Kerala

ഭക്തിഗാനങ്ങൾക്കിടയിൽ ആരാധനക്രമ സംഗീതത്തിലേക്കൊരു ചുവടുവെയ്പുമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ ‘സേക്രഡ് മ്യൂസിക്’

"സേക്രഡ് മ്യൂസിക്" യൂട്യൂബ് ചാനലിൽ ജൂലൈ 12-ന് ആദ്യ ഗാനം പുറത്തിറങ്ങി

സ്വന്തം ലേഖകൻ

എറണാകുളം: ഭക്തിഗാനങ്ങൾക്കിടയിൽ ആരാധനക്രമ സംഗീതത്തിലേക്കൊരു ചുവടുവെയ്പുമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ ‘സേക്രഡ് മ്യൂസിക്’ യൂട്യൂബ് ചാനൽ. നൂറുകണക്കിന് ഭക്തിഗാനങ്ങൾ ഇറങ്ങുന്ന കേരളസഭയിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് ദിവ്യബലിക്കും മറ്റു കൂദാശകൾക്കും മധ്യേ ഉപയോഗിക്കാൻ പാകത്തിലുള്ളവ. പലപ്പോഴും, ആരാധനക്രമ സംഗീതവും ഭക്തിഗാനവും തമ്മിലുള്ള അതിർരേഖ പലപ്പോഴും അതിന്റെ സ്രഷ്ടാക്കളും ഗായകസംഘവും ആരാധനാ സമൂഹവും മറന്നു പോകാറുമുണ്ട്. സമീപകാല സഭയിൽ ഒരു പരിധിവരെ അത് സത്യമാണ് താനും. ഈ സാഹചര്യത്തിലാണ് ആരാധനക്രമ സംഗീതത്തിന്റെ പ്രാധാന്യം മുൻനിറുത്തി ശ്രദ്ധേയ മുന്നേറ്റവുമായി എറണാകുളം-അങ്കമാലി അതിരൂപത കടന്നുവരുന്നത്. ആരാധനാക്രമ സംഗീതത്തിനു മാത്രമായി യൂട്യൂബ് ചാനൽഒരുക്കി ആദ്യഗാനം അപ്‌ലോഡ് ചെയ്തിരിക്കുകയാണ് എറണാകുളം-അങ്കമാലി അതിരൂപതാ ആരാധനാക്രമ സംഗീതവിഭാഗം. “സേക്രഡ് മ്യൂസിക്” എന്ന് പേരിട്ടിരിക്കുന്ന ഈ യൂട്യൂബ് ചാനലിൽ ജൂലൈ 12-ന് ആദ്യ ഗാനം പുറത്തിറങ്ങി.

കാഞ്ഞൂർ ഫൊറോനാ പള്ളിയിൽ ചിത്രീകരിച്ച ‘സ്നേഹത്തിൻ മലരുകൾ തേടി…’ എന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. അൾത്താരയുടെ പഴമയും, ശില്പ ചാരുതയും ഗാനത്തെ ദൈവീകാനുഭവമാക്കുന്നു. ആ പള്ളിയുടെ തന്നെ ഗായക സംഘത്തെയാണ് ഈ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെയുടെ ആരാധനക്രമ സംഗീതവിഭാഗം ചുമതലയുള്ള ഫാ.എബി ഇടശ്ശേരിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന ഈ ചാനലിൽ പാട്ടുകൾക്ക് ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നതും, പാർട്സുകൾ ക്രമീകരിച്ചിരിക്കുന്നതും പ്രിൻസ് ജോസഫാണ്.

ആരാധനക്രമ സംഗീതത്തിൽ വ്യക്തിപരമായ അവതരണങ്ങൾക്ക് പ്രാധാന്യമില്ല. കൂട്ടായ ആലാപനത്തിനാണ് പ്രാധാന്യം. ഈ ശൈലി മുൻനിറുത്തിയാവും പാട്ടുകളെല്ലാം. ലളിതവും തനിമയാർന്നതുമായ സംഗീതവും, എല്ലാവർക്കും ആലപിക്കാനാവുന്നതുമായ ഈണങ്ങളുമാണ് ആരാധനക്രമ സംഗീതത്തിന്റെ സവിശേഷതയെന്ന യാഥാർഥ്യം ഗായക സംഘങ്ങളെയും ആരാധനാ സമൂഹത്തെയും ഓർമ്മിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് സംഘാടകനായ ഫാ.എബി ഇടശ്ശേരി പറയുന്നു. അതുകൊണ്ടുതന്നെ, ഗായക സംഘങ്ങൾക്ക് പാടി പഠിക്കുവാനുള്ള ട്യൂട്ടോറിയൽ വീഡിയോയും ഗാനങ്ങൾക്കൊപ്പം ഉൾപ്പെടുത്തുന്നുണ്ട്. ആദ്യ ഗാനത്തിന്റെ ട്യൂട്ടോറിയൽ കൈകാര്യം ചെയ്തിരിക്കുന്നത് ഫാ.തോമസ് പെരുമായനാണ്. പിൽഗ്രിം കമ്മ്യൂണിക്കേഷനിലെ ഫാ.ജേക്കബ് കോറോത്ത്, ഫാ.ജെയിംസ് തൊട്ടിയിൽ എന്നിവരാണ് ഗാനങ്ങളുടെ ചിത്രീകരണ ചുമതല നിർവഹിച്ചിരിക്കുന്നത്.

മാലാഖമാരുടെ ചിറകിനിടിയിൽ വഹിക്കപ്പെടുന്ന “ഹാർപ്” എന്ന സംഗീത ഉപകരണമാണ് ചാനലിന്റെ ലോഗോ. ഗായകസംഘം മാലാഖമാരെ പ്രതിഫലിപ്പിക്കുന്ന വിശുദ്ധവും കൂട്ടായതുമായ ശുശ്രൂഷയാകണമെന്നും ലോഗോ ഓർമിപ്പിക്കുന്നു. കഴിഞ്ഞ ജൂലൈ മൂന്നിന് ആർച്ച് ബിഷപ്പ് ആന്റെണി കരിയിൽ ലോഗോ പുറത്തിറക്കിയിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker