Kerala

“പള്ളിക്കകത്ത് മാസ്ക് ഉപയോഗിക്കരുത്” – എന്താണ് യാഥാർഥ്യം!

വ്യാജ സന്ദേശവുമായി ട്രോൾ ആലപ്പുഴ

ജോസ് മാർട്ടിൻ

ആലപ്പുഴ: “പള്ളിക്കകത്ത് മാസ്ക് ഉപയോഗിക്കരുത് – ആലപ്പുഴ എടത്വാപ്പള്ളിയിലെ ഒരു നോട്ടീസ്” എന്ന ചിത്രത്തോടെ ‘ട്രോൾ ആലപ്പുഴ’ നിജസ്ഥിതി അറിയാതെയും, യാഥാർഥ്യം അന്വേഷിക്കാതെയും പുറത്തിറക്കിയ ട്രോൾ, കത്തോലിക്കാ സഭയ്‌ക്കെതിരെ സമൂഹത്തിലും സമൂഹ മാധ്യമത്തിലും നിരന്തരമായി നടത്തപ്പെടുന്ന മനഃപൂർവ്വമായ വ്യാജ വാർത്ത പ്രചരിപ്പിക്കലിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ആലപ്പുഴയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയുടെ ഭിത്തിയിൽ പതിച്ചിരിക്കുന്ന “പള്ളിക്കകത്ത് മാസ്ക് ഉപയോഗിക്കരുത്” എന്ന പോസ്റ്റർ സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നത് കണ്ടപ്പോൾ ഇതിന്റെ നിജസ്ഥിതി അറിയാൻ കത്തോലിക് വോസ് ആലപ്പുഴ റിപ്പോർട്ടർ ഫൊറോനാ വികാരി ഫാ.മാത്യു ചൂരവടിയുമായി ബന്ധപ്പെട്ടപ്പോൾ കിട്ടിയ വിവരങ്ങൾ ‘ട്രോൾ ആലപ്പുഴ’ എന്ന ട്രോളർമാരുടെ കുറുക്കൻ സ്വഭാവത്തെയും, വ്യാജവാർത്താ ഫാക്ടറികളുടെ സ്വഭാവത്തെയും വെളിച്ചത്ത് കൊണ്ടുവരുന്നു.

യാഥാർഥ്യം ഇങ്ങനെയാണ്:
കോവിഡ് -19 നിയന്ത്രണങ്ങളുടെ ഭാഗമായി മറ്റു ദേവാലങ്ങളെ പോലെ എടത്വാ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയിലും വിശ്വാസികളുടെ പ്രവേശനം അനുദിച്ചിട്ടില്ല. ഏകദേശം ഒരു മാസകാലമായി പള്ളിക്കുള്ളിൽ പോളിഷിങ് തുടങ്ങിയ അറ്റകുറ്റ ജോലികൾ നടന്നു വരുന്നുണ്ടായിരുന്നു. അതിനാൽ തന്നെ തൊഴിലാളികൾക്ക് പ്രവേശിക്കാൻ ദേവാലയത്തിന്റെ ഒരു വാതിൽ തുറന്നിടാറുണ്ട്. നാലോ അഞ്ചോ തൊഴിലാളികൾ സമൂഹ്യാ അകലം പാലിച്ചു കൊണ്ടായിരുന്നു ജോലികൾ ചെയ്തിരുന്നത്. കൂടാതെ സ്വയം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സോപ്പ്, വെള്ളം, സാനിട്ടൈസർ തുടങ്ങിയവയും ലഭ്യമാക്കിയിട്ടുണ്ടായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു തൊഴിലാളിയുടെ വിലപിടിച്ച മൊബൈൽ ഫോൺ നഷ്ട്ടപ്പെട്ടു. തുടർന്ന്, പോലീസിൽ വിവരമറിയിക്കുകയും, സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മുഖംമൂടി ധരിച്ച ഒരാളാണ് മോഷ്ടാവെന്ന് മനസ്സിലാക്കിയെങ്കിലും, ആളെതിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് പവിഴം അരിയുടെ ഒരു കിറ്റുമായ് വന്നയാളാണ് എന്ന് മനസിലാക്കുകയും മോഷ്ടാവിനെ കണ്ടുപിടിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യമാണ് ഇങ്ങനെ ഒരു പോസ്റ്റർ പതിപ്പിക്കുന്നതിന് കാരണമായത്.

ഓർക്കുക, ഇത്തരത്തിൽ നിജസ്ഥിതി അറിയാതെ, ആരാധനാ ആലയങ്ങൾ വിശ്വാസികൾക്കായി മാനദണ്ഡങ്ങളോടെ തുറക്കാൻ അനുമതി ലഭിച്ച അവസരത്തിൽ, കത്തോലിക്കാ സഭയെ പൊതു സമൂഹത്തിൽ അവഹേളിച്ച് നിർവൃതി അടയുന്ന ചില സഭാ വിരോധികളുടെ കുബുദ്ധിയിൽ തെളിഞ്ഞ ഈ ട്രോൾ, ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെയും ഇത് വ്യാപിപ്പിച്ച് സന്തോഷം കണ്ടെത്തുന്നവരുടെയും പാപ്പരത്വവും, ഹൃദയകാഠിന്യവും, ദുഷ്ടതയും വെളിവാക്കുന്നു. വിശ്വാസികളിൽ തെറ്റിധാരണ പരത്തുക എന്ന ലക്ഷ്യത്തോടെ, പള്ളികളിൽ മാസ്ക് ധരിച്ചു കയറാൻ പാടില്ല എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് വിശ്വാസികളിൽ പിന്തിരിപ്പൻ മനോഭാവവും അലംഭാവവും ഉണ്ടാക്കുവാനുള്ള പൈശാചികതയുടെ മുഖമാണ് ‘ട്രോൾ ആലപ്പുഴ’യ്ക്ക് എന്നതിൽ സംശയമില്ല.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker