Articles

ക്യൂബയെ വാഴ്ത്തുന്നവരും കത്തോലിക്കാസഭയെ താഴ്ത്തുന്നവരും

ക്യൂബയുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്നതിനേക്കാൾ കത്തോലിക്കാ സഭയെ താഴ്ത്തിക്കെട്ടുകയാണ് ചില പോസ്റ്റുകളുടെ ഉദ്ദേശ്യം...

മാത്യു (ജിന്റോ) മുര്യങ്കരിച്ചിറയിൽ

ഫിദേൽ കാസ്ട്രോ, ലോകം ആദരവോടെ കാണുന്ന വ്യക്തി. അദ്ദേഹം, ഈ ലോകത്തിനും, ക്യൂബയെന്ന എന്ന കൊച്ചുരാജ്യത്തിനും പകർന്നു നൽകിയ നന്മയുടെ പാഠങ്ങൾ എത്ര മഹത്വരമാണ്. കൊറോണ വൈറസിനെതിരെയുളള പോരാട്ടം ശക്തിപ്പെടുത്താൻ തങ്ങളുടെ ഡോക്ടർമാരെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് അയച്ച ക്യൂബൻ സർക്കാരിന്റെ പ്രവൃത്തി, ഇന്നും ആ പാഠങ്ങൾ അണയാതെ പ്രകാശിക്കുന്നു എന്നതിന്റെ തെളിവാണ്. ഇപ്രകാരം ചില രാജ്യങ്ങളിൽ എത്തിയ ക്യൂബൻ ഡോക്ടർമാർക്ക് ഊഷ്മള വരവേൽപ് ലഭിക്കുകയും അത് ലോകമാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തു. ഇത്തരം മാതൃകകൾ ലോകത്തെ അറിയിക്കേണ്ടത് മാധ്യമധർമ്മമാണ്.

തങ്ങളുടെ പ്രിയനേതാവിന്റെ രാജ്യം ചെയ്യുന്ന മഹനീയ പ്രവൃത്തികളെ വാനോളം പുകഴ്ത്തുകയാണ് ഇന്ത്യയിലുളള അദ്ദേഹത്തിന്റെ അനുയായികൾ. അതിൽ ഒരു തെറ്റുമില്ല. എന്നാൽ, ഇപ്രകാരം വരുന്ന പോസ്റ്റുകളിലെ വരികൾക്കിടയിലൂടെയുളള വായനയിൽ നിന്നും പ്രഥമദൃഷ്ട്യാ മനസ്സിലായത് അതിൽ കുറച്ചു വ്യാജവാർത്തകൾ ഉണ്ടെന്നാണ്. ഒരുദാഹരണം പറയാം. “ഇറ്റാലിയൻ പ്രധാനമന്ത്രി ജ്യുസപ്പെ കോന്തെ ക്യൂബയോട് കരഞ്ഞഭ്യർത്ഥിച്ചു, ക്യൂബ ഡോക്ടേഴ്സിനെ വിട്ടുനല്കി”, കൂടെ ബ്രസീലിയൻ പ്രസിഡൻറിന്റെ ഫോട്ടോയും നല്കിയിരിക്കുന്നു. ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ പേരിൽ വരുന്ന ഇത്തരം പോസ്റ്റുകൾ വ്യാജമാണെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം.

രണ്ടാമത്; ക്യൂബയുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്നതിനേക്കാൾ കത്തോലിക്കാ സഭയെ താഴ്ത്തിക്കെട്ടുകയാണ് ഇത്തരം ചില പോസ്റ്റുകളുടെ ഉദ്ദേശ്യം എന്നതാണ്. ഒരു പോസ്റ്റ് ഇങ്ങനെയാണ്, “ഇറ്റലി മതത്തെയും പുരോഹിതന്മാരെയും പോറ്റിവളർത്തി. കൊച്ചുക്യൂബ മാനവികതയും ശാസ്ത്രവും വളർത്തി”. ഒരു രാജ്യത്തിന്റെ നൻമയെ ലോകത്തെ അറിയിക്കണമെങ്കിൽ ഇത്തരക്കാർക്ക് “കത്തോലിക്കാസഭക്കിട്ട് ഒരു കൊട്ട് നിർബന്ധമാണ്” എന്ന സ്ഥിതി ഇന്നും തുടരുന്നു. ലോകം ആദരിച്ചിരുന്ന, ഇപ്പോഴും ആദരിക്കുന്ന ഫിദേൽ കാസ്ട്രോ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഇപ്രകാരം അഭിപ്രായപ്പെടുമായിരുന്നു എന്ന് തോന്നുന്നില്ല. കാരണം, കത്തോലിക്കാസഭയുടെ ഇടയന്മാരായിരുന്ന ജോൺ പോൾ രണ്ടാമൻ മാർപാപ്പയോടും, ബനഡിക്ട് പതിനാറാമൻ മാർപാപ്പയോടും, ഇപ്പോഴത്തെ ഇടയനായ ഫ്രാൻസിസ് മാർപാപ്പയോടും തൻറെ മരണസമയം വരെ അഗാധമായ ബന്ധം സൂക്ഷിച്ച വ്യക്തിയാണ് ഫിദേൽ കാസ്ട്രോ.

ലോകത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച്, എളിയവർക്കും അശരണർക്കും വേണ്ടി കത്തോലിക്കാസഭ പ്രവർത്തിച്ചിട്ടുളള ജീവകാരുണ്യപ്രവൃത്തികളെയും, ഇന്നും തുടരുന്ന സാമൂഹ്യസേവനങ്ങളെയും, ലോകസമാധാനത്തിനായി നടത്തുന്ന യത്നങ്ങളെയും, എന്തിനും ഏതിനും കത്തോലിക്കാസഭയെ കൊട്ടാൻ ഇറങ്ങുന്ന വ്യക്തികൾ മനപൂർവ്വം അവഗണിക്കുകയും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു എന്നത് ലജ്ജാകരം. നന്മയുടെ വസന്തം പരത്തിയ മദർ തെരേസ ജീവിച്ച ഇന്ത്യയിൽ, ആതുരസേവനം നടത്തുന്ന ഒരായിരം മദർ തെരേസാമാർ സഭയുടെ സംഭാവനയായി ഇന്നും ജീവിക്കുന്നു എന്ന വസ്തുത തമസ്കരിക്കുന്നവരാണിവർ. ഇറ്റലിയിലെ കത്തോലിക്കാസഭയുടെ സഹായത്താൽ ഇന്ത്യയിൽ പണിതുയർത്തിയ സ്കൂളുകളിലും കോളേജുകളിലും പഠിച്ച് ഉന്നതവിജയം നേടി ലോകത്തിന്റെ നാനാഭാഗങ്ങളിലും ആതുരസേവനരംഗത്ത് ജോലി ചെയ്യുന്ന എത്രയോ പ്രഗത്ഭരായ ഡോക്ടർമാരും നേഴ്സുമാരും ഇന്നുണ്ട്. കഴിഞ്ഞ ദിവസം, ഇംഗ്ലണ്ടിലെ ഒരു എം.പി. കേരളത്തിലെ നേഴ്സുമാരെ – ലോകത്തിലെ തന്നെ ഏറ്റവും നല്ല നേഴ്സുമാർ – എന്ന് അഭിപ്രായപ്പെട്ട് അഭിനന്ദിച്ചതോർക്കാം. അതോടൊപ്പം തന്നെ, കേരളത്തിലും ഇന്ത്യയിലും ആതുരസേവനരംഗത്ത് കത്തോലിക്കാസഭ നല്കിയിട്ടുളള വിലയേറിയ സംഭാവനകൾ മറക്കാതിരിക്കാം. തങ്ങളുടെ ഹോസ്പിറ്റലുകൾ കൊറോണ വൈറസ് ബാധിതരായ വ്യക്തികളുടെ ചികിത്സക്കായി തുറന്നിടും എന്ന് സർക്കാരിനുറപ്പു നല്കിയ കേരള കാത്തലിക് ബിഷപ്പ് കോൺഫറൻസിന്റെ തീരുമാനവും കത്തോലിക്കാസഭയുടെ സാമൂഹ്യ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്.

തന്റെ ജീവൻ തന്നെ ലോകത്തിനായി നല്കിയ ക്രിസ്തുവിന്റെ മാതൃക സ്വീകരിച്ച്, സ്വജീവിതങ്ങളിലൂടെ അതിനു സാക്ഷ്യം നല്കിയ എത്രയോ വൈദികരുളള കത്തോലിക്കാസഭയെയാണ് ചിലർ ഒറ്റ പോസ്റ്റിലൂടെ കൊച്ചാക്കി കാണിച്ചത്. കത്തോലിക്കാസഭക്കും വൈദികർക്കും കുറവുകളുണ്ട് എന്നത് ഇവിടെ മറച്ചുവയ്ക്കുന്നില്ല. എന്നിരിന്നാലും, കുഷ്ഠരോഗികൾക്കായി തൻറെ ജീവൻ ഹോമിച്ച വി.ഡാമിയനും, ജർമ്മൻ കോൺസൻട്രേഷൻ ക്യാമ്പിൽ തന്റെ സഹതടവുകാരനുവേണ്ടി ജീവൻ ത്യാഗം ചെയ്ത മാക്സിമില്ല്യൻ കോൾബെയും അടങ്ങുന്ന വൈദികരുടെ നീണ്ടനിര ചെന്നെത്തി നില്ക്കുന്നത് ഇന്നലെ ഇറ്റലിയിൽ ഒരു യുവാവിനുവേണ്ടി ശ്വസനസഹായി മാറ്റിവച്ചുകൊണ്ട് മരണത്തെ പുല്കി മാതൃകയായ ജൂസപ്പെ ബെറാർദെല്ലി എന്ന വൈദികൻ വരെയാണ്. എല്ലാ ഭൂഖണ്ഠങ്ങളിലും തങ്ങളുടെ സേവനങ്ങൾകൊണ്ട് മാതൃകയായിത്തീർന്ന, എന്നാൽ, സമൂഹത്തിൽ അറിയപ്പെടാത്ത, അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഒട്ടനവധി വൈദികർ ഈ നിരയിലുണ്ട്. ഇതിൽ ചിലരെ വഴിയച്ചനെന്നും, കക്കൂസച്ചനെന്നും (ഇന്ത്യൻ പ്രധാനമന്തി നരേന്ദ്ര മോദി എല്ലാ ഭവനങ്ങൾക്കും കക്കൂസെന്ന ആശയം പങ്കുവക്കുന്നതിൻരെ അരനൂറ്റാണ്ടുമുമ്പേ ചില വൈദികർ അതിനായി പ്രവർത്തനം തുടങ്ങിയിരുന്നു), അരിയച്ചനെന്നും, വീടച്ചനെന്നുമൊക്കെ ജാതിമതവ്യത്യസമില്ലാതെ സമൂഹം സ്നേഹപൂർവ്വം വിളിച്ചിട്ടുണ്ട് എന്ന കാര്യം മറക്കരുത്.

കൊറോണവൈറസ് ലോകം മുഴുവൻ വ്യാപിക്കുന്ന ഈ അവസരത്തിൽ, പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടും, ഒറ്റപ്പെടുത്തിക്കൊണ്ടും നമുക്കു ഒന്നും നേടാനില്ല. ഇറ്റലിയിൽ കൊറോണവൈറസിനെ നേരിടാൻ മുന്നൂറ് ഡോക്ടർമാരുടെ ടാക്സ് ഫോഴ്സ് രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ ആദ്യദിവസം തന്നെ സന്നദ്ധരായി വന്ന ഇറ്റാലിയൻ ഡോക്ടേഴ്സിന്റെ എണ്ണം 3500 ആണ് എന്ന കാര്യം മറക്കരുത്. ഇറ്റലിയിൽ, തെക്ക്-വടക്ക് എന്ന വ്യത്യാസം മാറ്റിവച്ച്, ഒരുമിച്ച് ലോമ്പാർദിയയെ സഹായിക്കാം, കൊറോണ വൈറസിനെ നേരിടാം, എന്ന സന്ദേശമാണ് അവർ ഇത് വഴി നൽകിയത്. ചൈനയിൽ കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടപ്പോൾ പ്രാർത്ഥനയോടെ ആറു ലക്ഷം മാസ്ക്കുകൾ അയച്ചുകൊടുത്തുകൊണ്ട് സാഹോദര്യത്തിന്റെ സന്ദേശം ലോകത്തിനു നല്കുകയാണ് ഫ്രാൻസിസ് മാർപാപ്പ ചെയ്തത്. ആ നന്മയുടെ വസന്തം കൊറോണാവൈറസ് കാലത്ത് ലോകം മുഴുവൻ പരക്കുകയാണ്. ഇറ്റലിയെ കൊറോണ ഗ്രസിച്ചപ്പോൾ ചൈന അവരുടെ ഡോക്ടർമാരെയും ഒപ്പം ICU യൂണിറ്റുകളും മാസ്ക്കുകളും ഇറ്റലിയിലേക്ക് അയച്ച്, ആ സാഹോദര്യവസന്തത്തിൽ പങ്കുചേർന്നു. ഈ നന്മയുടെ വ്യാപനത്തിൽ പങ്കുചേരാൻ മനസ്സ് കാണിച്ച ക്യൂബൻ സർക്കാരിനും, തങ്ങളുടെ ജീവൻപോലും പണയം വെച്ച്, ഇറ്റലിയിലെ കൊറോണവൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കാൻ സന്നദ്ധതകാണിച്ച ക്യൂബയിലെ 52 ഡോക്ടർമാർക്കും ബിഗ് സല്യൂട്ട്. നന്മയുടെ വസന്തം ലോകം മുഴുവൻ വ്യാപിക്കട്ടെ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker