരുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ ഇത് അനിവാര്യവുമാണ് എന്നതിൽ സംശയമില്ല.

സാധാരണ വിശ്വാസിയെ സംബന്ധിച്ച് വിശുദ്ധ വാരത്തിൽ ആണ്ടുകുമ്പസാരം നടത്തുക എന്നത് വിശ്വാസപരമായി വളരെ പ്രാധാന്യമുള്ളതാണ്. പിതാക്കൻമാരുടെ സർക്കുലറുകളിൽ പറഞ്ഞിരിക്കുന്ന പൊതു പാപമോചനം അത്ര പരിചിതമല്ല. അതിനാൽത്തന്നെ, ഇതിനെക്കുറിച്ച് സംശയങ്ങളും ഉണ്ടാവാം.

എന്താണ് പൊതു പാപമോചനം?

പുരോഹിതനോട്‌ നേരിട്ടുള്ള ഏറ്റുപറച്ചിൽ കൂടാതെ ചില പ്രത്യേക സാഹചര്യങ്ങളിൽ ഒരേസമയം അനുതാപികൾക്ക് ‘പൊതു പാപമോചനം’ നൽകുന്ന ക്രമമാണിത്. അനുതാപശുശ്രൂഷയുടെ എല്ലാ ഘടകങ്ങളും, അനുതാപത്തിന്റെ ആവിഷ്ക്കാരം മുതൽ പാപമോചനാശീർവ്വാദം വരെ, ഈ ക്രമത്തിൽ പൊതുവാണ്.

1) ഏതൊക്ക സഹാചര്യങ്ങളിൽ പൊതു പാപമോചനം നൽകാൻ സഭ അനുവദിക്കുന്നു?

മരണാസന്നാവസ്ഥയുണ്ടായിരിക്കുക. അതായത് ഇപ്പോഴത്തെ സാഹചര്യത്തിൽ കൊറോണ (കോവിഡ്-19) പോലുള്ള വൈറസ് പടരാൻ സാധ്യതയുള്ള അവസരത്തിൽ, തങ്ങളുടെ കുറ്റത്താലല്ലാതെ കൗദാശിക വരപ്രസാദമോ, ദിവ്യകാരുണ്യ സ്വീകരണമോ കുറേകാലത്തേക്ക് അവർക്ക് ഇല്ലാതെ വരികയും ചെയ്യുന്ന സാഹചര്യങ്ങളിൽ പൊതുപാപമോചനം സഭ അനുവദിക്കുണ്ട്.

2) പൊതു പാപമോചനത്തിനായി നാം ഒരുങ്ങേണ്ടതെങ്ങിനെ?

പൊതു പാപമോചനം ക്രൈസ്തവ വിശ്വാസികൾ പ്രാപിക്കുമ്പോൾ, ആ വ്യക്തിക്ക് ശരിയായ ഒരുക്കം ഉണ്ടായിരിക്കണം എന്നതിനു പുറമേ ഇപ്പോൾ ഏറ്റുപറയാൻ സാധിക്കാത്ത മാരകപാപങ്ങൾ, അനുകൂല സാഹചര്യം വരുമ്പോൾ വ്യക്തിപരമായി പുരോഹിതനോട്‌ ഏറ്റുപറയാനുളള ഉദ്ദേശത്തോടെ ആയിരിക്കണം പൊതു പാപമോചനത്തിനായി ഒരുങ്ങേണ്ടത്. (സാന്താ മാർത്തയിലെ ദിവ്യബലിമധ്യേ പാപ്പായുടെ വാക്കുകൾ ഇങ്ങനെ: അനുരജ്ഞന കൂദാശ സ്വീകരിക്കാൻ വൈദികനില്ലാത്തപക്ഷം നിങ്ങൾ ദൈവത്തോട് സംസാരിക്കണം, സത്യം തുറന്നുപറയണം. പൂര്‍ണ്ണ ഹൃദയത്തോടുംകൂടെ പശ്ചാത്താപത്തോടെ മാപ്പപേക്ഷിക്കണം. നിലവിലെ സാഹചര്യങ്ങൾ മാറുമ്പോൾ കുമ്പസാരിക്കുമെന്ന് ദൈവത്തിന് വാക്കുനൽകുകയും വേണം. അപ്പോള്‍ തത്സമയം ദൈവ കൃപ ലഭിക്കും).

3) വത്തിക്കാൻ പ്രഖ്യാപിച്ച പുതിയ ഡിക്രി എന്തുപറയുന്നു?

കൊറോണ വൈറസ് ബാധിച്ചവർക്കും, അവരെ ശുശ്രൂഷിക്കുന്നവർക്കും പ്രത്യേക ദണ്ഡവിമോചനം പ്രഖ്യാപിച്ചുകൊണ്ട് പരിശുദ്ധപിതാവിന്റെ പുതിയ ഡിക്രി വത്തിക്കാന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പകർച്ചവ്യാധി ഏറ്റവും കൂടുതൽ വ്യാപിച്ച പ്രദേശങ്ങളിൽ, പ്രസ്തുത സാഹചര്യം അവസാനിക്കുന്നതുവരെ മാനദണ്ഡങ്ങൾ പ്രകാരം പൊതുദണ്ഡവിമോചനം നൽകാമെന്ന് ഡിക്രിയിൽ പറയുന്നു. എന്നാൽ, പൊതുദണ്ഡവിമോചനം പ്രഖ്യാപിക്കേണ്ട ഉത്തരവാദിത്വം അതാത് രൂപതകളിൽ പകർച്ചവ്യാധിയുടെ ഗുരുതരമായ സാഹചര്യം നിലനിൽക്കുന്നുണ്ടോയെന്ന് മനസിലാക്കി രൂപതാ ബിഷപ്പിൽ അർപ്പിതമാണ്.

അതേസമയം, കൊറോണ സ്ഥിരീകരിച്ചവർ, ചെയ്തുപോയ പാപങ്ങളിൽ പശ്ചാത്തപിക്കുകയും, ടിവിയിലൂടെ വിശുദ്ധ കുർബാന കാണുകയും, ജപമാല, കുരിശിന്റെ വഴി പോലുള്ള പ്രാർത്ഥനകൾ ഉരുവിടുകയും ചെയ്താൽ പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുന്നതാണ്. അത് സാധ്യമല്ലെങ്കിൽ വിശ്വാസപ്രമാണവും, സ്വർഗ്ഗസ്ഥനായ പിതാവേ പ്രാർത്ഥനയും ചൊല്ലുകയും, ദൈവ മാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുകയും, കൂടാതെ സാഹചര്യം ഒത്തുവന്നാൽ കുമ്പസാരിക്കാനും വിശുദ്ധ കുർബാന സ്വീകരിക്കാനും പരിശുദ്ധ പിതാവിന്റെ നിയോഗത്തിനായി പ്രാർത്ഥിക്കാമെന്നും തീരുമാനമെടുത്താലും പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുന്നതാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker