Articles

കിണറുകളെ മരണക്കിണറുകളാക്കാതിരിക്കാം

ഇനിയും ഒരു ദുരന്തം ഏറ്റുവാങ്ങാൻ ഒരു കിണറിനെയും അനുവദിക്കരുതേ!...

ഫാ.ഫിലിപ്പ് നെടുത്തോട്ടത്തിൽ OCD

ഹാവൂ… കിണർ, സ്വന്തമായി ഒരു കിണർ!!! തന്റെ പുരയിടത്തിനരികിൽ വെള്ളം ലഭിക്കുന്ന ഒരു കിണർ ആരുടെയും സ്വപ്നമാണ്!!! ഇന്ന്, ലോകത്തിൽ മനുഷ്യൻ നേരിടുന്ന വലിയ ഒരു പ്രതിസന്ധി, “ആവശ്യത്തിന് കുടിവെള്ളം ഇല്ലാത്തതാണ്”. അതുകൊണ്ടുതന്നെ, പുതിയ വീട് വെക്കുന്ന ഒരു വ്യക്തി ആദ്യം ചെയ്യുക “ഒരു കിണർ കുഴിക്കുക” എന്നതാണ്.

എന്റെ ചെറുപ്പകാലത്ത് ഞങ്ങൾ, കുടിവെള്ളത്തിനായി ഏതാണ്ട് രണ്ടു കിലോമീറ്ററോളം നടന്നു, അവിടെയുള്ള ഒരു “ഓലിയിൽ” നിന്നും ആയിരുന്നു എല്ലാ ദിവസവും വെള്ളം കൊണ്ടു വന്നിരുന്നത്. അതുകൊണ്ട് തന്നെ ഒത്തിരി പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ, വർഷങ്ങൾക്ക് ഒടുവിൽ ഞങ്ങൾ ഒരു കിണർ കുഴിക്കാൻ ആരംഭിച്ചു. നിർഭാഗ്യവശാൽ ആ കിണറിൽ വെള്ളം കാണാൻ സാധിച്ചില്ല, അതൊരു “പൊട്ട കിണർ” ആയി മാറി. പിന്നെയും മാറി മാറി 3 കിണറുകൾ കുത്തി, മൂന്നിലും വെള്ളം കണ്ടെത്താൻ സാധിച്ചില്ല. വെള്ളം കിട്ടാതെ ഓരോ കിണറുകളും മണ്ണിട്ടു മൂടിയപ്പോൾ ഞങ്ങൾ അനുഭവിച്ച നൊമ്പരം ആരോട് പറയാൻ!!!

30 വർഷങ്ങൾക്ക് ശേഷം, ഞങ്ങളുടെ തറവാട്ടു സ്വത്തായ പറമ്പിൽ, കഴിഞ്ഞ നാളിൽ മറ്റൊരു കിണർ കുത്തി, പുതിയ വീട് വയ്ക്കാനായി. ഭാഗ്യവശാൽ, ഇപ്രാവശ്യം സമൃദ്ധിയായി വെള്ളം കണ്ടു. ദൈവത്തിനു നന്ദി! പക്ഷേ, പുതിയ വീട് പണിയാൻ സാധിക്കാത്തതുകൊണ്ട് വീട്ടുകാർക്ക്, ആ കിണറ്റിൽ നിന്നും വെള്ളം കുടിക്കാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല!!! ഭൂമിക്കടിയിലെ നിഗൂഢതയിൽ ജലമുണ്ടെന്ന് മനനം ചെയ്ത് കണ്ടുപിടിച്ചു, കിണർ കുത്തി, വെള്ളം കോരി കുടിക്കാൻ സാധിക്കുക, ദൈവമേ എന്തൊരു ഭാഗ്യമാണത്!

ശരിക്കുപറഞ്ഞാൽ “കിണർ” ഒരു അത്ഭുതമാണ്! കാതുകൂർപ്പിച്ചു നിന്നാൽ കേൾക്കാൻ സാധിക്കും, ഓരോ കിണറിനും ചില കഥകൾ പറയാനുള്ളത്!! മോഡേൺ രീതിയിൽ പണികഴിപ്പിക്കുന്ന പല കിണറുകളും, ഇന്ന് ആരുടെയും മനംകവരുന്ന ആകർഷണീയതയുള്ള കിണറുകൾ ആയി മാറി!!! പലയിടത്തും, “നാടൻ കിണറുകൾ” വഴിമാറി, “കുഴൽകിണറുകൾ” പ്രത്യക്ഷപ്പെട്ടു. മഴക്കാലത്ത്, ഭൂമിയിലേക്ക് മണ്ണിടിഞ്ഞു താഴ്ത്തപ്പെട്ട കഥകൾ പറയാനുണ്ടായിരുന്നു ചില കിണറുകൾക്ക്!! വെള്ളം കിട്ടാതെ, പൊട്ട കിണറുകളായി മാറിയ നൊമ്പരം ആയിരുന്നു, ഇത്രയും കാലം കിണർ അനുഭവിച്ച തീരാ ദുഃഖം. പക്ഷേ ഇപ്പോൾ, വെള്ളം കിട്ടിയിട്ടും, പലരുടെയും മരണത്തിനു കാരണമായി വെറുക്കപ്പെട്ട, ശപിക്കപ്പെട്ട, ഗർത്തങ്ങളായി മാറി എന്നതായിരുന്നു, പല കിണറുകളുടെയും നൊമ്പരം.

ഈ നാളുകളായി, പല കുട്ടികളും, മുതിർന്നവരും, പ്രശസ്തരും, സന്ന്യസ്തരും, പുരോഹിതരും, കുടുംബജീവിതം നയിക്കുന്നവരും, എല്ലാം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു കൊണ്ട്, കിണറിനെ ഒരു ശാപമേറ്റ നിലം ആക്കി മാറ്റിയിരിക്കുന്നു! ദൈവമേ, ഒരു ശാപ മോക്ഷം ലഭിക്കുമോ, ഈ നിന്ദനമേൽക്കുന്ന, അപമാനമേൽക്കുന്ന, കിണറുകൾക്ക്?

സത്യത്തിൽ, കിണർ എത്രയോ പേർക്ക് ജീവനും, ജീവിതവും നൽകിയിട്ടുണ്ട്! പാപിനിയായ സമരിയാക്കാരി സ്ത്രീയെ – ജീവജലം നൽകി, നിത്യജീവന് അർഹയാക്കുവാനായി, ഒത്തിരി യാത്രചെയ്‌തു ക്ഷീണിച്ചിട്ടും, യേശു യാക്കോബിന്റെ കിണറിൻ കരയില്‍, അവളെ കാത്തിരിക്കുന്ന രംഗം, യോഹന്നാന്റെ സുവിശേഷം നാലാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. ആ കിണർ അവളുടെ ജീവിതത്തിന് അനുഗ്രഹമായി മാറി!! വീണ്ടും, സ്വന്തം സഹോദരന്മാരാൽ പൊട്ട കിണറ്റിലേക്ക് വലിച്ചെറിയപ്പെട്ട പൂർവ്വപിതാവ് ജോസഫിന്റെ ജീവിതത്തിൽ – കിണറിന്റെ അഗാധതയിൽ, ശ്വാസംപോലും കിട്ടാതെ കഴിഞ്ഞ അനുഭവങ്ങൾ അവനെ രാജാവാക്കി മാറ്റി!

എന്റെ കുട്ടിക്കാലത്ത്, കിണർ എപ്പോഴും ഒരു ആകാംക്ഷ നൽകിയ, സന്തോഷം നൽകിയ ഇടമായിരുന്നു. “കുട്ടികൾ കിണറ്റിൽ എത്തി നോക്കരുതെന്ന്” മുതിർന്നവർ പേടിപ്പിച്ചപ്പോഴും, ആരും കാണാതെ, ചില കല്ലുകൾ പെറുക്കിയിട്ട്, കിണറ്റിലെ വെള്ളത്തിന്റെ ‘ഓളം’ കണ്ട് ഒത്തിരി രസിച്ചിട്ടുണ്ട്! സ്കൂൾ ജീവിതത്തിൽ, കിണറ്റിൻ കരയിൽ വെച്ച് പ്രണയിച്ച പല കൂട്ടുകാരും എനിക്കുണ്ടായിരുന്നു. അവരൊക്കെ ഇപ്പോൾ ഏതു കിണറ്റിൻ കരയിലാണോ ആവോ! പലപ്പോഴും കിണറ്റിൻ കരയിൽ, ചോറ്റു പാത്രം കഴുകാൻ നിൽക്കുമ്പോൾ, അറിയാതെ കൈതട്ടി കിണറ്റിൽ വീണ പാത്രം എടുക്കുവാനായി ഉണ്ടാക്കുന്ന ബഹളം, ഒരാഘോഷം തന്നെയായിരുന്നു!! മുതിർന്നപ്പോൾ കൂട്ടുകാർക്കൊപ്പം, എത്രയോ കിണറുകൾ തേകിയിട്ടുണ്ട്, ഒരു ഉത്സവം പോലെ!! അതെ, കിണർ എത്രയോ സന്തോഷത്തിന്റെ, ആഹ്ലാദത്തിന്റെ, ഓർമ്മകളാണ് നമുക്ക് നൽകുന്നത്!!

സത്യം പറഞ്ഞാൽ എന്റെ ജീവിതം മാറ്റിമറിച്ചത് ഒരു കിണറ്റിൻ കരയിലാണ്. എനിക്ക് ഏതാണ്ട് ഏഴ് വയസ്സ് പ്രായമുള്ളപ്പോൾ. ഒരിക്കൽ, കിണറ്റിൻ അരികിൽ നിന്ന് കുളിക്കുകയായിരുന്നു. സാമാന്യം വലിപ്പമുള്ള ഒരു അലുമിനിയം കുടത്തിലും, ബക്കറ്റിലും വെള്ളം കോരി വെച്ചിട്ടുണ്ടായിരുന്നു. ബക്കറ്റിലെ വെള്ളം തീർന്നപ്പോൾ, കുടത്തിലെ വെള്ളം ഞാൻ ഒരുവിധം കഷ്ടപ്പെട്ട് പൊക്കിയെടുത്ത് തലയിലേക്ക് കമഴ്ത്തി. നിർഭാഗ്യവശാൽ കൈ തെന്നി, കുടം തലയിൽ കുടുങ്ങി. സമീപത്തെങ്ങും ആ സമയം ആരുമുണ്ടായിരുന്നില്ല. പേടിച്ചു വിറച്ച്, ശ്വാസം മുട്ടിയ ഞാൻ ഉച്ചത്തിൽ നിലവിളിച്ചു. പക്ഷേ കുറച്ച് വെള്ളം കുടിച്ചതല്ലാതെ, ശബ്ദം പുറത്തുവന്നില്ല. സ്വന്തം കുഞ്ഞികൈ കൊണ്ട് തലയിൽ കുടുങ്ങിയ കുടം ഉയർത്താൻ ശ്രമിച്ചു, പക്ഷേ സാധിച്ചില്ല. തലയിൽ കുടുങ്ങിയ കുടത്തിന്റെ അടിയിലൂടെ, താല്പര്യമില്ലാതെ “ആർക്കോ വേണ്ടി പോകുന്നത് പോലെ അല്പം വെള്ളം മാത്രം” പോകുന്നുണ്ടായിരുന്നു. സമയം മുന്നോട്ടു പോയി കൊണ്ടിരുന്നു!! എനിക്കു മനസ്സിലായി എന്റെ മരണം ഈ കിണറ്റിനരികിൽ സമാഗതമായെന്ന്. ശബ്ദം പുറത്തു വന്നില്ലെങ്കിലും, ഞാൻ നിലവിളിച്ചു പ്രാർത്ഥിച്ചു: “ദൈവമേ എന്നെ കൈ വിടരുതേ, നിനക്ക് അറിയാമല്ലോ ഞാൻ ഒരു വൈദികനാകേണ്ട കുഞ്ഞാണെന്ന്”. ശ്വാസം മുട്ടിയ, നെഞ്ചു നുറുങ്ങിയ കുഞ്ഞിന്റെ നിലവിളി നല്ല ദൈവം എങ്ങനെയാണ് നിരസിക്കുന്നത്! എങ്ങനെയോ, ശബ്ദം കേട്ട് ഓടിയെത്തിയ എന്റെ അമ്മ കാണുന്നത്, ചുറ്റുമതിൽ ഇല്ലാത്ത കിണറിന്റെ വക്കത്ത്, കുടുങ്ങിയ കുടവുമായി നിന്ന് ഡാൻസ് കളിക്കുന്ന എന്നെയാണ്. അന്ന് അമ്മ വരാൻ ഒരു മിനിറ്റ് താമസിച്ചിരുന്നെങ്കിൽ!!!

സുഹൃത്തേ, എന്തുതന്നെയായാലും, കിണറുകളെ അപമാനിക്കരുത്, കുടിക്കുന്ന വെള്ളത്തെ പുച്ഛിക്കരുത്!! “ഇനി സ്വർഗ്ഗത്തിലേക്കുള്ള വഴി ഇതിലെയെങ്ങാനും ആണോ” എന്ന് ചോദിച്ചു കൊണ്ട്, ഈ നാളിൽ കിണറിനെ പരിഹസിച്ചു ചിരിച്ച കൂട്ടത്തിൽ നീയും ഉണ്ടായിരുന്നോ? പലയാവർത്തി കിണർ കുത്തിയിട്ടും, സ്വന്തം കിണറ്റിൽ നിന്നും വെള്ളം കോരി കുടിക്കാൻ ഭാഗ്യമില്ലാതെ പോയവരെ നീ വിസ്മരിക്കരുത്!!!

നാട്ടിൽ സർക്കസ് കാണാൻ പോകുമ്പോൾ, എന്നെ ഒത്തിരി ആകർഷിച്ചിരുന്ന ഒരു കളിയായിരുന്നു, “മരണ കിണറിൽ” ബൈക്കോടിച്ച് സാഹസിക രംഗം നടത്തുന്ന കാഴ്ച!!! “ജീവിക്കാനുള്ള കൊതികൊണ്ട്, തുച്ഛമായ പണത്തിനുവേണ്ടി, “ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെ തൃണവത്കരിച്ചുകൊണ്ടായിരുന്നു ഈ സാഹസിക രംഗങ്ങൾ നടത്തിയിരുന്നത്. അപ്പോഴാണ് ചിലർ, ജീവിക്കാൻ എല്ലാ ആർഭാടവും ഉണ്ടായിട്ടും, നല്ല കിണറുകളെ “സ്വന്തം മരണക്കിണർ” ആക്കി മാറ്റുന്നത്!! വിരോധാഭാസം, അല്ലാതെ എന്തു പറയാൻ!!

സുഹൃത്തേ, ഒരുനിമിഷം ദൈവത്തോട് പ്രാർത്ഥിക്കാം, ഇനിയും ഒരു ദുരന്തം ഏറ്റുവാങ്ങാൻ ഒരു കിണറിനെയും അനുവദിക്കരുതേ!!

എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്‍മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്‌ഷിച്ചു; ജലം സൂക്‌ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയുംചെയ്‌തു (ജറെമിയാ 2 : 13).

Show More

One Comment

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker