Kerala

പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു

നാളെ രാവിലെ 11-ന് പെരുമ്പടപ്പ് സാന്താ ക്രൂസ് പള്ളിയിൽ വച്ച് സംസ്ക്കാര കർമ്മങ്ങൾ...

അനിൽ ജോസഫ്

കൊച്ചി: ഗായകനും നടനുമായ, കേരള സൈഗാള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു,107 വയസായിരുന്നു. വരാപ്പുഴ ലത്തീൻ അതിരൂപതാംഗമായ ഇദ്ദേഹം ഇപ്പോൾ കൊച്ചി രൂപതയിൽ മകളോടോപ്പമാണ് താമസം. പതിനയ്യായിരത്തോളം വേദികളില്‍ അദ്ദേഹം നാടകം അവതരിപ്പിച്ചിട്ടുണ്ട്. 25-Ɔളം സിനിമകളിലും അഭിനയിച്ചു. നിരവധി സിനിമകളിൽ പാടിയിട്ടുമുണ്ട്. നാളെ രാവിലെ 11-ന് പെരുമ്പടപ്പ് സാന്താ ക്രൂസ് പള്ളിയിൽ വച്ച് സംസ്ക്കാര കർമ്മങ്ങൾ നടക്കും.

ലത്തീൻ സഭാധ്യക്ഷനും, കെ.ആർ.എൽ.സി.സി. പ്രസിഡന്റുമായ ബിഷപ്പ് ഡോ.ജോസഫ് കരിയിലും, കെ.ആർ.എൽ.സി.സി. വക്താവ് ഷാജി ജോർജും ലത്തീൻ കത്തോലിക്കാ സഭയുടെ അനുശോചനം അറിയിച്ചു.

ഏഴാമത്തെ വയസ്സില്‍ വേദമണി എന്ന സംഗീതനാടകത്തിലൂടെയാണ് അദ്ദേഹം അരങ്ങിലെത്തിയത്. പതിനേഴു വയസ്സുള്ളപ്പോള്‍ ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ ‘മിശിഹാചരിത്ര’ത്തില്‍ മഗ്ദലന മറിയത്തിന്റെ വേഷമിട്ട് പ്രൊഫഷണല്‍ നടനായി. പിന്നീട് ചങ്ങനാശേരിയിലുള്ള നാടക ട്രൂപ്പുകളോടൊപ്പമെത്തി.

കോളിളക്കം സൃഷ്ടിച്ച തിക്കുറിശ്ശിയുടെ ‘മായ’ എന്ന നാടകത്തില്‍ പാപ്പുക്കുട്ടി നായകനും, തിക്കുറിശ്ശി വില്ലനുമായിരുന്നു. ഒരു വര്‍ഷം 290 സ്റ്റേജുകളിലാണ് ‘മായ’ അവതരിപ്പിക്കപ്പെട്ടത്. സമത്വം, സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം, ഇണപ്രാവുകള്‍, ചിരിക്കുന്ന ചെകുത്താന്‍, പത്തൊമ്പതാം നൂറ്റാണ്ട്…. തുടങ്ങി അനവധി നാടകങ്ങള്‍. 15,000 വേദികളിലെങ്കിലും നാടകം അവതരിപ്പിച്ചിട്ടുണ്ട്.

കോയമ്പത്തൂര്‍ പക്ഷിരാജ സ്റ്റുഡിയോയില്‍ ചിത്രീകരിച്ച പ്രസന്നയാണ് ആദ്യ സിനിമ. അതില്‍ പാടുകയും ചെയ്തു. ഗുരുവായൂരപ്പന്‍, സ്ത്രീഹൃദയം, മുതലാളി, വില കുറഞ്ഞ മനുഷ്യര്‍, പഠിച്ച കള്ളന്‍, അഞ്ചു സുന്ദരികള്‍… തുടങ്ങിയവ ശ്രദ്ധേയമാണ്. സത്യനും നസീറിനും വേണ്ടി പല തവണ പിന്നണി പാടിയിട്ടുമുണ്ട്. 2010-ൽ ഇറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിൽ ‘എന്റടുക്കെ വന്നടുക്കും പെമ്പിറന്നോളെ…’ എന്ന പാട്ടാണ് അവസാനമായി അദ്ദേഹം പാടിയത്.

പ്രശസ്ത സംവിധായകന്‍ കെ..ജി ജോര്‍ജ് മരുമകനാണ്. സല്‍മ (ഗായിക), മോഹന്‍ ജോസ് (നടന്‍), സാബു ജോസ് എന്നിവരാണ് മക്കള്‍.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker