Articles

കല്ലറയിൽ പുഷ്പിക്കുന്ന ജീവോത്സവം

ആകമാനം മുറിവേറ്റ ശരീരത്തിൽ, ജീവരക്തം കൊണ്ട് തന്റെ പ്രിയപ്പെട്ടവർക്കു പുത്തൻ പറുദീസ ഒരുക്കുന്ന തമ്പുരാൻ...

ഫാ.അരുൺദാസ് തോട്ടുവാൽ

ഉയിർപ്പുതിരുന്നാൾ ദിനം. തിന്മയുടെ അന്ധകാരത്തിനുമേൽ ജീവന്റെ വെൺപുലരി ആദ്യമായി മറിയം മഗ്ദലേനയ്ക്ക് കല്ലറയിലെ തോട്ടത്തിൽ വെളിപ്പെട്ട ദിനം…! മരണത്തിന്റെ വന്യമായ ഗർജ്ജനം എന്നെന്നേക്കുമായി നിലച്ചതും അന്നാണ്. തുറക്കപ്പെടാത്ത കല്ലറകളില്ല; അറുതികളില്ലാത്ത വേദനകളുമില്ല; ഉത്ഥിതന്റെ ക്ഷതങ്ങൾ അതിനെല്ലാം സാക്ഷ്യപത്രങ്ങളുമായി.

ഉത്ഥിതനായ ക്രിസ്തുവിനെ ഒരു ഉദ്യാനപാലകനായിട്ടാണ് മധ്യകാലഘട്ടത്തിലെ നവോത്ഥാന (Renaissance) ചിത്രകാരൻമാർ ഭാവനയിൽ വരച്ചെടുത്തത്. പലചിത്രങ്ങളിലും, ഒരു തോട്ടക്കാരന്റെ വസ്ത്രങ്ങളും പണിയായുധങ്ങളും തൊപ്പിയുമൊക്കെ ക്രിസ്തുവിനു അവർ ചാർത്തുന്നുണ്ട്. അവൻ ഉയർത്തെഴുന്നേറ്റത് ഒരു പൂന്തോട്ടത്തിലായിരുന്നുവല്ലോ. ആഴ്ചയുടെ ഒന്നാം ദിവസം, അവന്റെ കല്ലറയ്ക്കു വെളിയിൽ കലങ്ങിയ കണ്ണുമായി നിന്ന മഗ്ദലേനമറിയം താൻ കണ്ട മനുഷ്യൻ ഒരു തോട്ടക്കാരനാണെന്ന് സ്വാഭാവികമായി ചിന്തിക്കുകയും ചെയ്തു. അരിമത്തയക്കാരൻ ജോസഫിന്റെ “പുതിയ” കല്ലറയോടു ചേർന്ന് (മത്താ. 27:57-60; യോഹ: 19:41) വർണ്ണാഭമായ ഒരു പൂന്തോട്ടവും, അതിനെ സമ്പുഷ്ടമാക്കി ഒഴുകുന്ന ഒരു പുഴയും ഉണ്ടായിരുന്നുവെന്ന് പുരാവസ്തു ഗവേഷകനായ ഗബ്രിയേൽ ബാർക്കെ (1986) തന്റെ “പൂന്തോട്ട കല്ലറ” (The Garden Tomb) എന്ന ഗവേഷണത്തിൽ അതു ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തു. ജെറുസലേമിന്റെ മതിൽക്കെട്ടിനു പുറത്തായി സ്ഥിതി ചെയ്യുന്ന പൂച്ചെടികളുടെ മദ്ധ്യേ അതിരാവിലെ കണ്ട മനുഷ്യൻ ഉദ്യാനപാലകനല്ലാതെ മറ്റാരുമാകുവാൻ വഴിയില്ല! താൻ ആറ്റുനോറ്റു വളർത്തുന്ന തളിരിലകളിൽ വസന്തം വിടർന്നോന്നറിയാൻ അതിരാവിലെ ഇരുട്ടായിരിക്കുമ്പോൾ തന്നെ വന്നതായിരിക്കാം. ഓരോ തോട്ടക്കാരനും ഓരോ രാത്രികളും തള്ളിനീക്കുന്നത്, തന്റെ ചെടികൾ പ്രഭാതത്തിൽ വർണ്ണാഭമാകുമെന്നുളള പ്രതീക്ഷയോടെയാണല്ലോ. സൗരഭ്യം പടർത്തുന്ന നയനമനോഹരമായ ആ കാഴ്ചകൾ ഏതഅസ്വസ്ഥമായ മനസ്സിനെയും ശാന്തമാക്കും. കുടുംബത്തിലേക്ക് ഒരു കുഞ്ഞതിത്ഥി പിറവിയെടുക്കുന്ന സന്തോഷസമാനമാണ് പകൽ വെളിച്ചത്തിൽ തെളിയുന്ന ഓരോ മലരുകളും.

എങ്കിലും, മറിയം ഗ്രഹിക്കാതെ പോയ ഒരു വേദസത്യമുണ്ട്: ആദ്യത്തെ തോട്ടക്കാരൻ ദൈവം തമ്പുരാനാണെന്ന തിരിച്ചറിവ്! പിൽക്കാലത്ത്, ഈ തോട്ടത്തിനു സമീപമായ കാൽവരിയിലെ ക്രിസ്തുവിന്റെ രക്തം പുരണ്ട വിശുദ്ധമണ്ണ്, റോമിലെ നീറോ ചക്രവർത്തിയുടെ (54-64 AD) മതമർദ്ദനത്തിനു ഇരയായ രക്തസാക്ഷികളുടെ ചുടുനിണം കലർന്ന മണ്ണുമായി, റോമിലെ ചക്രവർത്തിനിയായിരുന്ന ഹെലേന കോൺസ്റ്റാൻറിനോപ്പിൾ (246/248-330 AD) കൂട്ടിക്കലർത്തിയ അടിസ്ഥാനത്തിലായിരുന്നു, 57 ഏക്കർ കണക്കിനു വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വത്തിക്കാനിലെ മനോഹരമായ തോട്ടങ്ങൾ നിക്കോളസ് മൂന്നാമൻ പാപ്പ (1277-1280) പടുത്തുയർത്തിയതെന്നൊരു വിശുദ്ധപാരമ്പര്യം തന്നെ നമുക്കുണ്ട്.

ക്രൈസ്തവ ദേവാലയങ്ങളിലും, പാശ്ചാത്യനാടുകളിലെ സെമിത്തേരികളിലും പൂച്ചെടികൾ നിറഞ്ഞാടുന്നതിന്റെ പിന്നിലുള്ള ഉദ്ദേശം മറ്റൊന്നുമായിരിക്കില്ല; ക്രിസ്തുവിന്റെ ഉത്ഥാനവും, പുഷ്പിക്കലിന്റെയും സന്തോഷത്തിന്റെയും പ്രത്യാശയുടെയും എല്ലാത്തിനുപരിയായി, ജീവന്റെയും ഒരു വിളവെടുപ്പുത്സവം തന്നെയാണെന്ന ഉറച്ച വിശ്വാസമല്ലാതെന്താണ്!

സൃഷ്ടിയുടെ ആരംഭം മുതലേ, ഒരു തോട്ടക്കാരനായി അവതരിക്കുന്ന ദൈവം (ഉൽപ്പത്തി 2:8), ഉത്ഥിതനായ തമ്പുരാനിലൂടെ മറിയത്തിന്റെ ചിന്താസരണിയിൽ ഒരു തോട്ടക്കാരനായി പുനർജ്ജനിക്കുന്നു. “അവിടുന്ന് കിഴക്ക് ഏദനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു” (ഉൽപ്പത്തി 2:8), എന്ന് വേദപുസ്തകത്തിന്റെ ആരംഭ ദശയിൽത്തന്നെ സൂചിപ്പിച്ചുകൊണ്ട്, ജീവൻ നല്കുന്നതും അതു പരിപോഷിപ്പിക്കുന്നതുമായ പ്രകൃതി സംരക്ഷകനാണു സ്രഷ്ടാവെന്നു ദൈവം നമ്മെ ഓർമ്മപ്പെടുത്തുന്നു.

അതുപോലെതന്നെ, മനുഷ്യദുരിതങ്ങളും മരണവും കടന്നുവന്നതും ദൈവം നട്ടുപിടിപ്പിച്ച തോട്ടത്തിൽവെച്ചു തന്നെയായിരുന്നു: “അവിടുന്നു സ്ത്രീയോട് പറഞ്ഞു: നിന്റെ ഗർഭാരിഷ്ടതകൾ ഞാൻ വർദ്ധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും” (ഉൽപ്പത്തി 3: 16). ഏദൻ തോട്ടത്തിൽ ആദിമാതാവായ ഹവ്വാ ഏറ്റുവാങ്ങിയ പാപത്തിന്റെ വേതനമായ ദുരന്തങ്ങൾ, ഒരുകാലത്ത് പാപക്കറയിൽ വീണുപോയ മറിയത്തിലും ഹൃദയ വേദനയായി കല്ലറയിലെ പൂന്തോട്ടത്തിൽ തളംകെട്ടി നില്ക്കുന്നുണ്ട്. തന്റെ എല്ലാമെല്ലാമായിരുന്ന, തന്നിൽ നിന്നും അശുദ്ധാത്മാക്കളെ ബഹിഷ്കരിച്ച, യഹൂദ പ്രമാണികളുടെ മരണശിക്ഷയിൽ നിന്നും തന്നെ കൈപിടിച്ചുയർത്തിയ അവൻ തന്നെ വിട്ടു പോയിരിക്കുന്നു. സഹിക്കാനാവുന്നില്ല; ആ വിരഹവേദന!

അനുസരണക്കേടിന്റയും തിന്മയുടെയും ഫലമായി ആദിമാതാപിതാക്കന്മാർക്കും ദൈവത്തോടൊപ്പം ചിലവഴിച്ച സായാഹ്ന സവാരികൾ അന്യമാകുകയാണ്; ദൈവിക സൗഹൃദത്തിന്റെ വേർപാടിന്റെ ദുഃഖത്തിൽ വലിച്ചെറിയപ്പെടുകയാണ്; ജീവന്റെ പറുദീസയും നഷ്ടമാവുകയാണ്. തത്ഫലമായി, ദുരിതങ്ങളുടെയും മരണത്തിന്റെയും താഴ് വാരങ്ങളിലേക്ക് അവർ നിപതിക്കുന്നു: “മണ്ണിൽ നിന്നെടുത്ത മനുഷ്യനെ മണ്ണിനോടു മല്ലിടാൻ വിട്ടു. മനുഷ്യനെ പുറത്താക്കിയ ശേഷം, ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാക്കാൻ ഏദൻ തോട്ടത്തിനു കിഴക്ക് അവിടുന്ന് കെരൂബുകളെ കാവൽ നിർത്തി” (ഉൽപ്പത്തി 3:24). തുടർന്ന്, കായേലിന്റെ രക്തചൊരിച്ചിലിലൂടെ മരണം കടന്നു വരുന്നു. “പാപത്തിന്റെ ശമ്പളം മരണമാണ്” (റോമ. 6:23) എന്നത് കല്ലറയിലേക്കുളള വഴിയെ കുറിച്ചുള്ള വ്യാഖ്യാനമായി ഇവിടെ മാറുകയാണ്.

പക്ഷേ, ദൈവത്തിന്റെ പ്രതീക്ഷകൾക്ക് അന്ത്യമില്ല. സ്വപുത്രനിലൂടെ ജീവൻ തുടിക്കുന്ന “പുതിയ ആകാശവും പുതിയ ഭൂമിയും” അവൻ സ്വപ്നം കാണുന്നു. അവനെ പരാജയപ്പെടുത്തുവാൻ ആർക്കാണ് കഴിയുന്നത്? വീണ്ടെടുപ്പിന്റെ സുവിശേഷത്തിന് അവിടെ തുടക്കം കുറിക്കുകയാണ്. ഭൂമിയിൽ പറുദീസ സൃഷ്ടിക്കുവാനുള്ള ദൈവീകപദ്ധതി, മരണത്തെ കീഴ്പ്പെടുത്തിയ മൂന്നാം ദിനത്തെ ഉത്ഥാനത്തിലൂടെ ക്രിസ്തു സാക്ഷാത്കരിക്കുകയാണ്. ഈ നന്മയുടെ വിജയം അത്ര എളുപ്പമല്ലല്ലോ?

ശരീരത്തെയും മനസ്സിനെയും കാർന്നുതിന്നുന്ന മാരക രോഗങ്ങൾക്കും, കുടുംബജീവിതത്തിലെ ക്ലേശകരമായ തെറ്റിദ്ധാരണകൾക്കും, ജീവിത പ്രാരാബ്ധങ്ങൾക്കും പരാജയങ്ങൾക്കും മുന്നിൽ നാം തളരാൻ പാടില്ലെന്ന്, മരണത്തിന്റെയും സഹനത്തിന്റെയും മൃതിഭയത്തിന്റെയും താഴ് വാരങ്ങളെ പ്രത്യാശയുടെ തോട്ടമാക്കിയവൻ നമുക്കു കാണിച്ചു തരുന്നു. ത്യജിക്കപ്പെടലിന്റെ പരകോടിയായ ഗാഗുൽത്തായിലെ മരണത്തിനു മുന്നോടിയായി കെദ്രോൺ അരുവിക്കടുത്തുള്ള ഗത് സെമൻ തോട്ടത്തിലേക്കു ക്രിസ്തു തന്റെ പ്രിയ ശിഷ്യരെയും വിളിച്ചുകൊണ്ടു പോയതു സ്വമനസ്സാലായിരുന്നു (മത്തായി 26:36). ദൈവത്തെ ധിക്കരിച്ചു കൊണ്ട് ഏദൻ തോട്ടത്തിൽ നിന്നും ആദിമാതാപിതാക്കന്മാർ ഇറങ്ങിപോയതു പോലെ, രക്തം വിയർക്കുന്ന ആ രാത്രിയിലും അവനെ ഒറ്റികൊടുത്തും തള്ളിപ്പറഞ്ഞും ഉപേക്ഷിച്ചും ശത്രുക്കളുടെ കൈകളിലേക്ക് അവനെ വിട്ടുകൊടുത്തതും ഒലീവ് മരങ്ങളുടെ ആ തോട്ടത്തിൽ തന്നെയായിരുന്നു. സുവിശേഷകൻ എത്ര മനോഹരമായാണ് ദൈവത്തിന്റെ പദ്ധതികൾ പിന്നീട് വിവരിക്കുന്നത്: “അവൻ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. തോട്ടത്തിൽ അതുവരെ ആരെയും സംസ്കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു. യഹൂദരുടെ ഒരുക്കത്തിന്റെ ദിനമായിരുന്നതിനാലും, കല്ലറ സമീപത്തായിരുന്നതിനാലും അവർ യേശുവിനെ അവിടെ സംസ്കരിച്ചു” (യോഹന്നാൻ 19:41-42). അവിടെയാണു മഗ്ദലേനമറിയം ദൈവം ഒരു തോട്ടക്കാരനാണെന്നു തിരിച്ചറിയുന്നത്. അതൊരു തെറ്റിദ്ധാരണയാണയായിരുന്നുവെന്നു നാം പലരും വ്യാഖ്യാനിക്കുമ്പോൾ, മറിയം സത്യത്തിന്റെ പാതയിലായിരുന്നുവെന്നതിനു വേദപുസ്തകം സാക്ഷ്യമാകുന്നു.

കലയുടെ സുവർണ കാലഘട്ടമായിരുന്ന മധ്യയുഗത്തിൽ, ഇറ്റലിയുടെ പുരാതന സാംസ്കാരിക തലസ്ഥാനമായിരുന്ന ഫ്ലോറൻസിലെ സാൻ മാർക്കോ (San Marco) എന്ന കോൺവെന്റിൽ മൂന്നു വർഷമെടുത്തു ആഞ്ചലിക്കൊ (Fra Angelico 1440-1442) വരച്ച ഒരു മനോഹര ചിത്രമുണ്ട്. ഒരു ഉദ്യാനപാലകനെ പോലെ പണിയായുധങ്ങളും പിടിച്ചു നില്ക്കുന്ന ഉത്ഥിതനായ ക്രിസ്തുവിനെ കല്ലറയ്ക്കു വെളിയിലുളള തോട്ടത്തിൽ മറിയം കണ്ടുമുട്ടുന്നതാണു അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത്. ഇതിൽ നമ്മുടെ ശ്രദ്ധ ഏറ്റവും ആകർഷിക്കുന്നത്, തോട്ടത്തിലെ വെള്ളയും ചുവപ്പും കലർന്ന പുഷ്പങ്ങളാണ്. കാഴ്ചയിൽ, സെമിയോറ്റിക് മാതൃകയിൽ വിരിഞ്ഞ അവ യഥാർത്ഥ പുഷ്പങ്ങളാണെന്ന് പറയാനാവില്ല: പച്ചപ്പു വിരിച്ച നിലത്തിലെ പ്രഭാതത്തിലെ വെളുത്ത മഞ്ഞുതുള്ളിയിൽ, അല്ലെങ്കിൽ വയലിലെ ലില്ലിപുഷ്പങ്ങളിൽ ചുവന്ന നിറം പടർന്നു കയറിയതുപോലെ. സൂക്ഷിച്ചു നോക്കിയാൽ, ക്രിസ്തുവിന്റെ വിശുദ്ധ ക്ഷതങ്ങളിൽ നിന്നുള്ള രക്ത കണികകളാണ് അവയെന്നു നമുക്ക് മനസ്സിലാവും. ക്രിസ്തുവിന്റെ മുറിവുകൾ കുറവുകളായി പുച്ഛിച്ചു തള്ളുന്നവർക്ക് തോമസ് അക്വിനാസ് നൽകുന്ന കുറിക്കുകൊള്ളുന്ന മറുപടിയും ഇവിടെ സ്മർത്തവ്യമാണ്: “അതെ, അവ ക്രിസ്തുവിന്റെ മുറിവുകളാണ്; അതിന്റെ മനോഹാരിത തന്നെ സൗന്ദര്യമാണ്; രക്തമൊലിക്കുന്ന എളിമയെന്ന പുണ്യത്തിന്റെ ലാവണ്യം” (Summa theologica 3a.54.4). ആകമാനം മുറിവേറ്റ ശരീരത്തിൽ, ജീവരക്തം കൊണ്ട് തന്റെ പ്രിയപ്പെട്ടവർക്കു പുത്തൻ പറുദീസ ഒരുക്കുന്ന തമ്പുരാൻ!

അവന്റെ മുറിവുകളിലെ ശ്വേതാണുക്കൾ ഫലഭൂയിഷ്ടമാക്കുന്നത് ആ തോട്ടത്തിലെ മണ്ണിനെയാണ്. ഒരു തുള്ളി പോലും ഒറ്റപ്പാറ തുരന്നുണ്ടാക്കിയ കല്ലറയിൽ വീണിട്ടില്ല. പാറപ്പുറത്ത് വീഴുന്ന വിത്തുകളെക്കുറിച്ച് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നതു ഇവിടെ പ്രസക്തമാണ് (മത്തായി 13:1-9;18-23). മരണമുഖമായ കല്ലറയ്ക്കു പുറത്തു, ദൈവസ്നേഹത്തിന്റെ പുതുനാമ്പുകൾ തളിർക്കുന്നുണ്ട്. അവ പുഷ്പിച്ചു “നൂറുമേനിയും അറുപതു മേനിയും മുപ്പതു മേനിയും” ജീവന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നുമുണ്ട്. കാരണം, സ്വരക്തം കൊണ്ടാണ് ക്രിസ്തു മനുഷ്യന്റെ ഹൃദയമാവുന്ന പറമ്പിൽ തളിക്കുന്നതും വിതയ്ക്കുന്നതും. കൃഷിക്കാരനായ ദൈവത്തിനറിയാം ചങ്കും കരളും കൊടുത്താൽ, പ്രകൃതി ചതിക്കില്ലെന്ന്. അതുകൊണ്ടാണ്, മറിയത്തിന്റെ കുപ്പായത്തിനും ചിത്രകാരൻ ചുവന്ന നിറം നൽകിയിരിക്കുന്നത്: അവളിലെ മാറാലകൾ മൂടിയ ഭൂതകാലവും, ക്രിസ്തുവിന്റെ രക്തത്തുള്ളികളാൽ മാനസാന്തരപ്പെട്ട വർത്തമാനകാലവും ഒരുപോലെ ബലികുഞ്ഞാടിന്റെ രക്തത്തിൽ ആഞ്ചലികോ സമന്വയിപ്പിക്കുന്നു. ഉഷസിൽ വിടർന്ന പൂക്കളിൽ ചിതറിക്കിടക്കുന്ന ചുവപ്പിൽ അതു ഉത്ഥാനത്തിന്റെ പ്രതീകം കൂടിയായി മാറുന്നു.

“Laudato Si” (നിനക്കു സ്തുതിയായിരിക്കട്ടെ) എന്ന ചാക്രിയലേഖനവുമായി ബന്ധപ്പെട്ടു ഫ്രാൻസിസ് പാപ്പ പങ്കുവെച്ചത് ഇപ്രകാരമായിരുന്നു: “ദൈവം എപ്പോഴും ക്ഷമിക്കുന്നു; എല്ലാ തെറ്റുകളും കുറ്റങ്ങളും ദൈവം ക്ഷമിക്കുന്നു. മനുഷ്യൻ ചിലപ്പോൾ ക്ഷമിക്കുന്നു. പക്ഷേ പ്രകൃതി ഒരിക്കലും ക്ഷമിക്കില്ല”. മനുഷ്യന് പാരമ്പര്യമായി ലഭിക്കുന്ന സ്വത്തല്ല മണ്ണെന്നും, അത് തലമുറകളിലേക്ക് കൈമാറേണ്ട പണയവസ്തുവാണെന്നും ഓർമ്മപ്പെടുത്തുവാനും പരിശുദ്ധ പിതാവ് മറക്കുന്നില്ല. മണ്ണിൽ നിന്നെടുത്ത, മണ്ണിന്റെ ഗന്ധം വമിക്കുന്ന, മണ്ണിലേക്ക് മടങ്ങുന്ന മർത്യൻ പുതിയ നിയമത്തിൽ രണ്ടാം ആദം (ഹീബ്രു ഭാഷയിലെ ആദാം അർത്ഥമാക്കുന്നതു തന്നെ “ഭൂമി, മണ്ണ്, മനുഷ്യൻ”, മനുഷ്യന്റെ നിറവുമായി ബന്ധപ്പെടുത്തി “ചുവന്നത്” എന്നൊക്കെയാണ്), തിന്മയുടെയും അതിന്റെ തിക്തഫലമായ മരണഭയവും പേറുന്ന മലീമസമായ മനുഷ്യനാകുന്ന മണ്ണിലേക്ക്, കുന്തത്താൽ പിളർക്കപ്പട്ട ചങ്കിൽ നിന്നൊഴുകുന്ന ജീവന്റെ പുത്തനരുവികൾ സമ്മാനിക്കുന്ന ഉത്ഥിതൻ (യോഹ. 4:14), പാപാന്ധകാരത്തെയും മൃതിയെയും കീഴ്പ്പെടുത്തിയവനാണ്. മുറിവുകൾ ഏറ്റ കരങ്ങൾ നീട്ടിയും തകർക്കപ്പെട്ട തോളിലേക്ക് ചേർത്തുപിടിച്ചുമാണ് അവൻ മറിയത്തെയും പ്രിയപ്പെട്ടവരെയും ശക്തിപ്പെടുത്തിയത്. അമ്മയുടെ ഉദരത്തിൽ പോലും കുഞ്ഞുങ്ങളെ വധിക്കുന്നതിന് നിയമസാധുത നേടുന്ന ഈ മരണസംസ്കാരത്തിൽ ജീവൻ കൊടുത്തും നാം ജീവസംരക്ഷകരാകണമെന്നും, കല്ലറതോട്ടത്തിൽ നമുക്കു വീണ്ടെടുപ്പിന്റെ വസന്തം ഒരുക്കുന്നവൻ നമ്മോട് ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടാണല്ലോ, ലോകത്തിന് മരണത്തിന്റെ മുൾക്കിരീടം മെനയുന്ന “കൊറോണ” വൈറസുകളുടെ വേദനാജനകമായ ദുരിതത്തിലും, നിരവധി ആരോഗ്യപ്രവർത്തകർ നിസ്വാർഥ സേവനത്തിന്റെ തോട്ടക്കാരായി ജീവന്റെ കാവൽ മാലാഖമാരാകുന്നത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker