Articles

മരുഭൂമിയിലുയർന്ന സർപ്പവും, കാൽവരിയിലുയർന്ന കുരിശും, ഭൂമിയിൽ വീണ കൊറോണാ മഹാമാരിയും

പഴയ അവസ്ഥയിലേക്ക് അതായത് മതിലുകൾ ഉള്ള അവസ്ഥയിലേക്കുള്ള മടക്കമാണ് സാമ്പത്തിക മാന്ദ്യത്തെക്കാൾ ഭയപ്പെടേണ്ട 'മാന്ദ്യം'...

ഫാ.ജോസ് കുളത്തൂർ

കൊറോണാ മഹാമാരിയുടെ പശ്ചാത്തലത്തിൽ പരിശുദ്ധപിതാവിന്റെ ഔദ്യോഗിക പേപ്പൽ പ്രസംഗകൻ റനിയേരോ കന്തലേമെസ എന്ന കപ്പൂച്ചിയൻ വൈദീകൻ ദുഃഖവെള്ളിയാഴ്ച പാപ്പായുടെ നേതൃത്വത്തിൽ നടന്ന കുരിശാരാധനയിൽ നൽകിയ വചന സന്ദേശത്തിന്റെ സ്വതന്ത്ര പരിഭാഷ.

മഹാനായ വിശുദ്ധ ഗ്രിഗറി ദൈവവചനത്തെക്കുറിച്ചു ഇപ്രകാരം പറഞ്ഞു. വചനം വായനക്കാരനൊപ്പം വളരുന്നു (Cum legentibus crescit). വായനക്കാരന്റെ ഹൃദയത്തിൽ അവൻ സൂക്ഷിക്കുന്ന ചോദ്യങ്ങൾക്കൊപ്പം വചനത്തിന്റെ വൈവിധ്യ അർത്ഥതലങ്ങളും വെളിപ്പെടുന്നു. ഈ വർഷം നമ്മൾ വായിച്ച കർത്താവിന്റെ പീഡാനുഭവ വിവരണം നമ്മിൽ എന്ന് മാത്രമല്ല, ലോകം മുഴുവനിൽ നിന്നും ഉയരുന്ന ഒരു ചോദ്യത്തോടെയാണ് – അതിലുപരി ഒരു നിലവിളിയോടെയാണ്. നിർബന്ധബുദ്ധ്യാ നാം ദൈവവചനം നൽകുന്ന ഉത്തരം അന്വേഷിക്കണം.

വസ്തുതാപരമായി നോക്കുമ്പോൾ ഭൂലോകത്തിൽ സംഭവിച്ച ഏറ്റവും വലിയ തിന്മയുടെ നേർരൂപമാണ് ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചു കേട്ടത്. ഇതിനെ രണ്ട് വീക്ഷണകോണിൽ നിന്നു നമുക്ക് കാണാം. ഒരു പ്രശ്നത്തെ ഒന്നുകിൽ അതിന്റെ മുൻപിൽ നിന്നോ, അല്ലെങ്കിൽ അതിന്റെ പിൻപിൽ നിന്നോ നോക്കാവുന്നതാണ് – അതായത്, അതിന്റെ കാരണത്തിന്റെയോ ഫലത്തിന്റെയോ അടിസ്ഥാനത്തിൽ നമുക്ക് വിലയിരുത്താവുന്നതാണ്. ക്രിസ്തുവിന്റെ മരണത്തിന്റെ ചരിത്രപരമായ കാരണങ്ങൾ പരിശോധിച്ചാൽ നാം സംശയ ഗ്രസ്തരായിത്തീരുകയും, അത് പീലാത്തോസ് പറഞ്ഞതുപോലെ ‘ഈ മനുഷ്യന്റെ രക്തത്തിൽ എനിക്ക് പങ്കില്ല’ (വി.മത്തായി 27:24) എന്നുപറയുന്നതിന് എല്ലാവരെയും നിർബന്ധിതരാക്കുകയും ചെയ്യും. കുരിശ് അതിന്റെ കാരണങ്ങളെക്കാൾ, അതിന്റെ ഫലങ്ങളാൽ മനസ്സിലാക്കുന്നതാണ് ശ്രേഷ്ഠം. ക്രിസ്തുവിന്റെ മരണത്തിന്റെ ഫലങ്ങൾ എന്തായിരുന്നു? വിശുദ്ധ പൗലോസ് പറയുന്നു: ‘അവനിലുള്ള വിശ്വാസത്താൽ നാം നീതീകരിക്കപ്പെട്ടു. ദൈവവുമായി അനുരഞ്ജനവും സമാധാനവും സ്ഥാപിതമായി. നിത്യജീവനെകുറിച്ചുള്ള പ്രത്യാശയാൽ നാം നിറഞ്ഞു’ (റോമാ 5:1-5). അതുപോലെ ക്രിസ്തുവിന്റെ കുരിശു മരണത്തിന്റെ സവിശേഷമായ ഒരു ഫലം ഈ പ്രത്യേക സാഹചര്യത്തെ കൂടുതൽ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. ക്രിസ്തുവിന്റെ കുരിശ് എല്ലാതരത്തിലുമുള്ള മാനുഷിക വേദനയുടെയും, സഹനത്തിന്റെയും – ശാരീരികവും ധാർമികവുമായ അർത്ഥതലങ്ങളെ മാറ്റിമറിച്ചു. വേദനകളും സഹനങ്ങളും ഇനിമേൽ ശിക്ഷയോ ശാപമോ അല്ല, കാരണം ദൈവപുത്രൻ ഏറ്റെടുത്തതോടുകൂടി സഹനം രക്ഷാകരമായിതീർന്നിരിക്കുകയാണ്. ഒരുവൻ നമുക്കു വച്ചുനീട്ടുന്ന പാനീയം വിഷലിപ്തമല്ല എന്നതിന് ഏറ്റവും വലിയ തെളിവ് എന്താണ്? അത് വച്ചുനീട്ടുന്നവൻ അതേ കപ്പിൽ നിന്ന്, അത് നൽകപ്പെടുന്നവനു മുൻപേ ആദ്യം പാനം ചെയ്യുന്നതാണല്ലോ എന്നതാണ്. അതെ, അതാണ് ദൈവവും ചെയ്തത്: ലോകത്തിനു മുൻപാകെ കുരിശിൽ കിടന്നു കൊണ്ട് വേദനയുടെയും സഹനത്തിന്റെയും പാനപാത്രം ക്രിസ്തു ആദ്യം മട്ടോളം കുടിച്ചു. അങ്ങനെ ഈ പാനപാത്രം വിഷലിപ്തമല്ലെന്നും, പ്രത്യുത അതിന്റെ അടിത്തട്ടിൽ ഒരു മാണിക്യം ഒളിഞ്ഞിരിപ്പുണ്ടെന്നും അവൻ പ്രഖ്യാപിച്ചു.

വിശ്വാസികളുടെ മാത്രം വേദനയല്ല, മാനവരാശിയുടെ മുഴുവൻ നൊമ്പരങ്ങളും അമൂല്യമാണെന്ന് അവൻ പഠിപ്പിച്ചു. സകല മനുഷ്യർക്കും വേണ്ടിയാണ് അവൻ മരിച്ചത്. ക്രിസ്തു പറഞ്ഞു: ‘ഞാൻ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുമ്പോൾ, എല്ലാ മനുഷ്യരെയും എന്നിലേക്ക് ആകർഷിക്കും’ (വി.യോഹന്നാൻ 12:32). ചിലരെ മാത്രമല്ല, എല്ലാവരെയും. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ താൻ നേരിട്ട വധശ്രമത്തിന് ശേഷം ആശുപത്രി കിടക്കയിൽ വച്ച് ഇപ്രകാരം കുറിച്ചു: ‘സഹിക്കുക എന്നാൽ മനുഷ്യരാശിക്ക് ക്രിസ്തുവിലൂടെ പകർന്നുകിട്ടിയ ദൈവത്തിന്റെ രക്ഷാകര പ്രവർത്തനത്തിൽ സന്തോഷപൂർവ്വം പങ്കു ചേരുക എന്നതാണ്. സഹനത്തെ തന്നെ മനുഷ്യ വർഗ്ഗത്തിന്റെ സാർവ്വത്രിക രക്ഷയുടെ കൂദാശയാക്കി പരിവർത്തനപ്പെടുത്തിയ ക്രിസ്തുവിന്റെ വിശുദ്ധ കുരിശേ, നിനക്കു നന്ദി!’.

വർത്തമാനകാലത്തിൽ നമ്മുടെ ലോകം കടന്നു പോയിക്കൊണ്ടിരിക്കുന്ന സംഭവബഹുലമായ ഈ സാഹചര്യത്തിലേക്ക് ക്രിസ്തുവിന്റെ സഹനം എന്തു വെളിച്ചമാണ് വീശുന്നത്? ഇവിടെയും കാരണങ്ങളേക്കാൾ ഫലങ്ങളിലേക്കാണ് നമ്മുടെ ദൃഷ്ടികൾ പതിയേണ്ടത്. അനുദിനം കേട്ടുകൊണ്ടിരിക്കുന്ന നിഷേധാത്മകവും നിരാശാജനകവുമായ അനുഭവങ്ങൾക്ക് പകരം, ക്രിയാത്മകമായ ഫലങ്ങളിലേക്കുള്ള നമ്മുടെ വീക്ഷണം, കാരണവും ഫലവും തമ്മിലുള്ള അന്തരം കുറയ്ക്കാൻ സഹായിക്കും.

അവിചാരിതമായി പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് എന്ന മഹാമാരി തങ്ങൾ “സർവ്വശക്തരാണെന്ന” മിഥ്യാധാരണയിൽ നിന്നും വ്യക്തികളെയും സമൂഹത്തെയും മോചിപ്പിച്ചു. ഒരു യഹൂദ റബി ഇപ്രകാരം കുറിച്ചു: ‘നമുക്ക് ഇത്തവണ അതിവിശിഷ്ടമായ ഒരു പെസഹാ പുറപ്പാട് ആഘോഷിക്കാൻ അവസരം കൈവന്നിരിക്കുന്നു’. മനസ്സാക്ഷിയുടെ വിപ്രവാസത്തിൽ നിന്നുള്ള പുറപ്പാടാണത്. രൂപരഹിതവും നഗ്നനേത്രങ്ങൾക്ക് അദൃശ്യവുമായ അതിസൂക്ഷ്മ വൈറസ് നാം മർത്യരാണെന്നും; നമ്മുടെ സൈനികശക്തിക്കോ സാങ്കേതിക മികവിനോ നമ്മെ രക്ഷിക്കാനാവില്ലെന്നും ഓർമിപ്പിക്കുന്നു. ‘മനുഷ്യൻ തന്റെ പ്രതാപത്തിൽ നിലനിൽക്കുകയില്ല; മൃഗങ്ങളെ പോലെ അവൻ നശിച്ചുപോകും’ (സങ്കീ. 49:20) എന്ന് സങ്കീർത്തകൻ പറയുന്നത് എത്രയോ വാസ്തവമാണ്.

ലണ്ടനിലെ സെന്റ് പോൾ കത്തീഡ്രലിലെ ചുമർ ചിത്രം വരയ്ക്കുന്ന സമയത്ത് ജെയിംസ് തോൺഹിൽ തന്റെ ചിത്രത്തിൽ അത്യാകൃഷ്ടനായി, പിന്നോട്ട് മാറി നിന്ന് അതിന്റെ ഭംഗി ആവോളം ആസ്വദിക്കാൻ തന്റെ ചുവടുകൾ മാറ്റുമ്പോൾ ഗോവണിയിൽ നിന്ന് താഴേക്ക് പതിക്കുമാറ് വലിയ ദുരന്തത്തിലേക്കാണ് നീങ്ങുതെന്നു മനസ്സിലാക്കിയ സഹായി, സന്ദർഭോചിതമായി പ്രവർത്തിച്ചു. ഗുരുവിന്റെ ജീവൻ രക്ഷിക്കുവാൻ രണ്ടാമതൊന്ന് ആലോചിക്കാതെ അയാൾ അവിടെ കിടന്ന ഒരു ബ്രഷ് എടുത്ത് ചായം മുക്കി ചുമർ ചിത്രത്തിന്റെ മധ്യത്തിലേക്ക് എറിഞ്ഞു. ഗുരു ഞെട്ടിത്തരിക്കുകയും മുന്നോട്ടു നീങ്ങുകയും അങ്ങനെ വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ആ കലാസൃഷ്ടിക്ക് അല്പം കോട്ടം തട്ടിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ നശിച്ചില്ല.

ദൈവം ചില സമയങ്ങളിൽ നമ്മോടും ഇങ്ങനെതന്നെയാണ്. അവൻ നമ്മുടെ പദ്ധതികളെയും നമ്മുടെ സ്വസ്ഥതയെ തന്നെയും ചില സമയങ്ങളിൽ ഭംഗപ്പെടുത്തും. നമുക്കു കാണാൻ കഴിയാത്ത ദുരന്തത്തിൽ നിന്നുള്ള രക്ഷിക്കലാണത്. വഞ്ചിക്കപ്പെടാതിരിക്കാൻ നാം ശ്രദ്ധാലുക്കൾ ആയിരിക്കണം. സാങ്കേതിക പുരോഗതി നേടിയ ഈ സംസ്കാരത്തിന്റെ ചുവർചിത്രം വികലമാക്കാൻ കൊറോണവൈറസ് വലിച്ചെറിഞ്ഞത് ദൈവം അല്ല. കാരണം, ദൈവം നമ്മുടെ പക്ഷത്താണ്… വൈറസിന്റെ പക്ഷത്തല്ല. വിശുദ്ധ ഗ്രന്ഥത്തിൽ ദൈവം ഇപ്രകാരം പറയുന്നു: ‘നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്… നിങ്ങളുടെ നാശത്തിനല്ല ക്ഷേമത്തിനുള്ള പദ്ധതിയാണത്’ (ജെറമിയാ 29:11). ഈ ദുരന്തങ്ങൾ ദൈവത്തിൽ നിന്ന് പുറപ്പെടുന്ന ശിക്ഷകൾ ആണെങ്കിൽ, നമുക്ക് വ്യാഖ്യാനിക്കാനും ഉത്തരം കണ്ടെത്താനും കഴിയാത്ത നിരവധി ചോദ്യങ്ങൾ അവശേഷിപ്പിക്കും; ഇത് ശിക്ഷ യാണെങ്കിൽ ദുഷ്ടനെയും ശിഷ്ടനേയും ഒരുപോലെ ബാധിക്കുന്നത് എന്തുകൊണ്ട്? ഈ ദുരന്ത സമയത്തും പാവപ്പെട്ടവർ ഇതിന്റെ ഏറ്റവും വലിയ കെടുതികൾ അനുഭവിക്കേണ്ടി വരുന്നത് എന്തുകൊണ്ട്? അവർ മറ്റുള്ളവരെക്കാൾ വലിയ പാപികൾ ആണോ? എന്നിങ്ങനെയുള്ള ഒരുപിടി ചോദ്യങ്ങൾ.

അല്ല. ലാസറിന്റെ മരണത്തിൽ കരഞ്ഞ ദൈവം ഇന്ന് മാനവരാശിക്കുമേൽ വന്നു പതിച്ച ഈ പ്രഹരത്തിലും കണ്ണീർ പൊഴിക്കുന്നു. അതെ, ഏതൊരു അപ്പനെയും അമ്മയെയും പോലെ ദൈവം സഹിക്കുന്നു. ഒരു ദിവസം നാം ഈ ദുരന്തമുഖത്ത് നിന്ന് പുറത്തു കടക്കുമ്പോൾ, ഈ ദുരന്തത്തിന്റെ പേരിൽ നാം ദൈവത്തിന്റെ മേൽ ചൊരിഞ്ഞ ആരോപണങ്ങളും അധിക്ഷേപങ്ങളും ഓർത്ത് ലജ്ജിക്കും. ഈ വേദനയെ മറികടക്കാൻ ദൈവവും നമ്മോടൊപ്പം ചേരുന്നു. വിശുദ്ധ അഗസ്റ്റിൻ കുറിക്കുന്നു: “അപരിമേയ നന്മയായ ദൈവം തന്റെ പ്രവർത്തികളിൽ ഒരിക്കലും തിന്മ അനുവദിക്കുന്നില്ല. തന്റെ സർവ്വശക്തിയാലും അനന്തനന്മയാലും ആ തിന്മയിൽ നിന്ന് നന്മയെ ഉയർത്തിക്കൊണ്ടുവരാൻ ദൈവത്തിനു സാധിക്കും”.

പിതാവായ ദൈവം നന്മ പുറപ്പെടുന്നതിനായി പുത്രന്റെ മരണം ആഗ്രഹിച്ചിരുന്നോ? ഇല്ല. ദൈവം മനുഷ്യന്റെ സ്വാതന്ത്ര്യത്തെ പ്രവർത്തിക്കാൻ അനുവദിച്ചു. ഒരുപടികൂടി കടന്ന് ചിന്തിച്ചാൽ മനുഷ്യന്റെ സ്വാതന്ത്ര്യത്തെ തന്റെ പദ്ധതി പൂർത്തിയാക്കാൻ, – മനുഷ്യന്റെ ഉദ്ദേശ്യം അല്ല എന്നത് ശ്രദ്ധേയമാണ് – ഉപയോഗപ്പെടുത്തി എന്നാണ് നാം മനസ്സിലാക്കേണ്ടത്. പ്രകൃതി ദുരന്തങ്ങളായ ഭൂമികുലുക്കങ്ങൾ, പകർച്ചവ്യാധികൾ എന്നിവയുടെ കാര്യത്തിലും ഇത് തന്നെയാണ് യാഥാർഥ്യം. ദൈവം അല്ല അതു കൊണ്ടുവരുന്നത്; ദൈവം സൃഷ്ടിച്ച പ്രകൃതിക്കും അതിന്റെ തലത്തിലുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. മനുഷ്യരുടെ ധാർമ്മികതലത്തിലെ സ്വാതന്ത്ര്യത്തിൽ നിന്ന് വ്യത്യസ്തമായ ഒന്നാണതെങ്കിലും, പ്രകൃതിയുടെ വളർച്ചക്ക് അനുയോജ്യമായ വിധത്തിൽ രൂപപ്പെടാനുള്ള ഒരു സ്വാതന്ത്ര്യമാണത്. ഓരോ ചെറിയ ചലനത്തെയും മുൻകൂട്ടി ക്രമീകരിച്ചിരിക്കുന്ന ഒരു ഘടികാരം പോലെയല്ല ദൈവം പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നത്. ഈ ക്രമീകരണത്തെ ചിലർ ‘ആകസ്മികത’ എന്ന് വിളിക്കുമ്പോൾ വിശുദ്ധ ഗ്രന്ഥം അതിനെ ‘ദൈവത്തിന്റെ ജ്ഞാനം’ എന്ന് വിളിക്കുന്നു.

ഈ ആരോഗ്യ പ്രതിസന്ധി നമുക്ക് വച്ചുനീട്ടിയ മറ്റൊരു ക്രിയാത്മക ഫലം ഐക്യത്തിന്റെയും പാരസ്പരികതയുടെയും (solidarity) ഒരു വികാരമാണ്. മനുഷ്യചരിത്രത്തിന്റെ സ്മരണയിൽ ഈ വേദനയുടെ ഘട്ടത്തിലല്ലാതെ, എന്നാണ് എല്ലാ ദേശങ്ങളിലേയും ജനപദങ്ങൾ ഇതുപോലെ ഐക്യത്തിൽ, തുല്യതയിൽ, ഭിന്നതകളില്ലാതെ കഴിഞ്ഞത്? ഒരു ഇറ്റാലിയൻ കവിയുടെ വരികളുടെ അന്ത:സത്തയും സത്യസന്ധതയും ഇതുപോലെ മുമ്പൊരിക്കലും നാം തിരിച്ചറിഞ്ഞിട്ടില്ല: ‘ജനപഥങ്ങളെ, നിങ്ങൾക്ക് സമാധാനം. ബലഹീനമായ ഭൂമിയുടെ രഹസ്യം അതിനിഗൂഢമാണ് (അഗാധമാണ്)’. നാം മതിലുകൾ പണിയാൻ മറന്നു. വൈറസിന് അതിരുകളില്ല. ഒരു നിമിഷംകൊണ്ട് അത് എല്ലാ മതിൽക്കെട്ടുകളും വേർതിരിവുകളും – വർഗ, മത, സാമ്പത്തിക, അധികാര വേലിക്കെട്ടുകൾ – തകർത്തെറിഞ്ഞു. വൈറസ് ബാധക്ക് മുമ്പേയുള്ള മതിൽക്കെട്ടുകളുടെ അവസ്ഥയിലേക്ക് നാം മടങ്ങരുത്. പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തതുപോലെ: “ഈ അവസരം നാം പാഴാക്കരുത്”. ഏറെ വേദനകളും നിരവധി മരണങ്ങളും ആരോഗ്യ പ്രവർത്തകരുടെ ധീരോദാത്തമായ പ്രവർത്തനങ്ങളും ഫലശൂന്യമാക്കരുത്. പഴയ അവസ്ഥയിലേക്ക് അതായത് മതിലുകൾ ഉള്ള അവസ്ഥയിലേക്കുള്ള മടക്കമാണ് സാമ്പത്തിക മാന്ദ്യത്തെക്കാൾ ഭയപ്പെടേണ്ട ‘മാന്ദ്യം’.

“അവരുടെ വാൾ കൊഴുവും, അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ച് രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരെ വാൾ ഉയർത്തുകയില്ല. അവർ ഇനിമേൽ യുദ്ധപരിശീലനം നടത്തുകയില്ല” (ഏശയ്യാ 2:4). ഏശയ്യ പ്രവാചകന്റെ ഈ പ്രവചനം, മനുഷ്യരാശി കാലങ്ങളായി കാത്തിരുന്ന സ്വപ്നം, പ്രവർത്തികമാക്കേണ്ട സമയമാണിത്. അപകടകരമായ ആയുധമത്സരത്തോടു “മതി” എന്ന് നമുക്ക് പറയാം. പ്രിയ യുവജനമേ, നിങ്ങൾ ഇത് അലറി വിളിച്ചു പറയുവിൻ. കാരണം നിങ്ങളുടെ ശോഭനമായ ഭാവി വച്ചിട്ടാണ് ഈ കളിക്കുന്നത്. ആയുധശേഖരണത്തിനു വേണ്ടി നീക്കിവെക്കുന്ന ഭീമമായ സമ്പത്ത് ഈ സാഹചര്യത്തിൽ കാലഘട്ടത്തിന് അടിയന്തരവും അത്യാവശ്യമായി വേണ്ട മേഖലകളിലേക്ക്, പ്രത്യേകിച്ച് ആരോഗ്യം, ശുചിത്വം, ഭക്ഷണം, ദാരിദ്ര്യനിർമാർജനം, പ്രകൃതിസംരക്ഷണം ഇവയിലേക്ക് വിന്യസിക്കാം. അങ്ങനെ ഒരു പക്ഷെ സാധനസാമഗ്രികളിലും സമ്പത്തിലും ദരിദ്രവും, എന്നാൽ മനുഷ്യത്വത്തിൽ കൂടുതൽ സമ്പന്നവുമായ ഒരു ലോകത്തെ അടുത്ത തലമുറയ്ക്കായി മാറ്റിവയ്ക്കാം.

ഇത്തരം സാഹചര്യങ്ങളിൽ നാം ദൈവത്തെ നിലവിളിച്ച് അപേക്ഷിക്കണം എന്ന് തിരുവചനം നമ്മോടു പറയുന്നു. ദൈവം തന്നെയാണ് തന്നെ വിളിച്ചപേക്ഷിക്കാനുള്ള വാക്കുകൾ മനുഷ്യന്റെ അധരത്തിൽ നിക്ഷേപിച്ചിരിക്കുന്നത്; അത് ചിലപ്പോൾ പരുപരുത്ത വാക്കുകൾ ആകാം, ചിലപ്പോൾ പരാതികൾ ആകാം, മറ്റു ചിലപ്പോൾ അത് കുറ്റപ്പെടുത്തലുകളും ആകാം. “കർത്താവേ ഉണർന്നെഴുന്നേൽക്കണമേ! അവിടുന്ന് ഉറങ്ങുന്നതെന്ത്! ഉണരണമേ, എന്നേക്കുമായി ഞങ്ങളെ തള്ളിക്കളയരുതേ… ഉണർന്ന് ഞങ്ങളുടെ സഹായത്തിന് വരണമേ! അവിടത്തെ കാരുണ്യത്തെ പ്രതി ഞങ്ങളെ മോചിപ്പിക്കണമേ!” (സങ്കീ 44:23-26). “ഗുരോ ഞങ്ങൾ നശിക്കാൻ പോകുന്നു നീ അത് ഗൗനിക്കുന്നില്ലേ” (വി.മർക്കോ 4:38).

അനുഗ്രഹ വർഷത്തിനായി തന്നോട് ഇപ്രകാരം അപേക്ഷിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നുണ്ടോ? നമ്മുടെ പ്രാർത്ഥന കൊണ്ട് ദൈവം തന്റെ പദ്ധതികൾക്ക് മാറ്റം വരുത്തുമോ? വിശുദ്ധ തോമസ് അക്വീനാസ് പറയുന്നതുപോലെ ദൈവത്തിന്റെ കൃപയുടെയും, മനുഷ്യന്റെ പ്രാർത്ഥനയുടേയും ഫലമായിട്ടാണ് ദൈവാനുഗ്രഹം മനുഷ്യന് ലഭിക്കേണ്ടതെന്ന് ദൈവം ആഗ്രഹിക്കുന്നു. അത് മനുഷ്യവർഗ്ഗത്തിന് അനുഗ്രഹം സാധ്യമാക്കുന്നതിന്റെ അംഗീകാരം (credit) അവനും കൂടി ലഭിക്കുന്നതിനുവേണ്ടിയാണ്. ദൈവം തന്നെയാണ് അത് ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നതും. ഈശോ പറഞ്ഞു: “ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും, മുട്ടുവിൻ നിങ്ങൾക്ക് തുറന്നു കിട്ടും” (വി.മത്താ 7:7).

ഇസ്രായേൽ ജനത്തിന് മരുഭൂമിയിൽ വെച്ച് വിഷസർപ്പങ്ങളുടെ ദംശനം ഏറ്റപ്പോൾ അവരെ രക്ഷിക്കാൻ പിച്ചളസർപ്പത്തെ ഉയർത്താൻ മോശയോട് ദൈവം കല്പിച്ചു. ആ സർപ്പത്തെ നോക്കിയവരാരും മരിച്ചില്ല. നിക്കോദേമോസിനോട് സംസാരിക്കുമ്പോൾ ഈശോ ഇതൊരു പ്രതീകമായി ഉപയോഗിക്കുന്നുണ്ട്: “മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയത് പോലെ, തന്നിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു” (യോഹ 3:14-15). നമുക്കും ഈ കാലയളവിൽ മാരക വിഷമുള്ള ഒരു അദൃശ്യ സർപ്പത്തിന്റെ ദംശനം ഏറ്റിരിക്കുകയാണ്. നമുക്ക് വേണ്ടി കുരിശിലേറ്റപ്പെട്ടവനിലേക്ക് നമ്മുടെ കണ്ണുകളെ ഉയർത്താം. ക്രൂശിതനായവനെ നമുക്കുവേണ്ടിയും മനുഷ്യവർഗ്ഗം മുഴുവന് വേണ്ടിയും നമുക്ക് ആരാധിക്കാം. വിശ്വാസത്തോടെ അവനെ നോക്കുന്നവർ മരിക്കുകയില്ല. അഥവാ, അവൻ മരിച്ചാലും അത് നിത്യജീവനിലേക്ക് പ്രവേശിക്കുന്നതിന് വേണ്ടിയാണ്.

“മൂന്ന് ദിവസങ്ങൾ കഴിയുമ്പോൾ ഉയർത്തെഴുന്നേൽക്കും” (മർക്കോ 9:31) എന്ന് ഈശോ ശിഷ്യന്മാരോട് മുൻകൂട്ടി പറഞ്ഞിരുന്നു. കുറച്ചു നാളുകൾ കൊണ്ട് അവസാനിക്കും എന്ന് പ്രത്യാശിക്കുന്ന ഈ ക്ലേശദിനങ്ങൾക്കുശേഷം കല്ലറകളിൽ എന്ന പോലെ, ഇപ്പോൾ നാം കഴിയുന്ന നമ്മുടെ ഭവനങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് നാം പുറത്തുവരും. ലാസറിനെ പോലെ പഴയ ജീവിതത്തിലേക്ക് പ്രവേശിക്കാനല്ല, ക്രിസ്തുവിനെപ്പോലെ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാൻ. കൂടുതൽ സാഹോദര്യ പൂർണമായ, കൂടുതൽ മനുഷ്യത്വമുള്ള, കൂടുതൽ ക്രിസ്തീയമായ ഒരു ജീവിതത്തിലേക്ക്!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker