Articles

ഒരു ശബ്ദരേഖയ്ക്കപ്പുറം; ഇവർ ഇരയാണോ, അതോ വേട്ടക്കാരിയാണോ?

പോരാട്ടം ഇരയുടെ പക്ഷത്തു ചേർന്ന് നിന്നാണെങ്കിൽ അത് അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടമാണ്...

മാർട്ടിൻ ആന്റെണി

“Cain has already given his answer by killing Abel because he could not kill the lord.”

പോർച്ചുഗീസ് എഴുത്തുകാരനായ ഷൂസേ സരമാഗോയുടെ Cain എന്ന പുസ്തകത്തിലെ വരികളാണിവ. ദൈവത്തിനെ കൊല്ലാൻ കായേന് സാധിച്ചില്ല. അതുകൊണ്ട് ദൈവം സ്നേഹിക്കുന്ന ആബേലിനെ അവൻ കൊന്നു. René Girard ന്റെ ഭാഷയിൽ പറയുകയാണെങ്കിൽ mimetic rivalry യുടെ ഏറ്റവും ക്രൂരമായ തലമാണിത്. ‘നിന്നെ ഞാൻ ഒന്നും ചെയ്യില്ല, പക്ഷേ നിന്റെ ഭാര്യയെയും മക്കളെയും ഞാൻ വേദനിപ്പിക്കും’ എന്ന് പറയുന്ന തരത്തിലുള്ള വൈകൃത പ്രതികാരമാണിത്. ഉള്ളിലെ അന്ധകാരം ഒരു അമ്ലമഴയായി പെയ്യുന്നത് ഇങ്ങനെയാണ്. ആ മഴയുടെ മുൻപിൽ ഏതെങ്കിലും ജീവന് പിടിച്ചു നിൽക്കാൻ സാധിക്കുമോയെന്നത് സംശയമാണ്. തിന്മയ്ക്ക് എന്നും തീപൊള്ളലെ നൽകാൻ സാധിക്കൂ. അതുകൊണ്ടാണല്ലോ നരകം എന്ന് കേൾക്കുമ്പോൾ അഗ്നികുണ്ഡത്തിന്റെ ചിത്രം നമ്മുടെ മനസ്സിലേക്ക് വരുന്നത്.

നീതിക്ക് വേണ്ടിയാണ് എല്ലാ യുദ്ധങ്ങളും തുടങ്ങിയിട്ടുള്ളത്, പക്ഷേ അവകളെല്ലാം അവസാനിച്ചത് അനീതിയുടെയും അസത്യത്തിന്റെയും വഞ്ചനയുടെയും പടനിലങ്ങൾ താണ്ടിയായിരുന്നുവെന്നു മാത്രം. തുടങ്ങുമ്പോൾ ധർമ്മയുദ്ധവും അവസാനിക്കുമ്പോൾ അധർമ്മയുദ്ധവുമാണ് എല്ലാം പോരാട്ടവും. എങ്കിലും പോരാട്ടം ഇരയുടെ പക്ഷത്തു ചേർന്ന് നിന്നാണെങ്കിൽ അത് അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടമാണ്.

ഇരയുടെ പക്ഷമാണ് നീതിപക്ഷം. ആ പക്ഷത്തിലാണ് മാനുഷികതയുള്ളത്. രാഷ്ട്രീയ-മത-സഭ വ്യത്യാസമില്ലാതെ ഈയുള്ളവൻ എന്നും നിന്നിട്ടുള്ളത് ഇരയുടെ പക്ഷത്തു മാത്രമാണ്. (ശനിയാഴ്ച ദിവസങ്ങളിലുള്ള സുവിശേഷ വിചിന്തനങ്ങളൊഴിച്ച് എന്റെ എല്ലാ പോസ്റ്റുകളും തന്നെ ഇരയുടെ പക്ഷം ചേർന്നുള്ള നിലപാടുകളാണ്). രണ്ടുവർഷം മുൻപ് ഹൈക്കോടതിയുടെ പരിസരത്ത് അഞ്ചു സിസ്റ്റേഴ്സ് സമരത്തിനിരുന്നപ്പോൾ അവരുടെ പക്ഷം ചേർന്നു ഒരു കുറിപ്പ് എഴുതുകയുണ്ടായി. അതിനുശേഷം രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് ആ സമരത്തിലേക്കുള്ള സിസ്റ്റർ ലൂസിയുടെ രംഗപ്രവേശനമുണ്ടായത്. അക്കാലത്ത് അവർ എഫ്ബിയിൽ ലുലു മോൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അഞ്ചു സിസ്റ്റേഴ്സിനോടുള്ള അവരുടെ ഐക്യദാർഢ്യം വിപ്ലവാത്മകമായിരുന്നു. പക്ഷേ പിന്നീടാണ് മനസ്സിലായത് അത് ഒരു പുകമറയായിരുന്നു എന്നത്. അതുകൊണ്ടുതന്നെ വ്യക്തതയില്ലാത്ത ഒരു ചിത്രം പോലെയാണ് സിസ്റ്ററിന്റെ ആത്മപ്രകാശനങ്ങൾ എല്ലാം തന്നെ എന്ന് മനസ്സിലായി. ഒരു കാര്യം വളരെ വ്യക്തമായിരുന്നു. സിസ്റ്റർ ഒരു ഇരയല്ല. നല്ല അഭിനേതാവാണ്.

ഞാൻ ആലോചിക്കാറുണ്ട്. “കുറവിലങ്ങാട്ടെ സിസ്റ്റേഴ്സിന് നീതി വേണം” എന്നൊരു സംരംഭം ഉണ്ടെങ്കിൽ അത് മനസ്സിലാക്കാവുന്ന കാര്യമാണ്. സിസ്റ്റർ ലൂസിക്ക് നീതി വേണം എന്ന് കേൾക്കുമ്പോൾ എന്റെ മനസ്സിലേക്ക് വരാറുള്ളത് ഇവർക്കിനി എന്ത് നീതിയാണ് കിട്ടാനുള്ളത് എന്ന ചോദ്യമാണ്. ഇവർ ഇരയാണോ, അതോ വേട്ടക്കാരിയാണോ? അന്നും ഇന്നും ഞാൻ മനസ്സിലാക്കിയിട്ടുള്ളത് കാരയ്ക്കമല മഠത്തിലെ മറ്റു സിസ്റ്റേഴ്സാണ് ഇരകളെന്നാണ്.

സിസ്റ്റർ ലൂസിയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ മഹാഭാരതത്തിലെ ശിഖണ്ഡിയേയാണ് ഓർമ്മ വരുന്നത്. ശിഖണ്ഡിക്ക് ഒരേ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ, പ്രതികാരം. അതു മനസ്സിലാക്കിയ ബുദ്ധിയുള്ള പാണ്ഡവർ അവനെ യുദ്ധത്തിൽ മുന്നിൽനിർത്തി അവരുടെ കാര്യം സാധിച്ചെടുത്തു. ശിഖണ്ഡി പ്രതികാരം ചെയ്തോ എന്ന് ചോദിച്ചാൽ, ചെയ്തു. അതിലൂടെ അവന് എന്തെങ്കിലും കിട്ടിയോ എന്ന് ചോദിച്ചാൽ, ഒന്നും കിട്ടിയില്ല. ആർക്ക് കിട്ടി? പാണ്ഡവർക്ക് കിട്ടി. അതുപോലെയാണ് സിസ്റ്റർ ലൂസിയെ മുൻനിർത്തിയുള്ള ചിലരുടെ യുദ്ധം. ഈ യുദ്ധത്തിലുമുണ്ട് എല്ലാ യുദ്ധങ്ങളിലും മുഴങ്ങുന്ന ആ പട്ടാള തത്വം; mors tua vita mea (നിന്റെ മരണം എന്റെ ജീവൻ). പക്ഷേ ഇതിന്റെ modus operandi തനി തറയാണ്. അതുകൊണ്ട് ഇതിനെ യുദ്ധമെന്നു പറയാൻ പറ്റില്ല. വേണമെങ്കിൽ ഒരു quixotic battle എന്ന് വിളിക്കാം.

പിൻകുറിപ്പ്: ശബ്ദ രേഖയിൽ മറുപുറത്തുള്ള കേൾവിക്കാരൻ സിസ്റ്ററിന് ഒരു ഉപദേശം കൊടുക്കുന്നുണ്ട്. മഠത്തിലെ എല്ലാവരെയും മാറ്റാൻ പറയണമെന്നൊക്കെ. സത്യം പറയാലോ ചാന്തുപൊട്ട് എന്ന സിനിമയിലെ ഡയലോഗാണ് ഓർമ്മ വന്നത്. “റോസിക്ക് എന്റെ സ്വഭാവവും പ്രവൃത്തിയും ഇഷ്ടപ്പെടുന്നില്ലെങ്കിൽ ഈ വീട്ടീന്ന് റോസീ എങ്ങോട്ടെങ്കിലും പൊയ്ക്കോളൂ. റോസിക്കറിയാമോ? അമ്മാമ്മ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് ഈ ചട്ടയും മുണ്ടും എടുത്തുടുത്തത്. പ്രാന്തുള്ളൊരു സ്ത്രീക്ക് അല്പം സന്തോഷം കൊടുത്തത് ഇത്ര വലിയ തെറ്റായിപ്പോയോ? അമ്മാമ്മ പറഞ്ഞതനുസരിച്ചില്ലെങ്കിൽ പെട്ടെന്നവർക്ക് പ്രാന്ത് കൂടി ഹാർട്ടറ്റാക്കായി കരളിനെ ബാധിച്ചാൽ…”

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker