Articles

വസന്തകാലത്തെ ശവപ്പറമ്പുകൾ ഓർമ്മപ്പെടുത്തുന്നത്

മനുഷ്യനു നഷ്ടപ്പെട്ട ആന്തരികപ്രകാശത്തിലേക്ക്, പ്രകൃതിയുടെ സുസ്ഥിരതയിലേക്ക്, തിരിച്ചു വരുവാൻ കോവിഡ് - 19 ഒരു നിമിത്തമാകുന്നു...

ഫാ.അരുൺദാസ് തോട്ടുവാൽ

കണ്ടു തഴമ്പിച്ച കടലും, ഒലീവുമരങ്ങൾ പീലി നിവർത്തിയാടുന്ന മലയോരങ്ങളും, കുന്നിൻ മുകളിൽ തട്ടുതട്ടായി പണിതുയർത്തിയ കൊച്ചു കൊച്ചു ടൗൺഷിപ്പുകളും, വീഞ്ഞ് ഒഴുകുന്ന വീഥികളും ഇറ്റലിയിൽ ശൂന്യമായി! ഇറ്റാലിയൻ ജനതയുടെ പ്രാണവായുവായ ഫുട്ബോൾ മാമാങ്കങ്ങൾ ഉപേക്ഷിച്ചു. മറക്കാനാകാത്ത പ്രണയനഷ്ടം പോലെയുള്ള വേദനയെങ്ങും നിഴലിച്ച് നിൽക്കുന്നു…

ഈ കഴിഞ്ഞ ശനിയാഴ്ച, മാർച്ച് 21-ന്, ഇറ്റലിയിൽ വസന്തകാലം ആരംഭിച്ചു. വസന്തം, പുതുജീവന്റെ സമയമാണ്; ശിശിരത്തിന്റെ മഞ്ഞു തുള്ളികൾ പുൽനാമ്പുകളായി മാറുന്ന സമയം. സ്പ്രിംഗിന്റെ തുടക്കത്തിൽ തന്നെ മഞ്ഞും സാധ്യമാണ്. പുഷ്പോൽസവം, ഉയിർപ്പു തിരുന്നാൾ അടങ്ങിയ വിശുദ്ധവാരം, ഇറ്റാലിയൻ ജനതയുടെ വിമോചനദിനം (ഏപ്രിൽ 25), തൊഴിൽ ഉത്സവം (മെയ് 1), ഇറ്റാലിയൻ റിപ്പബ്ലിക് ആഘോഷം (ജൂൺ 2) എന്നിവ വസന്തത്തിന്റെ പ്രത്യേകതകളാണ്. പ്രകൃതി ഒരുക്കിയ എണ്ണഛായ ചിത്രം പോലെ ഒലീവുമരത്തോപ്പുകൾ വസന്തത്തെ വരവേൽക്കാൻ ഒരുങ്ങികഴിഞ്ഞിരുന്നു. ജ്യോതിശാസ്ത്രമനുസരിച്ച് മാർച്ച് ഇരുപതാം തീയതി വസന്തം ആരംഭിച്ചുവെങ്കിലും, ഔദ്യോഗികമായി മാർച്ച് ഇരുപത്തിയൊന്നാം തീയതിയാണ് വസന്തകാലത്തിന്റെ തുടക്കമായി കണക്കാക്കുന്നത്. ഏറ്റവും വിനോദസഞ്ചാര പ്രിയമായ സ്ഥലമായതുകൊണ്ട്, വസന്തകാലമാണ് ഇവിടം സന്ദർശിക്കുവാൻ നല്ല സമയമായി എല്ലാവരും പരിഗണിക്കുന്നത്. തെളിഞ്ഞ സൂര്യനും, നീണ്ട പകലും, സുഖകരമായ അന്തരീക്ഷോഷ്മാവും വസന്തകാലം ഇറ്റലിക്ക് വർണ്ണപകിട്ട് നൽകുന്നു. ഈ കാലചക്രത്തിൽ, ഇറ്റലി അതിന്റെ മദ്ധ്യകാലഘട്ടത്തെ പ്രകൃതിഭംഗി മടക്കി കൊണ്ടു വരുന്നു.

എന്നാൽ, 2020-ലെ ഈ വസന്തകാലം ഏറ്റവും ഭീതിജനകമായ വാർത്തയോടു കൂടിയാണ് തുടക്കം കുറിച്ചത്. ഈ നൂറ്റാണ്ടിന്റെ മഹാമാരിയായ കോവിഡ് -19 കവർന്നെടുത്ത മനുഷ്യജീവനുകൾ ഏകദേശം 800 (മാർച്ച് 23-ന് ഇതെഴുതുമ്പോൾ ഇറ്റലിയിൽ ആകെ ഏകദേശം 6,078 ജീവഹാനികൾ; 4,790 പുതിയ കേസുകൾ; സുഖം പ്രാപിച്ച 7,432 പേരെ ഒഴിച്ചു നിർത്തിയാൽ, 50,418 വരും ചികിത്സയിലുള്ള നിലവിലെ കൊറോണ ബാധിതർ. അതിൽത്തന്നെ, മൂവായിരത്തോളം രോഗികൾ അത്യാസന്ന നിലയിലാണ്). മാനവരാശിയോടുള്ള പ്രകൃതിയുടെ പരിഹാസമല്ലേ ഇത്? ജീവന്റെ തുടിപ്പും, ഒപ്പം പെയ്തിറങ്ങുന്ന സമൃദ്ധിയുടെയും ഈ വർണ്ണാഭകാലം, മനസ്സും ശരീരവും തളർന്ന ജീവനില്ലാത്ത കലികാലമായി! ഓരോ മണിക്കൂറിലും നിരവധി പുതിയ വൈറസ് ബാധിതർ വർദ്ധിക്കുന്നതു കൂടാതെ, ഓരോ ദിനവും മരണനിരക്ക് ഇരട്ടിയായി കൊണ്ടിരിക്കുന്നത്, ഇറ്റലിയെ “ഇരുണ്ടയുഗ”ത്തിലേക്ക് വലിച്ചെറിയുന്നു. മനോഹരങ്ങളായ ഉദ്യാനങ്ങളും, പച്ചപ്പുനിറഞ്ഞ വൃക്ഷങ്ങളും പൂത്തുലയേണ്ട ഈ സമയത്ത്, എവിടെയും മനുഷ്യന്റെ മരണമണി മാത്രം ഉയർന്നു കേൾക്കുന്നു. ശവവാഹികളായി പട്ടാളട്രക്കുകൾ കൂട്ടംകൂട്ടമായി പോകുന്നത് കണ്ടാൽ, ഒരു മൂന്നാംലോക മഹായുദ്ധത്തിന്റെ പ്രതീതി. കഴിഞ്ഞ മാർച്ച് പതിനെട്ടാം തീയതി ബുധനാഴ്ച, ഇറ്റാലിയൻ പാർലമെന്റ് സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ, ഇവയെല്ലാം ആശങ്കകളായി അലയടിക്കുന്നുണ്ട്.

കോവിഡ് -19 മാനവരാശിയെ നിശ്ചലമാക്കി കൊണ്ടിരിക്കുന്നു. ചരിത്രത്തിൽ മനുഷ്യൻ യുദ്ധങ്ങളെ പറ്റി ചിന്തിക്കുന്നു. ഒരു പുതിയ ലോകം ഉണ്ടാക്കുമെന്ന ഗർവോടെ. ഒരു പുതിയ വസന്തകാലം കൈവരുത്താമെന്നുള്ള അതിമോഹത്തോടെ, എന്നാൽ യുദ്ധം അവസാനിക്കുമ്പോൾ ശേഷിക്കുന്നത് ശൈത്യമാണ്. ക്രൂരവും, വികൃതവുമായ ഭീതിയുടേയും, മരണത്തിന്റേതുമായ ഒരു കാലം. നമ്മുടെ തെറ്റുകൾ മറികടക്കുവാൻ നിശ്ചയദാർഢ്യത്തോടെയും ഐക്യത്തോടെയും നാം മുന്നേറിയേ പറ്റൂ. വൈറസ് ആക്രമണത്തിൽ ഏറ്റവും കൂടുതൽ മനുഷ്യജീവനുകൾ നഷ്ടമായിക്കൊണ്ടിരിക്കുന്നത് നമുക്കാണ്. ആഗോളവൽക്കരണത്തിന്റെ കടന്നുകയറ്റത്തിൽ ആരോഗ്യമേഖലയിൽ സ്വീകരിക്കേണ്ട സുപ്രധാന നടപടികൾ കൈകൊള്ളുന്നതിൽ പാളിച്ചകൾ നമുക്ക് സംഭവിച്ചു. അതുകൊണ്ടാണ്, രോഗപ്രതിരോധ സംവിധാനമായ ഫെയ്സ് മാസ്കുകൾ പോലും ഇന്ന് ലഭ്യമല്ലാത്തതും, രോഗികളെ കിടത്തി ചികിത്സിക്കുവാൻ സൗകര്യമില്ലാതെ പോയതും. കാലഘട്ടത്തിന്റെ ആഗോളതാപനം മൂലം സംഭവിക്കുന്ന കാലാവസ്ഥ വ്യതിയാനത്തിലെ ദുരന്തങ്ങൾ നേരിടുവാൻ ആരോഗ്യം മേഖല സുസജ്ജമാകുന്നതിൽ പരാജയപ്പെട്ടുവെന്ന ഇറ്റാലിയൻ പാർലമെന്റിന്റെ പ്രഖ്യാപനം ലോകത്തിനു തന്നെ ഒരു ഓർമ്മകുറിപ്പായി.

“സാധിക്കാവുന്നിടത്തോളംഎല്ലാവരും ഭവനങ്ങളിൽ തന്നെ കഴിയുക; അവശ്യ സന്ദർഭങ്ങളിൽ മാത്രം പുറത്തിറങ്ങുക. സോഷ്യൽ കൂടിച്ചേരലുകൾ ദയവായി ഒഴിവാക്കുക. കാരണം, അത്യധികം പ്രയാസകരമായ നിമിഷങ്ങളിലൂടെയാണ്, നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പക്ഷേ, നാമതിനെ ഒരുമിച്ചു കീഴടക്കുക തന്നെ ചെയ്യും”, കൊറോണ പിടിമുറുക്കിയ ഇറ്റലിയുടെ വ്യാവസായിക കേന്ദ്രമായ ലൊബാംർദിയായുടെ ഭാഗമായ ബ്രേഷയിലെ (Brescia) ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയാണിത്.

കൊറോണയെ തുരത്തുവാൻ ഇതുവരെ കഴിഞ്ഞില്ലെങ്കിലും ഇറ്റാലിയൻ ജനതയുടെ മുഴുവനും ഹൃദയങ്ങൾ കീഴടക്കിയവരുണ്ട്. ദീർഘവീക്ഷണത്തിലെ പോരായ്മകൾക്കിടയിലും, മറ്റുള്ളവർക്കായി അഹോരാത്രം ജീവിക്കുന്ന ഈ “ധവളവേഷധാരികളെ” ഇറ്റാലിയൻ പ്രധാനമന്ത്രി ജ്യൂസെപ്പെ കോന്തെ അതിനാൽ അഭിനന്ദിക്കാൻ മറന്നില്ല: “തൂവെള്ള വസ്ത്രധാരികളായ ഹീറോകളെ…!”

എങ്കിലും, അവർ അനുഭവിക്കുന്ന മാനസികസംഘർഷങ്ങൾ ശാരീരികമായ അസ്വാസ്ഥ്യങ്ങളേക്കാൾ എത്രയോ വലുതാണെന്നും നാം തിരിച്ചറിയണം. “അസഹ്യമായ ഹൃദയ ഭാരവുമായാണ് ഞങ്ങൾ വീടുകളിലേക്ക് മടങ്ങുന്നത്. ഇന്ന് രക്ഷപ്പെടുത്തുവാൻ കഴിയാതെ പോയവരെയും, എന്തൊക്കെ ചെയ്താലും രക്ഷപ്പെടുത്തുവാൻ കഴിയാത്തവരെയും കുറിച്ചുള്ള ചിന്തകളാവും മനസ്സ് മുഴുവൻ. അവരുടെ കുടുംബങ്ങളെ കുറിച്ചോർക്കുമ്പോൾ മനസ്സിൽ ഇരുട്ട് കയറുന്നത് പോലെ… അതിനൊപ്പം, ഞങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഓർത്തുള്ള കുടുംബാംഗങ്ങളുടെ മാനസിക ക്ലേശങ്ങൾ മറ്റൊരു വശത്ത്!”, മിലാനിലെ സാൻ കാർലോ ബൊറോമിയോ ആശുപത്രിയിലെ ഡോക്ടറായ ഇമ്മാനുവേല കത്തൗദെല്ലോയുടെ നൊമ്പരങ്ങൾ അവരുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ നേർക്കാഴ്ചകളാവുന്നു. അതുകൊണ്ടുതന്നെ തൊറീനോ (Torino) പോലുള്ള സ്ഥലങ്ങളിൽ, ആരോഗ്യ പ്രവർത്തകർക്കു പോലും സ്കൈപ്പ് വഴിയുള്ള കൗൺസിലിംഗിനു സൗകര്യമൊരുക്കിയിട്ടുണ്ട്.

എങ്കിലും, “ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങൾ ഇന്നില്ല. ഞങ്ങൾക്കും മറ്റുള്ളവർക്കും അത് അപകടകരമാണ്. വെന്റിലേറ്ററുകളുടെ ദൗർലഭ്യം ഞങ്ങളെ തളർത്തുന്നു”, ആരോഗ്യരംഗത്ത് ശുശ്രൂഷിക്കുന്നവരുടെ പരിദേവനമാണിത്. മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു മഹാമാരിയ്ക്ക് മുമ്പിലവർ നിസ്സഹായരായി പോകുന്നു. “ആരംഭദശയിൽത്തന്നെ മഹാവ്യാധി കണ്ടെത്തി കൃത്യമായി ചികിത്സിച്ചിരുന്നുവെങ്കിൽ, രോഗികളുടെ എണ്ണം നമുക്ക് പിടിച്ചു നിർത്തുവാൻ സാധിച്ചേനെ”, ലൊബാംർദിയായിലെ ഫിസിഷ്യനായ ഒവിഡിയോ വിഞ്ഞോളിയുടെ വാക്കുകളിൽ തുടക്കത്തിലുണ്ടായ ഗൗരവമായ ഒരു അശ്രദ്ധ വ്യക്തമാണ്. തീർച്ചയായും, മരണനിരക്ക് സുനാമി പോലെ ഉയരുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. അപ്രതീക്ഷിതങ്ങളായ ഇത്തരം സാംക്രമിക രോഗങ്ങൾ ഉയരുമ്പോൾ, അത്യാധുനിക ചികിത്സാരീതി സംവിധാനങ്ങളുമായി പെട്ടെന്ന് ഉണർന്നു പ്രവർത്തിക്കേണ്ടത് ഒരു അനിവാര്യതയായി ഇവിടെ മാറുന്നു.

“തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ചെയ്തു കൊണ്ട് എന്റെ പപ്പ പോയി”. രോഗികളെ ശുശ്രൂഷിക്കുന്നതിനിടയിൽ കഴിഞ്ഞ മാർച്ച് 11-ന് വൈറസ് ആക്രമണത്തിന് കീഴടങ്ങിയ ജ്യുസെപ്പെ എന്ന ഡോക്ടറുടെ മകളായ എലേന ബോർഗിയുടെ നിലവിളിയാണത്. “അദ്ദേഹം ഏറ്റവും നല്ല പപ്പ ആയിരുന്നു, ì ഒരു നല്ല ഭർത്താവ്, ഒരു നല്ല ഭിഷഗ്വരൻ: അതായിരുന്നു എന്റെ പപ്പ. തെരഞ്ഞെടുത്ത മെഡിക്കൽ പഠനം എത്രത്തോളം വിശിഷ്ടമാണെന്നും ഉത്തരവാദിത്ത പൂർണമാണെന്നും ഞാനിപ്പോൾ തിരിച്ചറിയുന്നു”, പാദുവായിലെ പീഡിയാട്രിഷയായി ഉപരിപഠനം നടത്തുന്ന മകളുടെ ജ്വലിക്കുന്ന വാക്കുകൾ!

സൂപ്പർ മാർക്കറ്റുകളിൽ അവശ്യസാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ, ജോലി ചെയ്യുന്നവരുടെ പുഞ്ചിരിക്കുള്ളിലും നിഗൂഢമായ ഒരു ഭയം ഇരച്ചു കയറുന്നത് പ്രകടമാണ്! മരണഭയം, ഭീതിജനകമായ നിശ്ശബ്ദത എത്ര എളുപ്പത്തിൽ സൃഷ്ടിക്കുമെന്ന് അവിടെ വരുന്നവരെ കണ്ടാൽ നമുക്ക് മനസ്സിലാവും. “വീടുകളിൽ ആയിരിക്കുന്നത് എന്തിനാണെന്ന് ചിലർക്ക് ഇനിയും മനസ്സിലായിട്ടില്ല. ആവശ്യമുള്ളതുമാത്രം വാങ്ങണം എന്നുള്ളതും അറിയില്ല. എല്ലാദിവസവും സാധനങ്ങൾ വാങ്ങിക്കൂട്ടുന്നവരുണ്ട്. ചിലർ രാവിലെയും വൈകുന്നേരവും വരുന്നുണ്ട്. മിക്കപ്പോഴും ആവശ്യമുള്ള സുരക്ഷാക്രമീകരണങ്ങൾ പോലും പാലിക്കാതെയാണ് ഇവർ വരുന്നത്”, ഇങ്ങനെ നീളുന്നു സൂപ്പർമാർക്കറ്റിലെ പലരുടെയും ആകുലതകളും പരാതികളും.

എന്താണ് ഈ കോവിഡ് -19 ദുരന്തം നമ്മെ പഠിപ്പിക്കുന്നത്?

രണ്ടു കാര്യങ്ങൾ അടിയന്തര പ്രാധാന്യമർഹിക്കുന്നു: ദുരന്തമുഖങ്ങളിലും നമുക്ക് ഒരുമിച്ചു നിൽക്കാൻ കഴിയാതെ പോകുന്നതാണ് ആദ്യത്തെ കാര്യം. മാനവരാശിയുടെ ഉപരി നന്മയ്ക്കും ആരോഗ്യത്തിനും പൊതുവായ തീരുമാനങ്ങൾ സ്വീകരിക്കാൻ നമുക്ക് സാധിക്കുന്നില്ല. ഈ പുതിയ പ്രതിഭാസത്തിന്റെ മുമ്പിൽ, നമ്മൾ പഠിച്ചതും, ഉയർന്നുവന്ന ബോധ്യങ്ങളും പ്രസക്തമായ വിവരങ്ങളും ലോകം മുഴുവനും പരസ്പരം പങ്കുവെയ്ക്കേണ്ടിയിരിക്കുന്നു. ശാസ്ത്രീയ നിഗമനങ്ങൾക്ക് ഒരു അന്താരാഷ്ട്രതലം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ, ലോകം മുഴുവൻ സഞ്ചരിക്കുവാൻ ആഗ്രഹിക്കുന്ന ഇറ്റാലിയൻ ജനതയ്ക്ക് തങ്ങളുടെ ലോകം, വീടിന്റെ ബാൽക്കണിയായി മാത്രം ചുരുങ്ങിയത് നമുക്കും സംഭവിച്ചേക്കാം. നടത്തിയ അപഗ്രഥ്നങ്ങളും കണ്ടെത്തിയ പുതിയ വെളിപാടുകളും, ലോകരാഷ്ട്രങ്ങൾ പരസ്പരം പങ്കുവെച്ചിരുന്നെങ്കിൽ, ലോകത്തിന് ഈ ദുരവസ്ഥ ഒരുപക്ഷേ സംഭവിക്കുമായിരുന്നില്ല. ചരിത്രമാണല്ലോ മനുഷ്യന് വഴികാട്ടി. കാരണം, മനുഷ്യന് എപ്പോഴും കാത്തുനിൽക്കാൻ അവസരം ലഭിച്ചെന്നു വരില്ല; കോവിഡ്-19 അപ്രതീക്ഷിതമായി കടന്നുവന്ന അതിഥി ആണല്ലോ.

“ഹരിത വിപ്ലവ”ത്തിന്റെ ആവശ്യകതയാണ് മറ്റൊന്ന്. കൊറോണ വൈറസ് മനുഷ്യരാശിയെ നിശ്ചലമാക്കി; തൊഴിൽ മേഖലകൾ പ്രവർത്തനനിരതമാക്കി; അതിനെത്തുടർന്ന് റോഡുകൾ വിജനമായി. ഇതിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റം – പ്രകൃതി അതിന്റെ പഴമയിലേക്ക് തിരിച്ചു പോകുന്നതാണ്! പരിസ്ഥിതി മലിനീകരണം ചൈനയിൽ മാത്രം 25 ശതമാനത്തിൽ കൂടുതൽ കുറഞ്ഞതായും രേഖപ്പെടുത്തുന്നു. ഫാക്ടറികളും വാഹനങ്ങളും അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നത് ഗണ്യമായ തോതിൽ കുറഞ്ഞു. മനുഷ്യന്റെ വിവേചനരഹിതമായ പ്രകൃതിയുടെ മേലുള്ള കൈയേറ്റവും അമിതമായ ചൂഷണവും തടയിടാനുള്ള ശുദ്ധി കലാശമാണോ ഈ വൈറസ് ആക്രമണമെന്ന് നാം സംശയിച്ചു പോകും.

ശാസ്ത്രം മുന്നറിയിപ്പ് നൽകുന്ന പ്രശ്നങ്ങൾക്കെതിരെ പുറംതിരിഞ്ഞു നിന്നാൽ ആർക്കും ഇത് സംഭവിക്കാം. മനുഷ്യനു നഷ്ടപ്പെട്ട ആന്തരികപ്രകാശത്തിലേക്ക്, പ്രകൃതിയുടെ സുസ്ഥിരതയിലേക്ക്, തിരിച്ചു വരുവാൻ കോവിഡ് – 19 ഒരു നിമിത്തമാകുന്നു. വസന്ത കാലത്തിന്റെ ഇറ്റാലിയൻ പദമായ primavera ലാറ്റിനിൽ അർത്ഥമാക്കുന്നത് “സത്യമായ”(വേർ) “പ്രകാശപൂർണമായ” (സംസ്കൃതത്തിലെ ‘വാസ്’) എന്നാണ്. മനുഷ്യന്റെ ശവപ്പറമ്പുകൾ “ഹരിത”ത്തിലേക്ക് തിരിഞ്ഞു നടക്കുവാനുള്ള സത്യസന്ധമായ, പ്രകാശപൂരിതമായ ജീവന്റെ ഉത്സവമായി മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം. കാരണം, മരണത്തിനുപോലും മനുഷ്യന്റെ മേൽ അധീശത്വം ഇല്ലെന്നാണ്, വസന്തകാലത്തിലെ പ്രധാന തിരുനാളായ Pasqua (ഈസ്റ്റർ) ഓർമ്മപ്പെടുത്തുന്നത്. ഈ ദൈവികവിശ്വാസം, മൃതദേഹകൂമ്പാരങ്ങൾ സമ്മാനിക്കുന്ന പ്രതീക്ഷ മരവിക്കുന്ന കാഴ്ചകൾക്കിടയിലും, ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുവാൻ ഇറ്റാലിയൻ ജനതയെ സഹായിക്കുന്നുവെന്നത് ആശ്വാസകരം തന്നെ…!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker