Articles

ജീവിതം പകുത്തു നൽകിയ സന്യാസിനി അമ്മമാർ

ദൈവവിളിയുടെ മാഹാത്മ്യം ഞാൻ തിരിച്ചറിയുന്നത് ദർശനങ്ങളിലൂടെയോ, സ്വപ്നങ്ങളിലൂടെയോ ആയിരുന്നില്ല, മറിച്ച് കപടതയില്ലാത്ത പച്ചയായ ജീവിത മാതൃകകൾ വഴിയായിരുന്നു...

ഫാ.ജിനു ജോസഫ് തെക്കേത്തല

ജനിച്ചു വീണ നിമിഷം മുതൽ അമ്മയുടെയും അപ്പന്റെയും കുടുംബത്തിലുള്ള ഓരോ അംഗങ്ങളുടെയും സ്നേഹം പോലെ തന്നെ എന്റെ ജീവിതത്തിൽ പ്രോത്സാഹനവും, താങ്ങുമായി നിന്നവരാണ് ദിവ്യകാരുണ്യ ആരാധന സന്യാസ സമൂഹത്തിലെ സഹോദരിമാർ. പച്ച – ചെക്കിടിക്കാട് പ്രദേശത്തിന്റെ ഗ്രാമഭംഗിക്ക് മാതൃത്വത്തിന്റെ മധുരം ആരോഗ്യപരിപാലന രംഗത്തും, ആത്മീയ രംഗത്തും, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിലും പകർന്നു തന്നവരാണ് ഞങ്ങളുടെ സ്വന്തം സഹോദരിമാർ. ആത്മാർത്ഥതയോടെ നിസ്വാർത്ഥമായ ഈ സേവനം ഞങ്ങളുടെ സമൂഹത്തിൽ ഇന്നും തുടരുന്ന സഹോദരിമാർക്ക് ഹൃദയപൂർവം നന്ദി അറിയിക്കട്ടെ. വ്യക്തിപരമായി, ഈ അനുഭവം നാട്ടിൽ എല്ലാവർക്കും സ്വന്തമാണെന്നതിന് വാക്കുകളും, പ്രവൃത്തികളും സാക്ഷി. ഈ സഹോദരിമാരെ ഞങ്ങൾക്കായി തിരഞ്ഞെടുത്ത ദൈവത്തിന് എന്നും കൃതജ്ഞത അർപ്പിക്കട്ടെ ഒപ്പം സഭാധികാരികൾക്കും, മാതാപിതാക്കൾക്കും. ദൈവവിളിയെപ്പറ്റിയും അതിന്റെ വെല്ലുവിളികളെപ്പറ്റിയുമൊക്കെ ധാരാളം വിചിന്തനങ്ങളും, ചർച്ചകളും ഇന്ന് ലോകത്ത് നടക്കുന്നുണ്ട്. എന്നാൽ ദൈവവിളിയുടെ മാഹാത്മ്യം ഞാൻ തിരിച്ചറിയുന്നത് ദർശനങ്ങളിലൂടെയോ, സ്വപ്നങ്ങളിലൂടെയോ ആയിരുന്നില്ല. മറിച്ച് കപടതയില്ലാത്ത പച്ചയായ ജീവിത മാതൃകകൾ വഴിയായിരുന്നു. ഇത് പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കും മാത്രമല്ല, മറിച്ച് വൈവാഹിക ജീവിതവിളിയുടെയും അടിസ്ഥാനം മാതൃകാകുടുംബങ്ങൾ തന്നെയാണ്. പച്ച ചെക്കിടിക്കാട് എന്ന എന്റെ നാടിന്റെ പുണ്യവും മനോഹാരിതയും ഈ മാതൃകാ കുടുംബ, സമർപ്പിത ജീവിതങ്ങൾ തന്നെയാണെന്നത് അഭിമാനപൂർവം ഓർക്കട്ടെ. വികാരിയച്ചന്മാരുടെയും, സിസ്റ്റേഴ്സിന്റെയും ഈ മാതൃക തന്നെയാണ് അനേകം ദൈവവിളികൾക്ക് ഈ നാട് സാക്ഷ്യം വഹിക്കാൻ കാരണവും.

എന്റെ വ്യക്തിപരമായ ജീവിതത്തിൽ ആരാധനാ സന്യാസ സമൂഹത്തിലെ സഹോദരിമാർ തന്ന നിസ്വാർത്ഥമായ സേവനങ്ങളെ നന്ദിയോടെ ഓർക്കുന്നു. ഈ ഭൂമിയിലേക്ക് ജനിച്ചുവീണ നിമിഷം മുതൽ ഈ സേവനം അനുഭവിക്കാൻ സാധിച്ചുവെന്നത് സ്നേഹത്തോടെ സ്മരിക്കുന്നു. പ്രസവസമയത്തിന് തൊട്ടുമുൻപായി സങ്കീർണ്ണത തിരിച്ചറിഞ്ഞ ബ്രിജീത്തമ്മ (റവ.ഡോ.ബ്രിഡ്ജിറ്റ് SABS ) 1988 ഫെബ്രുവരി മാസം 14 ന് മണിക്കൂറുകൾ ദിവ്യകാരുണ്യനാഥന്റെ മുൻപിൽ കൈകൾ വിരിച്ചുപിടിച്ചു പ്രാർത്ഥനയിൽ ചിലവഴിച്ചത് എന്റെ അമ്മ എനിക്ക് പിന്നീട് പറഞ്ഞുതന്നത് ഒരിക്കലും മറക്കാനാവാത്ത ഓർമയായി എന്നും മനസ്സിൽ സൂക്ഷിക്കുന്നു. അന്ന് മുതൽ ഇന്നുവരെ എന്റെ കാവൽമാലാഖയെ പോലെ കൂടെ സഞ്ചരിച്ച ഒരു വ്യക്തിയാണ് ബ്രിജീത്തമ്മ. അമ്മയുടെ കൂടെയുണ്ടായിരുന്ന മറ്റ് സിസ്റ്റേഴ്സും പിന്നീട് എന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളിൽ പ്രാർത്ഥനയോടെ കൂടെയുണ്ടായിരുന്നുവെന്ന യാഥാർഥ്യവും ഈ നിമിഷം അനുസ്മരിക്കട്ടെ. പച്ച -ചെക്കിടിക്കാട് ലൂർദ് മാതാ ആശുപത്രിയുടെ വിജയരഹസ്യവും ഈ പ്രാർത്ഥനയുടെ അടിസ്ഥാനം തന്നെയാണ്. ഒരു ചെറിയ പനിവരുമ്പോൾ പോലും പുഷ്പമ്മയുടെ (ഡോ.സി .പുഷ്‌പമ്മ ) വാത്സല്യം തുളുമ്പുന്ന തലോടൽ മരുന്നുകളേക്കാളേറെ ഗുണം ചെലുത്തിയിരുന്നു . എന്നാൽ ഈ സ്നേഹം വളർന്നത് അവരുടെയൊക്കെ പിന്നീടുള്ള കരുതലോടെയുള്ള സ്‌നേഹാന്വേഷണങ്ങളും, പ്രാർത്ഥനകളും, പ്രതീക്ഷകളുമൊക്കെ ജീവിതത്തിൽ അനുഭവിക്കാൻ സാധിച്ചപ്പോഴാണ്. ഇത് എന്റെ മാത്രം അനുഭവമല്ല കേട്ടോ.

മൂന്നര വയസിൽ വിമല ബാലഭവൻ നഴ്സറി സ്കൂളിലാണ് ഈ സഹോദരിമാരുടെ സേവനത്തിന്റെ രണ്ടാം ഘട്ടം എന്റെ വ്യക്തിപരമായ ജീവിതത്തിൽ ആരംഭിക്കുന്നത്. ചേച്ചി നഴ്സറിയിൽ നിന്നും വീട്ടിലേക്ക് വരുമ്പോൾ പറയുന്ന കഥകൾ അമ്മയോടൊപ്പം ഇരുന്ന് ഞാനും ധാരാളം കേട്ടിട്ടുണ്ട്. വല്യപ്പച്ചനും, വല്യമ്മച്ചിയും, തങ്കച്ചാച്ചനും പെങ്ങളുമൊക്കെയാണ് അമ്മക്ക് പുറമെ എന്നെ നഴ്സറിയിൽ കൊണ്ടാക്കുന്നത്. ആദ്യ ദിവസങ്ങളിൽ തന്നെ എന്റെ മനസിൽ പതിഞ്ഞ വലിയ വ്യക്തിത്വങ്ങളാണ് ആൻക്ലെയർ അമ്മയും, ആൻസമ്മയും, മരിയമ്മയും. അവരുടെ കൈപിടിച്ച് ക്ലാസ് മുറികളിലേക്ക് പോയതിന്റെയും, കുഞ്ഞുങ്ങളോടുള്ള അവരുടെ അതിരറ്റ വാത്സല്യത്തിന്റെയുമൊക്കെ അനുഭവങ്ങൾ പിന്നീട് എന്റെ വീട്ടിലെ ഓരോരുത്തരും പങ്കുവയ്ക്കുമായിരുന്നു. അന്ന്, ജീവിതത്തിൽ സ്വപ്നങ്ങൾ കാണാൻ ഞങ്ങളെ പഠിപ്പിച്ചത് ഇന്നും വലിയ ഉപദേശമായി മനസ്സിൽ സൂക്ഷിക്കുന്നു. വലുതായപ്പോൾ സൈദ്ധാന്തികമായ അറിവുകൾക്കെന്നും കാതലായി നിന്നത് ഈ ഉപദേശങ്ങൾ തന്നെയായിരുന്നുവെന്നതിന് ഒരു സംശയവും ഇല്ല. പ്രാർത്ഥനകളും, ആട്ടും, പാട്ടും, കലോത്സവങ്ങളും, മത്സരങ്ങളും എല്ലാം കൂടി തങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങളുടെ ഉന്നമനത്തിനായി അക്ഷീണം പ്രയത്നിച്ച പ്രിയ സഹോദരിമാർക്ക് ആദരവോടെ നന്ദി പറയട്ടെ. പിന്നീട് സ്‌കൂൾ കാലഘട്ടത്തിലും ഞങ്ങളുടെ വളർച്ചയിൽ ആരാധനാ സന്യാസിനി സമൂഹത്തിലെ സഹോദരങ്ങളുടെ പങ്ക് വളരെ വലുതാണ്. കൂടെ നിന്നും, കൂട്ടുകൂടിയും എന്നാൽ ഉപദേശങ്ങളുടെ അകമ്പടിയോടെ ഞങ്ങളെ സ്നേഹിക്കുകയും ശിക്ഷണത്തിന്റെ മധുരസ്മരണകൾ ഞങ്ങൾക്ക് പ്രദാനം ചെയ്ത പ്രിയ ബഹുമാനപ്പെട്ട ടെസ്സി അമ്മ, ഫ്‌ളവർലിറ്റ് അമ്മ എന്നിവർക്കും നന്ദി പറയട്ടെ. ഇവരുടെയെല്ലാം പ്രഥമമായ ഗുണം പഠിപ്പിക്കുന്നതിലെ ആത്മാർത്ഥതയും, വ്യക്തിപരമായ, മുഖം മൂടിരഹിതമായ, കപടതയും കലർപ്പുമില്ലാത്ത ജീവിതചര്യകളും, ബന്ധങ്ങളും ആയിരുന്നു. ഇതിൽ എന്റെ നന്മക്കായി അഞ്ചാം ക്ലാസ്സിലെ ഒരു ക്ലാസ്സ് ടെസ്റ്റിൽ എന്നെ തോല്പിച്ചതും ഇന്ന് അല്പം നർമത്തോടെ ഓർത്തുപോകുന്നു.

സ്കൂൾ കാലയളവിൽ പരിശുദ്ധ കുർബാനയോടുള്ള വലിയ ഒരു ഭക്തി എന്നിൽ ഉടലെടുത്തതിന്റെ വലിയ ഒരു പങ്ക് ആരാധനമഠത്തിലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന്റെ നിരന്തരമുള്ള ഭവനസന്ദർശനങ്ങളും, അക്കാലയളവിൽ രൂപം കൊണ്ട യൂക്കറിസ്റ്റിക് സെന്റർ വഴിയായി ലഭിച്ച പ്രാർത്ഥനാനുഭവങ്ങളും, ജീവിതാനുഭവങ്ങളുടെ സാക്ഷ്യങ്ങളും ആയിരുന്നു. നിരവധി സിസ്റ്റേഴ്സ് ഞങ്ങൾക്കുവേണ്ടി അവരുടെ വിലപ്പെട്ട സമയം ചിലവഴിച്ചതിന്റെ ഫലമാണ് അന്ന് കുഞ്ഞുങ്ങളായിരുന്ന ഞങ്ങളുടെ വളർച്ചയുടെ പടവുകളിലുടനീളം കാണാൻ സാധിക്കുക. ബഹുമാനപ്പെട്ട മദറുമാരുടെ മാതൃതുല്യമായ നേതൃത്വത്തിൽ ബഹു. ജീൻമേരി അമ്മയും, തുടർന്ന് ടെസ്സി അമ്മയും, മരിയമ്മയും തുടങ്ങി പല അവസരങ്ങളിൽ വന്നുപോയ നിരവധി സഹോദരിമാരുടെ ജീവിതപാഠങ്ങൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. അന്ന് മഠത്തിനരികിലുള്ള കൊക്കോ മരത്തിൽ കയറുന്നതിനു മുൻപ് തന്നെ ഞങ്ങളെ ഭക്ഷണ മുറിയിൽ വിളിച്ച് ഞങ്ങൾക്ക് മുൻപിലേക്ക് ഒരു പ്ലേറ്റ് നിറയെ കൊക്കോ പഴം വച്ചുനീട്ടുന്ന സ്നേഹനിധിയായ അമ്മമാർ. പിന്നീട് സെമിനാരിയിൽ ആയിരിക്കുമ്പോഴാണ് ഈ അമ്മമാരുടെ പ്രാർത്ഥനയുടെയും ത്യാഗത്തിന്റെയുമൊക്കെ വലിയനിറവുകൾ മനസിലാക്കാൻ സാധിച്ചത്. ഒഴുക്കിനെതിരെ നീന്തുവാൻ പറഞ്ഞുതന്ന അമ്മമാർ, സംതൃപ്തിക്കുമപ്പുറം ത്യാഗത്തിന്റെ മാതൃക നൽകിയ അമ്മമാർ .

അവധിക്കായി വീട്ടിൽ വരുമ്പോൾ സുഖാന്വേഷണങ്ങളുമായി വീടുകളിലേക്ക് എത്തുന്ന അമ്മമാരെ ഇന്നും നന്ദിയോടെ ഓർക്കുന്നു . പേരു പറഞ്ഞാൽ ഒരിക്കലും തീരാനിടയില്ല, ജീവിതത്തിൽ ഭാഗഭാക്കുകളായ അമ്മമാർ . ഫിലിപ്പിയാമ്മ, അനീസ്യാമ്മ, കൊച്ചുറാണിയമ്മ, എമിലിനമ്മ, ട്രീസാമ്മ, റോസിയമ്മ, ലീമസിസ്റ്റർ, ടെസ്സ സിസ്റ്റർ, ടെസി സിസ്റ്റർ, ആൻസിലമ്മ, ആൻസിയമ്മ, ആനിയമ്മ, അനിലാമ്മ, തെരേസമ്മ, റോസമ്മ, ഗ്രേസ് അമ്മ, റാണിറ്റാമ്മ, മേഴ്‌സി സിസ്റ്റർ, ജെയിൻ മേരിസിസ്റ്റർ, അമല സിസ്റ്റർ, മെർലിറ്റ് സിസ്റ്റർ, ലീന സിസ്റ്റർ, ജോസ്‌ലിൻ സിസ്റ്റർ എന്നിവർ അവരിൽ ചിലർ മാത്രം. കഴിവുകളെക്കാളേറെ ജീവിതത്തിൽ പ്രചോദനമായത് ഇവരുടെയെല്ലാം തീക്ഷ്ണത നിറഞ്ഞ ജീവിതപാഠങ്ങൾ ആയിരുന്നുവെന്ന് സെമിനാരിക്കാലത്തുതന്നെ മനസിലാക്കാൻ സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നു. എന്റെ സ്വന്തം അമ്മക്ക് പുറമെ ഇത്രയധികം അമ്മമാരെ എന്റെ ജീവിതത്തിന്റെ പല നിമിഷങ്ങളിൽ എനിക്കായി ഒരുക്കിയ ദൈവത്തിന്റെ വലിയ അനുഗ്രഹമാണ് ദാനമായി എനിക്ക് ലഭിച്ച പൗരോഹിത്യം. തെക്കേത്തലക്കൽ കരിക്കംപള്ളിൽ കുടുംബത്തിൽ ആരാധനാ സന്യാസിനീസമൂഹത്തിൽ അംഗങ്ങളായിരുന്ന എന്റെ പ്രിയപ്പെട്ടവരെയും നന്ദിയോടെ ഓർക്കുന്നു. വളരെ പ്രത്യേകമായി എന്നെ എന്നും പ്രാർത്ഥനകളിൽ ഓർക്കുകയും, ഒരു ചേച്ചിയെ പോലെ കണ്ടുമുട്ടുമ്പോഴെല്ലാം എനിക്ക് എന്റെ പ്രവർത്തനങ്ങളിൽ താങ്ങായി നിന്ന നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട മരീസ സിസ്റ്ററിനെ സ്നേഹത്തോടെ ഓർക്കട്ടെ.

നാട്ടിലെ എന്റെ ജീവിതത്തിന്റെ വലിയ ഒരു ഇടവേളയായിരുന്നു റോമിൽ ഉപരിപഠനങ്ങൾക്കായി അയക്കപ്പെട്ട സമയം. 2010 ഓഗസ്ററ് മാസം രണ്ടാം തിയതി റോമിലെ സെദെസ് സാപ്പിയൻസിയെ (Sedes Sapientiae) എന്ന അന്താരാഷ്ട്ര കോളജിൽ എത്തിയ ദിവസം തന്നെ എന്റെ രൂപത സഹോദരങ്ങൾക്ക് പുറമെ എന്റെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞതും, എന്നെ വളരെയധികം സഹായിച്ചതും ആരാധന സന്യാസിനി സമൂഹത്തിലെ സഹോദരിമാരായിരുന്നു. ഇത് വീണ്ടും എന്നെ ഈ സമൂഹത്തോടുള്ള ബഹുമാനവും ,സ്നേഹവും വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു എന്ന് പറയുന്നതിൽ അഭിമാനിക്കുന്നു. ഭാഷയും, സംസ്കാരവും, എന്തിനേറെ ഭക്ഷണസംബന്ധമായി പോലും ഏറെ ബുദ്ധിമുട്ടേറിയ ആദ്യകാലഘട്ടങ്ങളിൽ എന്നെ താങ്ങിനിർത്തിയത് ഈ സഹോദരിമാരുടെ ആത്മീയവും, സാഹോദര്യവും നിറഞ്ഞ സംരക്ഷണ മനോഭാവമായിരുന്നുവെന്ന് സ്നേഹപൂർവ്വം ഓർക്കുന്നു. ലിസാമ്മയും, ഗ്രേസ് അമ്മയും, ട്രീസാമ്മയും, ആൻസമ്മയും റോസ് സിസ്റ്ററും, ആൻസ് സിസ്റ്ററും, വിമൽ സിസ്റ്ററും, ഗ്രേസ് സിസ്റ്ററും, ജൂലി സിസ്റ്ററും തുടങ്ങിയ റോമിലെയും, പെസ്ക്കാരയിലെയും എന്റെ സഹോദരങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അവരുടെ പരിഹാരപ്രാർത്ഥനകൾക്കും, റോമിൽ വരുന്ന എല്ലാ സഹോദരങ്ങൾക്കും ചെയ്തുനൽകുന്ന എല്ലാ സേവനങ്ങൾക്കും സർവേശ്വരൻ പ്രതിഫലം നൽകട്ടെ. എന്റെ രോഗസംബന്ധമായ കാര്യങ്ങളിൽ എന്നെക്കാളേറെ തീക്ഷ്ണത കാട്ടുന്ന ഈ സഹോദരങ്ങളെ പറ്റി ഓർക്കുമ്പോൾ ഇന്ന് ലക്കോർഡയരുടെ സന്യാസത്തെ പറ്റിയുള്ള വാക്കുകൾ ഈ സഹോദരങ്ങളിൽ കർത്താവ് വെളിപ്പെടുത്തുന്നുവെന്ന സത്യവും ഞാൻ മനസിലാക്കുന്നു. ഒരു കുടുംബത്തിന്റെയും അംഗമാകാതെ എല്ലാ കുടുംബങ്ങളുടെയും അംഗമാകുന്നവർ, മനുഷ്യരുടെ പ്രാർത്ഥനകൾ ദൈവത്തിലേക്കും, ദൈവത്തിന്റെ അനുഗ്രഹം മനുഷ്യരിലേക്കും എത്തിക്കുന്നവർ, കരയുന്നവന്റെ കണ്ണീരൊപ്പുന്നവർ, അവരുടെ ഹൃദയരഹസ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നവർ, എത്ര മഹോന്നതം ഈ സന്യസ്ത ജീവിതം.

സ്വാർത്ഥതയുടെയും, തന്നിഷ്ടങ്ങളുടേയുമൊക്കെ കണികകൾ മനുഷ്യനെ ഭരിക്കുന്ന ഈ കാലഘട്ടത്തിൽ, നന്മയുടെ വലിയ ഒരു ലോകം അവസാനിച്ചിട്ടില്ല എന്ന വലിയ പാഠമാണ് ഈ സഹോദരിമാർ എന്നെ പഠിപ്പിച്ചിട്ടുള്ളത്. എന്റെ നേട്ടങ്ങളിൽ എന്നോടൊപ്പം, ഒരുപക്ഷെ എന്നെക്കാളേറെ സന്തോഷിക്കുന്ന സഹോദരിമാർ, എന്റെ വേദനകളിൽ ഞാനറിയാതെ താങ്ങായി നിൽക്കുന്നവർ, ഈ കാലഘട്ടങ്ങളിൽ പലവിധ അന്താരാഷ്ട്ര മാസികകളിൽ ഞാൻ എഴുതുന്ന ലേഖനങ്ങൾക്ക് പ്രചോദനമായി കൂട്ടുനില്കുന്നതും ഈ സഹോദരിമാർ തന്നെയാണ്. ജനിച്ചുവീണ നിമിഷം മുതൽ ഈ നിമിഷം വരെ എന്റെ ഒപ്പം നിന്ന ആരാധനാ സന്യാസിനി സമൂഹത്തിലെ സഹോദരിമാർക്ക് എന്റെ ഹൃദയപൂർവ്വമായ നന്ദി. ഈ വർഷം വീണ്ടും റോമിലേക്ക് യാത്രയായപ്പോൾ തലേന്ന് എനിക്കായി പച്ച-ചെക്കിടിക്കാട് മഠത്തിൽ സഹോദരിമാർ വിശുദ്ധ കുർബാനക്ക് ശേഷം കൈകൾ വിരിച്ചുപിടിച്ച് പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ അറിയാതെയെങ്കിലും എന്റെ കണ്ണ് നിറഞ്ഞുപോയി. പോരുന്ന തിരക്കിൽ ഗുളികകൾ വാങ്ങാൻ ഞാൻ മറന്നപ്പോഴും എനിക്കായി ത്യാഗം സഹിച്ച് അവ എത്തിച്ചു തന്ന ബ്രിജീത്തമ്മയെ എനിക്ക് മറക്കാൻ സാധിക്കുമോ? ഈ കൊറോണ കാലത്തും സമയം കിട്ടുമ്പോളെല്ലാം എനിക്ക് പ്രാർത്ഥനയുടെ ഉറപ്പു നൽകുന്ന എന്റെ സഹോദരങ്ങളെ എനിക്ക് മറക്കാൻ പറ്റുമോ? ഞാൻ വിളിക്കാൻ മറന്നാലും എന്നെ വിളിച്ചു സ്നേഹാന്വേഷണം നടത്തുകയും അവസാനം പ്രാർത്ഥിക്കാൻ മറക്കല്ലേ എന്ന് എന്നെ ഉപദേശിക്കുകയും ചെയ്യുന്ന എന്റെ സഹോദരങ്ങളെ എനിക്ക് മറക്കാൻ പറ്റുമോ? ദൈവം നൽകിയ കഴിവുകളെ മറ്റുള്ളവർക്ക് പകർന്നു നൽകാൻ വേദികൾ ഒരുക്കി തന്ന എന്റെ സഹോദരങ്ങളെ എനിക്ക് മറക്കാൻ പറ്റുമോ? ശാസിക്കുമെങ്കിലും പിന്നീട് കാര്യങ്ങളുടെ നന്മ തിന്മകൾ എനിക്ക് ബോധ്യപ്പെടുത്തി തന്ന അധ്യാപകരായിരുന്ന ഈ സഹോദരങ്ങളെ എനിക്ക് മറക്കാൻ പറ്റുമോ?

ഇതൊരു ഓർമ്മയാണ്, സന്യാസത്തിന്റെയും സമർപ്പണത്തിന്റെയും ഓർമ്മപ്പെടുത്തൽ. തങ്ങളനുഭവിച്ച വലിയ സന്തോഷത്തെ ഓർമപ്പെടുത്തി നമ്മെ അതിലേക്ക് ക്ഷണിക്കുന്ന ഓർമ്മ. മാനുഷികതയുടെ കുറവുകളുടെ പേരിൽ ഈ എന്റെ സഹോദരങ്ങളെ ഒറ്റപ്പെടുത്തുന്നവർക്കുപോലും ഇവർ വച്ചുനീട്ടുന്ന സ്നേഹത്തിന്റെ ഒരു ഓർമ്മ മനസ്സിൽ സൂക്ഷിക്കാൻ ഉണ്ടാവുമെന്നത് തീർച്ച. ഇത് ആരാധനാ സന്യാസസമൂഹത്തിന് പ്രജാപതിയാഗത്തിന് മുന്നോടിയായി സ്നേഹത്തിന്റെ മൂർത്തീമത് ഭാവം വെളിപ്പെടുത്തിയ കർത്താവിന്റെ വാക്കുകൾ നൽകിയ കല്പനയാണ്, ഇത് എന്റെ ശരീരം വാങ്ങി ഭക്ഷിക്കുവിൻ, ഇത് എന്റെ രക്തം വാങ്ങി പാനം ചെയ്യുവിൻ. ഈ സ്മരണ ഇന്നും ലോകത്തിന് വേണ്ടി സേവനമായി തുടരുന്ന വലിയ സമൂഹം. നിങ്ങൾ പകുത്തുനൽകിയ ദൈവസ്നേഹത്തിനു നന്ദി പറഞ്ഞുകൊണ്ട് ആദരവോടെ, സ്നേഹത്തോടെ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker