Articles

സോഷ്യൽ മീഡിയയും കോവിഡ് 19 നും

ലോകം പകച്ചു നിൽക്കുന്ന മഹാമാരിയെ പിടിച്ചു നിർത്താൻ കരുതലോടെ ഒറ്റകെട്ടായി മുന്നേറാം...

സി.മേരി റോസ്‌ലറ്റ് (സുമ)

കൊറോണ വൈറസ് തുടക്കമിട്ട അന്നുമുതൽ സോഷ്യൽ മീഡിയയിൽ ട്രോൾ തുടങ്ങി. ജനങ്ങളെ ആശങ്കാകുഴപ്പത്തിൽ ആക്കുന്ന രീതിയിലും, ഭീതി നൽകുന്ന രീതിയിലും പല അവതരണങ്ങളും നമ്മൾ കണ്ടു. ഇന്ന് ലോകം മുഴുവൻ നേരിടുന്ന ഒരു മഹാമാരിയാണ് കൊറോണ. ഈ ദിവസങ്ങളിലെ വാർത്തകൾ വായിക്കുപ്പോൾ ചില വാർത്തകൾ എന്നിൽ സങ്കടവും സഹതാപവുമാണ് ഉണ്ടാക്കുന്നത്. കൊറോണ വൈറസിനെ കൊണ്ട് പലരും മുതലെടുക്കുന്നപോലെ…രാഷ്രീയവും മതവും നിരീശ്വരവാദവും കൂട്ടിച്ചേർത്ത് വൈറസിനെ കൂടുതൽ ശക്തിയാർജ്ജിപ്പിക്കുന്നില്ലേ?

പത്രപ്രവർത്തകർ, എഴുത്തുകാർ എന്നുവേണ്ട മഴയിൽ കുരുത്ത കൂണുപോലുള്ള സോഷ്യൽമീഡിയാ ആക്ടീവിസ്റ്റുകളും കണ്ണിൽ എണ്ണയുമൊഴിച്ച് കാത്തിരിക്കുന്നു, ആര് ആദ്യം വൈറസ് വാർത്ത ലോകത്തെ അറിയിക്കുമെന്ന്. ഇനിയിപ്പോ അത് ഫേക്ക് ആയാലും കൊറോണ വൈറസിനെപോലെ സോഷ്യൽ മീഡിയയിൽ പടർന്നു വ്യാപിക്കും. ഒരു വാർത്ത നമ്മൾ ജനങ്ങളിൽ എത്തിക്കുപ്പോഴും, അല്ലങ്കിൽ അത് ഷെയർ ചെയ്യുന്നതിന് മുൻപ്പ് അതിലെ യുക്തിയെക്കുറിച്ചെങ്കിലും ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. എന്നാൽ ഇന്ന് ഓരോരുത്തർക്കും തോന്നുന്ന രീതിയിൽ, അവരവരുടെ ഭാവനകളും കൂടി കൂട്ടിക്കലർത്തിയാണ് വാർത്തകൾക്ക് രൂപം കൊടുക്കുന്നത്.

ചൈന കഴിഞ്ഞു… ഇറ്റലിയാണ് ഇന്ന് യുദ്ധക്കളത്തിലായിരിക്കുന്നത്. പ്രത്യേകിച്ച്, വടക്കേ ഇറ്റലിയിലെ ലൊംബർഡിയ പ്രോവിൻസിലെ ബെർഗമോ,ബ്രെഷിയ, മിലാൻ എന്നിവിടങ്ങൾ കോവിഡ് 19-ന്റെ പിടിയിലാണ്. ഓരോ ദിവസവും നൂറുകണക്കിന് ആളുകൾ ലോകത്തോട് വിട പറയുന്നു. ചില വാർത്തകൾ സോഷ്യൽ മീഡിയകളിൽ അവതരിപ്പിക്കപ്പെടുന്നത് ഇറ്റലി മുഴുവൻ പട്ടിണിയിലാണ്, രോഗബാധിതരെ തഴഞ്ഞുകളയുന്നു, വിദേശികളെ തഴയുന്നു, ഇനിയൊരുതിരിച്ചുവരവ് അസാധ്യം, തുടങ്ങിയ തരത്തിലൊക്കെയാണ്. യാഥാർത്യമിതാണ് – ഇറ്റാലിയൻ അധികൃതർ സ്വദേശി, വിദേശി എന്നില്ലാതെ എല്ലാവർക്കും മുൻകരുത്തൽ കൊടുത്തു സംരക്ഷിക്കുന്നുണ്ട്.

യാഥാർത്ഥത്തിൽ ഗവൺമെന്റ് വേണ്ട മുൻകരുതലുകൾ എടുത്തു. വൈറസ് പൊട്ടി പുറപ്പെട്ട ആദ്യ ആഴ്ച്ചയിൽ തന്നെ സ്കൂളുകൾ അടച്ചു, തുടർന്ന് ജനം തടിച്ചുകൂടാൻ സാധ്യതയുള്ള പല സ്ഥാപനങ്ങളും അടച്ചു, യാത്രകൾ കുറയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് തൊട്ടടുത്തയാഴ്ച കാര്യങ്ങൾ അല്പംകൂടി നിയത്രണത്തിലാക്കി ജനങ്ങളോട് ജോലി, സൂപ്പർമാർക്കറ്റ്, ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ മാത്രമേ പോകാവൂ എന്ന് നിർദേശിച്ചു. അടുത്തഘട്ടത്തിൽ, വീട്ടിന് പുറത്തു പോകാൻ പാടില്ലെന്നും, പുറത്തു പോയാൽ selfauthorizing കത്ത് കൈലുണ്ടാകണം എന്ന് നിർബന്ധിച്ചു ഇല്ലങ്കിൽ 262 യൂറോ ഫൈൻ കൊടുക്കണം, ആരെങ്കിലും തനിക്ക് വൈറസ് അണുബാധയുണ്ടെന്ന് അറിഞ്ഞിട്ടും പുറത്തിറങ്ങിയാൽ 12 വർഷത്തെ കഠിനതടവ് നൽകും. സൂപ്പർമാർക്കറ്റും, ഫാർമസികളും തുറന്നിട്ടുണ്ട്, ഫാർമ്മസികളിൽ ഒന്നോ രണ്ടോ പേരെ മാത്രമേ ഒരേസമയം ഉള്ളിൽ പ്രവേശഹിപ്പിക്കൂ, സൂപ്പർമാർക്കറ്റുകളിൽ 20 മുതൽ 30 വരെ ആൾക്കാരെ ഒരേസമയം പ്രവേശിപ്പിക്കും (സൂപ്പർമാർക്കറ്റുകളുടെ വലിപ്പം അനുസരിച്ച്). സാധനങ്ങൾ വാങ്ങാൻ കടക്കുള്ളിൽ കയറാം എന്നാൽ 20 മിനിറ്റിനുള്ളിൽ സാധനങ്ങൾ വാങ്ങി പുറത്തു പോകണം എന്നുമാത്രം.

ചുരുക്കത്തിൽ, ഇന്ന് നാട്ടിൽ പ്രചരിപ്പിക്കപ്പെടുന്നത് പോലെ ഇറ്റലിയിലെ സ്വദേശികളും വിദേശികളും പട്ടിണി അനുഭവിക്കുന്നില്ല, എല്ലാവർക്കും വേണ്ട സംരക്ഷണം കിട്ടുന്നുണ്ട്.

ആരാധനാലയങ്ങൾ അടച്ചു പൂട്ടി, ദൈവങ്ങളെ അവധിക്കു വിട്ടു എന്നൊക്കെ ട്രോളുന്നവരോട് ഒന്നേ പറയാനുള്ളൂ; തിരുസഭയല്ല ഇറ്റലിയിലെ ഭരണകാര്യങ്ങൾ തീരുമാനിക്കുന്നത്, അതിന് ഇവിടെ ഒരു ഗവണ്മെന്റ് ഉണ്ട്, അധികൃതർ എടുക്കുന്ന തീരുമാനങ്ങൾ മാനിച്ചുകൊണ്ട്, സമൂഹത്തിന്റെ നന്മക്കായി നൽകപ്പെടുന്ന നിർദ്ദേശങ്ങൾ അനുസരിക്കുന്നു എന്നുമാത്രം. ഓർക്കുക പ്രാർത്ഥനക്ക് അവധി ഇല്ല, ദിവ്യബലികൾ നിരന്തരം ഓരോമണിക്കൂറുകളിലും അർപ്പിക്കപ്പെടുന്നുണ്ട്. സമ്മർപ്പിതർ രോഗികൾക്ക് ആശ്വാസം പകർന്നുകൊണ്ട് അവരോടൊപ്പം ഉണ്ട്.

ഏറ്റവും ഒടുവിൽ വന്ന ഫേക്ക് ന്യൂസിങ്ങനെയാണ്: ഇറ്റാലിയൻ പ്രസിഡന്റ് കണ്ണുനീർ പൊഴിച്ചുകൊണ്ട് ജനങ്ങളോട് പറഞ്ഞുവത്രേ എല്ലാം കൈ വിട്ടു പോയി ഇനി ഒന്നും ചെയ്യാനില്ല… (നോക്കണേ ഈ ട്രോളന്മാരുടെയും സോഷ്യൽമീഡിയാ ബുജികളുടെയും അജ്ഞത – അതും ബ്രസീലിയൻ പ്രസിഡന്റിന്റെ കണ്ണീരൊഴുക്കുന്ന ഫോട്ടോ വച്ചിട്ട്). എന്നാൽ, യാഥാർഥ്യം ഇങ്ങനെയാണ്; ഇറ്റാലിയൻ പ്രസിഡന്റ് പത്ര സമ്മേളനത്തിൽ ജനങ്ങളോട് പറഞ്ഞത് ‘കഴിയുന്നതെല്ലാം നമ്മൾ ചെയ്യുന്നുണ്ട്, പ്രതീക്ഷ കൈവിടാതെ നമ്മുക്ക് തലയുർത്തി മുന്നോട്ടു പോകാം എന്നാണ്’.

ലോകം പകച്ചു നിൽക്കുന്ന മഹാമാരിയെ പിടിച്ചു നിർത്താൻ കരുതലോടെ ഒറ്റകെട്ടായി മുന്നേറാം. കൊറോണ വൈറസ് ശരീരത്തെ മാത്രം കീഴടക്കുന്നു. പക്ഷെ വ്യാജ വാർത്തകളും പരസ്പര കുറ്റപ്പെടുത്തലും, ഒറ്റപെടുത്തലും മനസ്സിനെയാണ് ബാധിക്കുന്നത്. ഇതിൽ നിന്നും മുക്തി നേടണമെങ്കിൽ ഒറ്റകെട്ടായി മുന്നേറണം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker