Articles

പ്രവാചക ശബ്ദവും ശീശ്മയിലേക്കോ?

പ്രവാചക ശബ്ദം ശീശ്മയിലേക്ക് പോകുന്നുവെന്നതിലുള്ള പ്രതിഷേധമാണ് ഈ ലേഖനം...

ഫാ.നോബിൾ തോമസ്

(കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സര്‍വ്വമതപ്രാര്‍ത്ഥനാ ആഹ്വാനത്തിനെതിരേ പ്രവാചകശബ്ദം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് മറുപടി)

ഓണ്‍ലൈന്‍ ശുശ്രൂഷാരംഗത്ത് വലിയ സേവനം കാഴ്ചവെക്കുന്ന ഒരു സംരഭമായിരുന്നു പ്രവാചകശബ്ദം എന്ന ഓണ്‍ലൈന്‍ ന്യൂസ്പോര്‍ട്ടല്‍. എന്നാല്‍ പൂര്‍ണമായും കത്തോലിക്കാസഭയോടും സഭയുടെ പ്രബോധനങ്ങളോടും ചേര്‍ന്നുനില്‍ക്കുന്ന ഒരു മനോഭാവം പ്രസ്തുത പോര്‍ട്ടലിനോ അതിന്റെ ഉടമസ്ഥര്‍ക്കോ ഇല്ലാ എന്നതിന്റെ തെളിവാണ് കെസിബിസി ആഹ്വാനം ചെയ്ത സര്‍വ്വമത പ്രാര്‍ത്ഥനക്കെതിരേ പ്രവാചകശബ്ദത്തില്‍ വന്ന ലേഖനം (http://www.pravachakasabdam.com/index.php/site/news/13106). ഇതിനുമുമ്പും പ്രവാചകശബ്ദം ഇത്തരം പ്രവണത പ്രകടിപ്പിച്ചിട്ടുണ്ട്. യോഗയെക്കുറിച്ചുള്ള കെസിബിസി പഠനങ്ങള്‍ പുറത്തുവന്നിട്ടും അവയ്ക്ക് വിരുദ്ധമായി പ്രവാചകശബ്ദത്തില്‍ ഉള്ള ലേഖനങ്ങള്‍ നീക്കംചെയ്യാനോ കെസിബിസി തിയോളജിക്കല്‍ കമ്മീഷന്റെ പഠനങ്ങള്‍ പൂര്‍ണമായും വ്യക്തമായും പ്രസിദ്ധീകരിക്കാനോ പ്രവാചകശബ്ദം തയ്യാറായിട്ടില്ല. വിശ്വാസം, ധാര്‍മ്മികത എന്നീ വിഷയങ്ങളില്‍ സഭയുടെ പ്രബോധനങ്ങളോട് ചേര്‍ന്നു നില്‍ക്കാതിരിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നവര്‍ ശീശ്മയിലാണെന്നാണ് തിരുസ്സഭ പഠിപ്പിക്കുന്നത്.

1) പാഷണ്ഡത, വിശ്വാസത്യാഗം, ശീശ്മ (heresy, apostacy & schism)

പ്രവാചകശബ്ദം ശീശ്മയിലേക്ക് പോകുന്നുവെന്നതിലുള്ള പ്രതിഷേധമാണ് ഈ ലേഖനം. ആയതിനാല്‍ മതബോധനഗ്രന്ഥം പാശ്ചാത്യകാനന്‍ നിയമം 751 ഉദ്ധരിച്ചുകൊണ്ട് ഇവയെന്താണ് എന്ന് വിശദീകരിക്കുന്നത് ഇവിടെ ചേര്‍ക്കുന്നു: “ദൈവികവും കാതോലികവുമായ വിശ്വാസത്തോടെ വിശ്വസിക്കേണ്ട ഏതെങ്കിലും ഒരു സത്യത്തെ മാമ്മോദീസാ സ്വീകരണത്തിനുശേഷം ദുര്‍വാശിയോടെ നിഷേധിക്കുന്നതോ അതിനെ സംബന്ധിച്ചുള്ള വ്യാഖ്യാനത്തെ ദുര്‍വാശിയോടെ സംശയിക്കുന്നതോ ആണ് പാഷണ്ഡത. ക്രൈസ്തവവിശ്വാസത്തെ പൂര്‍ണമായും ഉപേക്ഷിക്കുന്നതാണ് വിശ്വാസത്യാഗം. പാപ്പയോടുള്ള വിധേയത്വത്തില്‍നിന്നോ അദ്ദേഹത്തിന്റെ കീഴിലുള്ള സഭയുടെ അംഗങ്ങളുമായുള്ള സംസര്‍ഗ്ഗത്തില്‍ നിന്നോ പിന്മാറുന്നതാണ് ശീശ്മ” (മതബോധനഗ്രന്ഥം 2089). പരിശുദ്ധ പിതാവിനേയോ അദ്ദേഹത്തിന്റെ പ്രബോധനാധികാരത്തേയോ നിരസിക്കുന്നതും മെത്രാന്‍ സമിതികളോടും വിശ്വാസികളുടെ കൂട്ടായ്മയോടും ചേര്‍ന്നുനില്‍ക്കാതിരിക്കുന്നതും ശീശ്മ എന്ന പാപമാണ്. ഇത്തരം പാപം ചെയ്യുമ്പോള്‍ കൂട്ടായ്മയിലുണ്ടാകുന്ന വിള്ളലിനെയാണ് ശീശ്മ (Schism) എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

കേരള കത്തോലിക്കാ മെത്രാന്‍ സമിതി (KCBC) ഇന്നലെ (3/5/2020) നടത്തപ്പെടുമെന്ന് ആഹ്വാനം ചെയ്ത സര്‍വ്വമത പ്രാര്‍ത്ഥനാ സമ്മേളനത്തെ എതിര്‍ക്കുന്നതു മൂലം കൂട്ടായ്മയിലുണ്ടായ വിള്ളലിനെയാണ് ശീശ്മ എന്ന് വിളിക്കുന്നത്. കെസിബിസിയുടെ ആഹ്വാനം വിശ്വാപരമോ ധാര്‍മ്മികപരമോ ആയ കാര്യമായിരുന്നുവോ എന്ന ചോദ്യം ഉയരാം. സര്‍വ്വമതപ്രാര്‍ത്ഥന, മതാന്തരസംവാദം, ഇതരമതദൈവശാസ്ത്രം എന്നീ മേഖലകളിലെല്ലാം കത്തോലിക്കാസഭയുടെ പ്രബോധനങ്ങളെ (ചാക്രികലേഖനങ്ങള്‍, സൂനഹദോസ്, അപ്പസ്തോലികാഹ്വാനങ്ങള്‍) എതിര്‍ക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന ഗ്രൂപ്പുകളുടെ പൊതുസ്വഭാവമാണ് ഇവിടെയും പ്രകടമാകുന്നത്.

2) മേല്‍പ്പറഞ്ഞ‌ പാപങ്ങള്‍ ചെയ്യുന്നവരോടുള്ള സഭാനിലപാട്

പാഷണ്ഡതയിലോ വിശ്വാസത്യാഗത്തിലോ ശീശ്മയിലോ പെടുന്നവര്‍ സഭയുടെ ശിരസ്സിനെയോ ശരീരത്തെയോ നിരാകരിച്ചുകൊണ്ട് തന്നെത്തന്നെ അതില്‍നിന്ന് വേര്‍പെടുത്തുകയാണ് ചെയ്യുന്നത്. ശീശ്മയെന്ന പാപം വസ്തുനിഷ്ഠമായ അതീവഗൗരവതരമാണ്. ആയതിനാല്‍ത്തന്നെ അതിനുള്ള ശിക്ഷ ആ പ്രവൃത്തിയാല്‍ത്തന്നെയുള്ള സഭാഭൃഷ്ടുമാണ് (“Can. 1364 n1. … an apostate from the faith, a heretic, or a schismatic incurs a latae sententiae excommunication”). പ്രസ്തുത പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന വ്യക്തി ആത്മാര്‍ത്ഥതയുള്ള ആളാണ്, പക്ഷേ തെറ്റായ ധാരണകള്‍ മൂലമാണ് ചെയ്യുന്നത് എങ്കിലും ഈ ശിക്ഷ അയാള്‍ക്ക് ബാധകമായിരിക്കും. ഞാനാണ് ശരി, സഭയല്ല എന്ന് സ്വന്തം ഹൃദയവും മനസ്സും എത്രയാവര്‍ത്തി പറഞ്ഞുറപ്പിച്ചാലും ശീശ്മയുടെ പാഷണ്ഡതയുടേയും പാപത്തില്‍ നിന്ന് സ്വതന്ത്രനാകാന്‍ ആ വ്യക്തിക്ക് സാധ്യമല്ല. ഇപ്രകാരം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ സഭ ഔദ്യോഗികമായി പുറത്താക്കുന്നില്ല. മറിച്ച്, സ്വന്തം പ്രവൃത്തിയാല്‍ അവര്‍ പുറത്താക്കപ്പെടുകയാണെന്നാണ് സഭ പഠിപ്പിക്കുന്നത്.

3) ശീശ്മയുടെയും പാഷണ്ഡതയുടെയും മറ്റ് സമകാലികസാക്ഷ്യങ്ങൾ

കേരള കത്തോലിക്കാ സഭയില്‍ ഇത്തരം ശീശ്മകളുടെയും തത്ഫലമായുണ്ടാകുന്ന പാഷണ്ഡതകളുടെയും ഒരു അതിപ്രസരം സംഭവിക്കുന്നുണ്ട്. അടുത്ത കാലത്ത് പന്ത്രണ്ടാം ക്ലാസ്സിലെ വേദപാഠപുസ്തകവുമായി ബന്ധപ്പെട്ടു നടന്ന പല ചര്‍ച്ചകളിലും പലരും അറിഞ്ഞും അറിയാതെയും വത്തിക്കാന്‍ സൂനഹദോസിനെയും സൂനഹദോസിന്റെ പ്രമാണരേഖയായ Nostra Aetate-യെയും വളരെ മോശമായ ഭാഷയില്‍ വിമര്‍ശിക്കുകയും നിന്ദിക്കുകയും ചെയ്യുന്നത് കാണുകയുണ്ടായി. ഇവയെല്ലാം ശീശ്മയുടെ ഉത്തമഉദാഹരണങ്ങളാണ്.

“വിമലഹൃദയത്തിന്റെ മക്കള്‍” എന്ന പേരില്‍ ഒരു ബ്രദര്‍ മാര്‍ട്ടിന്‍ തോമസ് നടത്തുന്ന പ്രസ്ഥാനവും അദ്ദേഹത്തിന്റെ മിക്ക പ്രഭാഷണങ്ങളും പ്രസിദ്ധീകരണങ്ങളും മേല്‍പ്പറ‍ഞ്ഞപ്രകാരം പാഷണ്ഡതകള്‍ നിറഞ്ഞവും ശീശ്മയുമാണ്. 2020 ജനുവരിയില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച “ഫാത്തിമരഹസ്യം ചുരുളഴിയുന്നു: വെളിപ്പെടുത്തിയതും വെളിപ്പെടുത്താത്തതും” എന്ന പുസ്തകം വളരെ ഗുരുതരമായ കത്തോലിക്കാവിരുദ്ധപഠനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ്. കത്തോലിക്കരായ കുറേ വിശ്വാസികള്‍ അദ്ദേഹത്തിന്റെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളും പ്രാര്‍തഥനാസമ്മേളനങ്ങളില്‍ പങ്കെടുക്കുന്നവരുമാണ് എന്ന് അറിയാന്‍ കഴിഞ്ഞു. പ്രസ്തുത പുസ്തകത്തിന്റെ ആമുഖത്തിലെ ചില വാചകങ്ങള്‍ ഉദ്ധരിക്കാം, ഉള്ളടക്കം മനസ്സിലാക്കാന്‍ അത് ധാരാളം മതി. സഭയില്‍ ഔദ്യോഗികമായ വിശ്വാസതിരസ്കരണം സംഭവിക്കുന്നുവെന്നു വാദിച്ചുകൊണ്ട് അതിന്റെ കാരണം ബ്രദര്‍ മാര്‍ട്ടിന്‍ പറയുന്നത് ഇതാണ്, “തിരുസ്സഭക്കുള്ളിലേക്കുള്ള ഫ്രീമേസണ്‍ സംഘടനയുടെ ആസൂത്രിതമായ നുഴഞ്ഞുകയറ്റത്തിന്റെ സ്വാധീനശക്തിയാല്‍ മാര്‍ഗ്ഗഭ്രംശം സംഭവിച്ച ഒരുകൂട്ടം കത്തോലിക്കാവൈദികരിലൂടെ രൂപരേഖ ചെയ്യപ്പെട്ട രണ്ടാം വത്തിക്കാന്‍ എക്യുമെനിക്കല്‍ സൂനഹദോസാണ് ഇതിന്റെ ഉറവിടം.”

പരിശുദ്ധ പിതാവ് ഒന്നാം പ്രമാണം ലംഘിച്ചുവെന്ന അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ചുകൊണ്ട് പാപ്പായെ അവഹേളിക്കുകയും അദ്ദേഹത്തിന്റെ പ്രബോധനങ്ങളെ വളച്ചൊടിക്കുകയും ചെയ്യുന്ന ചെറിയ ചെറിയ ഗ്രൂപ്പുകള്‍ ഉണ്ട്. കാലത്തിന്റെ അടയാളങ്ങളെന്ന് വാദിക്കുന്നവരും അവശിഷ്ടസഭയുടെ വക്താക്കളുമൊക്കെ അവയില്‍പ്പെടുന്നവയാണ്.

വ്യക്തിപരമായി പാഷണ്ഡതകളില്‍ വീണതിനാല്‍ ജോണ്‍ 23-ാമന്‍ പാപ്പാ തുടങ്ങി ഫ്രാന്‍സിസ് പാപ്പാ വരെയുള്ളവര്‍ സാധുവായ പാപ്പമാരല്ലെന്നും, പങ്കെടുത്ത ബിഷപ്പുമാരും പരിശുദ്ധ പിതാക്കന്മാരും പാഷണ്ഡത പഠിപ്പിച്ചതിനാല്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് സാധുവല്ലെന്നുമൊക്കെ വാദിക്കുന്നത് ശീശ്മയുടെ ഉത്തമ ഉദാഹരണങ്ങളാണ്. അങ്ങനെ വാദിക്കുന്നവരും അവരുടെ പ്രസ്ഥാനങ്ങളും ആറ് പാപ്പാമാരുടെയും ഒരു സാര്‍വ്വത്രിക സൂനഹദോസിന്റെയും പഠനങ്ങള്‍ക്കും അധികാരത്തിനും വിധേയപ്പെടാന്‍ തയ്യാറാകാതിരിക്കുകയാണ് ചെയ്യുന്നത്. ശീശ്മയുടെ കൃത്യമായ ഒരുദാഹരണമാണിത്. ഇത്തരം ശീശ്മകള്‍ നിരവധി പാഷണ്ഡതകളിലേക്ക് നയിക്കും.

4) ശീശ്മകള്‍ പാഷണ്ഡതകളിലേക്ക്

സഭയോടും സഭാപ്രബോധനങ്ങളോടും മറുതലിച്ചും എതിര്‍ത്തും പ്രവര്‍ത്തിക്കുന്നവര്‍ ശീശ്മയിലാണെന്ന് കണ്ടുകഴിഞ്ഞു. സഭയുടെ ഉന്നതമായ പ്രബോധനാധികാരത്തെ നിഷേധിക്കുന്നത് സാധാരണയായി പാഷണ്ഡതകളിലേക്കാണ് എത്തിച്ചേരാറുള്ളത്. കാരണം, സഭാകൂട്ടായ്മയില്‍ നിന്ന് വിട്ടുമാറി നില്ക്കുന്നതിനാല്‍ തിരുസ്സഭയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കാതെ പ്രസ്തുത വ്യക്തിക്ക് വിശുദ്ധപാരമ്പര്യവും വിശുദ്ധലിഖിതവും ശരിയായി മനസ്സിലാക്കാന്‍ കഴിയാതെവരികയും പ്രബോധനപരമായ വലിയ തെറ്റുകളിലേക്ക് പതിക്കുകയും ചെയ്യും. പ്രബോധനാധികാരം ഇല്ലാത്തതിനാല്‍ എത്രയോ വലിയ ആശയക്കുഴപ്പങ്ങളിലും പ്രബോധനപരമായ തെറ്റുകളിലുമാണ് പ്രൊട്ടസ്റ്റന്റ് സഭകള്‍ നിലനില്‍ക്കുന്നതെന്ന് പരിശോധിച്ചാല്‍ ഈ അപകടത്തിന്റെ ആഴം നമുക്ക് മനസ്സിലാക്കാം.

സര്‍വ്വമത പ്രാര്‍ത്ഥന തെറ്റാണെന്ന് വാദിച്ചുകൊണ്ട് കേരള കത്തോലിക്കാ സഭയുടെ ഔദ്യോഗിക നേതൃത്വത്തില്‍ നിന്ന് വിഭജിക്കപ്പെട്ടു നില്‍ക്കുന്ന പ്രവാചകശബ്ദം പോര്‍ട്ടലിനും അതിന്റെ ഉടമസ്ഥര്‍ക്കും ഇത്തരം പാഷണ്ഡതകള്‍ പഠിപ്പിക്കുക വളരെ എളുപ്പമാണ്. ഇതരമതങ്ങളോടുള്ള നിലപാടുകളും തിരുസ്സഭയുടെ ദൈവശാസ്ത്രവും ഇതരമതസംവാദവും സാംസ്കാരികാനുരൂപണവും സര്‍വ്വമതപ്രാര്‍ത്ഥനയുമെല്ലാം സഭാപ്രബോധനങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ളവയാണ്. അത്തരം സഭാപ്രബോധനങ്ങളെ കൃത്യമായി മനസ്സിലാക്കാന്‍ ശ്രമിക്കാതെയും കെസിബിസി അധികൃതരുടെ വിശദീകരണങ്ങള്‍ അന്വേഷിക്കാതെയും പ്രവാചകശബ്ദം ഈ വിഷയങ്ങളില്‍ പ്രചരിപ്പിക്കുന്നവ പലതും പാഷണ്ഡതകളുള്ള ലേഖനങ്ങളാണ് എന്ന് സൂക്ഷിച്ച് നോക്കിയാല്‍ കാണാന്‍ സാധിക്കും.

5) ഇതരമത ദൈവശാസ്ത്രം സഭാ പ്രബോധനങ്ങളിലൂടെ

ഇതരമത ദൈവശാസ്ത്രം എന്നത് ഇതര മതങ്ങളുടെ ദൈവശാസ്ത്രമല്ല, മറിച്ച് ഇതര മതങ്ങളെ കത്തോലിക്കാ സഭ എങ്ങനെ വചനാധിഷ്ഠിതമായി കാണുകയും മനസ്സിലാക്കുകയും ചെയ്യണം എന്ന് പഠിപ്പിക്കുന്ന ദൈവശാസ്ത്രമാണ്. ഇന്ന് വളരെ ഉപരിപ്ലവമായ രീതിയിലാണ് പല പ്രസ്ഥാനങ്ങളും വ്യക്തികളും മുന്നേറ്റങ്ങളും സഭയുടെ ഇതരമതങ്ങളുമായുള്ള ബന്ധത്തെയും അതിന്റെ ദൈവശാസ്ത്രത്തെയും വീക്ഷിക്കുന്നതും വിലയിരുത്തുന്നതും. പ്രാദേശികമായ വിഷയങ്ങളും പ്രതിസന്ധികളും സത്യസഭയുടെ നിത്യപ്രബോധനങ്ങളെ തള്ളിക്കളയാനും വിമര്‍ശിക്കാനും പലരും ഉപകരണമാക്കുന്നുമുണ്ട്. ഇതരമതങ്ങളോടുള്ള ബന്ധത്തെ നിര്‍വ്വചിക്കുന്ന സഭാപ്രബോധനങ്ങള്‍ (രണ്ടാം വത്തിക്കാന്‍ സൂനഹദോസോടു കൂടിയുള്ളവ) ഏതൊക്കെയെന്ന് കാണാം:

A. Ecclesiam Suam (1964, ചാക്രികലേഖനം): മതാന്തരബന്ധങ്ങളും സംവാദവും പ്രോത്സാഹിപ്പിക്കുന്ന ആദ്യത്തെ പേപ്പല്‍ രേഖ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ ഈ ചാക്രികലേഖനമാണ്.
B. Nostra Aetate (1965, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പ്രഖ്യാപനം): മതാന്തരബന്ധങ്ങളിലെ ഒരു നാഴികക്കല്ല് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. മറ്റു മതങ്ങളുമായുള്ള ബന്ധത്തിലും സംവാദത്തിലും അനുരഞ്ജനത്തിലും കത്തോലിക്കര്‍ക്ക് പുതിയ ധാരണകളും വഴികളും ഈ രേഖ പരിചയപ്പെടുത്തി. മാത്രവുമല്ല, യഹൂദ-ക്രൈസ്തവ സംഭാഷണങ്ങള്‍ക്ക് പുതുമാനങ്ങള്‍ നല്കാനും ഈ രേഖക്ക് സാധിച്ചു.
C. Evangelization in Modern Day Asia (1974, ഏഷ്യന്‍ ബിഷപ്പുമാരുടെ കോണ്‍ഫറന്‍സ് രേഖ): സഭ ഒരു ന്യൂനപക്ഷമായിരിക്കുന്ന ഏഷ്യയില്‍ മറ്റ് ജനങ്ങളോടും സംസ്കാരങ്ങളോടും മതങ്ങളോടും സംവദിക്കുന്നത് സഭയുടെ മിഷന്റെ തന്നെ ഭാഗമാണെന്ന് രേഖ പഠിപ്പിച്ചു.
D. Guidelines and Suggestions for Implementing the Conciliar Declaration “Nostra Aetate” (1974, മതബന്ധങ്ങള്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍): പ്രത്യേകിച്ച്, പ്രായോഗികതലത്തില്‍ യഹൂദരുമായുള്ള സംവാദത്തില്‍ അവരുടെ പാരമ്പര്യത്തിന്റെ അടിസ്ഥാനഘടകങ്ങളെക്കുറിച്ച് മോശമല്ലാത്ത ഒരറിവ് സംവാദത്തിലേര്‍പ്പെടുന്നവര്‍ക്കുണ്ടായിരിക്കണം എന്ന് രേഖ സമര്‍ത്ഥിച്ചു (n.4).
E. Evangelii Nuntiandi/ Evangelization in the Modern World (1975, അപ്പസ്തോലിക ആഹ്വാനം): വലിയ ജനസമൂഹങ്ങളുടെ ആത്മാവിന്റെ ജീവിക്കുന്ന പ്രകാശനങ്ങളെന്ന നിലയില്‍ തിരുസ്സഭ ക്രൈസ്തവേതരമതങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ദൈവാന്വേഷണത്തിന്റെ അലയൊലികള്‍ അവയുടെ ഉള്ളിലുണ്ട് എന്ന് അപ്പസ്തോലികാഹ്വാനത്തില്‍ പാപ്പാ കുറിച്ചു.
F. Dialogue and Mission (1984, മതാന്തരസംവാദങ്ങള്‍ക്ക് വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ രേഖ): സഭയുടെ മിഷന്റെ പരിധിക്കുള്ളില്‍ മതാന്തരസംവാദത്തെ പ്രതിഷ്ഠിക്കുന്ന രേഖയാണ് ഇത്.
G. Notes on the Correct Way to Present the Jews and Judaism in Preaching and Catechesis in the Roman Catholic Church (1985, മതബന്ധങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കമ്മീഷന്റെ പ്രസ്താവന): മതബന്ധങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കമ്മീഷന്റെ പ്രസ്താവന
H. Redemptoris Missio (1990, ചാക്രികലേഖനം): ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഈ ചാക്രികലേഖനം മിഷന്‍ പ്രവര്‍ത്തനത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ മതാന്തരസംവാദത്തെക്കുറിച്ച് വളരെ ഊന്നല്‍ കൊടുത്ത് പറയുന്നുണ്ട്: “ഓരോ വിശ്വാസിയും എല്ലാ ക്രൈസ്തവസമൂഹങ്ങളും സംവാദം പരിശീലിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.”
I. Dialogue and Proclamation (1991, ജനതകളുടെ സുവശേഷവത്കരണത്തിനായുള്ള കാര്യാലയവും മതാന്തരസംവാദത്തിനായുള്ള കൗണ്‍സിലും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്തപ്രസ്താവന): മതാന്തരസംവാദവും സുവിശേഷപ്രഘോഷണവും വ്യത്യസ്തങ്ങളെങ്കിലും സഭയുടെ സുവിശേഷവത്കരണദൗത്യത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്. മതാന്തരസംവാദത്തിന്റെ ലക്ഷ്യം എന്നത് സംവാദത്തിലെ ഓരോ വ്യക്തിയും സത്യത്തിലേക്ക് കൂടുതല്‍ ആഴപ്പെടുക എന്നതാണ്. ആത്യന്തികവിശകലനത്തില്‍, “നമ്മള്‍ സ്വന്തമാക്കിയിരിക്കുന്ന എന്തോ ഒന്നല്ല സത്യം, മറിച്ച് നമ്മെ സ്വന്തമാക്കുന്നതിന് നാം അനുവാദം നല്കുന്ന ഒരു വ്യക്തിയാണത്”.
J. We Remember: A Reflection on the Shoah (1998): യഹൂദരെ കൊന്നൊടുക്കുകയും പീഡിപ്പിക്കുകയും ചെയ്ത നാസി ക്രൂരതകള്‍ക്കെതിരേ ക്രൈസ്തവര്‍ പ്രതികരിക്കാതിരുന്നതിലുള്ള മനസ്താപ്രകടനമാണ് ഈ രേഖയുടെ ഉള്ളടക്കം.
K.Dominus Iesus (2000, വിശ്വാസതിരുസംഘത്തിന്റെ പ്രഖ്യാപനം): സകല മനുഷ്യവംശത്തിന്റെയും ഏകരക്ഷകന്‍ യേശുക്രിസ്തുവാണെന്ന് പ്രഘോഷിക്കാനുള്ള ഉത്തരവാദിത്വവും തിടുക്കവും മതാന്തരസംവാദം ഇല്ലാതാക്കുന്നില്ല എന്ന് വിശ്വാസതിരുസംഘം നിരീക്ഷിച്ചു.

ഇപ്രകാരം നിരവധിയായ പഠനങ്ങളും പ്രബോധനങ്ങളും തെറ്റിദ്ധരിച്ചവര്‍ക്കുള്ള തിരുത്തലുകമെല്ലാം നല്കിയാണ് കത്തോലിക്കാതിരുസ്സഭ ഇതരമതങ്ങളോടുള്ള ബന്ധത്തെ, ലോകത്തെ മുഴുവന്‍ സുവിശേഷവത്കരിക്കുവാനുളള അവളുടെ ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍, വിശദീകരിച്ചിരിക്കുന്നത്. ഇതരമതസംവാദവും സാംസ്കാരിക അനുരൂപണശ്രമങ്ങളും സര്‍വ്വമതസമ്മേളനങ്ങളും പ്രാര്‍ത്ഥനകളുമെല്ലാം ഇപ്രകാരം രൂപീകൃതമായിരിക്കുന്ന തത്വങ്ങളില്‍ അധിഷ്ഠിതമാണ്. അതിനാലാണ് അവയെ കണ്ണുംപൂട്ടി എതിര്‍ക്കുന്നവര്‍ സഭാപ്രബോധനങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നുവെന്നും ശീശ്മയിലാകുന്നുവെന്നും പറയുന്നത്.

6) അസ്സീസിയിലെ സര്‍വ്വമത പ്രാര്‍ത്ഥന

1986-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് അസീസ്സിയില്‍ സമാധാനത്തിന് വേണ്ടിയുള്ള സര്‍വ്വമതപ്രാര്‍ത്ഥനക്ക് തുടക്കം കുറിച്ചത്. ലോകത്തിലെ പ്രധാനമതങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഒരുമിച്ച് ചേര്‍ന്ന് അവരുടേതായ രീതിയില്‍ ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയും പരസ്പരം സംവദിക്കുകയും ചെയ്തു. പിന്നീട് ഫ്രാന്‍സിസ് പാപ്പയടക്കം പങ്കെടുത്ത നാല് സമ്മേളനങ്ങള്‍ അസ്സീസിയില്‍ ഉണ്ടായി. ലോകത്തെ മുഴുവന്‍ ഒരുമിപ്പിക്കാന്‍ ശേഷിയുള്ള കത്തോലിക്കാതിരുസഭയുടെ ഇടപെടല്‍ ശേഷിയും ദൈവശാസ്ത്രഭദ്രതയും പതിറ്റാണ്ടുകളായി മാധ്യമങ്ങള്‍ പ്രകീര്‍ത്തിക്കുന്നു. ഈ പ്രാര്‍ത്ഥനകളെയടക്കം തള്ളിപ്പറയുന്നതാണ് പ്രവാചകശബ്ദത്തിന്റെ ലേഖനം എന്നതും സ്മരണീയമാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന ഈ പ്രാര്‍ത്ഥനാസംരംഭങ്ങളുടെ ദൈവശാസ്ത്രപരമായ മാനങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ സ്വന്തം തോന്നലുകള്‍ക്കും അവിദഗ്ധമായ വചനവ്യാഖ്യാനത്തിലും അധിഷ്ഠിതമായ നിലപാടുകള്‍ സ്വീകരിക്കുകയാണ് പ്രസ്തുത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ചെയ്തിരിക്കുന്നത്.

7) സര്‍വ്വമത പ്രാര്‍ത്ഥനയെ എതിര്‍ത്ത ആര്‍ച്ച്ബിഷപ്പ് ലെ ഫേവ് റേ

1986-ല്‍ ഇറ്റലിയിലെ അസ്സീസിയില്‍ സര്‍വ്വമത പ്രാര്‍ത്ഥനക്ക് ക്ഷണിച്ച ജോണ്‍പോള്‍ രണ്ടാമന്റെ നടപടിയെ യാഥാസ്ഥിതികരായ പലരും വിമര്‍ശിക്കുകയുണ്ടായി. ലെ ഫേവ് റേ എന്ന സ്വിസ് മെത്രാപ്പോലീത്താ പാപ്പായുടെ നടപടി ഉതപ്പാണെന്നും ഏകസത്യവിശ്വാസത്തോടുള്ള വഞ്ചനയാണെന്നും അഭിപ്രായപ്പെട്ടു. പാപ്പായുടെ അനുവാദമില്ലാതെ 1988-ല്‍ ലെ ഫേവ് റേ സ്വന്തം മെത്രാന്മാരെ വാഴിക്കാനുണ്ടായ കാരണവും ഈ അഭിപ്രായ വ്യത്യാസമായിരുന്നു. ഇപ്രകാരം പരിശുദ്ധ പിതാവിനെ അംഗീകരിക്കാതെ ശീശ്മയിലേക്ക് പോയ ആര്‍ച്ച്ബിഷപ്പ് പിന്നീട് ചെയ്തതെല്ലാം സഭാവിരുദ്ധമായ കാര്യങ്ങളായിരുന്നു. സര്‍വ്വമത പ്രാര്‍ത്ഥനയെയും വത്തിക്കാന്‍ സൂനഹദോസിനെയും എതിര്‍ത്ത് സ്വന്തമായി നാല് മെത്രാന്മാരെ വാഴിച്ചതോടെ ആര്‍ച്ചുബിഷപ്പും ആ ചടങ്ങില്‍ പങ്കെടുത്ത മറ്റു മെത്രാന്മാരും ശീശ്മയിലാണെന്നും തത്ഫലമായി സഭക്ക് പുറത്താണെന്നും വത്തിക്കാന്‍ പ്രഖ്യാപിച്ചു. പിന്നീട് ലെ ഫേവ് റേയുടെ മരണശേഷം 2009-ലാണ് ബനഡിക്ട് പതിനാറാമന്‍ പാപ്പ മറ്റ് മെത്രാന്മാരുടെ സഭാഭ്രഷ്ട് പിന്‍വലിച്ചത്.

സൂനഹദോസുകള്‍, സഭാപ്രബോധനങ്ങള്‍ എന്നിവയുടെയും മെത്രാന്‍ സമിതികളുടെയും അവയുടെ തീരുമാനങ്ങളുടെയും പാപ്പാമാരുടെ പ്രവര്‍ത്തനങ്ങളുടെയും ഉള്ളടക്കമെന്താണെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ ശ്രമിക്കാതെ അവയെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന പ്രവണത ഇന്ന് ശക്തിപ്പെടുകയാണ്. ഇന്ത്യക്ക് പുറത്തുള്ള മെത്രാന്മാരുടെ അഭിപ്രായങ്ങളും മറ്റുമാണ് കേരളത്തിലെ പല കാര്യങ്ങള്‍ക്കും തീര്‍പ്പുകല്പിക്കുന്നതിന് കൊണ്ടുവരാറുമുള്ളത്. ഭാരതത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റെ സാംസ്കാരികവും മതപരവുമായ സാഹചര്യങ്ങളെ മനസ്സിലാക്കാതെയാണ് പലപ്പോഴും അവരുടെ മറുപടികള്‍ രൂപപ്പെടുന്നതും. കേരളസഭയെ നയിക്കുന്ന അഭിവന്ദ്യപിതാക്കന്മാരുടെയും ഔദ്യോഗിക സമിതികളുടെയും നിലപാടുകളും വിശദീകരണങ്ങളുമാണ് പ്രധാനമായും കേരളസഭയിലെ വിശ്വാസികള്‍ ശ്രവിക്കുകയും പിന്തുടരുകയും ചെയ്യേണ്ടത്. മാത്രവുമല്ല, സൂനഹദോസുകള്‍, സഭാസിനഡുകള്‍ മെത്രാന്‍സമിതികള്‍ എന്നിവയുടെ നിലപാടുകള്‍ക്കെതിരായാണ് ഒരു മെത്രാന്‍ തനിച്ച് പഠിപ്പിക്കുന്നതെങ്കില്‍ ആര്‍ച്ചുബിഷപ്പ് ലാ ഫേവ് റേയെ പ്പോലെ പലരുടെയും ഉദാഹരണങ്ങള്‍ അവരെ ഓര്‍മ്മിപ്പിക്കുന്നത് നല്ലതാണ്.

സമാപനം

പ്രവാചകശബ്ദം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഓണ്‍ലൈന്‍ രംഗത്ത് ചെയ്യുന്ന ശുശ്രൂഷ സമാനതകളില്ലാത്തതാണ്. പക്ഷേ, സത്യവിശ്വാസത്തോടുള്ള പ്രതിപത്തി എല്ലാ വിഷയങ്ങളിലും ഒരുപോലെ പ്രകടിപ്പിക്കുന്നില്ലായെങ്കില്‍ വിഘടിതസഭാ സംവിധാനങ്ങളോടൊപ്പം എണ്ണപ്പെടുക എന്നതായിരിക്കും പ്രവാചക ശബ്ദത്തിന്റെയും അവസാനം. കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ ഭാഗമായി നിന്ന് പിന്നീട് സഭക്കെതിരേ തിരിയുന്ന സ്വയംപ്രഖ്യാപിത സഭാപ്രബോധകരുടെ എണ്ണം കഴിഞ്ഞ പതിറ്റാണ്ടില്‍ വര്‍ദ്ധിച്ചുവരുന്നതിന് കേരള വിശ്വാസസമൂഹം സാക്ഷിയാണല്ലോ. പ്രവാചകശബ്ദത്തിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുന്നുവെങ്കിലും തെറ്റായ പ്രവണതകളെ തിരുത്തുന്നില്ലായെങ്കില്‍ ഇക്കാലമത്രയും ചെയ്ത എല്ലാ നന്മകളെയും മറന്നുകളയാന്‍ സഭയും പൊതുസമൂഹവും നിര്‍ബന്ധിതരാകും. നല്ല പാല്പായസമുണ്ടാക്കി, അതില്‍ ഒരു തുള്ളി വിഷം കലര്‍ത്തിയതുപോലെയാണ് കെസിബിസിയുടെ സര്‍വ്വമതപ്രാര്‍ത്ഥനക്ക് എതിരേ പ്രവാചകശബ്ദം പ്രസിദ്ധീകരിച്ച ലേഖനം പ്രവര്‍ത്തിച്ചിരിക്കുന്നത് എന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.

References

1. Catechism of the Catholic Church
2. Documents of the Second Vatican Ecumenical Council
3. William B. Blakemore. Dialogue with Other Faiths. Encyclopedia Britannica. https://www.britannica.com/biography/Saint-John-Paul-II/Dialogue-with-other-faiths
4. Ron Conte. What is the Definition of Schism. The Reproach of Christ. https://ronconte.com/2015/09/26/what-is-the-definition-of-schism/?fbclid=IwAR1whJx9E-CivA5tC3wY_nY5u7nlyV5NmTZK_6PXwGynTTWSpCAn-XhjHyk
5. Sacrboro Missions Interfaith Department. Official Church Documents on Interfaith Dialogues. https://www.scarboromissions.ca/interfaith-dialogue/the-church-dialogue/official-church-documents-on-interfaith-dialogue?fbclid=IwAR1Edjet3N7qD_0Fk9k29FuS8BymqmYXAuA6IwbhDCb9AGyvmT3JOnlPyUw
6. John L. Allen Jr. Popes interfaith summit in Assisi belongs to an ongoing revolution. https://cruxnow.com/analysis/2016/09/popes-inter-faith-summit-assisi-belongs-ongoing-revolution/?fbclid=IwAR0kp_rcB50aA054X8qyPg-runJZOEI8exzMEKUdLC5h9qhCC5KyOrFGDUg
7. Can a catholic pray with a Hindu?. Catholic Answers Forum. https://forums.catholic.com/t/can-a-catholic-pray-with-a-hindu/406337/3?fbclid=IwAR2g1WmxJBwn_LSJ18FfTiZ49q4mJeJVsxqjSvP7K33A4dBZkW35FcoOBy4
8. How to Understand Assisi Interfaith Prayers?. Catholic Answers Forum. https://forums.catholic.com/t/how-to-understand-assisi-interfaith-prayers/557898/2

Show More

2 Comments

  1. യേശു ഏകരക്ഷകന്‍ എന്ന സത്യം പ്രഘോഷിക്കുവാനാണ് ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെടിരിക്കുന്നത്. ഇത് വിസമ്മതിച്ചത്തിന്റെ പേരിലാണ് അപ്പസ്തോലന്‍മാര്‍ അടക്കം അനേകം രക്തസാക്ഷികള്‍ക്ക് മരണം വരിക്കേണ്ടി വന്നത്. അവര്‍ ആന്‍ വിജാതീയ മന്ത്രങ്ങള്‍ ചൊല്ലിയിരിന്നെങ്കിലോ വിഗ്രഹങ്ങള്‍ക്ക് ബലി അര്‍പ്പിച്ചിരിന്നുവെങ്കിലും രക്ഷപ്പെടാമായിരിന്നു. പക്ഷേ അവര്‍ യേശു ഏകരക്ഷകന്‍ എന്ന സത്യത്തെ അവര്‍ പ്രഘോഷിച്ചു. ഈ സത്യം നാം വിസ്മരിക്കരുത്. അത് തന്നെയല്ലേ പ്രവാചകശബ്ദവും പറഞ്ഞത്. കാത്തലിക് വോക്സ് ഈ ലേഖനം പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരിന്നു. ഫാ. നോബിളിനുള്ള ശക്തമായ മറുപടി പ്രവാചകശബ്ദം പോര്‍ട്ടല്‍ നല്കിയിട്ടുണ്ട്. “ഈ കാര്യത്തില്‍ അവരോടൊപ്പം”. ആരതി ഉഴിയുന്ന വിജാതീയ ആചാരങ്ങളെ തള്ളി പറഞ്ഞ വോക്സ് ഈ വൈദികന്റെ ഈ ലേഖനം പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരിന്നു. “യേശു ഏകരക്ഷകന്‍, ലോക രക്ഷകന്‍”. പ്രവാചകശബ്ദത്തിന്റെ മറുപടിയില്‍ പറയുന്ന ഒരു കാര്യമുണ്ട്, “കൊഴിഞ്ഞു പോകുന്ന വായനക്കാരെ ഓര്‍ത്ത് ദുഖിക്കില്ല, മറിച്ച് അവസാന വായനക്കാരന്‍ ഇല്ലാതാകുന്നത് വരെ യേശു ഏകരക്ഷകന്‍ എന്ന സത്യം സഭയോടു ചേര്‍ന്ന് പ്രഘോഷിക്കുക തന്നെ ചെയ്യും”. പ്രവാചകശബ്ദത്തിന് പൂര്‍ണ്ണ പിന്തുണ..!

  2. വിമര്‍ശനാത്മക പ്രതികരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയുമെങ്കില്‍ എന്റെ കമന്റുകള്‍ ദയവായി അപ്രൂവ് ചെയ്യുക. 2011-ളെ അസീസ്സി ഇന്‍റര്‍ഫെയിത്ത് സമ്മേളനം എങ്ങനെ ആയിരിന്നുവെന്ന് അറിയാമോ? ജോണ്‍ പോള്‍ രണ്ടാമന്‍ ചെയ്തതിന് വിരുദ്ധമായി “നിരവധി ഉപാധി”കളോടെയാണ് ബനഡിക്ട് പാപ്പ സമ്മേളനം നടത്തിയത്. ആ ഉപാധികള്‍ ”യേശു ഏകരക്ഷകനാണെന്ന സത്യം” പണയംവെക്കുന്നത് ഒഴിവാക്കുന്നതായിരിന്നു. അന്നു ഇതിനെ കുറിച്ച് ഹഫിങ്ടണ്‍ പോസ്റ്റ് ഒരു ആര്‍ട്ടിക്കിള്‍ പബ്ലിഷ് ചെയ്തിരിന്നു. At Assissi interfaith summit 2011 huffington post എന്ന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുക. ഇതടക്കം നിരവധി കാര്യങ്ങള്‍ നോബിള്‍ അച്ചന്‍ മനപൂര്‍വം ഒഴിവാക്കി. ദയവായി കാത്തലിക് വോക്സ് സത്യത്തിന് വേണ്ടി നിലകൊള്ളുക…! യേശു ഏകരക്ഷകന്‍.. പ്രവാചകശബ്ദത്തോടൊപ്പം.

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker