Articles

വിളിച്ചുകൂട്ടപ്പെട്ട സഭാമക്കൾ = കത്തോലിക്കാ സഭ

സ്നേഹം കലരാത്ത ദർശനങ്ങൾ ഒന്നുംതന്നെ ക്രിസ്തീയമല്ല...

സി.ജെസ്സിൻ എൻ.എസ്.

കർത്താവിന്റെ രക്ഷാകര പദ്ധതി ലോകാവസാനം വരെ തുടരുവാനായി ഈശോമിശിഹായാൽ വിളിച്ചുകൂട്ടപ്പെട്ട്, പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട് ഈ ഭൂമിയിൽ നിയോഗിച്ചിരിക്കുന്ന സമൂഹമാണ് കത്തോലിക്കാ സഭ. ഈ സഭ, മനുഷ്യ രക്ഷയെ സംബന്ധിച്ച ദൈവീക പദ്ധതിയുടെ അടിസ്ഥാന ഘടകമാണ്. അതിനാൽ, സഭ ഒരു സ്ഥാപനമോ, പ്രസ്ഥാനമോ അല്ല എന്ന് ആദ്യം മനസ്സിലാക്കണം. വി.ലൂക്കാ സുവിശേഷകൻ (4:18-19) വ്യക്തമാക്കുന്നു: കർത്താവിന്റെ ആത്മാവ് എന്റെ മേലുണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കുവാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. അതെ, പിതാവായ ദൈവം തന്റെ പുത്രനെ ഈ ലോകത്തിലേക്ക് അയച്ചത് പോലെ, പുത്രനായ ഈശോമിശിഹാ, സഭാ മക്കളായ നമ്മെ ഓരോരുത്തരെയും അഭിഷേകം ചെയ്ത്‌ ലോകത്തിലേക്ക് അയച്ചിരിക്കുന്നു. ആ ശുശ്രൂഷാ നിർവഹണത്തിൽ സഭ തകർക്കപ്പെടാതെ, നിശ്ചലമായി പോകാതെ, ജീവനില്ലാത്ത ഒരു സ്ഥാപനമായി മാറാതെ, കാത്തുസംരക്ഷിക്കുവാൻ നമുക്ക് ഓരോരുത്തർക്കും കടമയുണ്ട്. അതിനാൽ തന്നെ, സഭയുടെ സജീവവും, ജീവദായകവും, ചലനാത്മകവുമായ ലക്ഷ്യത്തിനായി നാമോരോരുത്തരും കരങ്ങൾ ചേർക്കണം. കാരണം നാമോരോരുത്തരും മിശിഹായുടെ ശരീരത്തിലെ അവയവങ്ങളാണ്.

ഓർക്കുക, ഓരോ അവയവങ്ങൾക്കും അതിന്റേതായദൗത്യം നിർവഹിക്കുവാനുണ്ട്. 1 കോറി 12:26-ൽ സൂചിപ്പിക്കുന്നതുപോലെ, ഒരവയവത്തിന്റെ ബഹുമാനം സഭയുടെ മുഴുവൻ സന്തോഷമാണ്. ഒരു അവയവത്തിന്റെ വീഴ്ച സഭയാകുന്ന ശരീരത്തെ മുഴുവൻ വേദനിപ്പിക്കുന്നു. ആയതിനാൽ, സഭാംഗങ്ങളായ നാമോരോരുത്തരും – പൗരോഹിത്യമാകുന്ന, സന്യാസമാകുന്ന, കുടുംബജീവിതമാകുന്ന, ജീവിത അന്തസിൽ നിന്നുകൊണ്ട് ശുശ്രൂഷ നിർവഹിക്കുമ്പോൾ – കാലുകൾ ഇടറിപ്പോകാതിരിക്കാൻ ക്രിസ്തുവിന്റെ ചുവടുകളെ നോക്കി മുൻപോട്ടു നീങ്ങാം. ഒരുപക്ഷെ, ദുർബലനായ മനുഷ്യൻ വാക്കിലോ പ്രവർത്തിയിലോ വീണുപോയാൽ, ആ സംഭവങ്ങളെ ആഘോഷമാക്കി മാറ്റാതെ, വീണവരെ എഴുന്നേൽപ്പിക്കുവാനും, തിരുത്തുവാനും, ചേർത്ത് പിടിക്കാനും നമ്മുടെ കരങ്ങൾ വിശാലമാക്കട്ടെ.

ദുർബലനെ താങ്ങി നിർത്തുവാനും, ആശയറ്റവന് ജീവന്റെ നുറുങ്ങുവെട്ടം നൽകുവാനും, പാതിവഴിയിൽ വഴിതെറ്റിയവന് വഴി കാണിക്കുവാനും നമ്മുടെ ചുവടുകളെ നമുക്ക് ഒന്ന് മാറ്റി ചവിട്ടാം. ‘സ്നേഹം കലരാത്ത ദർശനങ്ങൾ ഒന്നുംതന്നെ ക്രിസ്തീയമല്ല’ എന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഈശോമിശിഹാ നമുക്ക് കാണിച്ചുതന്ന സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും, അർത്ഥപൂർണ്ണമായ പ്രകടനങ്ങൾ നമ്മുടെ ജീവിത വഴിത്താരയിൽ തെളിഞ്ഞു നിൽക്കട്ടെ. സമൂഹം ഭ്രഷ്ട് കൽപ്പിച്ച പലരെയും സുഹൃത്തുക്കളാക്കി മാറ്റിയ മിശിഹായുടെ നല്ല മാതൃക സഭാമക്കളായ നമുക്കും ഉൾക്കൊള്ളാം.

അങ്ങനെ, ഈ കാലഘട്ടത്തിൽ സഭയാകുന്ന കൂടാരത്തിൽ സ്നേഹത്തിന്റെയും, പങ്കുവെക്കലിന്റെയും, പടുത്തുയർത്തലിന്റെയും, തിരിച്ചറിവിന്റെയും, തിരിഞ്ഞുനോട്ടത്തിന്റെയും ഉത്തമ സാക്ഷികളായി ജീവിക്കുവാൻ ക്രിസ്തുവിലേയ്ക്ക് കണ്ണുകളുയർത്താം… കരങ്ങൾ ചേർക്കാം…

സി. ജെസ്സിൻ എൻ.എസ്. നസ്രത്ത് സിസ്റ്റേഴ്സ് സഭാംഗവും, തലശ്ശേരി രൂപതയിലെ കുന്നോത്ത് ഇടവകാംഗവുമാണ്.

Show More

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
Close
Close

Adblock Detected

Please consider supporting us by disabling your ad blocker