Meditation

2nd Easter Sunday_Year A_”എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 19-31)

സമാധാനം. അതൊരു അഭിവാദനമല്ല, വാഗ്ദാനവുമല്ല, അതൊരു ഉറപ്പാണ്...

ഉയിർപ്പുകാലം

ഇന്നത്തെ സുവിശേഷം തുടങ്ങുന്നത് ശിഷ്യരുടെ ഭയത്തെ ചിത്രീകരിച്ചു കൊണ്ടാണ്; “ശിഷ്യന്മാർ യഹൂദരെ ഭയന്ന് കഥകടച്ചിരിക്കുകയായിരുന്നു”(v.19). ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. അവന്റെ സങ്കട നിമിഷങ്ങളിൽ അവനിൽ നിന്നും ഓടിയൊളിച്ചവരാണവർ. ഇന്നവർ ആരെയോ ഭയന്ന് കഥകടച്ചിരിക്കുന്നു. ഈയൊരു ചെറിയ ഗണത്തെ ഇനി എങ്ങനെയാണ് വിശ്വസിക്കുക? എന്നിട്ടും യേശു അവരിലേക്ക് വരുന്നു. അവരുടെ മധ്യത്തിലേക്ക് തന്നെ വരുന്നു. എന്നിട്ട് അവരോട് പറഞ്ഞു: “നിങ്ങൾക്കു സമാധാനം” (v.19). സമാധാനം. അതൊരു അഭിവാദനമല്ല. വാഗ്ദാനവുമല്ല. അതൊരു ഉറപ്പാണ്. ഭയചകിതരായ ശിഷ്യരുടെ മേൽ നിറയുന്ന ദൈവീകമായ ശക്തിയാണത്. അത് നമ്മിലെ ഭയത്തിനും കുറ്റബോധത്തിനും പൂർത്തീകരിക്കാത്ത സ്വപ്നങ്ങൾക്കുമേൽ പതിയുന്ന ഊർജവും ശാന്തതയും ഉന്മേഷവുമാണ്. എന്നിട്ടവൻ തോമസിനോട് പറഞ്ഞു: “നിന്റെ വിരൽ ഇവിടെ കൊണ്ടുവരുക… നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക” (v. 27).

ഒരു ഇളം കാറ്റുപോലെ ഉത്ഥിതൻ അടഞ്ഞുകിടന്ന വാതിലിലൂടെ വരുകയും പോകുകയും ചെയ്തു. തോമസും അതുപോലെതന്നെ ആ മുറിയിലേക്ക് വരുകയും പുറത്തു പോവുകയും ചെയ്തിരുന്നു; ഒരു ഭയവുമില്ലാതെ, സ്വാതന്ത്ര്യത്തോടെ. രണ്ടുപേരും അന്വേഷികളാണ്, പരസ്പരം അന്വേഷിക്കുന്നവർ.

യേശു തങ്ങളുടെ അടുത്ത് വന്നിരുന്ന കാര്യം സഹശിഷ്യർ തോമസിനോട് പറഞ്ഞിരുന്നു. പക്ഷേ അവൻ തൃപ്തനല്ല. അവനു വേണ്ടത് ഉത്ഥിതന്റെ വരവിനെ കുറിച്ചുള്ള വിവരണങ്ങളല്ല. തന്റെ ഗുരുവുമായിട്ടുള്ള നേർക്കാഴ്ചയാണ്. എട്ടു ദിവസങ്ങൾക്കുശേഷം വീണ്ടും യേശു പ്രത്യക്ഷനാകുന്നുണ്ട്, തോമസിനു വേണ്ടി മാത്രമായിട്ട്. അപ്പോൾ ഗുരു ഒന്നും അവനോട് നിർബന്ധിക്കുന്നില്ല. മറിച്ച് അഭ്യർത്ഥിക്കുന്നു. സംശയ കണ്ണുകളുടെ മുന്നിൽനിന്നും വേണമെങ്കിൽ യേശുവിന് പിൻവലിയാമായിരുന്നു. പക്ഷേ ആ കണ്ണുകളുടെ മുന്നിലേക്ക് അവൻ തന്റെ മുറിവേറ്റ കരങ്ങൾ നീട്ടുകയാണ് ചെയ്തത്. വരൂ, കാണൂ, നിന്റെ കരങ്ങൾ നീട്ടി ഈ മുറിവുകളിൽ സ്പർശിക്കൂ.

ഉത്ഥാനം ക്രൂശിതന്റെ മുറിവുകളെ ഉണക്കിയില്ല. മുറിവുകൾ ഉണ്ടാക്കിയ വിടവുകൾ ഉത്ഥിതന്റെ ശരീരത്തിൽ അങ്ങനെ തന്നെ ഇരിക്കുന്നുണ്ട്. എന്തുകൊണ്ട് ഇപ്പോഴും ഈ മുറിവുകൾ? കാരണം കാൽവരിയിൽ സംഭവിച്ചത് ഒരു അവസാനമല്ല. അവിടെനിന്നും അവൻ ഏറ്റ മുറിവുകൾ ഒരു തുടക്കം മാത്രമാണ്. ആ മുറിവുകളിലാണ് ദൈവത്തിന്റെ മഹത്വം അടങ്ങിയിരിക്കുന്നത്. ആ മുറിവുകളാണ് സ്നേഹത്തിന്റെ സുന്ദരമായ അടയാളം. ആ മുറിവുകളാണ് ഉത്ഥിതനു നൽകാൻ സാധിക്കുന്ന വ്യക്തമായ ഉത്തരം. അതുകൊണ്ട് ആ മുറിവുകൾ എന്നെന്നേക്കുമായി തുറന്നിരിക്കട്ടെ. ചിലപ്പോൾ നാളെയും മറ്റന്നാളോ ഞാനോ നീയോ തോമസിനെ പോലെ അസ്വസ്ഥനായി അലഞ്ഞുതിരിഞ്ഞു വന്നേക്കാം. അപ്പോൾ ഇതേ മുറിവുകളുമായി ഉത്ഥിതൻ ആരുടെയെങ്കിലും രൂപത്തിൽ നമ്മുടെ മുന്നിലും വന്നു നിൽക്കും. ഒരു കാര്യം നീ അപ്പോഴും ഓർക്കണം. മുറിവുകളാകുന്ന അക്ഷരങ്ങൾ കൊണ്ടാണ് ക്രൂശിതൻ കാൽവരിയിൽ തന്റെ സ്നേഹ കാവ്യം തീർത്തത്. അതിനാൽ ആ മുറിവുകൾ അവന്റെ ശരീരത്തിൽ നിന്നും ഒരിക്കലും മായില്ല. കാരണം അത് സ്നേഹം തന്നെയാണ്.

സുവിശേഷം നമ്മോട് പറയുന്നില്ല യേശുവിന്റെ മുറിവിൽ തോമസ് സ്പർശിച്ചോ എന്ന കാര്യം. അവനെ സംബന്ധിച്ച് തന്റെ ഗുരുവിന്റെ സാന്നിധ്യം മാത്രം മതിയായിരുന്നു അവന്റെ എല്ലാ ആഗ്രഹങ്ങളുടെ പൂർത്തികരണത്തിനും. അവൻ അനുഭവിച്ചറിയുകയായിരുന്നു തന്റെ ഗുരുവിന്റെ എളിമയും വിശ്വസ്തതയും സ്നേഹവുമെല്ലാം. ഒന്ന് വാശിപിടിച്ചാൽ ഇനിയും തന്റെ അരികിലേക്ക് ഓടിയെത്തുന്നവനാണ് തന്റെ ഗുരു എന്ന സ്നേഹപൂരിതമായ അറിവിന്റെ നിറവിലായിരുന്നു അവൻ.

ജ്ഞാനസക്രാരിയായ ഉത്ഥിതൻ തന്റെ ശിഷ്യന്മാർക്ക് ജീവിതത്തിന്റെ ആഴമായ പല സത്യങ്ങളും ഈ കണ്ടുമുട്ടലിലൂടെ വെളിപ്പെടുത്തുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് സ്വാതന്ത്ര്യം എന്ന സത്യം. ബാഹ്യമായ അടയാളങ്ങളിൽ തങ്ങിനിൽക്കാതെ യാഥാർത്ഥ്യങ്ങളുടെ ഗൗരവപരമായ സത്യത്തിലേക്ക് ശിഷ്യർ സ്വതന്ത്രരാകണം. സ്വാതന്ത്ര്യത്തിലേക്കുള്ള പറന്നുയരൽ തോമസിൽ സംഭവിക്കുന്നുണ്ട്. അവനിനി കാഴ്ചകളിൽ ഒതുങ്ങുന്ന കാര്യങ്ങളിൽ തങ്ങി നിൽക്കില്ല. അവൻ അതിനുമപ്പുറത്തുള്ള സൗന്ദര്യത്തിലേക്ക് പറന്നുയർന്നു കഴിഞ്ഞു. എത്രയോ നന്നായിരുന്നേനെ സഭയും അവളുടെ മക്കളെ ഈയൊരു സൗന്ദര്യത്തിലേക്ക് പറന്നുയരാൻ സഹായിച്ചിരുന്നെങ്കിൽ! അനുസരണത്തേക്കാൾ ഉപരി ദൈവീകാനുഭവത്തിന് പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ! വിധേയത്വത്തിനേക്കാൾ ഉപരി ആഴമേറിയ പരസ്പര ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ! ഉത്ഥിതനിൽ നിന്നും തോമസിൽ നിന്നും നമ്മൾ ഇനിയും ഒത്തിരി പഠിക്കേണ്ടിയിരിക്കുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker