Kazhchayum Ulkkazchayum

ഊഞ്ഞാലും കൊലക്കയറും

കൊലക്കയറിനെ ഊഞ്ഞാലാക്കി മാറ്റാനുള്ള ചാലക ശക്തി തമ്പുരാൻ നൽകട്ടെ...

ഗതകാലസ്മരണകൾ അയവിറക്കാനും, പുനർജനിപ്പിക്കാനും, ഗൃഹാതുരത്വം ഉണർത്താനും ഊഞ്ഞാലിന് കഴിയുന്നു. മനുഷ്യരുമായി ഇഴപിരിയാത്ത ഒരു ബന്ധം ഊഞ്ഞാലിനുണ്ട്. ഒരു പൊക്കിൾക്കൊടി ബന്ധം! പത്തു മാസക്കാലം നാം അമ്മയുടെ ഉദരത്തിൽ ആയിരുന്നപ്പോൾ ഒരു പിള്ളത്തൊട്ടിൽ കഴിഞ്ഞകാലം! തുടർന്ന് അമ്മയുടെയും, അച്ഛനെയും, സഹോദരങ്ങളുടെയും, ബന്ധുമിത്രാദികളുടെയും സ്നേഹവാത്സല്യം ആസ്വദിച്ചിരുന്ന കാലം! പിന്നെ ഓണനാളുകളിൽ അമ്മയുടെയും, ചേച്ചി-ചേട്ടന്മാരുടെയും, അയൽപക്കത്തുള്ള ചേച്ചിമാരുടെയും മടിയിലിരുന്ന് ഊഞ്ഞാലാടിയ കാലം!! വീണ്ടും വീണ്ടും ഓണം ഉണ്ട് വളർന്നപ്പോൾ സ്വന്തമായി ഊഞ്ഞാലാടിയ കാലം!!! മധുരിക്കും ഓർമ്മകളുടെ സുഗന്ധപൂരിതമായ കാലം!!! പ്രായത്തെ വെല്ലുവിളിക്കാൻ കഴിവുള്ള ഒരു മാസ്മരിക ശക്തി ഊഞ്ഞാലിനുണ്ട്.

ഭാരങ്ങൾ ഇറക്കി വെച്ച് പാട്ടുപാടി കഴിഞ്ഞു പോയ കാലം… നില മറന്ന് ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ, വീരശൂര പരാക്രമിയെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ, പൊങ്ങച്ചം കാണിക്കാൻ, കേമനും കേമത്തിയുമെന്ന് കാണിക്കാനുള്ള ശ്രമത്തിൽ ഊഞ്ഞാലിൽ നിന്ന് തെന്നിവീണ്, നിലത്തിൽ മുത്തമിട്ടപ്പോൾ ഉണ്ടായ മുറിപ്പാടുകൾ ഇന്നും മായാതെ കിടപ്പുണ്ട്…! പരിസരം മറന്ന്, ഭക്ഷണം മറന്ന്, വിശ്രമം മറന്ന്, എല്ലാം എല്ലാം മറന്ന്, ഒരു പക്ഷിയെപ്പോലെ വായുവിൽ പാറിപ്പറന്നു നടക്കാൻ… ഊഞ്ഞാലൊരുക്കുന്ന മുഹൂർത്തങ്ങൾ അനവദ്യ സുന്ദരമാണ്…!! ഉയരമുള്ള ഉറപ്പുള്ള ഒരു പ്രതലത്തിൽ (മരക്കൊമ്പ് അഥവാ വടം) കെട്ടി ഉറപ്പിച്ച രണ്ടു കയറുകൾ താഴെയുള്ള ചവിട്ടുപടിയിൽ തുല്യഅളവിൽ കെട്ടി ഉറപ്പിക്കുമ്പോൾ ഊഞ്ഞാലായി…!! നമ്മുടെ ഭാരം അനായാസം ഉയർത്താൻ കഴിവുള്ള കയറുകൾ… ഓരോ കുരുക്കിടുമ്പോഴും ദൃഢതയും സൂക്ഷ്മതയും ഉറപ്പുവരുത്തണം… നേരിയ പാളിച്ചകൾക്ക് പോലും വലിയ വില കൊടുക്കേണ്ടി വരും… ജാഗ്രത വേണം… ജാഗ്രത!!

ഊഞ്ഞാലിന്റെ കയറും കൊലക്കയറിന്റെ കയറും കയറാണ്. പിഴക്കാത്ത കൊലക്കയറിന്റെ ചിത്രം നമ്മുടെ മനസ്സിൽ നിന്ന് മാഞ്ഞു പോകാൻ സമയമായിട്ടില്ല. ഇനിയും നിയമം അനുശാസിക്കുന്ന ഉറപ്പുള്ള കൊലക്കയർ അനിവാര്യമാണ്. കൊലക്കയറിന്റെ പ്രത്യേകത ചുവട്ടിൽ ചവിട്ടി നിൽക്കാൻ ഒരു ചവിട്ടുപടി ഇല്ലെന്നുള്ളതാണ്. സമൂഹത്തിന്റെ നിയമങ്ങളെയും, വ്യവസ്ഥകളെയും കീഴ്മേൽ മറിക്കുമ്പോൾ കൊലക്കയറിന്റെ ചവിട്ടുപടി താനേ അടർന്നുമാറും! മരവിച്ച് വിറങ്ങലിച്ചു നിൽക്കുന്ന അന്തരീക്ഷത്തിൽ ഘടികാരത്തിന്റെ ശബ്ദംപോലും ഭയാനകമായിരിക്കും… ഒന്നു കരയാൻ, നിലവിളിക്കാനുള്ള അവസരം പോലും നൽകാതെ ആ കുരുക്കുകൾ മുറുകും. അവസാനത്തെ ശ്വാസമെടുക്കാനുള്ള സാവകാശം നൽകാതെ കറുത്ത മുഖംമൂടികൾ വലിഞ്ഞുമുറുകും… ആ സമയം അകലങ്ങളിൽ വെള്ളരിപ്രാവുകൾ ചിറകടിച്ചു പറന്നുയരും… നിലവിളികളും കണ്ണുനീരും നൊമ്പരവും പ്രത്യാശയുടെ പുത്തൻ ചക്രവാളം രചിക്കും… കൊലക്കയറിന്റെ “രസതന്ത്രം” അന്തരീക്ഷത്തിൽ ഇനിയും തുടർചലനങ്ങൾ ഉണ്ടാക്കട്ടെ… ശാന്തിയും, സമാധാനവും, സഹവർത്തിത്വവും ധാരമുറിയാതൊഴുകാൻ കൊലക്കയറിന് ബലക്ഷയം ഉണ്ടാകാതിരിക്കട്ടെ!!!

ഇനി വരികൾക്കിടയിലൂടെ വായിച്ചെടുക്കാൻ പരിശ്രമിക്കാം. ജീവിതത്തിൽ ദൗർഭാഗ്യങ്ങളുടെയും, നിരർത്ഥതയുടെ മരണ ഗന്ധമുള്ള വഴിത്താരയിൽ നിന്ന് (കൊലക്കയറിൽ നിന്ന്) പ്രതീക്ഷയുടെയും, പ്രത്യാശയുടെയും പുത്തൻ സ്നേഹ തീരങ്ങളിലേക്ക് നീന്തിക്കയറി ജീവിതത്തെ കാണാൻ നമുക്ക് കഴിയണം. അതെ, കൊലക്കയറുകൊണ്ട് ഊഞ്ഞാലുകെട്ടാൻ നമുക്ക് കഴിയണം. അതാണ് സുബോധമുള്ള മനുഷ്യൻ ചെയ്യേണ്ടത്. ജീവിതം നൈരാശ്യത്തിന്റെ കൂരിരുളിൽ നിന്ന് പ്രത്യാശയുടെ പൊൻപുലരി തേടിയുള്ള പ്രയാണം അനുസ്യൂതം തുടരണം. പിന്നാലെ വരുന്നവർക്ക് ഒരു പുതിയ ആകാശത്തേയും ഭൂമിയേയും ലക്ഷ്യം വച്ച് കുതിക്കാൻ ശക്തി പകരാം. കൊലക്കയറിനെ ഊഞ്ഞാലാക്കി മാറ്റാനുള്ള ചാലക ശക്തി തമ്പുരാൻ നൽകട്ടെ!! ഇടത്തും വലത്തും, മുൻപിലും പിൻപിലും കാവൽ മാലാഖമാർ നമുക്ക് കാവലാകാൻ പ്രാർത്ഥിക്കാം!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker