Articles

നൈറ്റിംഗേല്‍ കൊളുത്തിയ പുണ്യദീപമേന്തിയ നല്ല സമരിയാക്കാര്‍

ഇന്ത്യയിലെ നഴ്‌സിങ് ചരിത്രം...

ഫാ.ജോഷി മയ്യാറ്റിൽ

ഒമ്പതുമിനിറ്റ് ദീപംതെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ആഘോഷമാക്കിയ ഇന്ത്യക്കാരെ കണ്ടപ്പോള്‍ ഞാന്‍ ചിന്തിച്ചത് ജീവിതത്തിന്റെ നല്ലൊരുപങ്കും തെളിച്ച ദീപവുമായി നടക്കുന്ന ഒരു കൂട്ടരെയാണ് – സാക്ഷാല്‍ നഴ്‌സുമാരെ! 2020 നഴ്‌സുമാരുടെ വര്‍ഷമായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചത് ദൈവം കൊളുത്തിയ ജ്ഞാനപ്രകാരമാണെന്നു ഞാന്‍ കരുതുന്നു. ‘ദീപമേന്തിയ മഹിള’ എന്നും ‘ആധുനിക നഴ്‌സിങ്ങിന്റെ പ്രാരംഭക’ എന്നും അറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ 200-ാം ജന്മവാര്‍ഷികം പ്രമാണിച്ചാണ് ആ പ്രഖ്യാപനമെങ്കിലും, ദൈവഹിതപ്രകാരം നഴ്‌സുമാരുടെ സ്‌നേഹദീപം തെളിഞ്ഞുപ്രശോഭിക്കാന്‍ ദൈവം ഇടയാക്കിയിട്ടുള്ള വര്‍ഷം കൂടിയാണിത്! ഈ മഹാമാരിക്കാലത്ത് നഴ്‌സുമാരുടെ ശുശ്രൂഷ പകരം വയ്ക്കാനില്ലാത്ത ഒന്നാണ്. വലിയ ധീരതയോടെ കൊറോണയ്‌ക്കെതിരേയുള്ള യുദ്ധത്തില്‍ ഇന്ന് മുന്നണിപ്പോരാളികളായിത്തീര്‍ന്നിരിക്കുന്നത് ലോകമെമ്പാടുമുള്ള നഴ്‌സുമാരാണ്. കോവിഡ് 19 ഇരുള്‍ പരത്തുന്ന രോഗാതുരമായ ലോകത്തില്‍ പ്രത്യാശയുടെ ദീപം തെളിക്കാന്‍ ഉത്ഥിതന്റെ നിയോഗം സിദ്ധിച്ചവരാണിവര്‍!

നൈറ്റിംഗേല്‍ കൊളുത്തിയ പുണ്യദീപം…

1853 ഒക്‌ടോബര്‍ മുതല്‍ 1856 ഫെബ്രുവരി വരെ റഷ്യന്‍ സാമ്രാജ്യവും ഒട്ടോമന്‍ സാമ്രാജ്യം, ഫ്രാന്‍സ്, ബ്രിട്ടന്‍, സര്‍ദേഞ്ഞ എന്നീ ശക്തികളും തമ്മില്‍ നടന്ന ക്രീമിയന്‍ യുദ്ധകാലത്ത് പരുക്കേറ്റു പോര്‍ക്കളത്തില്‍ വീണ ആയിരക്കണക്കിന് സൈനികര്‍ക്ക് ആധുനികവൈദ്യശാസ്ത്രമനുസരിച്ചുള്ള ചികിത്സ ചിട്ടയായി നല്കാന്‍ ഡോക്ടര്‍മാരോടൊപ്പം അശ്രാന്തപരിശ്രമംചെയ്ത 38 നഴ്‌സുമാര്‍ക്ക് നേതൃത്വം നല്കിയ ധീരവനിതയാണ് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍. രാത്രികാലങ്ങളില്‍ ഒരു റാന്തലുമേന്തി സൈനികരായ രോഗികളെ നോക്കാന്‍ സ്ഥിരം ഇറങ്ങിയിരുന്ന അവര്‍ക്ക് പട്ടാളക്കാര്‍ ഇട്ടുകൊടുത്ത പേരാണ് ‘ലേഡി വിത് ദ ലാംപ്’.

1820 മെയ് 12-ാം തീയതി ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍വച്ച് ഒരു ബ്രിട്ടീഷുകുടുംബത്തില്‍ ജനിച്ച നൈറ്റിംഗേലിന് പതിനേഴാം വയസ്സില്‍ ദൈവം തന്നെ പരസേവനത്തിനായി വിളിക്കുന്നുവെന്ന ശക്തമായ ബോധ്യമുണ്ടായി. സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്ന കുടുംബത്തിന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് 24-ാം വയസ്സില്‍ അവള്‍ രോഗീപരിചരണമെന്ന കല അഭ്യസിക്കാനും അതിന്റെ പ്രയോഗത്തില്‍ അനേകരെ കൂടെക്കൂട്ടാനും തുടങ്ങി. ക്രീമിയായിലെ ശുശ്രൂഷയിലൂടെ പ്രശസ്തയായ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ 1860-ല്‍ ആണ് സ്വന്തമായി ഒരു നഴ്‌സിങ്ങ് പരിശീലനസ്ഥാപനം തുടങ്ങിയത്. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയോടു ചേര്‍ന്നായിരുന്നു അത്. ക്രൈസ്തവവിശ്വാസത്തിന്റെ സുശക്തമായ അടിത്തറയിലാണ് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ ആധുനിക നഴ്‌സിങ്ങ് സമ്പ്രദായം കരുപ്പിടിപ്പിച്ചത്.

ഇന്ത്യയിലെ നഴ്‌സിങ് ചരിത്രം…

ആധുനികഭാരതത്തിന്റെ നഴ്‌സിങ് മേഖലയിലെ അതുല്യമായ ക്രൈസ്തവ സംഭാവന ഒരാള്‍ക്കും നിഷേധിക്കാനാവില്ല. ചാതുര്‍വര്‍ണ്യവും അജ്ഞതയും സ്ത്രീയുടെ പിന്നാക്കാവസ്ഥയുമെല്ലാം ചേര്‍ന്ന് ഭരതത്തിലെ ആരോഗ്യപരിചരണമേഖലയില്‍ നൂറ്റാണ്ടുകളോളം തികഞ്ഞ ശൂന്യത സൃഷ്ടിച്ചിരുന്നു. സൂതികര്‍മിണികള്‍ മാത്രമായിരുന്നു പറയത്തക്ക നഴ്‌സുമാര്‍. ഈ പശ്ചാത്തലത്തില്‍, ഭാരതത്തിലെ നഴ്‌സിങ്ങ് മേഖലയ്ക്കു തുടക്കംകുറിച്ചത് ക്രൈസ്തവസംസ്‌കാരമായിരുന്നു. 1664-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസില്‍ ആരംഭിച്ച മിലിറ്ററി ആശുപത്രിയില്‍ നഴ്‌സിങ്ങ് ശുശ്രൂഷയ്ക്കായി സ്ത്രീജനങ്ങള്‍ എത്തിയത് ലണ്ടനില്‍നിന്നായിരുന്നു.

പില്ക്കാലത്ത്, സാക്ഷാല്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ സവിശേഷ ശ്രദ്ധയും പിന്തുണയും ഭാരതത്തിന്റെ നഴ്‌സിങ്ങ് പരിശീലനമേഖലയിലുണ്ടായിരുന്നു എന്ന സത്യം പലരും മനസ്സിലാക്കിയിട്ടില്ല. ഇന്ത്യയിലെ പട്ടിണിയകറ്റാന്‍ സ്ത്രീജനങ്ങളെ ആതുരശുശ്രൂഷ പഠിപ്പിക്കണമെന്ന വിപ്ലവകരമായ നിലപാടാണ് നൈറ്റിംഗേലിനുണ്ടായിരുന്നത്. 1867-ല്‍ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ഹോസ്പിറ്റലില്‍ ഇന്ത്യന്‍ നഴ്‌സുമാരെ പരിശീലിപ്പിക്കാനുള്ള പ്രഥമകേന്ദ്രം ആരംഭിച്ചത് നൈറ്റിംഗേലിന്റെ ഒത്താശയോടുകൂടെയായിരുന്നു. പഠനത്തിന്റെ മാര്‍ഗരേഖ തയ്യാറാക്കുന്നതിനും അവരുടെ സഹായമുണ്ടായിരുന്നു. തന്റെ പ്രിയപ്പെട്ട രണ്ടു ശിഷ്യകളെയാണ് പരിശീലനകേന്ദ്രം തുടങ്ങാനായി അവര്‍ ഡല്‍ഹിയിലേക്ക് അയച്ചത്. 1871-ല്‍ നാലു വിദ്യാര്‍ത്ഥികളുമായി മദ്രാസ് സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സിങ്ങ് പരിശീലനത്തിനായി ആറുമാസക്കോഴ്‌സ് ആരംഭിച്ചു.

1888-ല്‍ ബ്രിട്ടീഷ് പൗരന്മാരെ ശുശ്രൂഷിക്കാനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷു നഴ്‌സുമാര്‍ പിന്നീട് ഇന്ത്യക്കാര്‍ക്ക് പരിശീലനം നല്കി. ബ്രിട്ടീഷ് ഇന്ത്യയില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനഫലമായി വ്യാപകമായി നഴ്‌സിങ്ങ് പരിശീലനകേന്ദ്രങ്ങള്‍ ആരംഭിച്ചു. 1947-ല്‍ ഇന്ത്യന്‍ നഴ്‌സിങ്ങ് നിയമവും 1949-ല്‍ ഇന്ത്യന്‍ നഴ്‌സിങ്ങ് കൗണ്‍സിലും നിലവില്‍ വന്നു. ബിരുദാനന്തര നഴ്‌സിങ്ങ് പഠനവും പിന്നീട് ശക്തിപ്പെട്ടു.

കേരളത്തില്‍…

തിരുവനന്തപുരത്തും കൊല്ലത്തും സര്‍ക്കാര്‍ ആശുപത്രി കോമ്പൗണ്ടുകളില്‍ ഹോളി ക്രോസ് സിസ്റ്റേഴ്‌സിന്റെ മഠം ഉണ്ടായതെങ്ങനെയെന്നു നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? കായംകുളത്തിനടുത്ത് നൂറനാട് എന്ന സ്ഥലത്തുള്ള ലെപ്രസി സാനിറ്റോറിയത്തില്‍ ഹോളിക്രോസ് സിസ്റ്റേഴ്‌സ് ശുശ്രൂഷചെയ്യുന്നതിനും ആ കോമ്പൗണ്ടിനുള്ളില്‍ അവരുടെ മഠമുണ്ടായതിനും കാരണമെന്തെന്ന് മനസ്സിലാക്കിയിട്ടുണ്ടോ? തിരുവതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവ് കൊട്ടാരംവൈദ്യനായ ഡോ. പുന്നന്‍ ലൂക്കോസിന്റെ അഭിപ്രായം മാനിച്ച് സ്വിറ്റ്‌സര്‍ലണ്ടില്‍നിന്നുള്ള മിഷനറിയും കൊല്ലം മെത്രാനുമായിരുന്ന അലോഷ്യസ് മരിയ ബെന്‍സിഗര്‍ പിതാവിനെ ചെന്നുകണ്ട് അഭ്യര്‍ത്ഥിച്ചതിന്റെ ഫലമാണ് കേരളത്തില്‍ ഇന്നു കാണുന്ന നഴ്‌സിങ്ങ് സമ്പ്രദായം. 1906-ല്‍ സ്വിറ്റ്‌സര്‍ലണ്ടില്‍നിന്നു വന്ന ഹോളിക്രോസ് സിസ്റ്റേഴ്‌സിന്റെ ശുശ്രൂഷാചൈതന്യവും അര്‍പ്പണമനോഭാവവും മലയാളിയുടെ രോഗീശുശ്രൂഷയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയോടുചേര്‍ന്ന് സി.ഫ്രാന്‍സി, സി.കമില്ല, സി.പൗള എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാപിച്ച നേഴ്‌സിങ്ങ് പരിശീലനകേന്ദ്രം മഹാവിജയമായി. അങ്ങനെ, കേരളത്തിലെ നഴ്‌സിങ്ങ് മേഖല വളര്‍ന്നത് ക്രൈസ്തവ മാനവികതയുടെ മടിത്തട്ടിലാണ്. 1963-ല്‍ തിരുവനന്തപുരത്തെ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ ആരംഭിച്ച ബിരുദാനന്തര നഴ്‌സിങ്ങ് പഠനം ഭാരതത്തില്‍ രണ്ടാമത്തേതാണ്.

നഴ്‌സിങ്ങിന്റെ ക്രൈസ്തവാടിത്തറ…

ആതുരസേവനം ക്രിസ്തുവിശ്വാസത്തോട് ഏറെ ചേര്‍ന്നുപോകുന്നതുകൊണ്ടുതന്നെയാണ് നഴ്‌സിങ്ങിന്റെ ചരിത്രവും വര്‍ത്തമാനവും നല്ലൊരു ശതമാനവും ക്രൈസ്തവമായിരിക്കുന്നത്. ”ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു” എന്നു പറഞ്ഞത് ദൈവവും മനുഷ്യനുമായ യേശുക്രിസ്തുവാണ് (മത്താ 25:36). യേശു നടത്തിയ നിരവധി രോഗശാന്തികള്‍ എക്കാലത്തെയും ആതുരശുശ്രൂഷകര്‍ക്ക് സവിശേഷാംഗീകാരവും പ്രോത്സാഹനവും നല്കുന്നതാണ്. യേശു പറഞ്ഞ നല്ല സമരിയാക്കാരനെക്കുറിച്ചുള്ള ഉപമ (ലൂക്കാ 10:25-37) നഴ്‌സിങ്ങ് മേഖലയ്ക്കുള്ള അവിടത്തെ കൈയൊപ്പാണ്. അന്ത്യവിധിയെക്കുറിച്ചുള്ള പ്രബോധനമാകട്ടെ (മത്താ 25:31-46), നഴ്‌സിങ്ങ് ശുശ്രൂഷയുടെ ചക്രവാളങ്ങളെ സ്ഥലകാലാതീതമാക്കുകയും ചെയ്യുന്നു.

രോഗത്താല്‍ തമോമയമാകുന്ന എല്ലാ മനസ്സുകളിലും ഉത്ഥിതന്റെ പ്രകാശം കൊളുത്താന്‍ ലോകമെമ്പാടുമുള്ള എല്ലാ നഴ്‌സുമാര്‍ക്കും സാധിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. നഴ്‌സുമാര്‍ക്കായി സമര്‍പ്പിതമായിരിക്കുന്ന ഈ വര്‍ഷം അവരുടെ ക്ഷേമവും സുസ്ഥിതിയും ഉറപ്പുവരുത്താന്‍ ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും കഴിയട്ടെ! പ്രാര്‍ത്ഥനയോടും കൃതജ്ഞതയോടും കൂടെ ഭൂമിയിലെ ഈ മാലാഖമാരെ സഹഗമിക്കാന്‍ നമുക്കേവര്‍ക്കും ശ്രദ്ധിക്കാം. ആ കൈകളിലെ ദീപം എന്നും ജ്വലിച്ചുനില്ക്കട്ടെ!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker