Kazhchayum Ulkkazchayum

വിമർശനത്തിന്റെ ഉൾപ്പിരിവുകൾ…???

സ്വാർത്ഥത ഗർഭംധരിച്ച് തിന്മയെ പ്രസവിക്കുന്നു...

ബാണ മ വക്ര മെന്നാകിലും നിഷ്ഠൂരം
വീണയോ വക്രം സു സൗമ്യം…

അമ്പ് വളവില്ലാത്തതാണെങ്കിലും അത് ഏല്പിക്കുന്ന മുറിവ്, വേദന, ആഘാതം എന്നിവ വലുതാണ്. വീണ വളഞ്ഞാണിരിക്കുന്നതെങ്കിലും അത് നൽകുന്ന ഊഷ്മളത, ഹൃദ്യത, സുഖം വശ്യതയാർന്നതാണ്. രൂപം കൊണ്ടല്ല പ്രവർത്തി കൊണ്ടാണ് സത്യസന്ധതയും കാപട്യവും തിരിച്ചറിയേണ്ടത് എന്നാണ് തുടർന്ന് നമ്മെ ഓർമിപ്പിക്കുന്നത്. വിമർശനത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോൾ ഒരു വിചാരണയുണ്ട്, വിശേഷ ചിന്തയുണ്ട്, ആലോചനയുണ്ട്, യുക്തി പ്രതിപാദനമുണ്ട്, നിരൂപണമുണ്ട്, ഒപ്പം സംശയവുമുണ്ട്. വിമർശനം ഇരുവായ്ത്തലയുള്ള ഒരു വാൾ പോലെയാണ്. നമ്മെ ആരും വിമർശിക്കുന്നത് നമുക്ക് ഇഷ്ടമല്ല. എന്നാൽ, മറ്റുള്ളവരെ വിമർശിക്കുന്നതിൽ നാം സന്തോഷം കണ്ടെത്തുന്നു. ഒരുതരം “സാഡിസം” ( പൂച്ചയും എലിയും- എലിക്ക് പ്രാണവേദന, പൂച്ചയ്ക്ക് രസം) വിമർശനത്തിലൂടെ നാം കണ്ടെത്തുന്നു.

വിമർശനത്തെ പ്രധാനമായി മൂന്നു തരത്തിൽ നോക്കി കാണാവുന്നതാണ്:

1) ക്രിയാത്മകമായ (+ve) വിമർശനം: ഇവിടെ യുക്തി ഭദ്രമായ ചിന്തയുടെ അടിസ്ഥാനത്തിൽ, പ്രതിപക്ഷ ബഹുമാനത്തോടെ വസ്തുതകളുടെയും സംഭവങ്ങളുടെയും പിൻബലത്തിൽ വിമർശിക്കുക. ആദ്യന്തികമായി ഇരുകൂട്ടർക്കും ഒപ്പം സമൂഹത്തിനും നന്മ ഉണ്ടാവുക എന്നതാണ് ഉദാത്തമായ ലക്ഷ്യം. അതായത് തകർക്കുകയും തളർത്തുകയും അല്ല ലക്ഷ്യം. യാഥാർത്ഥ്യബോധത്തോടെ കൂടെ കാര്യങ്ങൾ നോക്കിക്കാണാനും വിലയിരുത്താനും, വിവേചന ബുദ്ധിയോടുകൂടെ വിവേകപൂർണമായ തീരുമാനം എടുക്കുവാനും സഹായിക്കുക, കൈത്താങ്ങായി വർത്തിക്കുക എന്നതാവും പരമലക്ഷ്യം. സത്യവും, ധർമ്മവും, നീതിയും, സ്നേഹവും അടിവളമായിട്ടുണ്ടാകണം.

2) നിശിതമായ വിമർശനം: ഇവിടെ പ്രധാന അജണ്ട എന്നുപറയുന്നത് എതിർകക്ഷിയെ തകർത്ത് തരിപ്പണമാക്കുക, കൊന്ന് കൊലവിളി നടത്തുക, ഇല്ലായ്മ ചെയ്യുക etc.etc. എന്നിവയാണ് ലക്ഷ്യം. ഇവിടെ നമ്മുടെ “ഈഗോ”യ്ക്കാണ് മുൻതൂക്കം നൽകുന്നത്. ശരിയായ അപഗ്രധനമോ, പഠനമോ, വിശകലനമോ, ഗൃഹപാഠമോ ചെയ്യാതെ ഉള്ള വിമർശനം പലപ്പോഴും ഗുരുതരമായ പ്രത്യാഘാതം വിളിച്ചുവരുത്തും. ഉദാ: പരദൂഷണം, പണാപഹരണം, പരസംഗം etc.etc. (ഇന്ന് രാഷ്ട്രീയ പകപോക്കലും, കൊലപാതകങ്ങളും, വിമർശനത്തിന് മറവിൽ പ്രാവർത്തികമാക്കാൻ ചില ലോബികളും, കൊട്ടേഷൻ സംഘങ്ങളും, ചാനലുകളും, പത്രങ്ങളും സജീവമാണ്. ചിലന്തി വല വിരിച്ച് കാത്തിരിക്കുന്നതുപോലെ ആധുനിക ആശയവിനിമയ സങ്കേതങ്ങൾ ഇന്ന് സുലഭമാണ് (മൊബൈലിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സാങ്കേതിക വിദ്യകൾക്ക് അനന്ത സാധ്യതകളുണ്ട്).

3) ആത്മ വിമർശനം: നാം ബോധപൂർവ്വം അവഗണിക്കുന്ന ഒരു തലമാണിത്. മറ്റൊരാളെ വിമർശിക്കാൻ, തിരുത്താൻ, ശാസിക്കാൻ, ഉപദേശിക്കാൻ ഇറങ്ങി പുറപ്പെടുന്നതിനു മുൻപ്, സ്വയം വിമർശിക്കാൻ നമുക്ക് കഴിയണം. സത്യവും, നീതിയും, നന്മയും, സാഹോദര്യവും കാത്തുസൂക്ഷിക്കാൻ ആത്മവിമർശനം അത്യാവശ്യമാണ്. ആത്മവിമർശനം നമ്മുടെ “ഈഗോ”യുടെ പുറംതോട് പൊളിച്ച് നമ്മെ “ആത്മപ്രകാശത്തിലേക്ക്” നയിക്കും. ഉറച്ച നിലപാടുകളും തീരുമാനങ്ങളും എടുക്കാൻ നമ്മെ പ്രാപ്തരാക്കും.

ദുരാരോപണങ്ങളും, അസത്യ പ്രചരണങ്ങളും, വിചാരണകളും നടത്തുന്നതിലൂടെ വ്യക്തിഹത്യയിലേക്കും; അതിലൂടെ ചിലപ്പോഴെങ്കിലും വ്യക്തികളെയോ, കുടുംബങ്ങളെയോ ആത്മഹത്യയിലേക്ക് നയിച്ചന്നും വരാം. ഇവിടെ വിമർശനത്തിന്റെ മന:ശാസ്ത്രം നമുക്ക് പറഞ്ഞു തരുന്നത് ദൈവത്തെ ഭയക്കാത്ത, നീതിയെയും, സത്യത്തെയും സ്നേഹിക്കാത്ത ഒരു “ചഞ്ചല മനസ്സിൽ” നിന്നാണ് അപരനെ നശിപ്പിക്കാനുള്ള അസൂയയുടെയും പകയുടെയും പകരംവീട്ടലിന്റെയും വിഷവിത്ത് പൊട്ടി മുളക്കുന്നത്.

സ്വാർത്ഥത ഗർഭംധരിച്ച് തിന്മയെ പ്രസവിക്കുന്നു!!! മനുഷ്യജീവിതത്തിൽ “ബന്ധങ്ങൾക്ക്” കണ്ടമാനം അർത്ഥവും, സ്വാധീനവുമുണ്ട്. ക്ഷണികമായ സുഖത്തിനുവേണ്ടി, താൽക്കാലിക നേട്ടങ്ങൾക്ക് വേണ്ടി മറ്റൊരാളെ “നിശിത”മായി വിമർശിക്കുമ്പോൾ, ദുരാരോപണങ്ങളുടെ കൂരമ്പുകൾ തൊടുത്തു വിടുമ്പോൾ, നീതിയും സത്യവും നിരാകരിക്കുകയാണ്. “I am Ok, You are Not Ok… എന്ന ചിന്ത അധമമാണ്… ജാഗ്രത!!!

Show More

One Comment

  1. Atma vimarsanam nadatateyanu mikkavarum mattullavare vimarsikunnat. Atmavimarsanam nadatiyal kutam parayendi varilla

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker