Articles

വൈദീക-സന്യാസ-സമർപ്പണ ജീവിതം ആധുനിക നൂറ്റാണ്ടിൽ

വൈദീക-സന്യാസ സമർപ്പണ ദൈവവിളി സ്വീകരിക്കുന്നവരെ സംബസിച്ചിടത്തോളം അവരുടെ ലോകം വിശാലമായ ഒരു ലോകമാണ്...

അഡ്വ.ഫാ.ജോണി കപ്യാരുമലയിൽ

നൂതന മാധ്യമങ്ങളിലൂടെ സഭാവിരോധികളും, നിരീശ്വരവാദികളും, യുക്തിവാദികളും, സഭയിൽ നിന്ന് അകന്ന് പോയവരും, വൈദിക-സന്യാസ ദൈവവിളിയിൽ അസംതൃപ്തിയോടെ ജീവിക്കുന്നവരും, ദൈവവിളി ഉപേക്ഷിച്ച് പോയവരും, വൈദീക സന്യാസ സമർപ്പണ ദൈവവിളിയ്ക്ക് കൊടുക്കുന്ന അല്ലെങ്കിൽ കൊടുത്തിരിക്കുന്ന നിർവചനമാണ് ഇന്ന് ലോകം മുഴുവനുമുള്ള ഭൂരിഭാഗം ജനങ്ങളും മനസിലാക്കാൻ താല്പര്യപ്പെടുന്നത് എന്ന് ചില മണ്ടൻമാർ കരുതുന്നുണ്ടാകും. എന്നാൽ, ഒത്തിരി സ്നേഹത്തോടെ പറയട്ടെ ‘അത് വെറും തെറ്റിദ്ധാരണ’ മാത്രമാണ്.

ഒരു ലിബിയോ, ഒരു സെബാസ്റ്റ്യൻ വർക്കിയോ, ഒരു കർത്താവിന്റെ നാമത്തിലോ, ഒരു ആമേൻ പോലെത്തെ പുസ്തകമോ ഒന്നും അല്ല സഹോദരങ്ങളേ ക്രൈസ്തവ വിശ്വാസികളുടെ വിശ്വാസത്തിന്റെ ആഴമളക്കുന്നതും, ക്രൈസ്തവ വൈദീക സന്യാസ സമർപ്പണ ജീവിതത്തിന്റെ വിലനിശ്ചയിക്കുന്നതും. ഏതാണ്ട് 1980 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ, മക്കളുടെ എണ്ണം ഓരോ ക്രൈസ്തവ കുടുംബത്തിലും മുമ്പത്തേക്കാൾ എത്രയോ കുറവാണ്.

മേൽ സൂചിപ്പിച്ച ആളുകൾ സന്യാസ-വൈദീക-സമർപ്പണ ജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രചരിപ്പിക്കുന്ന രീതിയിലാണ് യഥാർത്ഥത്തിൽ ഈ ജീവിതാന്തസ്സെങ്കിൽ, ഏതെങ്കിലും മാതാപിതാക്കൾ അറിഞ്ഞു കൊണ്ട് തങ്ങളുടെ മക്കളെ വൈദീക ജീവിതാന്തസ്സിലേക്കോ, സന്യാസസമർപ്പണ ജീവിതാന്തസിലേക്കോ പോകാൻ അനുവദിക്കുമോ?

കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കാൻ, ഇഷ്ടപ്പെട്ട ആളിന്റെ കൂടെ പ്രായപൂർത്തിയായ ആണും പെണ്ണും ഒളിച്ചോടിപ്പോയി വിവാഹം രജിസ്റ്റർ ചെയ്താൽ അത് നിയമപരമായി വിവാഹം നടന്നതായി കണക്കാക്കുന്നു. എന്നാൽ, ചരിത്രത്തിലിന്നുവരെ ഏതെങ്കിലും വൈദികനോ സന്യാസി സന്യാസിനിയോ ‘തങ്ങളുടെ ദൈവവിളിയ്ക്ക് അനുസരിച്ച് ഈ ജീവിതാന്തസ് ഇഷ്ടപ്പെട്ടു’ എന്ന് പറഞ്ഞ് ഒളിച്ചോടിപ്പോയി ഏതെങ്കിലും ആശ്രമത്തിലോ, മoത്തിലോ, സെമിനാരിയിലോ ചേർന്നിട്ട് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ വൈദീകനോ സന്യാസി സന്യാസിനിയോ ആയതായി കേട്ടിട്ടുണ്ടോ?

മറ്റൊരു കാര്യം, നിങ്ങളുടെ വീട്ടിൽ നിന്ന് ഒരു പെൺകുട്ടിയെ മറ്റൊരു വീട്ടിലേക്ക് കല്യാണം കഴിച്ചയച്ചാൽ മര്യാദയ്ക്ക് ജീവിക്കുന്ന കുട്ടിയാണെങ്കിൽ, അത് ജീവിതകാലം മുഴുവൻ ആ വീട്ടിലുള്ളവരുടെ കൂടെ ജീവിക്കണം. യഥാർത്ഥത്തിൽ അവളുടെ ആഗ്രഹത്തിനനുസരിച്ചല്ല പിന്നീടുള്ള ജീവിതം, കല്യാണം കഴിച്ച് ചെല്ലുന്ന കുടുംബവുമായി ഒന്നായിത്തീരണം. മരണംവരെ ഒരേ വീട്, ഒരേ അന്തരീക്ഷം. എന്നാൽ, വൈദീക-സന്യാസ സമർപ്പണ ദൈവവിളി സ്വീകരിക്കുന്നവരെ സംബസിച്ചിടത്തോളം അവരുടെ ലോകം വിശാലമായ ഒരു ലോകമാണ്. “ലോകത്തിലെങ്കിലും ലോകത്തിന്റെതല്ലാതെ ജീവിക്കാനും, എല്ലാം ഉണ്ടെങ്കിലും ദാരിദ്ര്യാരൂപിയിൽ ജീവിക്കുവാനും, ദൈവേഷ്ടത്തിന് മുമ്പിൽ സ്വന്തം ആഗ്രഹങ്ങളെയും ഇഷ്ടങ്ങളെയും അടിയറവ് വയ്ക്കുവാനും, ആരെയും സ്വന്തമാക്കാതെ എല്ലാവരുടേയും സ്വന്തമായി ജീവിക്കുവാനും, തുടങ്ങി വ്രതങ്ങൾ ഏറ്റെടുത്ത് ദൈവത്തിന് സ്വന്തമാകുന്നതിലൂടെ ദൈവമക്കളുടെ സ്വാതന്ത്യത്തോടെ ജീവിക്കുവാനുള്ള അവകാശത്തിന് അർഹരായിത്തീരുന്നു”. ഇങ്ങനെ ഈ ജീവിതാന്തസിലേക്ക് പ്രവേശിക്കുന്ന വ്യക്തി അനുഭവിക്കുന്ന ആത്മീയ ആനന്ദം അവർണ്ണനീയമാണ്. ഒരു കുടുംബത്തിൽ കൂടി വന്നാൽ 5-ൽ താഴെ അംഗങ്ങളേ ഇന്നത്തെ കുടുംബങ്ങളിലുള്ളൂ. എന്നാൽ വൈദീകനോ, സന്യാസി സന്യാസിനിയോ ആകുന്ന വ്യക്തിക്ക് തണലാകാൻ, കരുതലാകാൻ, പങ്കുവയ്ക്കാൻ ഇവരുടെ കൂട്ടായ്മയിൽ ഒരു പാട് അവസരങ്ങളും, ആളുകളുമുണ്ട് എന്നത് ഏറെ ആശ്വാസകരമാണ്.

അല്ലാതെ ചിലർ വിചാരിക്കും പോലെ, കൂട്ടിലടച്ച പക്ഷിയെപ്പോലെ കഴിയുന്നവരല്ല നിങ്ങൾക്കിടയിൽ ജീവിക്കുന്ന വൈദീകരും സന്യസ്തരും.

മുകളിൽ സൂചിപ്പിച്ച പ്രിയപ്പെട്ട അശ്ശീല എഴുത്തുകാരേ, നിങ്ങൾ തന്നെ നിങ്ങളുടെ സംസ്കാരും, നട്ടെല്ല് ഇല്ലായ്മയും, ഞങ്ങളുടെ സന്തോഷകരമായ ജീവിതത്തോടുള്ള നിങ്ങളുടെ കുശുമ്പും കുന്നായ്മയും, ഞങ്ങൾ വിശ്വസിക്കുന്ന ഏകസത്യ ദൈവത്തിൽ നിന്നും ഞങ്ങൾക്ക് നിരന്തരം ലഭിക്കുന്ന അനുഗ്രഹങ്ങളും സംരക്ഷണവും കാണുമ്പോൾ നിങ്ങളുടെ ഉള്ളിലെ പേടിയും, ക്രൈസ്തവ മതത്തേയും വിശ്വാസത്തേയും സന്യാസ-വൈദീക ജീവിതാന്തസ്സിനെക്കുറിച്ചുള്ള നിങ്ങളുടെ അജ്ഞതയും തുടങ്ങി പല സത്യങ്ങളും നിങ്ങളുടെ ലേഖനങ്ങളിലൂടെ തന്നെ നിങ്ങൾ പൊതുജനത്തിന് മനസ്സിലാക്കി കൊടുക്കുന്നത് വളരെ നന്നായി. പിന്നെ അശ്ലീല സാഹിത്യത്തോട് നിങ്ങൾക്കുള്ള അമിതാവേശം കാണുമ്പോൾ നിങ്ങളെ വായനക്കാർത്തന്നെ വിലയിരുത്തട്ടെ എന്ന് ആശംസിക്കുന്നു.

പിന്നെ ഞങ്ങൾ ക്രിസ്ത്യാനികൾ ആത്മീയ പിതാക്കന്മാരെ തലമുറകളായി അച്ചൻമാരെന്നും, പിതാക്കന്മാർ എന്നും, പാപ്പാമാർ എന്നും ഒക്കെ വിളിക്കുന്നത് ഇവരൊക്കെയാണ് ഞങ്ങളെ നന്മയുടെ പാത കാണിച്ചു തന്ന് ദൈവത്തിങ്കലേക്ക് നയിക്കുന്നത് എന്നതിനാലാണ്. മറ്റൊരു പ്രധാന കാര്യം, ഇവരെല്ലാം ബ്രഹ്മചര്യ വ്രതജീവിതം നയിക്കുന്നവരാകയാൽ ആത്മീയ പിതാക്കന്മാർ എന്ന് ഇവരെ വിളിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്നതാണ്. വിശുദ്ധ ഗ്രന്ഥം ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത് “ഹൃദയത്തിന്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നതെന്നാണ്”. അത് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ ഈ പ്രവർത്തികൾ മൂലം ജനം നിങ്ങളെ വിലയിരുത്തട്ടെ.

പ്രിയപ്പെട്ട മേൽ സൂചിപ്പച്ച എഴുത്തുകാരേ, ആദ്യം സ്വയം നന്നാകാൻ നോക്ക്. നിന്റെ കണ്ണിലെ തടിക്കഷണം ആദ്യം എടുത്തു മാറ്റുക, അപ്പോൾ നിന്റെ സഹോദരന്റെ കണ്ണിലെ ഇത്തിരിപ്പോന്ന കരട് കാണാൻ തക്കവിധം നിന്റെ കാഴ്ച തെളിയും. ദൈവം അനുഗ്രഹിക്കട്ടെ!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker