Articles

കത്തോലിക്കാ ദേവാലയങ്ങൾ ആരാധനയ്ക്കായി തുറക്കുമ്പോൾ…

മനുഷ്യരുടെ ആത്മീയവും മാനസികവുമായ ആവശ്യങ്ങളെ രണ്ടാം തരമെന്നു മുദ്രകുത്തുന്ന പിന്തിരിപ്പൻ നയം ആർക്കും ഭൂഷണമല്ല...

ഫാ. ജോഷി മയ്യാറ്റിൽ, ഫാ. ജോസഫ് പള്ളിയോടിൽ & ഫാ. വിശാൽ മച്ചുങ്കൽ

ജൂൺ 8 മുതൽ ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര ഗവൺമെന്റ് അനുവാദം നൽകിയിരിക്കുകയാണ്. അതിന്റെ പ്രായോഗികമായ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാന ഗവൺമെന്റുകളാണ്. ഇതിനായി വിവിധ മത നേതാക്കളുടെ ആലോചനായോഗം വിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.

കത്തോലിക്കാ ദേവാലയങ്ങളിലാണ് ഏറ്റവും അധികം ദിനങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ സ്ത്രീ പുരുഷ ഭേദമന്യേ ആരാധനയിൽ പങ്കെടുക്കുന്നതെന്നതു കൊണ്ട് ഏറെ ജാഗ്രതയോടും ഉത്തരവാദിത്വത്തോടും കൂടെ നാം ഇതു നിർവഹിക്കേണ്ടതുണ്ട്.

ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമെന്ന നിലയിൽ കത്തോലിക്കാ വിശ്വാസികൾ നെഞ്ചോടു ചേർക്കുന്നതാണ് പരിശുദ്ധ കുർബാന. ഞായറാഴ്ചക്കുർബാനയാകട്ടെ, കത്തോലിക്കന് ആത്മാവിന്റെ ഭക്ഷണമാണ്, അത്യപൂർവ കാരണങ്ങളാലല്ലാതെ ഒഴിവാക്കാനാവാത്ത കർമ്മവുമാണ്. അതിനാൽത്തന്നെ മാസത്തിൽ നാലു കുർബാനയെങ്കിലും ഓരോ വിശ്വാസിക്കും ഉറപ്പാക്കേണ്ടത് ഇപ്പോൾ മെത്രാന്മാരുടെ ഉത്തരവാദിത്വമാണ്. ഒരു ദേവാലയത്തിൽ പ്രവേശിക്കാവുന്നവരുടെ എണ്ണത്തിന്റെ നാലിലൊന്നു പേരെ പങ്കെടുപ്പിച്ചു കൊണ്ട് സാമൂഹിക അകലം പാലിക്കാവുന്നതാണ്. ഞായറാഴ്ചകളിൽ മൂന്നു കുർബാനകളും ഇടദിവസങ്ങളിൽ രണ്ടു കുർബാനകളും അർപ്പിച്ചാൽ മേല്പറഞ്ഞ ലക്ഷ്യം സാധിക്കാവുന്നതേയുള്ളൂ. പാരിഷ് കൗൺസിലിന്റെ കർക്കശമായ മേൽനോട്ടത്തിൽ കുടുംബയോഗങ്ങൾ വഴി ആളുകളുടെ എണ്ണം നിജപ്പെടുത്താവുന്നതാണ്. പതിനഞ്ചിനും അറുപത്തഞ്ചിനും ഇടയ്ക്ക് പ്രായമുള്ളവരെ മാത്രമേ ബലിയർപ്പണത്തിൽ നേരിട്ടു പങ്കുചേർക്കാവൂ. അല്ലാത്തവർക്ക് ഓൺലൈൻ കുർബാനയും കുടുബത്തിൽ വച്ചുള്ള പരിശുദ്ധ കുർബാന സ്വീകരണവും ഒരുക്കാവുന്നതാണ്.

ചില രാജ്യങ്ങളിൽ ഇപ്പോൾ നിലവിലുള്ള രീതികൾ

ഇറ്റാലിയൻ ഗവൺമെന്റ് നല്കിയിട്ടുള്ള പൊതുവായ നിബന്ധനകൾ :

1) ഒരു ദിവ്യബലിയിൽ പങ്കെടുക്കാവുന്നവരുടെ കൂടിയ എണ്ണം ഇരുന്നൂറ് ആണ്.
2) ദേവാലയത്തിലേക്ക് പ്രവേശിക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും മിനിമം ഒന്നര മീറ്റർ എങ്കിലും അകലം പാലിച്ചിരിക്കണം
3) തിരുകർമ്മങ്ങൾ ക്ക് മുമ്പും അതിനുശേഷവും കൂട്ടം കൂടുന്നത് ഒഴിവാക്കേണ്ടതാകുന്നു
4) തിരുകർമ്മങ്ങളിൽ പങ്കെടുക്കുമ്പോൾ മുൻപിലും വശങ്ങളിലുമുള്ള ആളുകളുമായി ഒരു മീറ്റർ എങ്കിലും മിനിമം പാലിക്കേണ്ടതാണ്.
5) തിരുകർമ്മങ്ങളിൽ പങ്കെടുക്കുമ്പോൾ മാസ്ക് ധരിക്കേണ്ടതാകുന്നു
6) ദേവാലയത്തിന് അകത്തേക്ക് പ്രവേശിക്കുമ്പോൾ കൈകൾ ശുദ്ധി വരുത്തേണ്ടത് ആകുന്നു.
7) ഈ കാലയളവിൽ കോവിഡ് 19 സ്ഥിരീകരിച്ചവരോ അവരുമായി സമ്പർക്കം പുലർത്തിയവരോ തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാൻ പാടുള്ളതല്ല.
8)പനിയുള്ളവർ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ പാടുള്ളതല്ല.
9) ദേവാലയത്തിന് അകത്തേക്ക് പ്രവേശിക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും ജനങ്ങളെ സഹായിക്കുന്നതിനു വേണ്ടി ആവശ്യത്തിന് വോളണ്ടിയേഴ്സ് ഉണ്ടാകേണ്ടതാണ്.

സ്വിസ് ഗവർമെന്റിന്റെയും സ്വിസ് ബിഷപ്സ് കോൺഫ്രൻസിന്റെയും നിർദ്ദേശങ്ങളനുസരിച്ച് പള്ളിയിൽ വരുമ്പോൾ ആൾക്കാർ പാലിക്കേണ്ട കാര്യങ്ങൾ:

1) വരുന്നവർ ഒരു പേപ്പറിൽ അവരുടെ വീട്ടഡ്രസും ടെലഫോൺ നമ്പറും എഴുതിക്കൊണ്ടു വരണം. അത് പ്രവേശന കവാടത്തിൽ വച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കണം; എഴുതാൻ വിട്ടു പോയവർക്കായി പേപ്പറുകളും പേനകളും പ്രവേശന കവാടത്തിൽ തയ്യാറാക്കി വച്ചിട്ടുണ്ടാകും. ദിവ്യബലിക്ക് ശേഷം ഉത്തരവാദിത്വപ്പെട്ടവർ ഈ അഡ്രസുകളെല്ലാം ഒരു കവറിലാക്കി രൂപതാ കേന്ദ്രത്തിൽ എത്തിക്കണം. മൂന്നാഴ്ച വരെ അത് അവിടെ സൂക്ഷിക്കുകയും പിന്നീട് നശിപ്പിച്ചു കളയുകയും ചെയ്യും. (ആർക്കെങ്കിലും ഇൻഫക്ഷൻ പള്ളിയിൽ വന്നതിൻ്റെ പേരിലുണ്ടായാൽ റൂട്ട് കണ്ടു പിടിക്കാൻ വേണ്ടിയുള്ള മുൻകരുതലാണ്).
2) പള്ളിയിലേക്കുള്ള പ്രവേശനം മുഖ്യ കവാടത്തിലൂടെ മാത്രമാണ്.
3) പ്രവേശന കവാടത്തിൽ Disinfectant, Mask മുതലായവ റെഡിയാക്കി വച്ചിരിക്കും. അഡ്രസ്സ് പെട്ടിയിൽ നിക്ഷേപിച്ച് കൈകൾ അണുവിമുക്തമാക്കിയതിനു ശേഷം വേണം വിശ്വാസികൾ പള്ളിയിൽ കയറാൻ . മാസ്ക് ഇവിടെ നിർബന്ധമില്ല, ഇഷ്ടമുള്ളവർ ധരിച്ചാൽ മതി (ജർമനിയിൽ നിർബന്ധമാണ്.)
4) കൂട്ടം കൂടി പള്ളിയിൽ കയറരുത്. നടക്കുമ്പോഴും പള്ളിയിൽ ഇരിക്കുമ്പോഴും രണ്ടു മീറ്റർ അകലം പാലിക്കണം,
5) ഒരേ കുടുംബത്തിൽ നിന്നുള്ളവർക്ക് അകലം ബാധകമല്ല.

ദിവ്യബലിയിലെ പങ്കാളിത്തം

1) പള്ളിയിൽ ആളുകൾക്കുള്ള കുർബാന പുസ്തകങ്ങളോ പാട്ടുപുസ്തകങ്ങളോ പാടില്ല.
2) വലിയ കൊയർ ഇല്ല. Orgen/Keyboard ആവാം, ഒരു ഗായകനോ ഗായികയ്ക്കോ പാടാം. നിർദ്ദേശിച്ചിട്ടുള്ള അകലത്തിൽ നില്ക്കണം. 3) അൾത്താരയിൽ വൈദികനും ശുശ്രൂഷികളും കപ്യാരും തമ്മിലും ആവശ്യമായ അകലം പാലിക്കേണ്ടതാണ്.
4) കാഴ്ചവയ്പ്പിന് ഒരുക്കുന്നതും കൈ കഴുകുന്നതും വൈദികൻ തനിച്ചാണ്.
5) അൾത്താരയിലെ അർപ്പണത്തിനു ശേഷം കാഴ്ചദ്രവ്യങ്ങൾ കുർബാന സ്വീകരണം വരെ പരമാവധി മൂടി സൂക്ഷിക്കണം.
6) വിശുദ്ധ കുർബ്ബാന സ്വീകരണം: വിശ്വാസികൾ നടുവിലുള്ള വഴിയിലൂടെ കുർബ്ബാന സ്വീകരിക്കാൻ കൃത്യമായ അകലം പാലിച്ച് വരേണ്ടതും sideവഴിയിലൂടെ ഇരിപ്പിടങ്ങളിലേക്ക് തിരിച്ചു പോകേണ്ടതുമാണ്. കുർബ്ബാന സ്വീകരിക്കാൻ വരുന്ന വഴിയിലും വൈദികൻ നില്ക്കേണ്ടയിടത്തും, പാലിക്കേണ്ട അകലങ്ങളിൽ തറയിൽ ടേപ്പ് ഒട്ടിച്ച് അടയാളമിടുന്നത് അകലം പാലിക്കാൻ സഹായിക്കും. 7) നാവിൽ കുർബ്ബാന സ്വീകരണം ഇല്ല. വിശ്വാസികൾ പരമാവധി രണ്ടു കൈയും മുന്നോട്ടു നീട്ടിയാണ് കുർബ്ബാന സ്വീകരിക്കേണ്ടത്. വൈദികനും പരമാവധി കൈ നീട്ടി വിശ്വാസിയുടെ കൈയിൽ തൊടാതെ കുർബ്ബാന നല്കണം.
8) കുർബ്ബാന സ്വീകരണ സമയത്ത് ഓരോ പ്രാവശ്യവും “ക്രിസ്തുവിന്റെ തിരുശരീരവും തിരുരക്തവും” എന്ന് ഉച്ചരിക്കാതെ നിശ്ശബ്ദമായാണ് കുർബ്ബാന നല്കേണ്ടത്. പകരം, കുർബ്ബാന നൽകുന്നതിന് തൊട്ടുമുൻപ് പൊതുവായി അൾത്താരയിൽ വച്ച് ഇത് ഉറക്കെ ഒരു പ്രാവശ്യം പറയാം.
9) കുർബ്ബാന സ്വീകരണത്തിനു തൊട്ടു മുൻപും കുർബ്ബാന നൽകലിനു ശേഷവും വൈദികൻ അണുനാശിനി ഉപയോഗിച്ചോ, സോപ്പുകൊണ്ടു കഴുകിയോ അൾത്താരയിൽ വച്ചുതന്നെ കൈകൾ ശുദ്ധീകരിക്കേണ്ടതാണ്. കുർബ്ബാന നല്കുന്ന മറ്റു വ്യക്തികളും ഇപ്രകാരം ചെയ്യണം.
10) കുർബ്ബാന നൽകുന്നവർ, വൈദികൻ ഉൾപ്പെടെ ആ സമയത്ത് മാസ്ക് ധരിക്കുന്നത് അഭിലഷണീയമാണ്, നിർബ്ബന്ധമില്ല.
11) കുർബാന സമാപിച്ചതിനു ശേഷം വിശ്വാസികളെ പള്ളിയിൽ തന്നെ ഇരുത്തി, വാതിലുകൾക്കടുത്തിരിക്കുന്നവർ ആദ്യമെന്ന നിലയിൽ നിർദ്ദേശിക്കപ്പെട്ട അകലം പാലിച്ചുകൊണ്ട് പുറത്തേക്ക് പോവുക
12) പുറത്തിറങ്ങുമ്പോഴും കൈകൾ അണുവിമുക്തമാക്കേണ്ടതാണ്.

ഇത്തരത്തിൽ കേരള കത്തോലിക്കാ സഭയിൽ ഈശോയുടെ ബലിയർപ്പണത്തിനുള്ള ക്രമീകരണങ്ങൾ നടത്താൻ നിഷ്പ്രയാസം സാധിക്കുന്നതാണ്. പക്ഷേ, അതിന് ആദ്യമായി വേണ്ടത് സർക്കാരിന്റെ യാഥാർത്ഥ്യബോധത്തോടു കൂടിയ അനുവാദമാണ്. അനാവശ്യമായ കടുംപിടുത്തംകൊണ്ട് വിശ്വാസികൾക്ക് കടുത്ത മനോവിഷമം സമ്മാനിക്കാൻ സർക്കാർ തുനിയരുത്. ബിവറേജസുകളിലും മാളുകളിലും റോഡിലും ബസ്സുകളിലുമുള്ള സാമൂഹിക അകലപാലനത്തെക്കാൾ മെച്ചപ്പെട്ട രീതിയിൽ അതു പാലിക്കാൻ ആരാധനാലയങ്ങൾക്കു കഴിയും. ഇക്കാലഘട്ടത്തിൽ പൊതു സമൂഹത്തിന്റെ കോവിഡു നിയന്ത്രണയത്നങ്ങളിൽ ഉത്തരവാദിത്വബോധത്തോടെയും ഔദാര്യത്തോടെയും ഇടപെട്ട വിശ്വാസീസമൂഹങ്ങൾക്ക് ഇനിയും കോവിഡു നിർമാർജനത്തിലും അതിനുള്ള ബോധവത്കരണത്തിലും കാര്യമായ പങ്കുവഹിക്കാനാകും. മനുഷ്യരുടെ ആത്മീയവും മാനസികവുമായ ആവശ്യങ്ങളെ രണ്ടാം തരമെന്നു മുദ്രകുത്തുന്ന പിന്തിരിപ്പൻ നയം ആർക്കും ഭൂഷണമല്ല. പൗരന്മാരെ അനാവശ്യമായി നിയമ ലംഘകരാക്കാതിരിക്കാനുള്ള വിവേകം ഭരിക്കുന്നവർക്ക് ഉണ്ടായിരിക്കുമല്ലോ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker